Representative Image | Photo: Gettyimages.in
ഭാരം കുറയ്ക്കാൻ പല വഴികളും നാം പിന്തുടരാറുണ്ട്. ചിലർ കഠിനമായ ഡയറ്റിങ്ങിന്റെ വഴി തിരഞ്ഞെടുക്കും. ചിലർ കഠിനമായ വർക്കൗട്ടുകളാണ് പരിശീലിക്കുക. എന്നാൽ ഇവ രണ്ടിന്റേയും മറ്റു ചില കാര്യങ്ങളുടെയും സമീകൃതമായ ഒരു അവസ്ഥയാണ് ഭാരം കുറയ്ക്കൽ പദ്ധതിക്ക് വേണ്ടത്. ഭാരം കുറച്ചാൽ മാത്രം പോര, അത് കൃത്യമായി നിലനിർത്തുക കൂടി വേണമെന്നും ഓർക്കണം. ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട ചില കാര്യങ്ങൾ ഇവയാണ്.
1) ആരോഗ്യകരമായ ഭക്ഷണം കഴിക്കുക; ഒപ്പം നല്ലൊരു ഡയറ്റ് പ്ലാൻ പിന്തുടരുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഭാരം കുറയാൻ സഹായിക്കും. അങ്ങനെ കഴിച്ചാൽ ഇടനേരത്ത് എന്തെങ്കിലും കൊറിക്കുന്ന സ്വഭാവം ഉണ്ടാകില്ല. ഇടനേരത്ത് ചിപ്സുകളോ മറ്റോ കഴിക്കുന്നതാണ് ഭാരം കൂടാൻ കാരണമാകുന്നത്. ഓരോ ആഴ്ചയ്ക്കും അനുസരിച്ച് ഡയറ്റ് പ്ലാൻ തയ്യാറാക്കണം. അതിന് അനുസരിച്ച് മുന്നോട്ട് പോകണം.
2) ദിവസവും വ്യായാമം ചെയ്യണം
ഡയറ്റിങ്ങിനോ മറ്റോ അല്ലാതെ ദിവസവും വ്യായാമം ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാക്കണം. ഇതുവഴി വലിയ അളവ് കലോറി ശരീരത്തിൽ നിന്ന് എരിഞ്ഞുതീരും. ഇത് ഭാരം കുറയാൻ മാത്രമല്ല, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശരീരം ഫിറ്റാകാനും സഹായിക്കും. ദിവസവും വ്യായാമം ചെയ്താൽ ഡയറ്റിങ്ങിന്റെ പേരിൽ ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിച്ച് പട്ടിണി കിടക്കേണ്ടി വരില്ല.
3) വീട്ടിൽ തയ്യാറാക്കിയ ജങ്ക് ഫുഡും ഒഴിവാക്കണം
എത്രയൊക്കെ ഫിറ്റ്നസ്സിൽ ശ്രദ്ധിച്ചാലും ഇടനേരത്ത് എന്തെങ്കിലും കൊറിക്കണമെന്ന് തോന്നിയാൽ അപ്പോൾ കൈനീളുക ചിപ്സോ, പഫ്സോ പോലെയുള്ള ജങ്ക് ഫുഡിലേക്കാണ്. കാരണം, അത്രയും തരം ജങ്ക്ഫുഡുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതിനാൽ തന്നെ ഭാരം കുറയ്ക്കാനുള്ള പദ്ധതിയുണ്ടെങ്കിൽ ഭക്ഷണശീലങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ അളവ് കുറച്ച് വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണം കഴിക്കാം. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണം. ഇക്കാലത്ത് വീട്ടിലും ധാരാളം ജങ്ക് ഫുഡുകൾ തയ്യാറാക്കാറുണ്ട്. യുട്യൂബ് വീഡിയോകളിലൂടെയും മറ്റും നിരവധി പേരാണ് വിവിധ തരം വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത്. ഇതിൽ കൂടുതലും ജങ്ക്ഫുഡുകളോ അല്ലെങ്കിൽ അമിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോ ആയിരിക്കും. അത് ആരോഗ്യകരമായ ഭക്ഷണരീതിയല്ല. അതിനാൽ അവ പ്രോത്സാഹിപ്പിക്കേണ്ട.
4) തടി കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണം ഒഴിവാക്കുന്നത് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലതായിരിക്കുമെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. എന്നാൽ അത് തെറ്റിദ്ധാരണയാണ്. ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും പിന്നീട് ഭക്ഷണം കൂടിയ അളവിൽ കഴിക്കാനും ഇടയാക്കും. അമിതമായ അളവിൽ ഭക്ഷണം ശരീരത്തിലെത്തുന്നു എന്നതാണ് ഇതുമൂലമുണ്ടാകുന്ന അപകടം. അതിനാൽ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പകരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് അമിതമാവാതെ ശ്രദ്ധിച്ചാൽ മതി.
5) വെള്ളംകുടി കുറയ്ക്കേണ്ട
ഭാരം കുറയ്ക്കുന്നതിൽ കുടിക്കുന്ന വെള്ളത്തിന് വലിയ പങ്കുണ്ട്. ഇത് ശരീരത്തിന്റെ ആകമാനമുള്ള ആരോഗ്യത്തെ ബാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതാണ് വളരെ ഗുണകരമാവുക. ഇത് വിശപ്പ് കുറയ്ക്കും. അതുവഴി വലിയ തോതിൽ കലോറി ശരീരത്തിലെത്താതെ നോക്കുകയും ചെയ്യും.
6) സ്ട്രെസ്സിനെ പുറത്താക്കണം; യോഗയും ധ്യാനവും ശീലിക്കാം
ഭാരം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് സ്ട്രെസ്സും ഉത്‌കണ്ഠയും. ഇവ കൂടുമ്പോൾ ഉറക്കം നഷ്ടപ്പെടും. സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ നില ഉയരുന്നത് വിശപ്പു കൂടാനും അമിതമായി ഭക്ഷണം കഴിക്കാനുമുള്ള പ്രവണതയുണ്ടാക്കും; പ്രത്യേകിച്ചും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോട്. ഇത് ദൈനംദിനം പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും.
Content Highlights:Weight loss tips 6 essential lifestyle corrections for sudden weightloss, Health, Weightloss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..