എന്തൊക്കെയാണ് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍? ആര്‍ക്കൊക്കെ ചെയ്യാം? വിശദമായി അറിയാം


ഡോ. ഷീല ബാലകൃഷ്ണന്‍

മരുന്നുചികിത്സ ഫലം കണ്ടില്ലെങ്കില്‍പ്പോലും പ്രതീകിഷ കൈവിടേണ്ടതില്ല. കൃത്രിമ ഗര്‍ഭധാരണരീതികള്‍ ഇപ്പോള്‍ കൂടുതല്‍ ഫലവത്താകുന്നുണ്ട്

Representative Image| Photo: GettyImages

ചികിത്സകൊണ്ടും ഗര്‍ഭധാരണം സാധ്യമാകാത്ത സാഹചര്യം ചിലപ്പോഴെങ്കിലും വന്നേക്കാം. അപ്പോഴാണ് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളുടെ സാധ്യതകള്‍ പരിഗണിക്കുന്നത്. ഇതിനെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക് (A.R.T.) എന്നാണ് പൊതുവായി പറയുന്നത്. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വിശദമായി വിലയിരുത്തിയാണ് എ.ആര്‍.ടിയില്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത്.

ഐ.യു.ഐ.

ബീജത്തിന്റെ എണ്ണക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം ഗര്‍ഭധാരണം സാധ്യമാകാതെ പോകുമ്പോഴാണ് ഇന്‍ട്രായൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ (ഐ.യു.ഐ.) പ്രയോജനപ്പെടുത്തുന്നത്. മികച്ച ഗുണനിലവാരമുള്ള ബീജത്തെ തിരഞ്ഞെടുത്ത് കത്തീറ്ററിന്റെ സഹായത്തോടെ ഗര്‍ഭപാത്രത്തില്‍ നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണിത്.

അണ്ഡവിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കും. വജൈനല്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ അണ്ഡത്തിന്റെ വികസനഘട്ടങ്ങള്‍ നിരീക്ഷിക്കും. അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുകടക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷനും നല്‍കും. ഈ ഒരുക്കങ്ങള്‍ക്ക് ശേഷമാണ് ബീജത്തെ ഗര്‍ഭപാത്രത്തിലേക്ക് എത്തിക്കുന്നത്. സ്‌പെക്കുലം എന്ന ഉപകരണം യോനിയിലേക്ക് കടത്തി അതിലൂടെ കത്തീറ്റര്‍ ഉപയോഗിച്ചാണ് ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിക്കുക. മൂന്നുമുതല്‍ നാല് തവണ വരെ ഐ.യു.ഐ. ചെയ്തിട്ടും വിജയിച്ചില്ലെങ്കില്‍ ഐ.വി.എഫ്. തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ബീജം വേര്‍തിരിച്ചെടുക്കല്‍: ഐ.യു.ഐ. തുടങ്ങുന്ന ദിവസമാണ് ബീജം ശേഖരിക്കുക. ശുക്ലത്തില്‍നിന്ന് വാഷിങ് എന്ന പ്രക്രിയയിലൂടെ ബീജത്തെ വേര്‍തിരിച്ചെടുക്കും. ചലനവേഗവും ഗുണനിലവാരവുമുള്ള ബീജത്തെ ഇതിലൂടെ തിരഞ്ഞെടുക്കും. നേരത്തേ ബീജം ശേഖരിച്ചുവെച്ചും ചികിത്സാസമത്ത് ഉപയോഗപ്പെടുത്താറുണ്ട്.

അനുയോജ്യരല്ലാത്തവര്‍: അണ്ഡവാഹിനിക്കുഴലിന് കാര്യമായ തകരാര്‍, പെല്‍വിക് അണുബാധ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവ ഉണ്ടെങ്കില്‍ ഐ.യു.ഐ. അനുയോജ്യമാകാറില്ല.

ഐ.വി.എഫ്.

സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബില്‍ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്). അങ്ങനെ ലാബില്‍ വളര്‍ത്തിയെടുക്കുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ആര്‍ക്കൊക്കെ അനുയോജ്യം

അണ്ഡവാഹിനിക്കുഴലിന് തടസ്സം, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരില്‍ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവര്‍ക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താന്‍ കഴിയാത്ത വന്ധ്യതയുള്ളവര്‍ക്കും ഐ.വി.എഫ്. നിര്‍ദേശിക്കാറുണ്ട്. ഇന്‍ട്രായൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവര്‍ക്കും ഐ.വി.എഫ്. വേണ്ടിവരും.

ചികിത്സാരീതി

കൂടുതല്‍ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാന്‍ ഗൊണോഡോട്രോപ്പിന്‍ എന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കും. വജൈനല്‍ അള്‍ട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളര്‍ച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോര്‍മോണ്‍ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.

അണ്ഡമുള്ള ഫോളിക്കളുകള്‍ക്ക് 18 മില്ലീമീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസര്‍ജനത്തിന് പാകമാക്കാന്‍ സഹായിക്കുന്ന ഹ്യൂമണ്‍ കോറിയോണിക് ഗൊണാഡോട്രോഫിന്‍ ഇഞ്ചക്ഷന്‍ നല്‍കും. ഈ ഇഞ്ചക്ഷന്‍ നല്‍കിയശേഷം 34-36 മണിക്കൂറുകള്‍ക്കുശേഷമാണ് അണ്ഡങ്ങള്‍ ശേഖരിക്കുക.

അള്‍ട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളില്‍നിന്നും അണ്ഡങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങള്‍ ഉടന്‍ ലാബിലെ കള്‍ച്ചര്‍ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളില്‍ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോള്‍ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.

ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബില്‍തന്നെ വളരാന്‍ അനുവദിക്കും. അതില്‍ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കുക. ആറുമുതല്‍ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളര്‍ച്ചാ ഘട്ടത്തിലാണ് ഇതിനെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗര്‍ഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അള്‍ട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. അതിനുമുന്‍പുതന്നെ ഭ്രൂണത്തെ സ്വീകരിക്കാന്‍ ഗര്‍ഭപാത്രത്തെ സജ്ജമാക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ നല്‍കും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയില്‍ ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.

ഇക്സി

ഒരു ബീജത്തെ തിരഞ്ഞെടുത്ത് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയാണ് ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ഞ്ചക്ഷന്‍ അഥവാ ഇക്‌സി. ഐ.വി.എഫിനേക്കാള്‍ ഒരു പടികൂടി മുന്നോട്ടുപോയ ചികിത്സയാണിത്. ഐ.വി.എഫില്‍ ലാബില്‍ ബീജസങ്കലനം സ്വാഭാവികമായി നടക്കുമ്പോള്‍ ഇക്‌സിയില്‍ ബീജത്തെയും അണ്ഡത്തെയും കൃത്രിമമായിത്തന്നെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

ആര്‍ക്കൊക്കെ അനുയോജ്യം

ബീജത്തിന് ചലനശേഷിക്കുറവ്, അസ്വാഭാവികമായ ആകൃതി, ബീജസംഖ്യയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങളില്‍ ഇക്‌സി പ്രയോജനപ്പെടുത്താറുണ്ട്. മാത്രല്ല, ബീജോത്പാദനത്തില്‍ വളരെ കുറവുണ്ടാകുക, വൃഷണത്തില്‍നിന്നോ എപ്പിഡിഡിമസില്‍നിന്നോ ബീജം കുത്തിയെടുക്കേണ്ടിവരുക എന്നിങ്ങനെയുള്ള അവസ്ഥകളിലും ഈ ചികിത്സ പ്രയോജനപ്പെടാറുണ്ട്. ഐ.വി.എഫ്. ചികിത്സ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളിലും ഇക്‌സി പ്രയോജനപ്പെടുത്താറുണ്ട്.

ചികിത്സാരീതി

ഇക്‌സിയുടെയും ആദ്യഘട്ടങ്ങള്‍ ഐ.വി.എഫ്. പോലെത്തന്നെയാണ്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കാന്‍ മരുന്നുകള്‍ നല്‍കും. പാകമായ അണ്ഡങ്ങളെ പ്രത്യേക സൂചി ഉപയോഗിച്ച് പുറത്തെടുക്കും. അണ്ഡങ്ങളില്‍ ഓരോന്നിലും ഓരോ ബീജങ്ങള്‍ കുത്തിവയ്ക്കും. അങ്ങനെ ബീജസംയോഗം നടത്തി അണ്ഡങ്ങള്‍ അഞ്ച് ദിവസത്തോളം ലാബില്‍ സൂക്ഷിക്കും. അതിനുശേഷം ഗുണനിലവാരമുള്ള ഭ്രൂണത്തെ തിരഞ്ഞെടുത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും.

ഡോണര്‍ പ്രോഗ്രാം

പങ്കാളികളില്‍ അണ്ഡമോ ബീജമോ ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ ബീജദാതാക്കളെയും അണ്ഡദാതാക്കളെയും ആശ്രയിക്കുന്ന രീതിയാണിത്. ദാതാക്കളെ ആശ്രയിക്കുമ്പോള്‍ ലൈംഗിക രോഗങ്ങള്‍, ജനിതക രോഗങ്ങള്‍ എന്നിവ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തും. ഐ.വി.എഫ്., ഇക്സി തുടങ്ങിയവ വഴി ബീജസംയോഗം നടത്തും. അത് ഭ്രൂണമായശേഷം ഗര്‍ഭപാത്രത്തിലേക്ക് മാറ്റും

സര്‍ജിക്കല്‍ സ്പേം റിട്രീവല്‍

ബീജങ്ങള്‍ എപ്പിഡിഡിമസില്‍ നിന്നോ വൃഷണത്തില്‍നിന്നോ പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുക്കുന്ന രീതിയാണ് സര്‍ജിക്കല്‍ സ്‌പേം റിട്രീവല്‍. വൃഷണത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ എപ്പിഡിഡിമസിലാണ് ശേഖരിക്കപ്പെടുന്നത്. ചിലരില്‍ ബീജങ്ങള്‍ സ്രവിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ട്.

ബീജത്തെ വഹിക്കുന്ന ട്യൂബായ ബീജനാളി (വാസ് ഡിഫറന്‍സ്) ഇല്ലാതിരിക്കുക, വാസക്ടമിയോ മറ്റോ മൂലം ബീജനാളിയില്‍ തടസ്സമുണ്ടാകുക, വൃഷണസംബന്ധമായ തകരാറുകള്‍ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. അത്തരം സാഹചര്യത്തില്‍ സര്‍ജിക്കല്‍ സ്‌പേം റിട്രീവല്‍ ഉപയോഗപ്പെടുത്തുന്നു.

ബീജങ്ങള്‍ ശേഖരിക്കുന്നതിന് മൈക്രോസര്‍ജിക്കല്‍ സ്‌പേം ആസ്പിരേഷന്‍ (മെസ), പെര്‍ക്കുറ്റേനിയസ് എപിഡിഡൈമല്‍ സ്‌പേം ആസ്പിരേഷന്‍ (പെസ), ടെസ്റ്റിക്കുലാര്‍ സ്‌പേം എക്‌സ്ട്രാക്ഷന്‍ (ടെസ്), പെര്‍ക്കുട്ടേനിയസ് ടെസ്റ്റിക്കുലാര്‍ ആസ്പിരേഷന്‍ (ടെസ) എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളുണ്ട്.

ജയസാധ്യത എത്രത്തോളം

കൃത്രിമ ഗര്‍ഭധാരണത്തിന്റെ ജയസാധ്യത പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഐ.യു.ഐ. രീതിയാണെങ്കില്‍ 10-12 ശതമാനമാണ് വിജയസാധ്യത കണക്കാക്കുന്നത്. ഐ.വി.എഫ്., ഇക്‌സി എന്നിവയ്ക്ക് 40-45 ശതമാനമാണ് പൊതുവായുള്ള വിജയസാധ്യത.

ivf
Representative Image| Photo: GettyImages

ബീജസങ്കലനം കൃത്രിമമായി നടത്താമെങ്കിലും ഭ്രൂണം ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും ഒട്ടേറെ കാര്യങ്ങള്‍ തിരിച്ചറിയാനുണ്ട്. ഈ ഘട്ടത്തില്‍ സംഭവിക്കുന്ന തിരിച്ചറിയപ്പെടാത്ത കാരണങ്ങള്‍ പരാജയസാധ്യത വര്‍ധിപ്പിക്കുന്നു. ഇത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.ദമ്പതികളുടെ പ്രായം, പൊതുവായ ആരോഗ്യം എന്നിവയെല്ലാം കൃത്രിമ ഗര്‍ഭധാരണത്തിന്റെ വിജയപരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഭ്രൂണത്തിലെ ജനിതക തകരാറുകള്‍ കണ്ടെത്താം

ഭ്രൂണങ്ങളിലെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രീ ഇംപ്ലാന്റേഷന്‍ ജനിറ്റിക് ടെസ്റ്റിങ് (PGT). ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തില്‍ ഭ്രൂണ ബയോപ്‌സി വഴി ജനിതക തകരാറുകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ട്രൈസോമിപോലുള്ള ക്രോമസോം അപാകതകള്‍ കണ്ടെത്തുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിള്‍ സെല്‍ അനീമിയ എന്നിവപോലുള്ള ഒറ്റ ജീന്‍ മ്യൂട്ടേഷനുകള്‍ കണ്ടെത്തുന്നതിനും ഇത് സഹായിക്കുന്നു. ജീനോമിക് ഹൈബ്രിഡൈസേഷന്‍ (സി.ജി.എച്ച്.) പോലുള്ള പുതിയ സാങ്കേതിക വിദ്യകളും ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ശീതീകരിച്ച് സൂക്ഷിക്കാം

അണ്ഡവും ബീജവും ഭ്രൂണവും ശീതികരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം (Cryopreservation) നിലവിലുണ്ട്. ലിക്വിഡ് നൈട്രജനിലാണ് ഇവ സൂക്ഷിക്കുക. ആവശ്യാനുസരണം പിന്നീട് ഉപയോഗപ്പെടുത്താനാകും. പല സാഹചര്യങ്ങളിലും ഈ സംവിധാനം പ്രയോജനപ്രദമാകാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അത് ഭേദമാകുന്നതുവരെ അണ്ഡമോ ബീജമോ ഭ്രൂണമോ സൂക്ഷിച്ചുവയ്ക്കാന്‍ ഈ സംവിധാനം സഹായിക്കും. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി തുടങ്ങുന്നതിനുമുന്‍പ് ഇത്തരത്തില്‍ ബീജമോ അണ്ഡമോ ശേഖരിച്ച് സൂക്ഷിക്കാറുണ്ട്. ചികിത്സയ്ക്കുശേഷം ഇത് ഉപയോഗപ്പെടുത്തി ഗര്‍ഭധാരണം സാധ്യമാവുകയും ചെയ്യും.

(തിരുവനന്തപുരം എസ്.എ.ടി. ഹോസ്പിറ്റലിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖിക)

തയ്യാറാക്കിയത്: സി.സജില്‍

Content Highlights: what is assisted reproductive techniques, IVF, IUI, ICSI treatment, Health, Reproductive Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented