Representative Image| Photo: Canva.com
നിത്യജീവിതത്തിൽ പലർക്കും ഒഴിവാക്കാനാവാത്ത രുചിയാണ് മധുരം. അതിരാവിലെയുള്ള ചായയിൽ തുടങ്ങുന്നു മധുരത്തിന്റെ ഉപയോഗം. എന്നാൽ രുചി കൂട്ടുമെങ്കിലും പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും മധുരം കാരണക്കാരനാകുന്നുണ്ട്. ഡയബറ്റിസ്, അമിതവണ്ണം, ദന്തസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി മധുരത്തിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയുണ്ട്. ഡയറ്റിങ് ആരംഭിക്കാൻ തുടങ്ങുമ്പോൾ തന്നെ ന്യൂട്രീഷണിസ്റ്റുകൾ മധുരം കുറയ്ക്കാൻ പറയുന്നതിനു പിന്നിലും കാരണം ഇതാണ്. പഞ്ചസാര കുറച്ചുകാലം ഉപേക്ഷിച്ചാൽ എന്ത് മാറ്റങ്ങളായിരിക്കും ശരീരത്തിന് സംഭവിക്കുക?
ഇതേക്കുറിച്ച് പങ്കുവെക്കുകയാണ് ന്യൂട്രീഷണിസ്റ്റായ നമാമി അഗർവാൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ച് പങ്കുവെക്കുന്നത്. പതിനാലു ദിവസത്തോളം പഞ്ചസാര ഉപയോഗിക്കാതിരിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് നമാമി പറയുന്നത്. കേൾക്കുമ്പോൾ ബാലികേറാമല ആണെന്ന് തോന്നാമെങ്കിലും മികച്ച ഫലം നൽകുമെന്നാണ് അവർ പറയുന്നത്.
പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരം ബ്ലഡ് ഷുഗർ നില ഫലപ്രദമായി നിയന്ത്രിക്കാൻ തുടങ്ങുമെന്നതാണ് ആദ്യത്തേത്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.
മറ്റൊന്ന് ചർമത്തിനുള്ള ഗുണമാണ്. പഞ്ചസാര കുറയ്ക്കുന്നതിലൂടെ ചർമം തിളങ്ങാനും ദഹനപ്രക്രിയ സുഗമമാവാനും തുടങ്ങും. മാത്രമല്ല വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു വഴിയാണ് ഇതെന്ന് നമാമി പറയുന്നു.
ബ്ലഡ് ഷുഗർ നില നിയന്ത്രിക്കാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ന്യൂട്രീഷണിസ്റ്റ് പങ്കുവെക്കുന്നുണ്ട്. അടിക്കടിയുള്ള മൂത്രശങ്ക, ഉണങ്ങാത്ത മുറിവ്, അമിത വിശപ്പ് തുടങ്ങിയവയൊക്കെ ഉയർന്ന ബ്ലഡ് ഷുഗറിന്റെ ലക്ഷണങ്ങളാണ്. പഞ്ചസാരയിൽ നിന്നു മാത്രമല്ല നാം കഴിക്കുന്ന പച്ചക്കറികൾ, റൊട്ടി, പരിപ്പ് തുടങ്ങി പലവിധ മറ്റു ഭക്ഷണങ്ങളിലൂടെയും ഷുഗർ ലഭിക്കുന്നുണ്ട്. അതിനാൽ കഴിക്കുന്ന ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി ഷുഗർ നില കുറയ്ക്കാമെന്നും നമാമി പറയുന്നു.
Content Highlights: What Happen To Your Body When You Stop Eating Sugar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..