എന്താണ് ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ്? ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?


ഡോ. രാമന്‍കുട്ടി വാരിയര്‍, ഡോ. ജോസ് പൈകട

2 min read
Read later
Print
Share

ആയുര്‍വേദ ഔഷധങ്ങള്‍ക്കൊപ്പം യോഗയും പ്രാണായാമവും വ്യായാമവും ഉള്‍പ്പെടുന്ന സംയോജിത ചികിത്സാരീതിയാണ് ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ് ബാധിതരില്‍ പ്രയോജനപ്പെടുന്നത്

Representative Image| Photo: Gettyimages

ട്ടെല്ലിന് സ്ഥായിയായ നീര്‍ക്കെട്ടും വൈകല്യവുമുണ്ടാക്കുന്ന രോഗാവസ്ഥയാണ് ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ്. നട്ടെല്ലിലെ കശേരുക്കളുടെ സന്ധികള്‍ക്കുണ്ടാകുന്ന ഈ വാതരോഗം കാലക്രമത്തില്‍ ശരീരത്തിന്റെ ചലനക്ഷമത കുറയ്ക്കുകയും വൈകല്യമുണ്ടാക്കുകയും ചെയ്യുന്നു. ഇടുപ്പിലെയും തോളുകളിലെയും സന്ധികളെയും ഈ രോഗം ബാധിക്കാനിടയുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന നടുവേദനയാണ് പ്രാരംഭലക്ഷണം. പലപ്പോഴും നിസ്സാരമായി കരുതുകയും വൈദ്യനിര്‍ദേശം തേടാതിരിക്കുകയും ചെയ്യുമ്പോള്‍ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം ചെയ്യാനാവാതെ പോകുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് രോഗം ഏറെ പുരോഗമിച്ചതിനുശേഷമായിരിക്കും പലപ്പോഴും തിരിച്ചറിയുന്നത്. അപ്പോഴേക്കും കുമ്പിടുന്നതിനും കഴുത്ത് ചലിപ്പിക്കുന്നതിനുമുള്ള കഴിവ് കുറഞ്ഞിട്ടുണ്ടാകും.

പുരുഷന്‍മാരെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത്. സാധാരണമായി വാതരോഗങ്ങള്‍ മധ്യപ്രായത്തിലും അതിനുശേഷവുമാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളതെങ്കിലും ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ് കൗമാരപ്രായക്കാരെയും യുവതീയുവാക്കളെയും ബാധിക്കുന്നുണ്ട്. ജനിതകരോഗമായതിനാല്‍ വരുംതലമുറകളിലേക്കുംകൂടി രോഗം കൈമാറ്റം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

ലക്ഷണങ്ങള്‍

സാധാരണമായി 20 മുതല്‍ 30 വയസ്സിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നടുവിന് രാവിലെ ഉണ്ടാകുന്ന വേദനയും കുനിയാനുള്ള ബുദ്ധിമുട്ടുമാണ് ആരംഭത്തില്‍ അനുഭവപ്പെടുന്നത്. വിശ്രമിക്കുമ്പോള്‍ വേദന വര്‍ധിക്കുകയും പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ കുറയുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്. നേരിയ പനിയും ക്ഷീണവും ഉണ്ടാവാനിടയുണ്ട്. രോഗം വര്‍ധിക്കുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വളയാനുള്ള ശേഷിയും നെഞ്ചിന്റെ വികാസക്ഷമതയും കുറയുന്നതായി കാണാം.

സങ്കീര്‍ണതകള്‍

ഏറ്റവും പ്രധാനം ചലനശേഷിയുടെ നഷ്്ടം തന്നെയാണ്. ബാല്യ-യൗവനങ്ങളില്‍ തന്നെ രോഗബാധിതരായവരില്‍ മധ്യപ്രായത്തില്‍ നടക്കാനും കഴുത്ത് തിരിക്കാനുമുള്ള ശേഷി കുറയുന്നതായി കാണാം. കശേരുക്കള്‍ ഒട്ടിപ്പിടിക്കുന്നതിനാല്‍ ശരീരം മുന്നിലേക്ക് വളഞ്ഞുപോകുന്നു. അതിനാല്‍ കാല്‍മുട്ടുകള്‍ അല്പമൊന്ന് മടക്കി ബുദ്ധിമുട്ടിയാണ് രോഗബാധിതര്‍ക്ക് നടക്കേണ്ടി വരുന്നത്. കശേരുക്കള്‍ക്ക് കട്ടികുറഞ്ഞ് അവയ്ക്ക് പൊട്ടലുണ്ടായാല്‍ കൂന് വര്‍ധിക്കും. നെഞ്ചിലെ വാരിയെല്ലുകളെ ബാധിച്ചാല്‍ ശ്വസനപ്രക്രിയയ്ക്ക് തടസ്സം സംഭവിക്കാനിടയുണ്ട്. കണ്ണുകളിലുണ്ടാകുന്ന നീര്‍ക്കെട്ട്, വേദന, കാഴ്ച മങ്ങല്‍ എന്നിവയും ഈ രോഗത്തിന്റെ അനന്തരഫലമായേക്കാം.

ചികിത്സ

പ്രധാന ലക്ഷണങ്ങളായ നീര്‍ക്കെട്ടും വേദനയും ചലനശേഷിക്കുറവും പരിഹരിക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. രോഗതീവ്രത കുറയുമ്പോള്‍ നട്ടെല്ലിന് വൈകല്യം ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു. കേവലം ഒരു വൈദ്യശാസ്ത്രത്തിനുമാത്രം പരിഹരിക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയാത്ത മഹാരോഗങ്ങളിലൊന്നാണ് ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ്. ഓരോ വൈദ്യശാസ്ത്രത്തിനും അതിന്റേതായ മേന്‍മകളും പരിമിതികളുമുണ്ട്.

ആയുര്‍വേദത്തിലെ ആന്തരിക ഔഷധങ്ങള്‍ക്കും സ്വേദനപ്രക്രിയകള്‍ക്കും പഞ്ചകര്‍മങ്ങള്‍ക്കുമൊപ്പം യോഗയും പ്രാണായാമവും മെഡിറ്റേഷനും വ്യായാമവും ഉള്‍പ്പെടുന്ന സംയോജിത ചികിത്സാരീതി ഇത്തരം രോഗികളില്‍ ഫലപ്രദമായി കണ്ടിട്ടുണ്ട്. കൗമാര-യൗവനങ്ങളില്‍ തന്നെ ബാധിക്കുന്ന രോഗം തീവ്രമാകാതിരിക്കാനും നട്ടെല്ലിന്റെ ചലനശേഷി നിലനിര്‍ത്തി തൊഴില്‍ ചെയ്തുകൊണ്ടുതന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ഈ രീതി ഉപകരിക്കുന്നു. ആന്തരികൗഷധങ്ങള്‍ ശരീരത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന നീര്‍ക്കെട്ടും നട്ടെല്ലിന്റെ സ്തബ്ധതയും(stiffness) കുറയ്ക്കുന്നു. രോഗതീവ്രത കുറയുമ്പോള്‍ ഔഷധങ്ങള്‍ കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യാം. വാതവ്യാധികള്‍ പൊതുവേ വര്‍ധിക്കുന്ന വര്‍ഷകാലത്തിനുമുന്‍പെ നിശ്ചിതകാലം മരുന്ന് കഴിക്കുന്നത് ഏറെ ഗുണകരമാണ്. നീര്‍ക്കെട്ട് കുറഞ്ഞാല്‍ ദേഹത്ത് തൈലം പുരട്ടി വിയര്‍പ്പിക്കുന്നത് സന്ധികള്‍ക്കും പേശികള്‍ക്കും ലിഗ്മെന്റുകള്‍ക്കും അയവുനല്‍കുകയും ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.

തിലപിണ്ഡസ്വേദം, പത്രപോടലസ്വേദം, കായസേകം, തൈലവസ്തി, കഷായവസ്തി തുടങ്ങിയ പഞ്ചകര്‍മ അനുബന്ധക്രിയാക്രമങ്ഹള്‍ രോഗാവസ്ഥയനുസരിച്ച് ചെയ്യുന്നത് പ്രയോജനകരമാണ്. നെഞ്ചിലെ സന്ധികള്‍ ഉറച്ചുപോകാതിരിക്കാന്‍ പ്രാണായാമം സഹായിക്കുന്നു. ഏതവയവത്തിനാണോ സ്തബ്ധതയും വൈകല്യവും ബാധിക്കാനിടയുള്ളത് അതിനനുസരിച്ച് പരിശീലിപ്പിക്കുന്ന വ്യായാമങ്ങള്‍(തെറാപ്യൂട്ടിക് എക്‌സര്‍സൈസ്), ഫിസിയോതെറാപ്പി എന്നിവയും ഗുണകരമാണ്. ഇടവേളകളില്‍ ഈ പ്രക്രിയകള്‍ ആവര്‍ത്തിക്കുന്നത് രോഗത്തിന്റെ കാഠിന്യം കൂടുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്നു. യോഗയും ധ്യാനവും മാനസിക സമ്മര്‍ദം ലഘൂകരിക്കാനും ഉപകരിക്കും.

(തൃശ്ശൂര്‍ വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഡോ. രാമന്‍കുട്ടി വാരിയര്‍. സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ഡോ. ജോസ് പൈകട)

Content Highlights: What is Ankylosing Spondylitis, Ayurvedic approach for management of Ankylosing Spondylitis

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


Most Commented