Representative Image| Photo: GettyImages
നടുവേദനയും കഴുത്ത് വേദനയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇത് ചെറിയതോതിലാണെങ്കില്‍ മറ്റുചിലര്‍ക്ക് കഠിനവേദനയായും മാറാറുണ്ട്. ഈ വേദനകള്‍ക്കുപിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. പേശികള്‍ക്കും സ്‌നായുക്കള്‍ക്കും ഉണ്ടാകുന്ന വലിച്ചില്‍മുതല്‍ നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖംവരെ വേദനയ്ക്ക് ഇടയാക്കും.
നട്ടെല്ലുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനകളുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡിസ്‌ക് തകരാറുകള്‍. ഡിസ്‌കിന്റെ ഏതെങ്കിലും ഭാഗം ദുര്‍ബലമായി പുറത്തേക്ക് തള്ളിവരുക, ജലാംശം കുറഞ്ഞ് ഡിസ്‌ക് കട്ടിയാവുക, അണുബാധയുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങള്‍ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും വഴിവയ്ക്കാറുണ്ട്. ജീവിതശീലങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസ്‌ക് പ്രശ്നങ്ങളും അനുബന്ധവേദനകളും അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു. ചെറുപ്പക്കാരില്‍തന്നെ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
കുനിയുമ്പോഴും നിവരുമ്പോഴും ഭാരം എടുക്കുമ്പോഴുമെല്ലാം നട്ടെല്ലിന് സമ്മര്‍ദം ഉണ്ടാകാറുണ്ട്. ഈ സമ്മര്‍ദങ്ങള്‍ക്കിടയിലും നട്ടെല്ലിന്റെ ദൃഢതയും അതിനൊപ്പം വഴക്കവും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം ഡിസ്‌കുകള്‍ക്കുള്ളതാണ്. എന്നാല്‍ ദീര്‍ഘകാലം സമ്മര്‍ദങ്ങള്‍ തുടരുകയും പിന്നീട് അത് താങ്ങാനാവാത്തവിധം കൂടുകയും ചെയ്യുമ്പോള്‍ ഡിസ്‌ക് ദുര്‍ബലമാകാന്‍ തുടങ്ങും.
എന്താണ് ഡിസ്‌ക് തള്ളല്‍
ഡിസ്‌ക് തള്ളുക എന്ന് പൊതുവേ പറയാറുണ്ടെങ്കിലും അതിന് അര്‍ഥം ഡിസ്‌ക് പൂര്‍ണമായും തെന്നിനീങ്ങുന്നു എന്നല്ല. ഡിസ്‌കിന്റെ നടുഭാഗത്ത് ജെല്ലിപോലുള്ള ഭാഗമാണ് ന്യൂക്ലിയസ് പള്‍പോസസ്. ഡിസ്‌കിന്റെ പുറംഭാഗത്തെ തരുണാസ്ഥിയാണ് ആനുലസ് ഫൈബ്രോസസ്. ജെല്ലിപോലുള്ള ഭാഗത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന കവചമായി ഇതിനെ വിശേഷിപ്പിക്കാം. ഡിസ്‌കിന് ഉണ്ടാകുന്ന സമ്മര്‍ദങ്ങളേറെയും ബാധിക്കുന്നത് ജെല്ലിപോലുള്ള ന്യൂക്ലിയസ് പള്‍പോസസിനെയാണ്. സമ്മര്‍ദം കൂടുമ്പോള്‍ പുറംചട്ടയായ തരുണാസ്ഥിയുടെ ദുര്‍ബലമായ ഭാഗത്തിലൂടെ ഈ ജെല്ലി പുറത്തേക്ക് വീര്‍ത്തുവരും. ഈ അവസ്ഥയെയാണ് ഡിസ്‌ക് തള്ളല്‍ അഥവാ ഡിസ്‌ക് വീര്‍ക്കല്‍ (Bulging disc) എന്ന് പറയുന്നത്.
ഡിസ്‌ക് തള്ളല്‍ ഉണ്ടായാല്‍ നടുവേദന വരുമോ?
ഡിസ്‌ക് തള്ളല്‍ ഉണ്ടായി എന്നുകരുതി നടുവേദന ഉണ്ടാവണമെന്നില്ല. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഡിസ്‌ക് ഭാഗം അതിന് സമീപമുള്ള നാഡിയെ ഞെരുക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. ഡിസ്‌ക് തള്ളല്‍ മൂലമുള്ള നടുവേദന മിക്കവാറും വിശ്രമിക്കുമ്പോള്‍തന്നെ ഭേദമാകാറുണ്ട്. ചിലര്‍ക്ക് പ്രത്യേക രീതിയില്‍ നില്‍ക്കുമ്പോഴോ കിടക്കുമ്പോഴോ വേദനയില്‍ ആശ്വാസം ലഭിക്കാറുണ്ട്. ആ പൊസിഷനില്‍ ആകുമ്പോള്‍, വീര്‍ത്ത ഡിസ്‌ക് ഭാഗം നാഡിയെ ഞെരുക്കുന്നത് ഒഴിവാകുന്നതുകൊണ്ടാണ് അപ്പോള്‍ ആശ്വാസം ലഭിക്കുന്നത്.
വീണ്ടും വരാന്‍ സാധ്യതയുണ്ടോ?
ഡിസ്‌ക് വീര്‍ക്കല്‍ ഒരിക്കല്‍ ഉണ്ടായവരില്‍ അത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. നട്ടെല്ലിന് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടാകുമ്പോള്‍ വീണ്ടും വേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ശരിയായ പരിശോധന നടത്തി ജീവിതശൈലിയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം.
എന്താണ് ഡിസ്‌ക് പ്രൊലാപ്‌സ്
ഡിസ്‌ക് തെറ്റല്‍ എന്നു പൊതുവേ പറയുന്ന അവസ്ഥയാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌ക് അഥവാ ഡിസ്‌ക് പ്രൊലാപ്‌സ്. ഡിസ്‌ക്കിലെ ന്യൂക്ലിയസ് പള്‍പോസസ് എന്ന ജെല്‍ഭാഗം പുറത്തേക്കു തള്ളിവരുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം തള്ളിനില്‍ക്കുന്നതിനെക്കാള്‍ അത് സമീപത്തെ നാഡിയെ ഞെരുക്കുകയും ചെയ്യുന്നു. നടുവിന്റെ ഭാഗത്തും കഴുത്തിന്റെ ഭാഗത്തും ഇത് സംഭവിക്കാം. കഴുത്തിന്റെ ഭാഗത്ത് ഉണ്ടാകുമ്പോള്‍ ഇതിനെ സെര്‍വിക്കല്‍ ഡിസ്‌ക് പ്രൊലാപ്‌സ് എന്നും നടുഭാഗത്തുണ്ടാകുന്നതിനെ ലംബാര്‍ ഡിസ്‌ക് പ്രൊലാപ്‌സ് എന്നും പറയും.
ചിലരില്‍ ഡിസ്‌ക് പ്രൊലാപ്‌സ് ഘട്ടം ഒന്നുകൂടി കടന്ന് ജെല്‍ഭാഗം വേര്‍പെട്ട് നട്ടെല്ലിന്റെ മുകള്‍ഭാഗത്തേക്കോ താഴെ ഭാഗത്തേക്കോ നീങ്ങാം. ഇത് സുഷുമ്നാ നാഡിയില്‍ വളരെയേറെ സമ്മര്‍ദമുണ്ടാക്കാം. ഈ അവസ്ഥയെ ഡിസ്‌ക് പ്രൊലാപ്‌സ് ആന്‍ഡ് മൈഗ്രേഷന്‍ എന്നുപറയുന്നു.
മൂന്നായി തരംതിരിക്കാം
ഡിസ്‌ക് പ്രൊലാപ്‌സിനെ തോതും സ്വഭാവവുമനുസരിച്ച് മൂന്നായി തിരിക്കാം.
പ്രൊട്രൂഷന്‍: ഡിസ്‌ക്കിലെ ഞെരുക്കം വല്ലാതെ കൂടുകയും ന്യൂക്ലിയസ് പള്‍പോസസ് ഞെരുങ്ങി പുറത്തുവരാനൊരുങ്ങുകയും ചെയ്യുന്നു.
എക്സ്ട്രൂഷന്‍: ഡിസ്‌ക്കിന്റെ തരുണാസ്ഥിഭിത്തി പൊട്ടിച്ച് ന്യൂക്ലിയര്‍ പള്‍പോസസ് പുറത്തേക്കു തള്ളിനില്‍ക്കുന്ന അവസ്ഥ. വിശ്രമം
കൊണ്ടൊന്നും വേദന കുറയുകയില്ല. ചിലപ്പോള്‍ ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സെക്യുസ്‌ട്രേഷന്‍: ഡിസ്‌ക്കിനുള്ളില്‍നിന്ന് ന്യൂക്ലിയസ് പള്‍പോസസ് ഏതാണ്ടു മുഴുവനും പുറത്തുവന്ന അവസ്ഥയാണിത്. നട്ടെല്ലിനു ചേര്‍ന്ന ലിഗമെന്റുകള്‍ക്ക് ക്ഷതവും നാഡികളില്‍ ശക്തിയേറിയ സമ്മര്‍ദവും അനുഭവപ്പെടാന്‍ ഇതു കാരണമാകും. ഈ സാഹചര്യത്തില്‍, വൈകാതെ ശസ്ത്രക്രിയ ആവശ്യമാണ്.
ഡിസ്‌ക് പ്രശ്നങ്ങള്‍ എങ്ങനെ തിരിച്ചറിയാം
നടുവേദനയുടെയും കഴുത്തുവേദനയുടെയും സ്വഭാവം മനസ്സിലാക്കി പ്രാഥമിക രോഗനിര്‍ണയം നടത്താനാകും. ശാരീരികപരിശോധനകളിലൂടെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാം. ഏതുഭാഗത്താണ് വേദന, കാലിലേക്ക് വേദന വ്യാപിക്കുന്നുണ്ടോ, മരവിപ്പനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. ജീവിതരീതികള്‍ വിലയിരുത്തുകയും ചെയ്യും.
രോഗിയെ മലര്‍ത്തിക്കിടത്തി കാലുകള്‍ ഉയര്‍ത്തിയും മടക്കിയും പരിശോധനകള്‍ നടത്തും. എത്രമാത്രം കാലുയര്‍ത്തുമ്പോഴാണ് വേദന, മലര്‍ന്നുകിടക്കുമ്പോള്‍ വേദന കുറയുന്നുണ്ടോ എന്നൊക്കെ വിലയിരുത്തും.
രക്തപരിശോധന: രക്തപരിശോധനയിലൂടെ അണുബാധയുണ്ടോയെന്ന് തിരിച്ചറിയാം.
എക്സ്‌റേ: കശേരുക്കളില്‍ പൊട്ടലുണ്ടെങ്കില്‍ തിരിച്ചറിയാം. മാത്രല്ല ഡിസ്‌ക് ഡീജനറേഷന്‍, അസ്ഥികള്‍ക്ക് ബലം കുറയുന്ന ഓസ്റ്റിയോപൊറോസിസ് എന്നീ അവസ്ഥകള്‍ തിരിച്ചറിയാനും സഹായിക്കും.
എം.ആര്‍.ഐ. സ്‌കാന്‍: വിശ്രമംകൊണ്ട് വേദനയ്ക്ക് ആശ്വാസം ലഭിക്കാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ എം.ആര്‍.ഐ. സ്‌കാനിങ് ആവശ്യമായിവരും. ഡിസ്‌ക് എത്രമാത്രം തെന്നിയിട്ടുണ്ട്, അത് നാഡിയെ ഞെരുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈ പരിശോധനയിലൂടെ മനസ്സിലാക്കാം.
സി.ടി. സ്‌കാന്‍: സ്പൈനല്‍ കനാല്‍ സ്റ്റിനോസിസ് പോലുള്ള അവസ്ഥകളില്‍ സി.ടി. സ്‌കാനിങ് ആവശ്യമായിവരാം.
ഡിസ്‌ക് പ്രൊലാപ്‌സിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സയും നിര്‍ണയിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ളമുള്ള വിശ്രമം മുതല്‍ മരുന്ന് ചികിത്സവരെ ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടൊന്നും ഫലം ലഭിക്കാതെവരുന്ന സന്ദര്‍ഭങ്ങളിലാണ് സര്‍ജറി നിര്‍ദേശിക്കുന്നത്.
ഡിസ്‌ക് പ്രൊലാപ്‌സ് സ്വയം തിരിച്ചറിയാം
- ദീര്‍ഘയാത്ര ചെയ്യുമ്പോഴോ എന്തെങ്കിലും ഉയര്‍ത്തുമ്പോഴോ വേദന അനുഭവപ്പെടുക.
- കഴുത്തിന്റെയോ നടുവിന്റെയോ ചലനത്തെ ബാധിക്കുന്ന തരത്തില്‍ കഠിനമായ വേദന.
- കൈയിലേക്കോ കാലിലേക്കോ വേദന വ്യാപിക്കുക.
നടുവേദനയോടൊപ്പം കാലുകളിലേക്കും വേദന വ്യാപിക്കുന്നത് ഡിസ്‌ക് പ്രൊലാപ്‌സിന്റെ ലക്ഷണമായി കണക്കാക്കാം. അതോടൊപ്പം കാലില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടാം. ഡിസ്‌ക് തെറ്റിയപ്പോള്‍ കാലിലേക്കുള്ള സയാറ്റിക് എന്ന നാഡി ഞെരുങ്ങുന്നതു കൊണ്ടാണ് കാലില്‍ വേദനയും മരവിപ്പും അനുഭവപ്പെടുന്നത്. ശരീരത്തില്‍ ഏറ്റവും നീളവും വണ്ണവുമുള്ള നാഡിയാണ് സയാറ്റിക്. ഇത് സുഷുമ്‌നയില്‍ നിന്ന് തുടങ്ങി കാലുകളിലേക്ക് നീളുന്നു.
മറ്റ് അസുഖങ്ങളും നടുവേദനയായി അനുഭവപ്പെടാം
നട്ടെല്ലുമായി യാതൊരു ബന്ധവുമില്ലാത്ത അസുഖങ്ങള്‍ കാരണവും നടുവേദന വരാം. ഉദാഹരണത്തിന് മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍, വയറിനെയും രക്തക്കുഴലിനെയും ബാധിക്കുന്ന അസുഖങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍ ഇവയൊക്കെ നടുവേദനയായും അനുഭവപ്പെടാറുണ്ട്. സ്ത്രീരോഗങ്ങളും നടുവേദനയ്ക്ക് കാരണമാകാം.
(മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ഡോ. രാജു കരുപ്പാല്‍)
തയ്യാറാക്കിയത്: സി.സജില്‍
Content Highlights: What causes Disc Prolapse, Back Pain symptoms and treatment, Health, Spine Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..