വ്യായാമം,ഭക്ഷണനിയന്ത്രണം തുടങ്ങിയ തീരുമാനങ്ങളൊന്നും നടപ്പിലാവുന്നില്ലേ? തടസ്സമാകുന്നത് ഇവയാകാം


Representative Image | Photo: Canva.com

ഒരു സഹപ്രവർത്തകനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. 120 കിലോയോളം ഭാരമുള്ള അദ്ദേഹം സ്വന്തം അവസ്ഥയെപ്പറ്റി വല്ലാതെ ദുഃഖിതനായിരുന്നു. ഇടയ്ക്കൊക്കെ അത് തുറന്നുപറയാറുമുണ്ട്. ഒരു സുപ്രഭാതത്തിൽ അദ്ദേഹം കടുത്ത തീരുമാനമെടുത്തു. മേലാൽ അന്നജാഹാരം ഉപയോഗിക്കില്ല. അടുത്തദിവസം രണ്ട് ടിഫിൻബോക്സുമായാണ് ജോലിക്ക് വന്നത്. ഒന്നിൽ പേരയ്ക്കയും മറ്റെതിൽ ആപ്പിളും കഷണങ്ങളാക്കിയത്. ആദ്യത്തെത് ബ്രേക്ക്ഫാസ്റ്റിന്, അടുത്തത് ഉച്ചഭക്ഷണത്തിന്. രണ്ടാഴ്ച കഴിഞ്ഞിട്ടും ശരീരഭാരത്തിന് ഒരു കുറവും വന്നില്ലെന്ന് മാത്രമല്ല, അല്പം വർധിക്കുകയും ചെയ്തു. ജിജ്ഞാസയോടെ കാരണമന്വേഷിച്ചപ്പോൾ രസകരമായ മറുപടി വന്നു. രാവിലെ കാർയാത്രയ്ക്കിടയിൽ പേരയ്ക്ക തിന്നുതീർക്കും. പത്തുമണിയോടെ ആപ്പിളും. പതിനൊന്ന് മണിക്ക്, മുൻപ് പതിവുണ്ടായിരുന്ന വടയും ചായയും. ഉച്ചയ്ക്ക് പഴയതുപോലെ ബീഫ് കൂട്ടിയുള്ള ഊണും. രണ്ടാഴ്ചത്തെ ആഹാരനിയന്ത്രണത്തിലൂടെ ഏതാനും റാത്തൽ ആപ്പിളും പേരയ്ക്കയും അകത്താക്കി എന്നതല്ലാതെ മറ്റുവിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.

ഐ. ടി. മേഖലയിൽ ഉയർന്ന ജോലിയുള്ള യുവതി. വിവാഹംകഴിഞ്ഞ് മൂന്നുവർഷമായിട്ടും ഗർഭം ധരിക്കാതിരുന്നപ്പോൾ ഡോക്ടറെ കണ്ടു. അമിത ഭാരമുള്ളതിനാൽ ഭാരം കുറയ്ക്കാൻ ഗൈനക്കോളജിസ്റ്റ് നിർദേശിച്ചു. അതിനായി ഭക്ഷണശീലങ്ങൾ മാറ്റിയേ മതിയാകൂ. വ്യായാമവും തുടങ്ങണം. തന്റെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവർ ആത്മാർഥമായി തീരുമാനിച്ചു. വിലകൂടിയ ട്രെഡ്മില്ലിന് ഓർഡർ ചെയ്തു. ഡയറ്റീഷ്യന്റെ വാക്കുകൾ കൃത്യമായി പിന്തുടരാനുറച്ചു.എന്നാൽ, അടുത്തദിവസം ഉണരാൻ വൈകി, ഇന്ന് വ്യാഴാഴ്ച... ഞായറാഴ്ച പ്രാർഥിച്ചശേഷം ശ്രമങ്ങൾ ആരംഭിക്കാം. രണ്ട് ദിവസങ്ങൾ അങ്ങനെ പോയി. ഞായറാഴ്ച വന്നകാര്യം ശ്രദ്ധയിൽപ്പോലും പെട്ടില്ല. ഒടുവിൽ എന്ത് സംഭവിച്ചു? വിലകൂടിയ ട്രെഡ്മിൽ അടിയുടുപ്പുകൾ ഉണക്കാനുള്ള അത്യാഹിത ഹാങ്ങർ ആയി സേവനം നടത്തുന്നു. ഭക്ഷണക്രമം പതിവുപോലെത്തന്നെ.

മാനസികാരോ​ഗ്യം സംബന്ധിച്ചുള്ള കൂടുതൽ ലേഖനങ്ങൾ വായിക്കാം

പരാജയങ്ങൾ എന്തുകൊണ്ട് ?

പലരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. എന്തുകൊണ്ടാണ് ശ്രമങ്ങൾ പരാജയപ്പെടുന്നത്? ഒന്നാമത്തെ കാരണം, ലക്ഷ്യങ്ങൾ നിശ്ചയിക്കുമ്പോൾ വരുന്ന പാകപ്പിഴകൾ തന്നെയാണ്. വളരെ ഉയർന്ന ലക്ഷ്യങ്ങൾ തീരുമാനിക്കുമ്പോൾ പ്രാരംഭപരാജയങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. 100 കിലോ ശരീരഭാരമുള്ളയാൾ 60 കിലോ ആക്കാൻ തീരുമാനിക്കുന്നപക്ഷം നിരാശയിലേക്ക് വീഴാം. പകരം ഒരു മാസം ഞാൻ മൂന്നുകിലോ കുറയ്ക്കും എന്നാണെങ്കിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും. മദ്യവും മറ്റ് ലഹരിപദാർഥങ്ങളും ഉപയോഗിക്കുന്നവർ ജീവിതത്തിലൊരിക്കലും അത് ഉപയോഗിക്കില്ല എന്ന ശപഥം ചെയ്യുന്നതിന് പകരം, ഈ മാസം ഈ ആഴ്ച അതുമല്ലെങ്കിൽ ഈ ദിവസം ഒഴിവാക്കും എന്ന തീരുമാനമെടുക്കാനാണ് ആൽക്കഹോളിക് അനോണിമസ് എന്ന സംഘടന ശുപാർശചെയ്യുന്നത്.

തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അവ രണ്ട് തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ബുദ്ധിപരം, രണ്ട് വികാരപരം. ശീലങ്ങൾ മാറാനുള്ള ഉദ്യമം ബുദ്ധിപരവും പഴയരീതിയിൽ തുടരാനുള്ള പ്രേരണ വികാരപരവുമാണ്. വികാരങ്ങൾ പിന്നിലേക്ക് വലിക്കുമ്പോൾ കാൽ ഇടറാതിരിക്കാൻ ആളുകൾ പ്രേരണയെ അടിച്ചമർത്തുകയോ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. എന്നാൽ ഇവ രണ്ടും അത്രയ്ക്ക് ഫലപ്രദമല്ല. യഥാർഥ സാഹചര്യങ്ങളിൽ അവ പരാജയപ്പെടുകയും രീതികൾ പൂർവസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്നു.
ശ്രീരാമകൃഷ്ണപരമഹംസർക്ക് അമിതമായി മധുരംകഴിക്കുന്ന ശീലമുണ്ടായിരുന്നതായി കഥകൾ പറയുന്നു. ജീവിതശൈലിയിലെ നിയന്ത്രണത്തിലും തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുമായി സ്വാമി വിവേകാനന്ദൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഒരേയൊരു ആശയം മനസ്സിൽ പ്രതിഷ്ഠിക്കുക, അതിന്റെ സാക്ഷാത്കാരത്തിനായി മസ്തിഷ്കം, നാഡികൾ, പേശികൾ തുടങ്ങി എല്ലാ ഭാഗങ്ങളും കൂട്ടായി പ്രവർത്തിപ്പിക്കുക, ഈ ആശയത്തിന് വിരുദ്ധമായ എല്ലാ ചിന്തകളെയും ആട്ടിയോടിക്കുക. ഇപ്രകാരമാണ് മഹാശയന്മാർ ലക്ഷ്യങ്ങൾ എത്തിപ്പിടിച്ചതെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു.

തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവർ ഭയമോ ഉത്കണ്ഠയോ ഇല്ലാത്തവരാണ്. അവർ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വർത്തമാനത്തിൽ ജീവിക്കുന്നു, ഭാവിയെ സ്വപ്നം കാണുന്നു. ഒന്നിലേറെ ഉത്തരവാദിത്വം ഒരേസമയം അവർ ഏറ്റെടുക്കാറില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മനഃശാസ്ത്ര തടസ്സങ്ങൾ

തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലുള്ള മനഃശാസ്ത്ര തടസ്സങ്ങൾ ശ്രദ്ധിക്കാം. അമിതവണ്ണം കുറയ്ക്കുക, പതിവായി വ്യായാമത്തിലേർപ്പെടുക, ഭക്ഷണനിയന്ത്രണം ശീലമാക്കുക തുടങ്ങിയ തീരുമാനങ്ങളിലൊക്കെയും തടസ്സമായി നിൽക്കുന്നത് മനഃശാസ്ത്രപരമായ ചില കാരണങ്ങളാണ്.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഒന്നുകിൽ സമ്പൂർണവിജയം അല്ലെങ്കിൽ സമ്പൂർണ പരാജയമായിരിക്കുമെന്ന് ചിലർ ആദ്യമേ വിലയിരുത്തുന്നു. ഏതാനും ദിവസത്തെ ശ്രമത്തിനുശേഷം, ആഗ്രഹിച്ചിടത്തോളം മാറ്റങ്ങൾ ഉണ്ടാവാത്തപക്ഷം ഇവർ ശ്രമം നിർത്തുകയും ദൗത്യം പരിപൂർണ പരാജയമായിരുന്നെന്ന് വിധികൽപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ശരീരസ്ഥിതിയെപ്പറ്റി നെഗറ്റീവ് ധാരണ വെച്ചുപുലർത്തുന്നവരുണ്ട്. ഇവർ സാമൂഹികജീവിതത്തിലും ചില പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഒറ്റപ്പെടൽ, അപകർഷത, വിഷാദം എന്നിവയാണ് പ്രധാനമായി കാണുന്നത്. അനാരോഗ്യകരമായ മാനസികാവസ്ഥ മോശപ്പെട്ട ആഹാരശീലങ്ങളിലേക്ക് നയിച്ചതാണോ അതോ മറിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്തരം അവസരങ്ങളിൽ മനഃശാസ്ത്രജ്ഞന്റെ സേവനം തേടേണ്ടതാണ്. കാരണം മാനസികാവസ്ഥയും ഭക്ഷണശീലവുമായി ശക്തമായ ബന്ധം നിലനിൽക്കുന്നു എന്നതുതന്നെ.

പിരിമുറുക്കമാണ് ഇനിയൊരു വില്ലൻ. പിരിമുറുക്കത്തിന്റെ കാലഘട്ടങ്ങളിൽ ചിലർ സ്വന്തം മാനസികനിലയെ തണുപ്പിക്കാനുള്ള ഉപാധിയായി ഭക്ഷണത്തെ കാണുന്നു. നീണ്ടുനിൽക്കുന്ന ഇത്തരം ശീലങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടിയാവുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മാനസികനിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി ഒരാൾ കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവത്തിനും മാറ്റങ്ങൾ വരുന്നു. പിരിമുറുക്കമുള്ളവർ ചോക്ലേറ്റും പഞ്ചസാരയുമടങ്ങിയ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണമാവും അധികമായി അകത്താക്കുക. മദ്യത്തെ, ഉത്കണ്ഠയും വിഷാദവും അകറ്റാനുള്ള സ്വയംചികിത്സയായി തുടരുന്നവരുമുണ്ട്. മദ്യത്തോടൊപ്പം കഴിക്കുന്ന രുചികരമായ ടച്ചിങ് വിഭവങ്ങളെയും നിസ്സാരമായിക്കാണാനാവില്ല. പിരിമുറുക്കം ശരീരത്തിലുള്ള കോർട്ടിസോൾ അളവ് കൂട്ടുന്നു. ഇതും ഭാരം വർധിക്കാൻ കാരണമാവുന്നു.

തടസ്സങ്ങളെ അതിജീവിക്കാം

ഒരു ദൗത്യം ഏറ്റെടുത്തുകഴിഞ്ഞാൽ ഡയറിയെഴുത്ത് ശീലമാക്കണം. ഓരോ ദിവസത്തെയും അനുഭവങ്ങളും തടസ്സങ്ങളും എഴുതിവെയ്ക്കുക. കൂട്ടത്തിൽ ശരീരഭാരവും കുറിച്ചുവെയ്ക്കണം. ഒന്നോരണ്ടോ ആഴ്ചകൾക്കുശേഷം ഇത് വായിക്കുമ്പോൾ കടന്നുവന്ന വഴികളെപ്പറ്റി കൂടുതൽ അവബോധം ലഭിക്കും.

ചെറിയ മാറ്റങ്ങളുണ്ടാക്കാൻ ശ്രമിക്കുക. എത്തിപ്പിടിക്കാൻ പറ്റുന്ന ചെറിയ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുക. ഉദാഹരണമായി, ആഹാരത്തിനുശേഷം പതിനഞ്ച് മിനിറ്റ് നടക്കുക, ആഹാരത്തിൽ ഒരു തവി ചോറ് അല്ലെങ്കിൽ ഒരു ചപ്പാത്തി കുറയ്ക്കുക. സാധ്യമായ ചെറിയ സ്റ്റെപ്പുകളാണ് ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ എന്തുകൊണ്ടും മെച്ചമെന്ന് മനസ്സിലാക്കണം. ചെറിയ ഉദ്യമങ്ങളുടെ മേലുള്ള വിജയം ആത്മവിശ്വാസം വർധിപ്പിക്കുക തന്നെ ചെയ്യും.

സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് മറ്റൊരു മാർഗം. വെറുതേയിരിക്കുമ്പോൾ മന്ത്രംപോലെ, ‘ഞാൻ സന്തുഷ്ടനാണ്’, ‘എനിക്ക് വ്യായാമത്തിലൂടെ കൂടുതൽ ചുറുചുറുക്കും ആരോഗ്യവും ലഭിക്കുന്നു’ എന്നിങ്ങനെ പറഞ്ഞുനോക്കുക. പലപ്രാവശ്യം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് സ്വയം തോന്നുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.

പ്രശാന്തി നേടുക. പിരിമുറുക്കം അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഗുണകരമാണ് റിലാക്സേഷൻ. ധ്യാനം, യോഗ എന്നിവ പിരിമുറുക്കം കുറച്ച് പ്രശാന്തി കൈവരിക്കാനുള്ള ചില മാർഗങ്ങളാണ്. മനഃശാസ്ത്രജ്ഞർ ഉപദേശിക്കാറുള്ള മനഃശാസ്ത്രപരമായ റിലാക്സേഷൻ മാർഗങ്ങളും സ്വീകരിക്കാം. ശരീരത്തിലെ അപ്പോഴപ്പോഴുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി വ്യക്തിക്ക് സ്വയം തിരിച്ചറിവ് കൊടുക്കുന്നതാണ് ബയോഫീഡ്ബാക്ക് എന്ന രീതി.

ഉറക്കത്തിന് പ്രാധാന്യം നൽകുക, വേണ്ടത്ര ഉറക്കം ലഭിക്കുന്നത് മാനസിക സന്തുലനത്തിന് അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക, ബെഡ്‌റൂമിൽനിന്ന് ടി.വി., കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഒഴിവാക്കണം. ഇരുട്ട് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഉദ്യമങ്ങളിൽ തുടർച്ചയായി പരാജയപ്പെടുന്ന പക്ഷം, എന്താണ് തടസ്സമായി നിൽക്കുന്നതെന്ന് കണ്ടെത്താൻ അമാന്തിക്കരുത്. ഒരു മനഃശാസ്ത്രജ്ഞന്റെ സേവനം തേടാൻ മടിക്കേണ്ട.

ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ചുനിൽക്കാൻ പരമാവധി ശ്രമിക്കുക. അഥവാ ഇടയ്ക്കൊന്ന് കാലിടറിപ്പോയാലും ആ ഒരു ദിവസത്തെ പരാജയം മറന്ന് അടുത്തദിവസം മുതലെങ്കിലും തീരുമാനിച്ചുറപ്പിച്ചിരുന്ന ചിട്ടയിൽ മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ എന്നെക്കൊണ്ട് കഴിയില്ല എന്ന ചിന്തയോടെ മടിപിടിച്ചിരിക്കുകയല്ല.

തയ്യാറാക്കിയത്

ഡോ. ഹരി എസ്. ചന്ദ്രൻ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: weight loss barriers, world mental health day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented