പാമ്പുകടിയും ചികിത്സാരീതികളും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണല്ലോ. അതില്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ കേട്ട പേരാണ് എ.എസ്.വി. (ആന്റി സ്‌നേക്ക് വെനം). എന്താണത്? എങ്ങനെയാണ് കൊടുക്കേണ്ടത്? കൊടുത്താല്‍ അപകടസാധ്യത ഉണ്ടോ? നമുക്ക് പരിശോധിക്കാം.
എന്താണ് എ.എസ്.വി.
നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അന്യവസ്തുക്കള്‍ അത് അണുക്കളായ ബാക്ടീരിയ ആവാം, വൈറസുകളാവാം, അല്ലെങ്കില്‍ വിഷവുമാവാം ഇവയെ ചെറുക്കാനുള്ള സംവിധാനം ശരീരത്തില്‍ തന്നെയുണ്ട്. അവയെ ആന്റിബോഡികള്‍ എന്ന് പറയും. അവരാണ് ശത്രുക്കളില്‍നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന നമ്മുടെ പടയാളികള്‍! പാമ്പിന്‍ വിഷം ശരീരത്തില്‍ കയറിയാലും ഇത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്, നമ്മെപ്പോലെ മറ്റു ജീവജാലങ്ങളിലും ഉണ്ടാകുന്നുണ്ട്.
മുയല്‍, കുതിര, കുരങ്ങ് ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ ചെറിയ അളവില്‍ പാമ്പിന്‍ വിഷം കുത്തിവെച്ച്, അവയിലുണ്ടാകുന്ന ആന്റിബോഡികള്‍ രക്തത്തില്‍നിന്ന് വേര്‍തിരിച്ച് ഉണ്ടാക്കുന്ന മരുന്നാണ് എ.എസ്.വി. മനുഷ്യര്‍ക്ക് പാമ്പിന്‍വിഷബാധ ഏറ്റാല്‍ ആന്റിബോഡികള്‍ ഉണ്ടാകാന്‍ സമയമെടുക്കും. അപ്പോഴേക്കും വിഷം നമ്മുടെ പല അവയവങ്ങളെയും ബാധിച്ചിട്ടുമുണ്ടാകും. അതേസമയം എത്രയും വേഗം 'റെഡിമേഡ് ആന്റിബോഡികള്‍' നല്‍കിയാല്‍ ഈ സമയനഷ്ടം നമുക്ക് പരിഹരിക്കാം. അവ പാമ്പിന്‍ വിഷമെന്ന േപ്രാട്ടീനെ നിര്‍വീര്യമാക്കിക്കോളും.
എന്താണ് അപകടസാധ്യത
എ.എസ്.വി. വേര്‍തിരിച്ചെടുക്കുന്നത് മറ്റു ജീവികളില്‍ നിന്നായതിനാല്‍ അവയുടെ ശരീരത്തിലെ മറ്റു പ്രോട്ടീനുകളും ചില സമയങ്ങളില്‍ ഇതില്‍ കലര്‍ന്നിട്ടുണ്ടാകാം. നമ്മുടെ ശരീരത്തിന് പുറത്തുനിന്നുവരുന്ന എന്തും ശത്രുക്കളാണ്. ഇതില്‍ മറ്റു ജീവികളിലെ പ്രോട്ടീനുകളും പെടും. ഈ മരുന്ന് കുത്തിവെക്കുന്ന സമയത്ത് നമ്മുടെ ശരീരം ഈ അന്യ പ്രോട്ടീനുകളെ ശത്രുക്കളായി കരുതി സ്വയം പ്രതികരിക്കും. ഇതിനെയാണ് അലര്‍ജി എന്ന് പറയുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളുപയോഗിച്ചു ശുദ്ധീകരിച്ചാലും നിര്‍ഭാഗ്യവശാല്‍ മറ്റു പ്രോട്ടീന്‍ ഘടകങ്ങള്‍ ഈ മരുന്നില്‍ കടന്നുകൂടുന്നതുകൊണ്ടാണത്. അത് തടയാന്‍ സാധിക്കില്ല.
അലര്‍ജി എങ്ങനെ മനസ്സിലാക്കും? എന്തുചെയ്യും?
ആര്‍ക്ക് അലര്‍ജി വരുമെന്നത് പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ എ.എസ്.വി. കൊടുക്കുന്ന ആരിലും പ്രതീക്ഷിക്കണം. അലര്‍ജി ഓരോരുത്തരിലും വ്യത്യസ്തമാകം. ചിലരില്‍ ചെറിയ ചൊറിച്ചിലും തൊലിയില്‍ തിണര്‍ത്തുവരലും വിറയലും ചര്‍ദിയുമൊക്കെയാകും ലക്ഷണങ്ങള്‍. അത് മരുന്നുകള്‍ കൊടുത്താല്‍ കുറയും. എന്നാല്‍ ചില ആളുകളില്‍ അലര്‍ജി കുറച്ചു ഭയാനകമായ അവസ്ഥയിലേക്ക് പോകാറുണ്ട്, അതിനു '‘ANAPHYLLAXIS’ ' എന്നുപറയും. 10 മുതല്‍ 15 ശതമാനംവരെ ആളുകളില്‍ ഈ പ്രശ്‌നം കാണാറുണ്ട്. രോഗിക്ക് ശ്വാസതടസ്സമോ രക്തസമ്മര്‍ദ്ദക്കുറവോ ഒക്കെ വന്നേക്കാം. അതിനര്‍ഥം അലര്‍ജിയുണ്ടാവുന്നവര്‍ മുഴുവന്‍ മരിച്ചുപോകുമെന്നല്ല. ഇത് നിയന്ത്രിക്കാനും മരുന്നുകളുണ്ട്. മരുന്നുകൊണ്ട് നിയന്ത്രിക്കാന്‍ പറ്റാതാവുമ്പോഴാണ് കൃത്രിമശ്വാസം നല്‍കാനായി വെന്റിലേററ്ററിലേക്ക് മാറ്റുന്നത്. അത് വളരെ കുറച്ചുപേര്‍ക്കേ വേണ്ടിവരാറുള്ളൂ. ഈ സാധ്യതയാണ് ഡോക്ടര്‍മാര്‍ക്ക് എ.എസ്.വി. നല്‍കാനുള്ള പേടിസ്വപ്നമാകുന്നത്. പക്ഷേ, എ.എസ്.വി. നല്‍കിയില്ലെങ്കില്‍ മരണസാധ്യത 100 ശതമാനമാണെന്നുള്ളത് മറക്കരുത്.അലര്‍ജിയുടെ റിസ്‌ക് കൃത്യമായി രോഗിയുടെ കൂടെ ഉള്ളവരെ പറഞ്ഞു മനസ്സിലാക്കണം. ഒപ്പം എ.എസ്.വി. കൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും.
എല്ലാ തരം പാമ്പുകടിയിലും ഒരേ എ.എസ്.വി. ആണോ കൊടുക്കുന്നത്?
പല തരം പാമ്പിന്‍ വിഷങ്ങള്‍ ഉള്ളതിനാല്‍ എ.എസ്.വിയും പലതരം വേണ്ടതാണ്. പക്ഷേ, ഇത് പ്രായോഗികമല്ല. കാരണം പലപ്പോഴും ഏതു പാമ്പാണ് കടിച്ചതെന്നു അറിയണമെന്നില്ല. അപ്പോള്‍ പ്രായോഗികമായി ചെയ്യാന്‍ സാധിക്കുന്നത്, നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട വിഷപ്പാമ്പുകളുടെ വിഷങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു 'കോമ്പിനേഷന്‍' ആയി ഉണ്ടാക്കുകയാണ്. അതായതു ഏതുതരം വിഷമായാലും അത് നിര്‍വീര്യമാക്കാന്‍ കഴിവുള്ള എല്ലാത്തരം ആന്റിബോഡികളും ഉള്‍പ്പെടുന്ന ഒരു ഉത്പന്നം.
നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പാമ്പുകടികളില്‍ അധികവും മൂര്‍ഖന്‍ (cobra), വെള്ളിക്കെട്ടന്‍ (krait), അണലി (viper) എന്നിവയുടേതാണ്. അണലിയില്‍ത്തന്നെ പലതരമുണ്ട്. ഇവയില്‍ വിഷമുള്ള കടികളില്‍ അധികവും russels viper, saw scaled viper എന്നിവയുടേതാണ്. അതുകൊണ്ട് ഇന്ന് വിപണിയില്‍ ലഭ്യമായ എ.എസ്.വി. മൂര്‍ഖന്‍ (cobra), വെള്ളിക്കെട്ടന്‍ (krait) , റസല്‍സ് വൈപ്പര്‍(russel’s viper), സൊ സ്‌കെയില്‍ഡ് വൈപ്പര്‍ (saw scaled viper) എന്നിവയുടേതാണ്. രാജവെമ്പാല (king cobra), പിറ്റ് വൈപ്പര്‍ (pit viper) എന്നിവയെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവമൂലമുള്ള കടികള്‍ വിരളമായതു കൊണ്ടാണത്.
ചികിത്സ എങ്ങനെ?
പാമ്പുകടി എന്ന് പറഞ്ഞുവരുന്ന എല്ലാവര്‍ക്കും എ.എസ്.വി. കൊടുക്കാറില്ല. സാധാരണയായി ലക്ഷണങ്ങള്‍ കണ്ടതിനു ശേഷമാണു കൊടുക്കാറ്്. അധിക ശതമാനം കടികളും വിഷമില്ലാത്ത പാമ്പുകളായിരിക്കും. വിഷമുള്ള പാമ്പുകളുടെ കടികളില്‍ത്തന്നെ മൂന്നിലൊന്നു കേസുകളിലും വിഷം ശരീരത്തില്‍ കയറിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ സംശയത്തിന്റെ പേരില്‍ എ.എസ്.വി. നല്‍കാനാവില്ല.
രക്തചംക്രമണത്തെ ബാധിക്കുന്ന പാമ്പാണ് കടിച്ചതെങ്കില്‍ CLOTTING TIME (CT) എന്ന പരിശോധനയിലൂടെ മനസിലാക്കാന്‍ കഴിയും. എന്നാല്‍ നാഡീവ്യൂഹത്തെ ബാധിച്ച വിഷം കണ്ടുപിടിക്കാന്‍ പ്രത്യേകം ടെസ്റ്റുകള്‍ ഒന്നുമില്ല. രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ ഇത് കണ്ടുപിടിക്കാനാകൂ. ലക്ഷണങ്ങള്‍ വന്നാല്‍ എ.എസ്.വി. കൊടുക്കുകതന്നെ വേണം. ആദ്യം പത്തു വയലാണ് കൊടുക്കുക. ടെസ്റ്റ് ഡോസിന്റെ ആവശ്യമില്ല. ഈ മരുന്ന് ഒരു മണിക്കൂറിനുള്ളില്‍ കൊടുക്കണം. അതിനുശേഷം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. നാഡീവ്യൂഹത്തെ ബാധിച്ച വിഷബാധയില്‍ ഒരു രണ്ടു മണിക്കൂറിനുള്ളില്‍ത്തന്നെ പുരോഗതി കാണേണ്ടതാണ്. എന്നാല്‍ രക്തസ്രാവം നിലയ്ക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. പുരോഗതി വേണ്ടരീതിയില്‍ ഇല്ലെങ്കില്‍ അടുത്ത പത്തു വയല്‍ കൊടുക്കണം. വീണ്ടും നിരീക്ഷിക്കണം. ഇങ്ങനെ മാക്‌സിമം മുപ്പതുവരെ കൊടുക്കേണ്ടതായി വരാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ഡോസ് തന്നെയാണ് നല്‍കേണ്ടത്. ശരീരഭാരം കുറവായതിനാല്‍ കുട്ടികളിലാണ് അപകട സാധ്യത കൂടുതല്‍.
ഇത്രയും വായിച്ചതില്‍നിന്ന് എ.എസ്.വി. നല്‍കുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. അതുകൊണ്ടു തന്നെ രോഗിയുടെ കൂടെ വരുന്ന ആളുകളുടെ സഹകരണം വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ എല്ലാ ഡോക്ടര്‍മാരും കൊടുക്കാന്‍ പോകുന്ന ചികിത്സയെക്കുറിച്ചും അതില്‍ത്തന്നെ ഉള്ള അലര്‍ജി സാധ്യതകളെ കുറിച്ചും അവരെ കൃത്യമായി ബോധിപ്പിക്കേണ്ടതാണ്. എന്നാല്‍, ഒരു കാര്യം ഒരിക്കലും വിട്ടുപോകരുത്എ.എസ്.വി കൊടുത്തില്ലെങ്കില്‍ മരണസാധ്യത നൂറു ശതമാനമാണ് എന്നത്! എ.എസ്.വി. ഒരു ജീവന്‍രക്ഷാമരുന്നാണ്. പലപ്പോഴും മുന്‍പിന്‍ ആലോചിക്കാതെ കൊടുക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടിലെ കൂടി വരുന്ന ആശുപത്രി ആക്രമണങ്ങളും ഡോക്ടര്‍മാരോടുള്ള മോശം പെരുമാറ്റവുമെല്ലാം ഈ മരുന്ന് കൊടുക്കാന്‍ ഡോക്ടര്‍മാരെ ഭയപ്പെടുത്തുന്നു എന്നതാണ് വാസ്തവം! എല്ലാ സൗകര്യവുമുള്ള ആശുപത്രികള്‍ അല്ല നമുക്ക് ചുറ്റുമുള്ളത്, പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍. അങ്ങനെയുള്ള അവസരത്തില്‍ ഈ മരുന്ന് കൊടുക്കാനുള്ള ധൈര്യം ഡോക്ടര്‍ക്ക് നല്‍കേണ്ടത് നമ്മുടെ സമൂഹമാണ്. ഇല്ലെങ്കില്‍, നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെയാണ് !
എങ്ങനെ തിരിച്ചറിയാം?
1. രക്തചംക്രമണത്തെ ബാധിക്കുന്നത്
2. നാഡീവ്യൂഹത്തെ ബാധിക്കുന്നത്
3. മസിലുകളെ ബാധിക്കുന്നത്
പാമ്പിന്‍വിഷം മൂന്നുതരം
രക്തചംക്രമണത്തെ ബാധിക്കുന്നവ ഇവയില്‍ പ്രധാനികള്‍ അണലികളാണ്. അണലി കടിച്ചാല്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം, രക്തസമ്മര്‍ദം കുറയല്‍, കടിയേറ്റ മുറിവിലൂടെ രക്തസ്രാവം, കടിയേറ്റ ഭാഗത്ത് വീക്കം, വയറുവേദന, ചര്‍ദി, മുറിവിന്റെ ചുറ്റുമുള്ള തൊലി ഇരുണ്ടതാവുക, ശരീരവേദന, പേശികള്‍ കോച്ചിപ്പിടിക്കല്‍, രക്തം 20 മിനിറ്റ് കഴിഞ്ഞാലും കട്ടയാവാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
നാഡീവ്യൂഹത്തെ ബാധിക്കുന്നവ ഇത് മൂര്‍ഖനും വെള്ളിക്കെട്ടനുമാണ്. ലക്ഷണങ്ങള്‍ കണ്ണ് കൂന്പിപ്പോവുക, കണ്ണ് തുറക്കാന്‍ സാധിക്കാതെ വരിക, കഴുത്ത് കുഴഞ്ഞുപോവുക, കാഴ്ചയ്ക്കുബുദ്ധിമുട്ടാവുക, ഒന്ന് രണ്ടായി കാണുക, വിഴുങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക. ഒറ്റശ്വാസത്തില്‍ എണ്ണാന്‍ ബുദ്ധിമുട്ടുക, ശ്വാസതടസ്സം, കൈകാലുകളുടെ ബലക്കുറവ്, സംസാരം വ്യക്തമല്ലാതാവുക.
മസിലുകളെ ബാധിക്കുന്നത് കടല്‍പ്പാമ്പിന്റെ കടിയേറ്റാലാണിത് കാണാറുള്ളത്. വളരെ ഉഗ്രവിഷമുള്ളവയാണ് അവ. നമ്മുടെ ശരീരത്തിലെ മസിലുകളെ വിഘടിപ്പിച്ച് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കടല്‍പ്പാന്പിന്റെ കടിയേറ്റാല്‍ മരണം ഉറപ്പാണ്.
(കണ്‍സള്‍ട്ടന്റ് നിയോ നാറ്റോളജിസ്റ്റ് അവിറ്റീസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി)
Content Highlights: what is anti snake venom, all about ASV by soumya sarin