തോൽവികളെക്കുറിച്ച് അമിതമായി ചിന്തിക്കരുത്; മനസ്സിന്റെ ഭാരം കുറയ്ക്കുന്നത് എങ്ങനെ?


മായാ നായർ

Representative Image| Photo: Canva.com

നനുത്തുപെയ്യുന്ന മഴ, മഴയെ അവഗണിച്ച് മേഞ്ഞുനടക്കുന്ന പശുക്കൾ, അവയുടെ ദേഹത്ത് കയറിയിരിക്കാൻ അവസരം പാർത്തിരിക്കുന്ന കൊക്കുകൾ. ഇതെല്ലാം ഞാനേറ്റവും ആസ്വദിക്കുന്ന ജനാല കാഴ്ചകൾ.…ഓരോ ദിവസവും ഇവരെല്ലാം എത്ര ആവേശത്തോടുകൂടിയാണ് ജീവിക്കുന്നത്. അലസത, ഉന്മേഷക്കുറവ്, താത്പര്യമില്ലായ്മ, ജീവിതവിരക്തി എന്നീ പ്രശ്നങ്ങളൊന്നും ഇവരിൽ കാണാത്തതെന്തേ?
ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റ്‌ ജീവികളിൽനിന്ന്‌ വ്യത്യസ്തനാക്കുന്നത്. എന്നാൽ ആ ചിന്തകൾ തന്നെ ശത്രുക്കളായാലോ? മനസ്സ് സൃഷ്ടിക്കുന്ന ചിന്തകൾ നമ്മെ വരിഞ്ഞുമുറുക്കി ഇല്ലാതാക്കുന്ന അവസ്ഥ, ജീവിതം ആസ്വദിക്കാൻ സാധിക്കാത്ത വിധത്തിലാക്കുന്നു.

മനസ്സെന്ന അനുഭവം‘‘മനസ്സൊട്ടും നേരെ നിൽക്കുന്നില്ല, വല്ലാത്ത ഭാരവും ബുദ്ധിമുട്ടും തോന്നുന്നു’’, ‘‘എനിക്കുറങ്ങാൻ പറ്റുന്നില്ല’’, ‘‘നെഞ്ചിൽ എന്തോ ഭാരം കെട്ടിയിട്ടതുപോലെ’. ഓരോ ദിവസവും ഒ.പി.യിൽ പലപ്രാവശ്യം കേൾക്കുന്ന പ്രശ്നങ്ങളാണിതെല്ലാം. മനസ്സ് എന്ന അദൃശ്യാനുഭവം ശരീരത്തിലെ ഓരോ കോശങ്ങളിലും ചെലുത്തുന്ന സാന്നിധ്യം വലുതാണ്. എങ്കിലും മാനസിക വ്യാപാരങ്ങളിൽ നമ്മൾ കൊടുക്കുന്ന ശ്രദ്ധ വളരെ കുറവാണ്. ശരീരപുഷ്ടിക്കുവേണ്ടിയും സൗന്ദര്യത്തിനുവേണ്ടിയും നാം നൽകുന്ന ശ്രദ്ധയും താത്പര്യവും മാനസികാരോഗ്യ സംരക്ഷണത്തിന് നൽകുന്നുണ്ടോ എന്നതിൽ സംശയമാണ്. മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സംഘർഷങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. അനുദിന ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് സംഘർഷം ജനിക്കുന്നത്. സംഘർഷങ്ങൾ ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്ത തോതിലുമാണ്.

മനസ്സിന് ഭാരം കൂട്ടുന്നത്

ബാഹ്യകാരണങ്ങളുംആന്തരിക പ്രശ്നങ്ങളും മനസ്സിനെ ഭാരമുള്ളതാക്കുന്നു.

Also Read

കുട്ടികളുടെ മുന്നിൽവെച്ച് വഴക്കിടാറുണ്ടോ? ...

സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ...

മാറിന്റെ ആകൃതിയും നിറവ്യത്യാസവും ശ്രദ്ധിക്കണം ...

പടികൾ കയറി ഇറങ്ങുമ്പോഴും മുട്ടുമടക്കുമ്പോഴുമുണ്ടാവുന്ന ...

ദിവസങ്ങൾക്കുള്ളിൽ വീണ്ടുമെത്തുന്ന പനി , ...

ആന്തരിക കാരണങ്ങൾ

ചില ശീലങ്ങളും ചിന്തകളും മനസ്സിന്റെ ഭാരം വർധിപ്പിക്കാറുണ്ട്.

സ്വതസ്സിദ്ധമായ ചിന്താരീതി: സ്വയം കുറ്റാരോപിതനാകാനുള്ള പ്രവണത, താൻ മൂലമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടായതെന്ന് സ്വയം ആരോപിച്ച് അതിൽ ആകുലപ്പെടുക.

അംഗീകാരത്തിനുവേണ്ടിയുള്ള അതിയായ ആഗ്രഹം: എല്ലാ പ്രവൃത്തികൾക്കും അംഗീകാരം വേണം, മറ്റുള്ളവർ എന്നെ ശ്രദ്ധിക്കണം, എല്ലാവരുടെയും മുൻപിൽ തനിക്ക് അമിത പ്രാധാന്യം കിട്ടണം എന്നിങ്ങനെയുള്ള ചിന്തകൾ മനസ്സിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും.

തോൽവികളെക്കുറിച്ചുള്ള അമിതചിന്ത: തോൽവികളെ മനസ്സിൽ കൂടുതലായി കുറിച്ചിടുക, അതിലേക്ക് അമിതമായി ശ്രദ്ധ നൽകുക എന്നീ പ്രവണതകൾമൂലം തനിക്ക് എപ്പോഴും തോൽവിയാണ് സംഭവിക്കുന്നതെന്ന് സ്വയം വിശ്വസിക്കുന്നു. എന്തുകാര്യം ചെയ്യുമ്പോഴും ഈയൊരു അമിതഭയം മനസ്സിൽ നിറയുന്നതിനാൽ ഒന്നും ആസ്വദിച്ചുചെയ്യാൻ സാധിക്കാതെ വരുന്നു.

സ്വന്തം ഇഷ്ടങ്ങളെ തിരിച്ചറിയാനാകാതെ പോവുക: ചെറിയ പ്രായംമുതൽ വീട്ടിലുള്ള മുതിർന്നവരിൽനിന്ന്‌ ലഭിക്കുന്ന നിർദേശമാണ് ‘‘നീ അവരെ നോക്കിപ്പഠിക്കൂ’’ അല്ലെങ്കിൽ ‘‘എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യൂ’’ എന്നിങ്ങനെ. സ്വന്തം ഇഷ്ടങ്ങളെയും തീരുമാനങ്ങളെയും മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായി ചെയ്ത് ശീലിക്കുന്ന ഒരു കുട്ടി വളർന്നാലും സ്വന്തം ഇഷ്ടങ്ങളെന്താണെന്നോ, തന്നെ സന്തോഷിപ്പിക്കുന്നതെന്താണെന്നോ തിരിച്ചറിയാതെ ഉഴറുന്നു.

ബാഹ്യകാരണങ്ങൾ

 • കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ.
 • സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ.
 • ജീവിതത്തിലെ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിഘട്ടങ്ങൾ.
 • ജോലി സംബന്ധിച്ചുള്ള പ്രശ്നങ്ങൾ.
 • തീരുമാനങ്ങൾ എടുക്കുന്നതിലുള്ള ആശയക്കുഴപ്പം.
നിത്യജീവിതത്തിന്റെ ഭാഗമായ സംഘർഷങ്ങൾ ചിലത് പ്രതികൂലമാവുകയും മറ്റുചിലത് ഗുണപരമായ മാറ്റം വരുത്താൻ സഹായിക്കുകയും ചെയ്യും. അനാവശ്യ ആധികളും അധികമോഹങ്ങളും വേണ്ടെന്നുവയ്ക്കാൻ ശീലിക്കണം.

ഭയം, അസൂയ, മുറിവേറ്റ ഓർമകൾ, വെറുപ്പ്, പ്രതികാരചിന്തകൾ, അന്ധവിശ്വാസം, ആകുലതകൾ, അത്യാഗ്രഹങ്ങൾ, സ്വാർഥത, സ്നേഹരാഹിത്യം, ഉത്കണ്ഠ, കുറ്റബോധം, വിരസത, ശത്രുത, അക്ഷമ തുടങ്ങിയവയെല്ലാം മാനസിക അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. തന്നോടും തന്റെ ജീവിതസാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ടെങ്കിലും, പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാൽ അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ഇതൊക്കെയാണ് ആ ഘടകങ്ങൾ

പാരമ്പര്യമായി ലഭിച്ച സവിശേഷതകൾ: വ്യക്തിപരമായ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തമാണ്.

ബാല്യകാലനുഭവങ്ങൾ: കുട്ടിക്കാലത്തെ പല അനുഭവങ്ങളും വ്യക്തിത്വവികസനത്തിന് സഹായിക്കുന്നുണ്ട്. ചെറുപ്രായത്തിൽ കുട്ടിയുടെ ആവശ്യം അറിഞ്ഞുകൊണ്ട് കെയർ കൊടുക്കാൻ കഴിവുള്ള അമ്മയ്ക്ക് കുട്ടിയിൽ ആത്മവിശ്വാസം ജനിപ്പിക്കാൻ സാധിക്കും. പിന്നീട് അവരുടെ വ്യക്തിജീവിതത്തിൽ അത് സഹായകരമാകും. കുട്ടികൾ അവരുടെ മാതാപിതാക്കളെ അനുകരിക്കുന്ന പ്രവണത കാണിക്കാറുണ്ട്. സ്വയം ബഹുമാനത്തോടെയും ആത്മവിശ്വാസത്തോടെയും കുട്ടികളുടെ അടുത്ത് പെരുമാറുന്നത് അവർക്ക് നല്ല ശീലങ്ങൾ സ്വായത്തമാക്കാൻ സഹായിക്കും. വൈകാരികമായ നിയന്ത്രണം എങ്ങനെ നടത്തണം എന്ന ആദ്യ പാഠം കുട്ടികൾക്ക് ലഭിക്കേണ്ടത് അച്ഛനമ്മമാരിൽനിന്നാണ്.

അമിതമായ നിയന്ത്രണങ്ങൾ, ഉത്തരവാദിത്വങ്ങൾ നൽകാതിരിക്കൽ, വ്യക്തതയില്ലാത്ത തിരുത്തലുകൾ, യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള മുഖംതിരിക്കൽ എന്നിവയെല്ലാം കുട്ടികളിൽ വിവിധതരത്തിലുള്ള വ്യക്തിത്വ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇങ്ങനെയുള്ള ബാല്യകാലനുഭവങ്ങൾ പിന്നീട് മാനസികസംഘർഷത്തിനുള്ള സാധ്യത കൂട്ടുന്നു.

ഭാരം കൂട്ടുന്ന ഭയം

 • ചെറുപ്രായം മുതൽ മനസ്സിൽ സൃഷ്ടിക്കുന്ന ഭയം മനസ്സിന്റെ ഭാരം കൂട്ടും. മുതിർന്നവരിൽനിന്ന്‌ പല രീതിയിലുള്ള ഭയങ്ങളാണ് കുട്ടികൾ സ്വന്തമാക്കുന്നത്.
 • പരീക്ഷകൾ, പഠനം എന്നിവയെ ഭയത്തോടുകൂടി സമീപിക്കേണ്ടതാണെന്ന വിശ്വാസം.
 • ചുറ്റുമുള്ള സമൂഹത്തിനോടുള്ള ഭയം.
 • റിസ്കുകൾ ഏറ്റെടുക്കുന്നതിനുള്ള ഭയം.
 • സ്വയം അപൂർണവും അപര്യാപ്തവും ആണെന്നുള്ള ഭയം.
 • സ്വന്തം പോരായ്മകളോടുള്ള ഭയം.
 • ഭാവിയെക്കുറിച്ചുള്ള ഭയം.
മനസ്സ് തുറക്കാം ഭാരം കുറയ്ക്കാം

മാനസിക പിരിമുറുക്കം ഇപ്പോൾ സർവസാധാരണമാണ്. പിരിമുറുക്കം പരിധിവിട്ട് വർധിക്കുന്നത് വിഷമതകൾക്കും പരാജയത്തിനും കാരണമാവുകയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

 • നമ്മളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളെ സ്വയം തിരിച്ചറിയുക. അതിലൂടെ മാത്രമേ ആ പ്രശ്നത്തെ നേരിടാൻ സാധിക്കൂ. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ തിരിച്ചറിയുകയും അതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
 • ചിന്തകൾ പുനഃക്രമീകരിക്കുക. മറ്റുള്ളവരെ അല്ലെങ്കിൽ സ്ഥിരമായി നമ്മളെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളെ വീക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ മനസ്സിലാക്കുന്നതിനും അതിനോട് പിരിമുറുക്കത്തോടുകൂടിയല്ലാതെ പ്രതികരിക്കുന്നതിനും സഹായകമാവും.
 • പിരിമുറുക്കം നൽകുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ശ്രമിക്കുക.
 • പോസിറ്റീവ് സെൽഫ് ടോക്ക് (Positive self talk) നടത്തുന്നത് സഹായകരമാവും.
 • സംഗതികൾ എല്ലായ്‌പോഴും നമ്മുടെ പദ്ധതികൾക്കനുസരിച്ച് വരണമെന്നില്ല. ശരിയായ പാതയിൽ അല്ല എന്ന് മനസ്സിലാവുന്ന അവസരങ്ങളിലെല്ലാം നിഷേധാത്മകമായി കുറ്റപ്പെടുത്താതിരിക്കുക.
 • വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് കഴിയുന്നത് എന്താണെന്ന് മാത്രം ശ്രദ്ധിക്കുക. അറിയാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടാതിരിക്കാൻ മനസ്സിനെ ശീലിപ്പിക്കുക.
 • സമയക്രമം നിശ്ചയിക്കാൻ ശ്രമിക്കുക. മുൻഗണനാക്രമം അനുസരിച്ച് പ്രവൃത്തികൾ ക്രമീകരിക്കുകയും ചെയ്തുതീർക്കാൻ ശ്രമിക്കുകയും ചെയ്യുക. കർത്തവ്യങ്ങൾ ചിട്ടയായി പൂർത്തീകരിക്കുന്നത് ഉത്‌പാദനക്ഷമത വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും.
 • ചെറിയ ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതനുസരിച്ച് മുന്നോട്ട് പോവുക. ചെറിയ ലക്ഷ്യങ്ങൾ നേടുമ്പോൾ ഉണ്ടാവുന്ന ആനന്ദം തിരിച്ചറിയുക.
 • നിശ്ചയദാർഢ്യവും ഉറപ്പും ശീലിക്കുക. മറ്റുള്ളവരുടെ അടുത്ത് ‘നോ’ പറയാൻ സാധിക്കാത്ത ആളാണെങ്കിൽ അനാവശ്യ ഉത്തരവാദിത്വങ്ങളിൽപ്പെട്ട് ഉഴറേണ്ടിവരാൻ സാധ്യതയുണ്ട്.
 • മറ്റുള്ളവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും മാനിക്കുന്നതിനൊപ്പം സ്വന്തം വീക്ഷണം വ്യക്തമാക്കുന്നതിനും വികാരങ്ങൾ തിരിച്ചറിയുന്നതിനും ശ്രമിക്കുക.
 • മനസ്സ് തുറക്കാൻ സൗഹൃദങ്ങൾ വേണം. സൗഹൃദത്തിന്റെ ഹൃദ്യത മനസ്സിന്റെ ഭാരം ലഘൂകരിക്കും.
 • ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.
 • ജയപരാജയങ്ങളെ നിർണയിക്കുന്നതും അതിജീവിക്കുന്നതും മനസ്സാണ്. മനസ്സിനെ നിയന്ത്രിക്കുന്നതോ ചിന്തകളും.…അനാരോഗ്യകരവും യുക്തിരഹിതവും വികലവുമായ ചിന്തകളിൽ മുഴുകാൻ മനസ്സിനെ അനുവദിക്കാതിരിക്കുക. വികലമായ ചിന്തകൾ പകർച്ചവ്യാധികൾപോലെയാണ്. മനസ്സിന്റെ പലായനങ്ങളെ നേർവഴിക്ക് തിരിച്ചുവിടാൻ നമുക്കൊരുമിച്ച് ശ്രമിക്കാം.
കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ ആണ് ലേഖിക

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: ways to relieve stress and anxiety


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented