പഞ്ചസാര, ഉപ്പ്; നെ​ഗറ്റീവ് ഘടകങ്ങൾക്കനുസരിച്ച് ഭക്ഷണ പാക്കറ്റുകളിൽ അപായസൂചനാലേബലുകൾ വരുമ്പോൾ


By ഡോ. ടി. ജയകൃഷ്ണൻ, ഡോ.അഹാന സലാം

3 min read
Read later
Print
Share

Representative Image| Photo: Canva.com

സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത് ചിത്രങ്ങളോടുകൂടിയ അപായസൂചന ലേബലുകൾ പതിപ്പിക്കുന്നത് വാങ്ങുന്നവരെ പിന്തിരിപ്പിക്കാൻ ഉതകുന്ന പുകയിലവിരുദ്ധ നടപടിയായി ലോകമാകെ അംഗീകരിച്ച് നടപ്പാക്കി. ഇതിനു സമാനമായി, ദോഷകരമായ ഭക്ഷണ പാക്കറ്റുകളിലും ഇതു പോലുള്ള അപായസൂചനാചിത്രങ്ങൾ നൽകണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ഏജൻസിയായ കോഡക്സ് നിർദേശം മുന്നോട്ടുവെച്ചിട്ട് പത്തുവർഷം കഴിഞ്ഞു. മിക്കരാജ്യങ്ങളും അത് നടപ്പാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ 2014-ൽ ഇത്തരം സുരക്ഷാ ലേബലുകൾ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും വൻകിട ഭക്ഷ്യനിർമാണക്കമ്പനികളുടെ സമ്മർദങ്ങൾക്കു വഴങ്ങി നടപ്പായില്ല. ഭക്ഷ്യസുരക്ഷാ ലേബലിലൂടെ ലോകാരോഗ്യസംഘടന ലക്ഷ്യംവെക്കുന്നത് ഉപഭോക്താവിന്റെ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ആ ഉത്പന്നം ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുക എന്നാണ്.

ലേബലിങ് രണ്ടു തരം

ലേബലിങ് രണ്ടുതരത്തിലുണ്ട്. ഒന്ന് ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ നൽകുന്ന ലേബൽ (കലോറി, പ്രോട്ടീൻ, ഫാറ്റ്, വിറ്റാമിനുകൾ, പ്രിസർവേറ്റീവ് തുടങ്ങിയവയുടെ അളവുകൾ). ഈ വിവരങ്ങൾ സാധാരണയായി പാക്കറ്റിന്റെ പിറകുവശത്ത് നൽകും. ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങൾ അപായസൂചനാ രൂപത്തിൽ നൽകുന്നതാണ് രണ്ടാമത്തെ രീതി. ഇത് പാക്കറ്റിന്റെ മുൻവശത്ത് എളുപ്പം മനസ്സിലാകുന്നവിധത്തിൽ നൽകണം.

ലോകത്ത് അഞ്ചുതരം അപായസൂചനാലേബലുകൾ

അപായസൂചനകൾ നൽകുന്ന ലേബൽ, പച്ച-മഞ്ഞ-ചുവപ്പ് ചേർന്ന ട്രാഫിക് ലൈറ്റ്, ദിവസേന വേണ്ട അളവിന്റെ ശതമാനം, ആരോഗ്യ നക്ഷത്രചിഹ്നങ്ങൾ, സ്കോറിങ് എന്നിങ്ങനെ. ബ്രിട്ടനിൽ ട്രാഫിക് ലൈറ്റും യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ ഒരാൾക്ക് ദിവസേനവേണ്ട ശതമാനം/അളവ്, ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ചിത്രങ്ങളോടുകൂടിയ അപായ ലേബലുകളും നടപ്പാക്കിയിട്ടുണ്ട്. ഈ രീതി നടപ്പാക്കി ഒരുവർഷത്തിനുശേഷം കൊക്കകോള വ്യാപാരം 24 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

ദേശീയതലത്തിലുള്ള ഭക്ഷ്യസുരക്ഷാ അതോറിറ്റി (Food safety standard authority of India- FSSAI) സുരക്ഷാ ലേബലുകൾ സംബന്ധിച്ച് ‘ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേഡ് ലേബലിങ് ഡിസ്‌പ്ലേ റെഗുലേഷൻ 2022 ഓർഡർ’ തയ്യാറാക്കി സെപ്‌റ്റംബർ 13-ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പരാതിനൽകാൻ പൊതുജനങ്ങൾക്ക് മൂന്നുമാസത്തെ സമയവും നൽകി. രാജ്യത്തെ പൊതുജനാരോഗ്യ-നൂട്രീഷ്യൻ വിദഗ്ധർ ധാരാളം പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾവന്ന നിർദേശങ്ങൾ പലതും ലക്ഷ്യത്തിന് ഉതകാത്തതിനാൽ ഇതിന്റെ ഉദ്ദേശ്യം സഫലമാക്കാതെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തിലെത്താതെ ഭക്ഷ്യനിർമാണക്കമ്പനികളുടെ സാമ്പത്തികസുരക്ഷയാണ് ലക്ഷ്യമാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഈ ഓർഡർപ്രകാരം നക്ഷത്രചിഹ്നങ്ങളിട്ട സ്റ്റാർറേറ്റിങ് ആണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നത്. ഇതുപ്രകാരം 1/2 സ്റ്റാർ തൊട്ട് 5 സ്റ്റാർ വരെയാണ് റേറ്റിങ്. 1/2 സ്റ്റാർ അത്ര ആരോഗ്യകരമല്ലാത്തതും 5 സ്റ്റാർ വളരെ ആരോഗ്യകരമായിട്ടുള്ളതുമാണ്.

ബഹുഭാഷ സംസാരിക്കുന്ന നിരക്ഷരരായവരെയും കുട്ടികളെയും മുതിർന്നവരെയും ദോഷകരമായ ഭക്ഷണ/പാനീയ പാക്കറ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നത്‌ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവയുടെ അളവ് സൂചിപ്പിക്കുന്ന ചിത്രങ്ങളോടുകൂടിയുള്ള അപായസൂചനകളും ഒപ്പം ചുകപ്പ്‌, മഞ്ഞ, പച്ച ട്രാഫിക് ലൈറ്റ് ചിഹ്നങ്ങളും ലേബലുകളുമാക്കണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ സ്റ്റാർ റേറ്റിങ് പ്രകാരം സ്കോർ താഴെനിന്നു മുകളിലേക്കാണ് പോകുന്നതെന്നും അഭിപ്രായമുണ്ട്.

കൊഴുപ്പുകൾ, പഞ്ചസാര, ഉപ്പ് തുടങ്ങിയ നെഗറ്റീവ് ഘടകങ്ങൾക്ക് സ്കോറുകൾ നൽകി അകറ്റി ജനങ്ങൾക്ക് നല്ല ചോയ്‌സുകൾ നൽകണം.അങ്ങനെയായാലേ ദോഷകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയൂ. ഇങ്ങനെ വന്നാൽ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം കുറയാൻ സാധ്യതയുണ്ട്. ഇത്‌ മറികടക്കാനായി ഇന്ത്യയിൽ മുകളിലുള്ള നെഗറ്റീവ് ഘടകങ്ങൾ ന്യൂട്രലൈസ് ചെയ്യാനായി ‘ഇന്ത്യൻ നൂട്രീഷ്യൻ റേറ്റിങ്‌’ പ്രകാരം ഭക്ഷണത്തിൽവേണ്ട പോസിറ്റീവ് ഘടകങ്ങളായ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ, ചെറുധാന്യങ്ങൾ, കടല-പയർ തുടങ്ങിയവയ്ക്കും പോസിറ്റീവ് സ്കോർ നിശ്ചയിച്ച് സ്റ്റാർപദവികൾ നൽകിയിട്ടുണ്ട്.

അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ ഇത്തരം ദോഷകരമായ വസ്തുക്കൾ ഒഴിവാക്കാനുള്ള അപായലേബലുകളിൽ പോസിറ്റീവ് ഘടകങ്ങൾ ഒരിക്കലും ചേർക്കരുതെന്നുണ്ട്. പക്ഷേ, ആ നിർദ്ദേശം ഇവിടെ കാറ്റിൽപ്പറത്തുകയാണ്..

അപകടകരമായ അളവിൽ കൊഴുപ്പോ ഉപ്പോ പഞ്ചസാരയോ അടങ്ങിയ ഭക്ഷ്യോത്‌പന്നത്തിൽ ഉയർന്ന പോസിറ്റീവ് സ്കോറുള്ള പഴവർഗങ്ങളോ, നട്ടുകളോ ചേർത്ത് സ്റ്റാർറേറ്റ്‌ കൂട്ടി ലാഭമുണ്ടാക്കാൻ സാധിക്കും. പഴച്ചാറുകൾ ചേർത്ത് കലോറികൂടിയ കോളകളുടെ സ്റ്റാർ റേറ്റ്‌ കൂട്ടാൻപറ്റും.

ഭക്ഷ്യ പാക്കറ്റുകളിൽ ഇത്തരം നിയമനടപടികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്കിടയിൽവേണ്ട പഠനങ്ങൾ നടത്തി രാജ്യത്തൊട്ടാകെ ഏകീകൃതമായും നിർബന്ധമായും നടപ്പാക്കാനാണ് ലോകാരോഗ്യസംഘടന ശുപാർശചെയ്യുന്നത്‌. എന്നാൽ, ഇന്ത്യയിലെ വ്യാപാരികൾക്ക് ഇത് നിർബന്ധമാക്കാതെ അവരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തിൽമാത്രം ഇഷ്ടത്തിനൊത്ത് നടപ്പാക്കാനാണ് ഇപ്പോഴത്തെ ശുപാർശ. അതും നടപ്പാക്കാൻ തിടുക്കമില്ലാതെ നാലുവർഷത്തെ ഇടവേളയും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഭക്ഷ്യനിർമാണ കമ്പനികളുമായി ആദ്യവട്ട ചർച്ചകൾ നടത്തി അതിനനുസരിച്ച് ഐ.ഐ.എം. അഹമ്മദാബാദുമായി ചേർന്ന് നടത്തിയ ‘വാലിഡിറ്റി’ ഉറപ്പിക്കാത്ത ഒരു പഠനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യയിലാകെ ഇത് നടപ്പാക്കുന്നത്‌ എന്നും ആരോപണമുണ്ട്. ഇത്‌ ഇന്ത്യയിലെയും വിദേശങ്ങളിലെയും ഗവേഷകർ തള്ളിക്കളഞ്ഞതാണെന്ന് സ്വദേശി ജാഗരൺ മഞ്ചുപോലും ആരോപിക്കുന്നുണ്ട്.

ജനങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ഒരു നിയമം ശരിയായ ദിശയിലല്ലാതെ നിർദേശിക്കപ്പെടുമ്പോൾ ശരിയുടെ ദിശയിലേക്ക് വിരൽചൂണ്ടാൻ ഇന്ത്യയിൽ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനകളോ, ഭക്ഷ്യവിദഗ്ധരോ, നിയമവിദഗ്ധരോ തയ്യാറാകുന്നില്ലെന്നതും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്.

2014-ൽ ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ ലേബലുകൾ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും വൻകിട ഭക്ഷ്യനിർമാണകമ്പനികളുടെ സമ്മർദങ്ങൾക്കു വഴങ്ങി നടപ്പായില്ല. ലേബലിലൂടെ ലോകാരോഗ്യസംഘടന ലക്ഷ്യംവെക്കുന്നത് ദോഷകരമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ആ ഉത്പന്നം ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുക എന്നാണ്

കെ.എം.സി.ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, വകുപ്പുമേധാവിയാണ്‌ ഡോ. ടി. ജയകൃഷ്ണൻ. റെസിഡന്റ് കമ്യൂണിറ്റി മെഡിസിൻ ഡോക്ടറാണ്‌ അഹാന സലാം

Content Highlights: warning labels on food packets

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sugar

1 min

14 ദിവസം മധുരം ഒഴിവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?

May 30, 2023


digestion

3 min

മാനസിക സമ്മർദവും വയറില്‍ പ്രശ്‌നങ്ങളുണ്ടാക്കും; ദഹനാരോ​ഗ്യം അത്ര നിസ്സാരമല്ല

May 29, 2023


disease x
Premium

4 min

കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?

May 28, 2023

Most Commented