വൈറസുകൾ മനുഷ്യകുലത്തിന്റെ വംശനാശത്തിന് തന്നെ കാരണമാകുമോ?


ഡോ. അരുണ്‍ മംഗലത്ത്

ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി മനുഷ്യന്‍ ഭൂമുഖത്ത് പാര്‍പ്പുറപ്പിച്ചിട്ട്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ വൈറസുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ അനേകമാളുകളെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായത് നവീനശിലായുഗം മുതലാണ്.

Photo: Pixabay

ന്നും പുതിയൊരു വൈറസിനെ പേടിക്കണം എന്ന നിലയായി ഇപ്പോള്‍ എന്ന് പകുതി കളിയായും പകുതി കാര്യമായും ആളുകള്‍ പറയുന്നത് വെറുതെയല്ല. സാര്‍സ്, മെര്‍സ്, എച്ച്1എന്‍1, ഹാന്റാ, ഡെങ്കി, ചിക്കുന്‍ഗുനിയ, എബോള എന്നിവയൊക്കെ കരുത്തുകാട്ടിയിരിക്കുന്നതിന് ഇടയിലേക്കാണ് നിപ്പ വന്നത്. കൂടെ കുരങ്ങുപനിയും. അങ്ങനെ രണ്ടുകൊല്ലം തള്ളിനീക്കിയപ്പോള്‍ ചൈനയില്‍ നിന്ന് കൊറോണയുടെ ആക്രമണം. ഈ ലോകത്തിനിതെന്തുപറ്റി? ഇങ്ങനെയായിരുന്നോ എന്നും മനുഷ്യന്റെ അവസ്ഥ?

ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി മനുഷ്യന്‍ ഭൂമുഖത്ത് പാര്‍പ്പുറപ്പിച്ചിട്ട്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ വൈറസുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ അനേകമാളുകളെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായത് നവീനശിലായുഗം മുതലാണ്. ഏതാണ്ട് 12000 വര്‍ഷം മുന്‍പ് മനുഷ്യന്‍ കൃഷി ആരംഭിക്കുകയും ഒരു സ്ഥലത്ത് കൂട്ടമായി താമസിക്കാന്‍ തുടങ്ങുകയും ചെയ്തത് മുതലാണ് വൈറസുകളുടെ സുവര്‍ണകാലവും തുടങ്ങുന്നത്. പടര്‍ന്നുപിടിക്കാനും കുറേക്കാലം അടങ്ങിക്കിടന്ന് അനുകൂല സാഹചര്യങ്ങളില്‍ വലിയ രോഗബാധകള്‍ ഉണ്ടാക്കാനുമുള്ള സാഹചര്യം വൈറസുകള്‍ക്ക് തുറന്നുകിട്ടി. മനുഷ്യനെ മാത്രമല്ല സസ്യങ്ങളെയും മൃഗങ്ങളെയും ബാധിച്ചു.

മനുഷ്യനെ മുതലെടുത്തു ജീവിക്കാന്‍ തുടങ്ങിയ ആദ്യ വൈറസുകളില്‍ ചിലതാണ് അഞ്ചാംപനിയുടെതും വസൂരിയുടെതും. ഇന്ത്യയിലും യൂറോപ്പിലും ആഫ്രിക്കയുടെ വടക്കേ അറ്റത്തുമായി ഉല്‍ഭവിച്ച ഇവ പിന്നീട് ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചു. ഇവയില്‍ ഒരുപക്ഷേ ഏറ്റവുമധികം ആളുകളെ കൊന്നത് 1918-19 കാലഘട്ടത്തില്‍ ലോകത്തൊട്ടാകെ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് അഞ്ചു കോടി ആളുകളാണ് ഈ അണുബാധയില്‍ മരണപ്പെട്ടത്. ഈ മരണനിരക്ക് ലോകമഹായുദ്ധങ്ങളെപ്പോലും കവച്ചു വെക്കും.വൈറസുകളുടെ ലോകത്തേക്ക് ഇന്ത്യയുടെ സംഭാവനയാണ് വസൂരി വൈറസ്. ഏതാണ്ട് 11000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ വച്ചാണ് എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് എത്തിയത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നാം തുടച്ചുനീക്കിയ അപൂര്‍വം രോഗങ്ങളിലൊന്നും വസൂരി ആണ്. എഡ്വേര്‍ഡ് ജെന്നര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് വസൂരി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സഹായിച്ചത്.

മധ്യകാലത്ത് യൂറോപ്പിനെ വിറപ്പിച്ച രോഗമായിരുന്നു പ്ലേഗ്. ഒരു ബാക്ടീരിയല്‍ അണുബാധയായിരുന്നുവെങ്കിലും, അക്കാലത്ത് വൈറസുകളുടെ രോഗഭീഷണിയും കുറവായിരുന്നില്ല. 40 വയസ്സില്‍ താഴെയായിരുന്നു അന്ന് ഒരു ശരാശരി യൂറോപ്യന്റെ ആയുര്‍ദൈര്‍ഘ്യം. ഇതിന് ഒരു പ്രധാനകാരണം ഉയര്‍ന്ന ശിശുമരണ നിരക്കായിരുന്നു. കുട്ടികളുടെ മരണനിരക്ക് വര്‍ധിപ്പിച്ചതാകട്ടെ, ഇന്‍ഫ്‌ളുവന്‍സ, അഞ്ചാംപനി, വസൂരി എന്നീ രോഗങ്ങളായിരുന്നു.

വൈറസുകള്‍ മുട്ടുമടക്കുന്നു

വാക്‌സിനേഷന്‍ കണ്ടുപിടുത്തത്തിനുള്ള പ്രചോദനം യൂറോപ്പിന് കിട്ടിയത് ഇസ്താംബൂളില്‍ നിന്നായിരുന്നു. വസൂരി തടയുന്നതിന് വസൂരി ബാധിച്ചവരുടെ ശരീരത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചലം രോഗമില്ലാത്തവരുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന രീതി ഇസ്താംബൂളില്‍ നിലനിന്നിരുന്നു. വാരിയോളേഷന്‍ എന്നറിയപ്പെട്ട ഈ രീതി ബ്രിട്ടീഷ് അരിസ്റ്റോക്രാറ്റ് ദമ്പതികളായ മോണ്ടെഗൂസ് തങ്ങളുടെ മക്കളില്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. ഇക്കാര്യം അവര്‍ ബ്രിട്ടീഷ് രാജാവിനെ അറിയിച്ചു. ഈ ചികിത്സാരീതി പരീക്ഷിച്ചുനോക്കാന്‍ രാജാവിനും താല്പര്യമായി.

വധശിക്ഷ വിധിച്ച ആറ് കുറ്റവാളികളെ വിളിച്ച് അവര്‍ക്ക് ഒരു വാഗ്ദാനം രാജാവ് നല്‍കി. വസൂരി രോഗിയുടെ ചലം കുത്തിവെയ്ക്കുന്ന പരീക്ഷണത്തിന് വിധേയമായാല്‍ മാപ്പുനല്‍കി വിട്ടയക്കാം. കുറ്റവാളികള്‍ പരീക്ഷണത്തിനു സമ്മതിച്ചു. ആറുപേരെയും പരീക്ഷണത്തിന് വിധേയമാക്കി. എല്ലാവരും രക്ഷപ്പെടുകയും വസൂരിക്കെതിരെ പ്രതിരോധം നേടുകയും ചെയ്തു. ഇത് ബ്രിട്ടനില്‍ വാരിയോളേഷന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. ഉയര്‍ന്ന ചെലവു മൂലം എല്ലാവര്‍ക്കും ഈ ചികിത്സ ലഭ്യമായിരുന്നില്ല.

കുട്ടിയായിരിക്കെ വാരിയോളേഷന്‍ ലഭിച്ച ഒരാളായിരുന്നു എഡ്വേര്‍ഡ് ജെന്നര്‍. അദ്ദേഹത്തിന്റെ നാട്ടില്‍ നിലനിന്ന ഒരു വിശ്വാസമുണ്ടായിരുന്നു. താരതമ്യേന നിസ്സാരമായി മനുഷ്യനില്‍ വന്നുപോകുന്ന ഗോവസൂരി എന്ന രോഗം വന്നവര്‍ക്ക് പിന്നീട് ഗുരുതരമായ വസൂരിരോഗം വരുന്നില്ല എന്ന കാര്യം. ഈ അറിവുപയോഗിച്ച് വസൂരിയെ തടഞ്ഞുകൂടേ എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു. ഇതാണ് പിന്നീട് വാക്‌സിനേഷന്‍ ആയി മാറിയത്.

അടുത്തതായി കണ്ടെത്തിയ വാക്‌സിന്‍ പേവിഷബാധയ്‌ക്കെതിരെ ലൂയി പാസ്റ്റര്‍ വികസിപ്പിച്ചെടുത്തതായിരുന്നു. 4000 വര്‍ഷം മനുഷ്യന്റെ കൂടെയുണ്ടായിരുന്ന, ബാധിച്ചാല്‍ മരണകാരണമാകുമായിരുന്ന ഒരസുഖം തടയുന്നതില്‍ അങ്ങനെ ആദ്യമായി മനുഷ്യന് ഒരു വഴി തുറന്നു കിട്ടി.

പേവിഷബാധ ഉണ്ടായ നായ്ക്കളുടെ നട്ടെല്ലില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ദ്രാവകം ഏഴ് വയസ്സായ ഒരു ബാലന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതു വഴി ധീരമായ പരീക്ഷണമാണ് പാസ്റ്റര്‍ നടത്തിയത്. അത് വിജയിച്ചു. തുടര്‍ന്ന് പോളിയോ വൈറസ് അടക്കം പല വൈറസുകള്‍ക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കുകയും വിജയകരമായി ഇവയെ നിയന്ത്രിക്കുകയും ചെയ്തു.

വൈറസുകളുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ബോധവും അവയെ തടയാനുള്ള വഴികളും നാം ഇങ്ങനെ കണ്ടെത്തിയിരുന്നെങ്കിലും വൈറസുകളുടെ സാന്നിധ്യം സംശയരഹിതമായി ഉറപ്പാക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. ജീവന്റെയും നിര്‍ജ്ജീവതയുടെയും ഇടയില്‍ നില്‍ക്കുന്ന ഒരു വസ്തുവാണ് വൈറസ്.

കോശങ്ങള്‍ക്കുള്ളില്‍ മാത്രമേ വൈറസുകളുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. ഡി.എന്‍.എ, ആര്‍.എന്‍.എ തുടങ്ങിയ ജനിതക പദാര്‍ത്ഥങ്ങള്‍ ഇവയ്ക്കുള്ളില്‍ ഉണ്ട് എന്ന കണ്ടെത്തല്‍ വ്യത്യസ്തമായ ഒരു ജീവരൂപമാണ് ഇവ എന്ന തിരിച്ചറിവിലേക്ക് നയിച്ചു. സസ്യങ്ങളിലും മൃഗങ്ങളിലും ബാക്ടീരിയകളില്‍പ്പോലും വിവിധ തരം രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയാണ് പുതുതായി കണ്ടെത്തിയ ഈ വൈറസുകള്‍ എന്ന തിരിച്ചറിവ് അധികം വൈകിയില്ല. ഇതിനെത്തുടര്‍ന്ന് മനുഷ്യരില്‍ രോഗകാരിയാകുന്ന നിരവധി വൈറസുകളെ കണ്ടെത്തി. ഇതില്‍ പ്രധാനിയായ വസൂരിവൈറസിനെ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ നാം നിഷ്‌കാസനം ചെയ്തിരുന്നു. എന്നാല്‍ എച്ച്‌ഐവി, ഇന്‍ഫ്‌ളുവന്‍സ വൈറസ് തുടങ്ങിയവയൊക്കെ പിടിതരാതെ തുടരുന്നു. കൊതുകുകള്‍ വഴി പകരുന്ന ആര്‍ബോ വൈറസ് കുടുംബത്തില്‍പെട്ടവയാകട്ടെ കേരളത്തിലടക്കം വലിയ ഭീതി വിതയ്ക്കുകയും ചെയ്യുന്നു.

പുതിയ തരത്തില്‍പ്പെട്ട വൈറസുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണോ ?

വൈറസുകള്‍ ജീവന്റെയും നിര്‍ജീവാവസ്ഥയുടെയും നടുവില്‍ നില്‍ക്കുന്ന ഒരു പദാര്‍ത്ഥമാണ് എന്നു പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ ജനിതക വ്യതിയാനങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഇവയില്‍ അധികമാണ്. ഈ ജനിതക വ്യതിയാനങ്ങളാണ് ഇടയ്ക്കിടെ പുതിയ വൈറസുകളെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ എക്കാലവും പുതിയ വൈറസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

വൈറസുകളെ അതിജീവിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് ?

കഴിഞ്ഞ നൂറ്റാണ്ടിലേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വൈറസുകളെ അതിജീവിക്കാന്‍ നമുക്കിന്ന് സാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. ക്വാറന്റൈന്‍, ഐസൊലേഷന്‍ പോലെയുള്ള നടപടികള്‍ കൊണ്ട് വൈറസുകളുടെ പെട്ടെന്നുള്ള വ്യാപനം തടയാന്‍ കഴിയുന്നുണ്ട്. പുതിയ മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കാനും സാധിക്കുന്നു്. വാക്‌സിനുകളാണ് വൈറസുകള്‍ക്കെതിരെയുള്ള ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗ്ഗം. എന്നാല്‍ പെട്ടെന്ന് ജനിതക വ്യതിയാനം സംഭവിക്കുന്ന വൈറസുകള്‍ക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നത് എളുപ്പമല്ല. വാക്‌സിന്‍ വികസിപ്പിച്ച് വരുമ്പോഴേക്ക് വൈറസിന്റെ സ്വഭാവം മാറിയിട്ടുണ്ടാകുമെന്നതാണ് കാരണം. ഇന്‍ഫ്‌ളുവന്‍സ വൈറസ് ആണ് പ്രധാന ഉദാഹരണം. ഓരോ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വൈറസില്‍ വരുന്ന ജനിതക മാറ്റങ്ങള്‍ പരിഗണിച്ച് പുതിയ വാക്‌സിന്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യേണ്ട ബാധ്യതയാണ് നമുക്കുള്ളത്. കൂടാതെ വൈറസുകള്‍ക്കെതിരെയുള്ള മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ താരതമ്യേന അധികമായതിനാല്‍ ഇവയുടെ ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയും വരുന്നു. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും തൃപ്തികരമാം വിധം വൈറസുകളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്.

മനുഷ്യന്റെ ഭാവി; വൈറസുകളുടേതും

എല്ലാ വൈറസുകള്‍ക്ക് എതിരെയും 100% ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ നമുക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്നതു പരിഗണിച്ചാല്‍ ഇനിയും വളരെക്കാലം നമ്മുടെയൊപ്പം രോഗകാരികളായ വൈറസുകള്‍ ഭൂമുഖത്ത് നിലനില്‍ക്കും. രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ക്കു പുറമേ വിവിധ തരം പുതിയ വാക്‌സിനുകളും പുതിയ ആന്റിവൈറല്‍ മരുന്നുകളും കണ്ടെത്തുകവഴി വൈറല്‍ രോഗങ്ങള്‍ക്കുമേല്‍ നമുക്ക് അധികം വൈകാതെ ആധിപത്യം സ്ഥാപിക്കാനാകും എന്നു പ്രതീക്ഷിക്കാം.

കൊറോണ വൈറസുകള്‍

രണ്ടു പതിറ്റാണ്ടുകളായി വലിയ പൊതുജനാരോഗ്യ പ്രശ്‌നമായിരുന്ന സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണം കൊറോണ വൈറസ് കുടുംബമായിരുന്നു. കൊറോണ വൈറസ് കുടുംബത്തിലെ പുതിയൊരു അംഗമാണ് 2019 ലെ നോവല്‍ കൊറോണ ഔട്ട് ബ്രേക്കിന് കാരണമായത്. വായുവിലൂടെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സ്വഭാവമുള്ളതിനാല്‍ തടഞ്ഞു നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് ഇത്. നിപ, എബോള, വെസ്റ്റ് നൈല്‍ വൈറസുകള്‍ വിവിധ കുടുംബങ്ങളില്‍ പെടുന്ന വൈറസുകളാെണങ്കിലും ഉയര്‍ന്ന മരണനിരക്കും താരതമ്യേന പുതിയ അസുഖങ്ങളാണ് എന്നതും കൊണ്ട് ഇവയെ ഒരുമിച്ച് പരിഗണിക്കാം. എബോള കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അത് വന്നയിടങ്ങളില്‍ വളരെ ഭീതിദമായ ഒരു സാഹചര്യമാണ് ആ രോഗം സൃഷ്ടിച്ചത്. നിപ്പ കേരളത്തില്‍ 80 ശതമാനത്തിനു മുകളിലുള്ള മരണനിരക്കാണ് ഉണ്ടാക്കിയത്. കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസും ഉയര്‍ന്നുവരുന്ന ഒരു ഭീഷണിയാണ്.

ഒരിക്കലും തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത ഒരു പുതിയ വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടോ ?

പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയാത്ത ഒരു സാധ്യതയാണത്. മാരക പ്രഹരശേഷിയും പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ ശേഷിയുമുള്ള ഒരു വൈറസ് ബാധിച്ചാല്‍ ഒരുപക്ഷേ മനുഷ്യകുലത്തിന് വംശനാശം തന്നെ സംഭവിച്ചു കൂടായ്കയില്ല. പക്ഷേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്തോറും വൈറസിന്റെ സ്വഭാവത്തില്‍ മാറ്റം സംഭവിക്കുമെന്നതിനാലും മനുഷ്യര്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതിനാലും ഇതൊരു സൈദ്ധാന്തിക സാധ്യത മാത്രമായി നിലനില്‍ക്കും എന്നാണ് തോന്നുന്നത്.

വൈറസ് ഇല്ല എന്നും ഈ രോഗങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടല്ലോ ?

വൈറസുകളുടെ അസ്ഥിത്വത്തിനും അവ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനും വ്യക്തമായ തെളിവുകള്‍ നമ്മുടെ പക്കല്‍ പതിറ്റാണ്ടുകളായി ഉണ്ട്. വൈറസുകള്‍ എങ്ങനെ രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് തന്മാത്രാ തലത്തിലുള്ള വിവരങ്ങളുമുണ്ട്. ഇവ ഉപയോഗിച്ചാണ് നാം ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ നിര്‍ണയിക്കുന്നതും. വാര്‍ത്താപ്രാധാന്യവും ധനസമ്പാദനവുമാണ് വൈറസുകള്‍ ഇല്ല എന്നും മറ്റും കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Viruses: What are they and what do they do


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented