ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ പന്ത്രണ്ടാം ക്ലാസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. കൊതുകു കടിയേറ്റാല്‍ ഇങ്ങനെയൊരു ഗുരുതരമായ രോഗമുണ്ടാകുമോ എന്ന ആശങ്കയിലാണ് പലരും.
എന്താണ് ഹെനോക് സ്‌കോളിന്‍ പര്‍പുറ?
കൊതുകുകടി മൂലം പരക്കുന്ന രോഗമല്ല ഹെനോക് സ്‌കോളിന്‍ പര്‍പുറ. ലക്ഷക്കണക്കിന് ആളുകളില്‍ ചിലര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. കൊതുകുകടിയേറ്റതിനെ തുടര്‍ന്ന് ഈ രോഗം വരുന്ന കേസുകളാണ് അപൂര്‍വങ്ങളില്‍ അപൂര്‍വം. അതാണ് ഇവിടെ സംഭവിച്ചത്. ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന ഈ രോഗം ഐ.ജി.എ. വാസ്‌കുലൈറ്റിസ് എന്നും അറിയപ്പെടുന്നു. ഇത് കൊതുകു കടി മൂലം ഉണ്ടാകുന്ന ഒരു രോഗമല്ല; ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ അമിതമായി പ്രതികരിക്കുന്നതു മൂലമുണ്ടാകുന്നതാണ്. ഈ പ്രശ്നമുള്ളവരില്‍ കൊതുകു കടിയേല്‍ക്കുകയോ സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ പ്രതിരോധ വ്യവസ്ഥ അതിശക്തമായി പ്രതികരിക്കും. ഇതിനെത്തുടര്‍ന്ന് ചര്‍മത്തിലെയും സന്ധികളിലെയും കുടലുകളിലെയും വൃക്കകളിലെയും ചെറിയ രക്തക്കുഴലുകള്‍ക്ക് നീര്‍ക്കെട്ടും രക്തസ്രാവവും ഉണ്ടാകും.
പ്രാണികളുടെ കടിയേല്‍ക്കല്‍, കുത്തിവയ്പ്പുകള്‍ തുടങ്ങി പലതും ഈ അവസ്ഥയ്ക്ക് ഇടയാക്കാറുണ്ട്. ഭൂരിഭാഗം ആളുകളിലും ഈ രോഗം വലിയ പ്രശ്നങ്ങളുണ്ടാക്കാറില്ല. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചിലരില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കും. ഈ രോഗസാധ്യത നേരത്തെ കണ്ടെത്താനാവില്ല.
ലക്ഷണങ്ങള്‍
ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം കാല്‍മുട്ടുകള്‍ക്ക് താഴെയായി ചര്‍മത്തില്‍ കാണപ്പെടുന്ന ചുവന്ന പാടുകളാണ്(purpura). ഇതുമൂലം അടിവയറിന്റെ ഭാഗത്ത് കടുത്ത വേദനയും സന്ധികളില്‍ ചൊറിച്ചിലും ഉണ്ടാകും. സന്ധികള്‍ക്കു ചുറ്റുമായി നീര്‍ക്കെട്ടും വേദനയും ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് മുട്ടുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍.
ചില കേസുകളില്‍ ഇത് വൃക്കകളെയും ബാധിച്ചേക്കാം. അപ്പോള്‍ മൂത്രത്തില്‍ രക്തത്തിന്റെയോ പ്രോട്ടീനിന്റെയോ സാന്നിധ്യം കാണുകയാണ് ഉണ്ടാകുന്നത്. ഇത് മൂത്രപരിശോധന നടത്തിയാല്‍ മാത്രമേ തിരിച്ചറിയാനുമാവൂ. രോഗം മൂര്‍ച്ഛിച്ചാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാക്കും. സ്ഥിതി ഗുരുതരമായാല്‍ വൃക്ക മാറ്റിവയ്ക്കേണ്ടി വരും.
ചികിത്സ
ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ച് പ്രശ്നം കണ്ടെത്തി അത് പരിഹരിക്കാനുള്ള ചികിത്സയാണ് ചെയ്യുക
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അനീഷ് ടി.എസ്.
അസോസിയേറ്റ് പ്രൊഫസര്‍
കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
Content Highlights: Henoch Schonlein Purpura, Health Awareness