കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സ്കൂളുകൾക്ക് എന്ത് ചെയ്യാനാവും? ഹെൽത്ത് രജിസ്റ്റർ എങ്ങനെ തയ്യാറാക്കാം?


സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുട്ടികളെ ആ ശീലത്തിൽനിന്ന്‌ മാറ്റിയെടുക്കണം.

Representative Image

പുതിയ സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ആരോ​ഗ്യപ്രതിസന്ധികൾ നിരവധിയാണ്. കുട്ടികളുടെ ആരോ​ഗ്യകാര്യത്തിൽ ഏറ്റവുമധികം നിരീക്ഷിക്കാൻ കഴിയുക സ്കൂളുകൾക്കാണ്. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സ്കൂളുകൾക്ക് എന്ത് ചെയ്യാനാവും എന്നതിനെക്കുറിച്ചും ഹെൽത്ത് രജിസ്റ്റർ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും ഡോ. ടി. സുനില്‍കുമാര്‍, ഡോ. എം.മുരളീധരൻ എന്നിവർ പങ്കുവെക്കുന്നു.

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സ്കൂളുകൾക്ക് എന്ത് ചെയ്യാനാവും?

കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ഉറപ്പുവരുത്താൻ ഹെൽത്ത് പ്രൊഫഷണലുകളെ സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളെ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കണം.

സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുട്ടികളെ ആ ശീലത്തിൽനിന്ന്‌ മാറ്റിയെടുക്കണം. ഇതിനായി തദ്ദേശീയ ഭക്ഷണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം. ഇതിന്റെ ഭാഗമായി സ്കൂളിലും കോളേജിലുമൊക്കെ വിദ്യാർഥികളുടെ സഹകരണത്തോടെ കൃഷി തുടങ്ങാം. നാം കഴിക്കുന്ന ഒരു ഭക്ഷ്യവസ്തു എങ്ങനെയാണ് നടുന്നതെന്നും വളർന്ന് പാകമാവുന്നതെന്നും കുട്ടികൾ മനസ്സിലാക്കട്ടെ. അപ്പോൾ അവർ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചെത്തും. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് അവരിൽ മാനസികമായ സന്തോഷമുണ്ടാക്കും. അങ്ങനെ പോസിറ്റീവ് ഹോർമോണുകൾ അവരിലുണ്ടാകുന്നു. നെഗറ്റീവ് ആക്റ്റിവിറ്റികളിലേക്ക് അവരുടെ ശ്രദ്ധ തിരിയാതിരിക്കാനും ഇത് സഹായിക്കും. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനുള്ള ആക്റ്റിവിറ്റികൾ ടീച്ചേഴ്‌സ് ട്രെയ്‌നിങ് കോഴ്‌സുകളുടെ ഭാഗമാക്കണം. അധ്യാപകർ ഈ വിഷയത്തിൽ പരിശീലനം നേടിയാൽ മാത്രമേ വിദ്യാർഥികൾക്ക് മികച്ച അറിവ് നൽകാനാവൂ. ഇൻ സർവീസ് കോഴ്‌സുകളായും അധ്യാപകർക്ക് ഇത് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം. സബ്ജക്റ്റിന് പുറത്തേക്കുള്ള കാര്യങ്ങളും അധ്യാപകർ വിദ്യാർഥികളോട് സംസാരിക്കണം. നല്ലൊരു അധ്യാപകന് നല്ലൊരു സൈക്കോളജിസ്റ്റായും വിദ്യാർഥികളോട് പെരുമാറാൻ സാധിക്കും.

സ്കൂൾ- കോളേജ് കാമ്പസുകൾ വിദ്യാർഥി സൗഹൃദമാക്കണം. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢമാക്കണം. വിദ്യാർഥികളിൽ ജീവിതനൈപുണികൾ വളരാൻ സഹായിക്കണം. എങ്ങനെ ഒരു പ്രതിസന്ധിയെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് പരിശീലനം നൽകണം. അത് ഇല്ലാത്തതുകൊണ്ടാണ് പലപ്പോഴും ആത്മഹത്യകൾ ഉണ്ടാകുന്നത്. തീരുമാനമെടുക്കാനുള്ള കഴിവ്, സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം ഉണ്ടാകൽ തുടങ്ങിയ നിരവധി കാര്യങ്ങൾ ആർജിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ലൈഫ് സ്കിൽ പ്രാക്ടീസ് സിലബസിന്റെ ഭാഗമാക്കണം.

ഡോ. ടി. സുനില്‍കുമാര്‍

ഹെൽത്ത് രജിസ്റ്റർ എങ്ങനെ തയ്യാറാക്കാം?

ഓരോ കുട്ടിയേയും സംബന്ധിച്ച് കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുകയും അവ ശരിയായ രീതിയിൽ രേഖപ്പെടുത്തുകയും വേണം. ഏറ്റവും കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും ശിശുചികിത്സാ വിദഗ്ധൻ, ചർമരോഗ വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ, ഇ.എൻ.ടി. വിദഗ്ധൻ എന്നിവരൊക്കെ അടങ്ങുന്ന ടീം കുട്ടികളെ പരിശോധിച്ച് വിവരങ്ങൾ ഹെൽത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തണം. അത്യാവശ്യമായ രക്ത പരിശോധനകളും ഇത്തരം അവസരങ്ങളിൽ ചെയ്യാവുന്നതാണ്. കുട്ടികളിലെ അസുഖങ്ങൾ നേരത്തേ കണ്ടുപിടിക്കാനും ആവശ്യമായ ചികിത്സകൾ നൽകാനും ആരോഗ്യ പരിശോധനകൾ സഹായകമാണ്. ഇത്തരം പരിശോധനാ അവസരങ്ങളിൽ ആരോഗ്യ ക്ലാസുകൾ നൽകിയാൽ കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുവാൻ അവ പ്രയോജനപ്പെടും.

കുട്ടികളിൽ കാണുന്ന പല അസുഖങ്ങളും ആദ്യം തിരിച്ചറിയപ്പെടുന്നത് സ്കൂളുകളിലാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേൾവിത്തകരാറുകൾ. അധ്യാപകരാവും പലപ്പോഴും കുട്ടികളുടെ കേൾവിത്തകരാറുകൾ ആദ്യം തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള കുട്ടികളെ എത്രയും വേഗം ഇ.എൻ.ടി. സ്പെഷലിസ്റ്റിനെ കാണിക്കാനും അധ്യാപകർക്ക് നിർദേശിക്കാവുന്നതാണ്.

മറ്റൊരു പ്രശ്നം കാഴ്ചത്തകരാറുകളാണ്. കുട്ടികൾ പുസ്തകം അടുപ്പിച്ച് പിടിച്ച് വായിക്കുന്നതോ ബോർഡിൽ എഴുതിയത് കൃത്യമായി വായിക്കാനാവാതെ പോകുന്നതോ ഒക്കെ ആദ്യം തിരിച്ചറിയുന്നത് സ്കൂളുകളിൽ വെച്ചാണ്. കുട്ടികളുടെ സമഗ്രമായ പ്രകടനകളിൽ ശ്രദ്ധയും, സാമൂഹികാവബോധവുമുള്ള അധ്യാപകർക്ക് ഇത്തരം ഇടപെടലുകൾ മികച്ച രീതിയിൽ നിർവഹിക്കാനാവും.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ശാരീരിക രോഗങ്ങൾ പോലെ സാധാരണ ഗതിയിൽ എളുപ്പത്തിൽ തിരിച്ചറിയപ്പെടാറില്ല . വിഷാദരോഗമുളള കുട്ടികൾ, ആത്മവിശ്വാസക്കുറവുള്ള കുട്ടികൾ, ഗുരുതരമായ സഭാകമ്പമുള്ള കുട്ടികൾ , പഠന വൈകല്യമുള്ള (dyslexia) കുട്ടികൾ തുടങ്ങിയവരെ കണ്ടെത്തുവാനും മാനസിക ചികിത്സകരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിയുന്ന രീതിയിൽ അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുമുണ്ട്. ക്ലാസിലെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം കുട്ടികൾക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് അധ്യാപകർക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. മറ്റുള്ള കുട്ടികളെ വേദനിപ്പിക്കുന്ന / ആക്രമിക്കുന്ന മാനസിക വൈകല്യങ്ങളും അധ്യാപകരുടെ ശ്രദ്ധയിൽ പെടാതെ പോവില്ല.ആ സമയത്ത് മാനസികരോഗ വിദഗ്ധന്റെ സഹായം നൽകുന്നത് കുട്ടിയ്ക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരത്തിൽ ഒട്ടേറെ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങളിൽ സ്കൂളുകളിൽ വെച്ചു തന്നെ അധ്യാപകർക്ക് ഫലപ്രദമായി ഇടപെടാനാവും. ടൈപ്പ് വൺ പ്രമേഹം പോലുള്ള രോഗങ്ങളും സ്കൂളിൽ വെച്ച് തിരിച്ചറിയപ്പെടാറുണ്ട്. അസാധാരണമായ ക്ഷീണം, മെലിച്ചിൽ, ഇടക്കിടെ മൂത്രമൊഴിക്കൽ, അമിതമായ ദാഹം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ അധ്യാപകർക്ക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. അതോടൊപ്പം പ്രമേഹബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ നൽകുക, ഭക്ഷണം ക്രമീകരിക്കുകതുടങ്ങി നിരവധി കാര്യങ്ങളിൽ അധ്യാപകരുടെ നിരീക്ഷണം ഉണ്ടാകുന്നത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഗുണപരമായ ദിശാബോധം നൽകും.

ഡോ. എം.മുരളീധരൻ

Content Highlights: ways to protect children health, health register, kids health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented