വിഷ്ണു രക്തദാനത്തിനിടെ
ആശുപത്രി ബെഡ്ഡിൽ ചാഞ്ഞിരുന്ന് കയ്യിൽ ഒരു സ്മൈലി ബോൾ അമർത്തിപിടിച്ച്, സൂചി കുത്തുന്ന കുഞ്ഞു വേദനയെ അമ്പത്തിയൊന്നാം തവണയും മറക്കുകയാണ് വിഷ്ണു പുലിയൂർ മഠം എന്ന മനുഷ്യസ്നേഹി. രക്തദാനമെന്ന പുണ്യപ്രവർത്തനത്തെപ്പറ്റിയും അതിന്റെ നല്ല വശത്തെക്കുറിച്ചും തന്റെ ചെറുപ്പകാലത്ത് തന്നെ മനസ്സിലാക്കുകയും, ലോകത്തോട് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഒട്ടും മടിയില്ലാതെ തുറന്നു പറയുകയും ചെയ്യുന്ന ചെറുപ്പക്കാരൻ. വെറുതെ പറയുക മാത്രമല്ല, തന്റെ ജീവിതം അതിനുവേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്ന് ഒട്ടും മടിയില്ലാതെ തുറന്നു പറയുന്ന പുതു തലമുറയുടെ പ്രതിനിധികൂടിയാണ് വിഷ്ണു. അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന കുത്തുവാക്കുകളും ഒറ്റപ്പെടലുകളും ഈ കുഞ്ഞു ജീവിതത്തിനിടയിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ രക്തം ദാനമെന്ന പുണ്യപ്രവർത്തനത്തിലൂടെ കഴിഞ്ഞുവെന്നാണ് വിഷ്ണു പറയുന്നത്. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നന്മകളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും വിഷ്ണു പറയാൻ ശ്രമിക്കാറുണ്ട്. താൻ പരിചയപ്പെട്ട ഒട്ടേറെപ്പേർ ഈ പുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചു വരുന്നതും കൂടി കണക്കാക്കുമ്പോൾ വിഷ്ണുവിന്റെ ജീവിതം മറ്റുള്ളവർക്ക് നല്ലൊരു മാതൃകയാണെന്ന് നമുക്കും ഉറപ്പിക്കാം.
വിഷമകഥ കേട്ട് തുടങ്ങിയ രക്തദാനം
കൊട്ടാരക്കരയിലെ ഒരു സാധാരണ കുടുംബത്തിലാണ് വിഷ്ണുവിന്റെ ജനനം. പഠനത്തിൽ മിടുക്കാനായിരുന്ന വിഷ്ണു ഒപ്പം പാരമ്പര്യമായി കിട്ടിയ പൂജാദി കാര്യങ്ങൾ കൂടി ഹൃദിസ്ഥമാക്കി. റെയർ ഗ്രൂപ്പ് ആയ എ ബി നെഗറ്റീവ് ആണ് വിഷ്ണുവിന്റേത്. ഡിഗ്രി ആദ്യ വർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് വിഷ്ണു ആദ്യമായി രക്തദാനം നടത്തുന്നത്. ഒരു ദിവസം കോളേജിൽ നിന്നും തിരികെ വരുന്ന വഴി പരിചയക്കാരൻ തന്റെ ഭാര്യയ്ക്ക് വേണ്ടി എ ബി നെഗറ്റീവ് എന്ന റെയർ രക്തഗ്രൂപ്പിനായി അലയുന്നത് വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തോട് ഒപ്പം പോവുകയും രക്തം ദാനം ചെയ്യുകയും ചെയ്തു. അന്ന് മുതൽ ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യുന്നത് വിഷ്ണുവിനു ഹരമായി മാറുകയായിരുന്നു. കൂടെ നിൽക്കുന്നവരും സുഹൃത്തുക്കളും പലവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു തന്റെ ആത്മാർഥമായ പരിശ്രമം കൊണ്ട് ഈ മഹത്തായ ഉദ്യമത്തിലേക്ക് അവരെക്കൂടി ഭാഗവാക്കാക്കി മാറ്റുകയാണ് ചെയ്തത്.
ഒട്ടേറെ ഗ്രൂപ്പുകളും അതിലൂടെ നിരവധി ക്യാമ്പുകളും സെമിനാറുകളും
പഠനത്തിൽ മിടുക്കനായിരുന്ന വിഷ്ണു തന്റെ സൗഹൃദവലയങ്ങളെ നന്നായി ഉപയോഗിക്കുകയും അവരുടെ കൂടെ സഹായത്തോടെ നിരവധി ക്യാമ്പുകളും മറ്റു ബോധവൽക്കരണ സെമിനാറുകളും നടത്തി വരുന്നു. വിഷ്ണുവിന്റെ അഭിപ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പലരും ക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പലപ്പോഴും അവരെല്ലാം ക്യാമ്പ് അവസാനിക്കുന്നതോടെ എല്ലാം മറക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നാണ്. ചിലപ്പോൾ ചിലർ രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടു വരുമെങ്കിലും അവരിൽ ഒരുഭാഗം അനീമിയയോ ആദ്യ ദാനത്തിന്റെ പ്രെഷർ വേരിയേഷനിലോ പലപ്പോഴും ബ്ലീഡ് ചെയ്യാൻ കഴിയാതെ മടങ്ങുകയുമാണ് പതിവ്. ഒരിക്കൽ മടങ്ങി പോകുന്നവർ തിരികെ എത്താൻ മടിക്കുന്നത് കാണുമ്പോൾ പലപ്പോഴും വിഷമം തോന്നുന്നുവെന്ന കാര്യം പങ്കു വയ്ക്കാൻ വിഷ്ണു മടിക്കുന്നില്ല.
ഐ എം എ യും അനന്തപുരിയും
ഓരോ തവണയും ഓരോരുത്തരിൽ നിന്നും എടുക്കുന്ന രക്തം സൂക്ഷിക്കുന്നത് അഞ്ച് ദിവസമാണ്. അതിനെ ഘടകങ്ങളായി തിരിച്ച് സൂക്ഷിക്കുമ്പോൾ ഏകദേശം 50 ദിവസം വരെ സൂക്ഷിക്കാൻ കഴിയുന്നു. ഐ എം എ യുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന രക്ത ബാങ്കിൽ അതിനുള്ള സൗകര്യങ്ങളുണ്ട്. പലപ്പോഴും രക്തദാന ക്യാമ്പുകളിൽ വന്ന് രക്തം കൊടുക്കാൻ മടിക്കുന്നവർക്ക് ആശുപത്രികളിലും സുരക്ഷിതമായ സംവിധാനങ്ങൾ നമുക്കിപ്പോൾ കാണാൻ കഴിയുന്നു. അവിടെ നേരിട്ട് നമുക്ക് പോയി രക്തദാനം നടത്തി തിരികെ വരാം. അത്തരം ബ്ലഡ് ബാങ്കുകളിൽ പോയി രക്തദാനം ചെയ്യുമ്പോഴുള്ള പ്രത്യേകതയെന്തെന്നാൽ അതിനുശേഷമുള്ള അവരുടെ പരിചരണം തന്നെയാണ്. ഇത്രയും തവണ രക്തം ദാനം ചെയ്ത ഒരാളെന്ന നിലയിലെ അനുഭവത്തിൽ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ രക്തം ദാനം ചെയ്യുന്നവർക്ക് കിട്ടുന്ന പരിചരണം ഏറ്റവും മികച്ചതാണ് എന്നു തോന്നിയിട്ടുണ്ട്.
കോഴിക്കോട് വിമാന അപകടവും കൊല്ലത്ത് നടന്ന ചർച്ചകളും
ഇക്കഴിഞ്ഞ വർഷം കോവിഡ്കാലത്ത് ഒരുദിവസം രാത്രി പത്തുമണിയോടെയാണ് കോഴിക്കോട് വിമാന അപകടമുണ്ടായത്. അന്ന് രാത്രി പലർക്കും വളരെയധികം രക്തത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. കൊല്ലത്ത് തന്റെ വീട്ടിൽ ഇരിക്കുകയായിരുന്ന വിഷ്ണുവിന്റെ വാട്സ്ആപ്പിലേക്ക് മെസ്സേജുകൾ എത്തിയതോടെ അന്ന് വിഷ്ണുവും കൂട്ടുകാരും ഒരു രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന്, ആശുപത്രിയിലെ അപരിചിതമായ ആൾക്കൂട്ടത്തിനു വേണ്ടി, അപരിചിതരായ ആൾക്കൂട്ടത്തിൽ നിന്നും രക്തദാനത്തിനുള്ള ആളുകളെ സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളുടെ ഈ കൂട്ടായ്മ ഇത്തരം നല്ല കാര്യങ്ങൾക്ക് കൂടിയാണ് യുവതലമുറ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം പക്ഷേ പലരും പലപ്പോഴും മറക്കുന്നു.
കോഡിനേറ്റർ എന്ന നിലയിൽ
പലപ്പോഴും ഗർഭിണികൾക്കാണ് രക്തം കൊടുക്കേണ്ടി വന്നിട്ടുള്ളത്. അതും വളരെ അത്യാവശ്യഘട്ടത്തിലാണ് എന്നു പറഞ്ഞുകൊണ്ട് ഉള്ള വിളികൾ ആണ് വരാറുള്ളത്. എനിക്ക് പറയാനുള്ളത് എന്തെന്നാൽ ഒരാൾ ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ തന്നെ അവരുടെ രക്തഗ്രൂപ്പ് തിരിച്ചറിയുകയും ആ സമയത്ത് രക്തം ആവശ്യമാകും എന്നൊന്ന് ചിന്തയോടെ അതേ രക്തഗ്രൂപ്പിലുള്ള ഒരാളെ നേരത്തെ കണ്ടെത്തുകയും അയാളെ ഓർമ്മിപ്പിക്കുകയും ചെയ്താൽ ഇത്തരം കൊച്ചു കൊച്ചനാവശ്യ ടെൻഷനുകൾ ഒഴിവാക്കാവുന്നതേയുള്ളൂ. പലപ്പോഴും രക്തം കൊടുക്കുക എന്നത് കോഡിനേറ്റർമാരുടെ മാത്രം ഉത്തരവാദിത്വമാണെന്ന തരത്തിലാണ് ചില ബന്ധുക്കളുടെ പെരുമാറ്റവും കണ്ടുവരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും വാട്സാപ്പ് പോലെയുള്ള സൗകര്യങ്ങളുള്ള ഈ കാലത്ത് ഇതുകൂടി ഓർത്തു വെച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
രക്തദാനത്തിന്റെ മറവിലെ ചൂഷണങ്ങളും ചതികളും
മറ്റുള്ളവരുടെ നന്മയെ കരുതി ചെയ്യുന്ന ഈ പുണ്യപ്രവർത്തിയെ ചൂഷണം ചെയ്യുന്ന ചിലരും നമ്മുടെ സമൂഹത്തിലുണ്ടെന്ന് വിഷ്ണു പറയുന്നു. തങ്ങളെപ്പോലെയുള്ളവർ ഫ്രീയായി നൽകുന്ന രക്തത്തിന് വലിയ പ്രോസസ്സിംഗ് ഫീ സ്വീകരിച്ച ശേഷം മറിച്ചു വിൽക്കുന്നതും ചിലപ്പോൾ കണ്ടു നിൽക്കേണ്ടി വന്ന ദുരനുഭവവും വിഷ്ണുവിനുണ്ടായിട്ടുണ്ട്. അതിനുള്ള പണം ശേഖരിക്കാൻ നെട്ടോട്ടം ഓടുന്ന സാധരണക്കാരന്റെ സങ്കടവും വിഷ്ണു പങ്കുവയ്ക്കുന്നു.
ഒരു കുഞ്ഞു സന്ദേശം
അടുത്ത ബേക്കറികളിൽ 12 രൂപ കൊടുത്താൽ ഒരു മാംഗോ ജ്യൂസ് നമുക്ക് വാങ്ങാൻ കിട്ടും. എന്നാൽ ആശുപത്രിയിൽ പോയി രക്തം ദാനം ചെയ്ത് അവിടെ ആ തണുപ്പിൽ ഇരുന്ന്, അല്ലെങ്കിൽ ആ കാറ്റേറ്റ് അവർ തരുന്ന ഒരു കുപ്പി മാംഗോ ജ്യൂസ് കുടിക്കണം. അതിന്റെ സുഖം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അത് ആസ്വദിക്കാൻ മാത്രമുള്ളതാണ്. ജീവിതത്തിലൊരിക്കലെങ്കിലും ആ രുചി നാം അറിഞ്ഞിരിക്കണം. അപ്പോൾ നമ്മുടെ ഈ കൊച്ചു ജീവിതം സന്തോഷം കൊണ്ട് നിറയും. അതിനിടയിൽ ചിലപ്പോൾ നമുക്കൊപ്പം മറ്റ് ഒന്നോ അതിലധികമോ കുടുംബവും ആ രക്തം സ്വീകരിച്ചയാളിലൂടെ സന്തോഷിക്കുന്നുണ്ടാവും. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെയാണല്ലോ. ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിന് നമ്മുടെ ആരോഗ്യ വിദഗ്ധർ നൽകുന്ന നിർവചനം. രക്തദാനത്തിനായി അണിചേരാൻ ആരോഗ്യമുള്ള ഓരോരുത്തരോടും വിഷ്ണു അഭ്യർത്ഥിക്കുകയാണ്. എവിടെയോ അത് കാത്തിരിക്കുന്ന നമ്മുടെ ഏതോ ഒരു സുഹൃത്തിനു വേണ്ടി, അല്ലെങ്കിൽ ഒരു ബന്ധുവിനു വേണ്ടി.
നിരവധി ക്യാമ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ക്യാമ്പുകളിൽ രക്തം ദാനം ചെയ്യാൻ വിഷ്ണുവിനെയാരും നിർബന്ധിച്ചിട്ടില്ല. അതിന് കാരണം ഏതുസമയത്തും എപ്പോൾ വേണമെങ്കിലും രക്തം ദാനം ചെയ്യാൻ വിഷ്ണുവെന്ന മുപ്പത്തിരണ്ട്കാരൻ തയ്യാറാണ് എന്ന മറ്റുള്ളവരുടെ വിശ്വാസമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരെങ്കിലും രക്തത്തിന്റെ ആവശ്യം പറഞ്ഞു വിളിക്കുകയാണെങ്കിൽ അവർക്ക് വേണ്ടി ആശുപത്രികളിൽ പോയി ഇരിക്കുകയും, രോഗിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല എന്ന ഉറപ്പുവരുത്തിയ ശേഷം തിരികെ പോവുന്ന വിഷ്ണുവിനെപോലെയുള്ളവരെ നാം മടിക്കാതെ അംഗീകരിക്കുമ്പോൾ മാത്രമേ അവരെ കണ്ടു പഠിക്കാൻ ഇള തലമുറകൂടി മുന്നോട്ടു വരുകയുള്ളൂ എന്ന കാര്യവും നാം തിരിച്ചറിയേണ്ടതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..