കോഴിക്കോട് ജില്ലയില്‍ ഒരു 37 കാരന് കോളറ സ്ഥിരീകരിച്ചിരിക്കുന്നു. പ്രാചീന കാലം മുതലേ നമ്മോടൊപ്പം സഞ്ചരിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കോളറ. ഒരു ലക്ഷത്തോളം ആളുകള്‍ എല്ലാ വര്‍ഷവും കോളറ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശുചിത്വ തത്ത്വങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പൂര്‍ണമായും തടയാവുന്ന ഒരസുഖമാണിത്. കോളറയെ കുറിച്ച് നമുക്ക് കൂടുതലറിയാം

എന്താണ് കോളറ?

വിബ്രിയോ കോളറ എന്നൊരു ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണ് ഇത്. ഈ രോഗാണു പല തരത്തിലുണ്ടെങ്കിലും O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

എങ്ങനെയാണ് രോഗം പകരുന്നത്?

മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്. കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കിലും രോഗപകര്‍ച്ചയുണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

രോഗാണുബാധയുണ്ടായാലും 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ രോഗവാഹകരായി രക്ഷപ്പെടുന്നു. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ കാരണമാകും.ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ പ്രത്യക്ഷപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് (rice water stool) കോളറയുടെ പ്രത്യേകത. ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍  നിര്‍ജലീകരണം കാരണമുള്ള സങ്കീര്‍ണതകള്‍ നേരിടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതുമാണ് ഈ രോഗത്തെ ഇത്രയും പ്രശ്‌നക്കാരനാക്കുന്നത്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരവും ഉണ്ടായേക്കാം.

നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

 • കുഴിഞ്ഞ് വരണ്ട കണ്ണുകള്‍
 • ഒരു വയസ്സിനു താഴെയുള്ള കുട്ടികളില്‍ താഴ്ന്ന ഉച്ചി /പതപ്പ്
 • ഉണങ്ങി വരണ്ട ചുണ്ടും നാവും
 • തൊലി വലിച്ചു വിട്ടാല്‍ സാവധാനം പൂര്‍വസ്ഥിതിയിലാവല്‍
 • അധിക ദാഹം
 • അളവില്‍ കുറഞ്ഞു കടുത്ത നിറത്തോട് കൂടിയ മൂത്രം
 • ക്ഷീണം, അസ്വസ്ഥത, മയക്കം

ഈ ലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടനെത്തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

എന്തൊക്കെയാണ് ചികിത്സാ മാര്‍ഗങ്ങള്‍?

നിര്‍ജലീകരണം തടയുകയാണ് പ്രധാനം. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഏതാശുപത്രിയിലും ലഭ്യമായ ഒ.ആര്‍.എസ്. (Oral Rehydration Solution) ലായനിയാണ് എറ്റവും ഉത്തമം. കൂടാതെ ഗൃഹപാനീയങ്ങളും ഉപയോഗിക്കാം.

ഒ. ആര്‍. എസ്. ലായനി തയാറാക്കുന്ന വിധം

 • രണ്ടു കൈകളും സോപ്പിട്ട് വൃത്തിയായി കഴുകുക
 • വൃത്തിയുള്ള ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം എടുക്കുക (200 മില്ലിയുടെ  ഗ്ലാസില്‍ 5 തവണ നിറയെ എടുക്കാം )
 • ഒ.ആര്‍.എസ്. പാക്കറ്റിന്റെ അറ്റം പതുക്കെ വെട്ടി അകത്തുള്ള പൊടി മുഴുവനായും വെള്ളത്തിലേക്ക് ഇടുക
 • പൊടി മുഴുവന്‍ ലയിച്ചു ചേരുന്നത് വരെ വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കി പാത്രം അടച്ചു വെക്കുക.
 • ഒരിക്കല്‍ തയാറാക്കിയ ലായനി 24 മണിക്കൂറിനു കൂടുതല്‍ ഉപയോഗിക്കരുത്.
 • ഓരോ തവണ വയറിളകി പോയി കഴിഞ്ഞാല്‍ ഒ.ആര്‍.എസ്. നല്‍കുക.

കുടിക്കേണ്ട അളവ്

 • 2 വയസ്സിനു താഴെയുള്ള കുട്ടികള്‍: കാല്‍ ഗ്ലാസ് - അര ഗ്ലാസ് വരെ
 • 2 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍: അര ഗ്ലാസ് മുതല്‍ 1 ഗ്ലാസ് വരെ
 • പത്തുവയസ്സിനു മേലെയുള്ള കുട്ടികളും മുതിര്‍ന്നവരും: വേണ്ടുവോളം

ഗൃഹപാനീയങ്ങള്‍ എന്തൊക്കെ?

 • ഉപ്പിട്ട കഞ്ഞി വെള്ളം
 • കരിക്കിന്‍ വെള്ളം
 • ഉപ്പിട്ട മോരിന്‍ വെള്ളം
 • സിങ്ക് (Zinc) ഗുളിക
 • ഛര്‍ദി മാറി കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളിക കഴിച്ചു തുടങ്ങാം.

ഗുണങ്ങള്‍

 • ആമാശയത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
 • അസുഖം വേഗം മാറുന്നു
 • തീക്ഷ്ണത കുറക്കുന്നു
 • ആന്റിബയോട്ടികുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കണം. കൂടാതെ ദഹിക്കാനെളുപ്പമുള്ള ഭക്ഷണം 5-7 തവണയായി കഴിക്കുന്നതാണ് നല്ലത്.

രോഗം തടയുന്നതെങ്ങനെ?

 • കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ശുദ്ധമായ/തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
 • ഇടയ്ക്കിടെ കിണറിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക.
 • മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക.ശേഷം കൈകള്‍ സോപ്പിട്ട് നന്നായി കഴുകുകയും ചെയ്യുക.
 • വ്യക്തി ശുചിത്വം പാലിക്കുക.

കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന വിധം

 • 1000 ലിറ്റര്‍ വെള്ളത്തിനു 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍  ആണ് കിണര്‍ വെള്ളം ക്‌ളോറിനേറ്റ്  ചെയ്യാനുള്ള അളവ്.
 • ഓരോ പടവ് ഏകദേശം 1000 ലിറ്റര്‍ ആയിട്ടാണ് കണക്കാക്കുന്നത്. കിണറ്റിലെ വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാന്‍ ഫോര്‍മുല ഉണ്ട്.
 • ആവശ്യമായ ബ്ലീച്ചിങ് പൗഡറിന്റെ അളവ് കണ്ടെത്തി കഴിഞ്ഞാല്‍ ഒരു ബക്കറ്റില്‍ അല്പം വെള്ളമെടുത്തു അതിലേക്ക് ഈ അളന്നു തിട്ടപ്പെടുത്തിയ ബ്ലീച്ചിങ് പൗഡര്‍ ഇട്ടു കുഴമ്പു രൂപത്തിലാക്കുക.
 • അതിനു ശേഷം വെള്ളമൊഴിച്ചു ബക്കറ്റിന്റെ മുക്കാല്‍ ഭാഗം നിറയ്ക്കുക. പദാര്‍ഥങ്ങള്‍ ബക്കറ്റിന്റെ താഴെ ഭാഗത്തേക്ക് ഊര്‍ന്നിറങ്ങാന്‍ 10 മിനിറ്റ് കാത്തിരിക്കുക.
 • മേല്‍ഭാഗത്തുള്ള തെളിവെള്ളം വേറൊരു ബക്കറ്റിലേക്ക് ഒഴിച്ച് കിണറ്റിലേക്കിറക്കി ശക്തിയായി പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ക്‌ളോറിന്‍ ലായനി വെള്ളത്തില്‍ നന്നായി കലര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്.
 • ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം.

കോളറക്കെതിരേ പ്രതിരോധ കുത്തിവെപ്പുകളും ലഭ്യമാണ്. ഇത്തരം ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു കോളറയെ വീട്ടില്‍ കയറ്റില്ലെന്നു നമുക്ക് ഉറപ്പു വരുത്താം..

(കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനും ശിശുരോഗ വിദഗ്ധയുമാണ് ലേഖിക)

കടപ്പാട്:  കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: What is Cholera-How to prevent Cholera-How to disinfect well- How to chlorinate a well