Representative Image| Photo: Canva.com
ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശീലങ്ങൾ ആണുള്ളത്. ചിലർ സന്തോഷം കണ്ടെത്തുന്നതു തന്നെ നല്ല ഭക്ഷണങ്ങളിലൂടെ ആണെങ്കിൽ ചിലർക്ക് മിതമായ ഭക്ഷണം മതി. എന്തു തന്നെയായാലും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ആരോഗ്യകരമായ ശരീരത്തിന്റെ അടിസ്ഥാനം എന്ന് വിദഗ്ധർ പറയാറുണ്ട്. ചിട്ടയായ ഭക്ഷണശീലം പാലിക്കണം എന്ന് ആഗ്രഹിക്കുന്നവർ പോലും അസമയങ്ങളിൽ ഉൾപ്പെടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവർ ആണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുകയും ഇത് വീണ്ടും വണ്ണം വെക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകും. രാത്രികാലങ്ങളിൽ ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
കാരണം കണ്ടെത്തുക
രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ കാരണം കണ്ടെത്തലാണ് ആദ്യം ചെയ്യേണ്ടത്. ചിലർ പകൽസമയങ്ങളിൽ വളരെ കുറവ് ഭക്ഷണം കഴിക്കുന്നവരാകാം. ഇത് രാത്രികാലങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടാൻ കാരണമാകും. തുടർച്ചയായി രാത്രിസമയങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം ഉള്ളവരിലും അത് നിർത്താൻ പ്രയാസമായിരിക്കും. അതുപോലെ തന്നെ വിരസതയകറ്റാൻ ഭക്ഷണത്തിൽ അഭയം തേടുന്നവരുമുണ്ട്. ഇത്തരത്തിൽ എന്തു കാരണം കൊണ്ടാണോ രാത്രി കൂടുതൽ ഭക്ഷണം കഴിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിന് തടയിടുകയാണ് പ്രധാനം.
ശീലങ്ങൾ നല്ലതാക്കാം
പകൽസമയങ്ങളിൽ കാര്യമായി ഭക്ഷണം കഴിക്കാത്തതു കൊണ്ടാണ് രാത്രികാലങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതെങ്കിൽ ആദ്യം നല്ലൊരു ശീലം കെട്ടിപ്പടുക്കണം. ഭക്ഷണം കഴിക്കാനുള്ള സമയത്തിന്റെ കാര്യത്തിലും കഴിക്കുന്ന അളവിന്റെ കാര്യത്തിലുമൊക്കെ ചിട്ടയുണ്ടായിരിക്കണം. ആരോഗ്യത്തിന് ആവശ്യമായ അളവ് കഴിക്കുക വഴി ഉറക്കം ശരിയാവുകയും രാത്രിസമയങ്ങളിൽ അധികം വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. ഉറക്കം കുറയുന്നവർ രാത്രികളിൽ കൂടുതൽ ഭക്ഷണം കഴിക്കാനും അതുവഴി കൂടുതൽ കലോറി ശരീരത്തിൽ എത്താനും വണ്ണം വെക്കാനുമൊക്കെ കാരണമാകും. ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും കാര്യത്തിൽ ചിട്ട പാലിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാനാകും.
ഭക്ഷണം പ്ലാൻ ചെയ്യാം
ഒരു ദിവസം കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാണെന്ന് പ്ലാൻ ചെയ്യലും രാത്രികാലങ്ങളിലെ അമിതമായ ഭക്ഷണം കഴിക്കൽ തടയാൻ ചെയ്യേണ്ടതാണ്. ഓരോ സമയത്തിനും അനുസരിച്ചുള്ള മിതമായ ഭക്ഷണം പ്ലാൻ ചെയ്യുകയും സ്നാക്സുകൾ ആരോഗ്യകരമായവ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യണം. ഇതുവഴി ഭക്ഷണത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠ കുറയ്ക്കാനും വിശപ്പിനെ പരിധിയിലാക്കാനും കഴിയും.
സമ്മർദം കുറയ്ക്കാം
രാത്രികാലങ്ങളിൽ വിശപ്പില്ലെങ്കിലും പലരും ഭക്ഷണം കഴിക്കുന്നതിന് പിന്നിൽ അമിതമായ ഉത്കണ്ഠയും സമ്മർദവും ആണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സമ്മർദം കൂടുന്ന സന്ദർഭങ്ങളിലാണോ കൂടുതൽ ഭക്ഷണത്തിൽ അഭയം പ്രാപിക്കുന്നതെന്ന് തിരിച്ചറിയണം. അത്തരം സമയങ്ങളിൽ സമ്മർദം അകറ്റാനും നെഗറ്റീവ് ചിന്തകൾ മാറാനുമുള്ള മറ്റുവഴികൾ തേടണം. ലഘുവ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവയിലൂടെയൊക്കെ പരിഹാരം തേടാം.
പ്രോട്ടീൻ കുറയ്ക്കരുത്
വിശപ്പു കൊണ്ടാണ് നിങ്ങൾ കൂടുതൽ കഴിക്കുന്നത് എന്നു തോന്നുന്നുണ്ടെങ്കിൽ പ്രോട്ടീൻ സമ്പന്നമായ ഡയറ്റ് ശീലിക്കാം. ഓരോ ഭക്ഷണത്തിലും ധാരാളം പ്രോട്ടീൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതുവഴി വയറു നിറഞ്ഞതായി അനുഭവപ്പെടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുകയും ചെയ്യും. ഒപ്പം കഴിക്കുന്ന സ്നാക്സുകൾ ഹെൽത്തി ആയിരിക്കാനും ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുന്നതിനു പകരം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാൻ ശ്രമിക്കണം.
വൈകാരിക പിന്തുണ
നൈറ്റ് ടൈം ഈറ്റിങ് സിൻഡ്രോം, ബിഞ്ച് ഈറ്റിങ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർ ആണെങ്കിൽ തീർച്ചയായും വിദഗ്ധ സഹായം തേടണം. എന്തുകൊണ്ടാണ് അമിതമായി ഭക്ഷണത്തിൽ അഭയം തേടുന്നതെന്ന് വിദഗ്ധ സഹായത്തോടെ കണ്ടെത്തി പരിഹാരം തേടണം.
Content Highlights: Ways to Stop Eating Late at Night
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..