കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, നഖം കടിക്കുന്ന ശീലക്കാര്‍ക്ക് പ്രായമോ പരിധിയോ ഇല്ല. ഈ ദുശ്ശീലത്തെയാണ് ഒണീക്കോഫാജിയ എന്നു പറയുന്നത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഈ നഖംകടിക്കല്‍ ശീലം ഒരു ബിഹേവിയറല്‍ ഡിസോര്‍ഡര്‍ ആണ്. അതേസമയം സ്ഥിരമായി നഖം കടിക്കുന്നത് ഒരു മാനസിക വൈകല്യമാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  

ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും ഏതെങ്കിലും കാര്യത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുമ്പോഴോ ചിലര്‍ നഖം കടിക്കാറുണ്ട്. ആകാംഷ, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍, ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ ഈ നഖംകടി ശീലത്തിലേക്ക് നയിച്ചേക്കും. 

നഖം കടിക്കുന്നത് സാധാരണ പ്രശ്‌നമല്ലേ എന്ന തോന്നാം, എന്നിരുന്നാലും ഇത് ശീലമായി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ ഉണ്ടാവുന്നത്. ഉള്ളം കയ്യിലുള്ളതിനേക്കാള്‍ രണ്ടിരട്ടി അഴുക്കാണ് നഖങ്ങള്‍ക്കുള്ളിലുണ്ടാവുന്നത്. നഖം കടിക്കുന്നതിലൂടെ ഈ അഴുക്കും നഖത്തിനുള്ളിലെ ബാക്ടീരിയകളും വയറിനുള്ളിലെത്തുകയും അത് മറ്റ് പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

  • നിരന്തരം നഖം കടിക്കുന്നത് നഖത്തിന്‍റെ ഷേപ്പ് നഷ്ടപ്പെടാനും വിരലിന്‍റെ ഭംഗി ഇല്ലാതാവാനും കാരണമാവും. 
  • പല്ലുപയോഗിച്ച് നഖത്തിന്റെ അഗ്രഭാഗം സ്ഥിരമായി കടിക്കുന്നത് പല്ലിന്റെ നിര തകരാറിലാവാനും കാരണമാവും.
  • നഖം കടിക്കുന്നതിലൂടെ നഖത്തിനു ചുറ്റുമുള്ള കോശങ്ങള്‍ നശിക്കാനും അതുവഴി അണുബാധ ഉണ്ടാവാനും സാധ്യതയുണ്ട്. 
  • നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനശാസ്ത്രം പറയുന്നത്. സ്ഥലമോ സമയമോ നോക്കാതെ നഖം കടി ശീലമാക്കിയവര്‍ സ്വന്തം വ്യക്തിത്വത്തിന്റെ ഇമേജ് തന്നെയാണ് നശിപ്പിക്കുന്നത്.  ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഇത്തരക്കാര്‍ സ്വന്തം ബോധമനസ്സിന്റെ പ്രവര്‍ത്തനമായിട്ടില്ല നഖം കടിക്കുന്നത് എന്തെങ്കിലും ചിന്തിക്കുമ്പോഴോ സമ്മര്‍ദ്ദത്തിലാവുമ്പോഴോ മനസ്സറിയാതെ കൈ വായിലേക്ക് പോവുന്നത് സ്വാഭാവികം മാത്രം. ഉപബോധ മനസില്‍ നിന്നാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരവുമാണ്.   
 
ഈ ശീലം നിര്‍ത്താനായി നഖങ്ങളില്‍ നെയില്‍ പോളിഷോ ഇഷ്ടമില്ലാത്ത രുചികള്‍ പുരട്ടുകയോ ചെയ്യാം. കുട്ടികളിലാണ് ഈ ശീലം വളരെ കൂടുതലായിട്ടുള്ളതെങ്കില്‍ പാവയ്ക്കാ നീര്, ആവണെക്കെണ്ണ, ആര്യവേപ്പ് നീര് തുടങ്ങിയ പുരട്ടിയാല്‍ ഒരുവിധത്തില്‍ ഈ ശീലത്തെ മാറ്റിനിര്‍ത്താം. മുതിര്‍ന്നവരിലാണ് ഈ ശീലം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ശക്തിപ്രാപിച്ചിരിക്കുന്നതെങ്കില്‍ ചെറിയ ബാന്റേജുകള്‍ കെട്ടി ആശ്വാസം കണ്ടെത്താവുന്നതാണ്. എല്ലാത്തിലുമുപരി നഖം കടിക്കാന്‍ തോന്നുന്ന വേളയില്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഉത്തമം.