വെന്റിലേറ്റര്‍ എന്ന് കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് പേടിയാണ്. മരണപ്പെട്ട വ്യക്തിയില്‍ നിന്ന് കാശ് തട്ടാനുള്ള ആശുപത്രികളുടെ തട്ടിപ്പാണ് വെന്റിലേറ്റര്‍ എന്നാണ് പൊതുവായ ആളുകളുടെ വിശ്വാസം. അതുകൊണ്ട് തന്നെ വെന്റിലേറ്ററില്‍ കയറ്റുക എന്നാല്‍ മരണപ്പെട്ട് കഴിഞ്ഞതാണ് എന്ന പ്രചരണം സ്വാഭാവികമാണ്. ഈ ഒരു സാഹചര്യത്തിലാണ് ഒന്നര മാസത്തിലധികം വെന്റിലേറ്ററില്‍ കിടന്ന്, അഞ്ച് തവണയോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച്, രക്തസമ്മര്‍ദ്ദം പലതവണ അപകടകരമായി വ്യതിചലിച്ച്, രണ്ടരമാസം ഐ.സി.യുവിലും കിടന്ന് മരണത്തെ വിജയകരമായി അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന സുധീഷിന്റെ അനുഭവം പ്രസക്തമാകുന്നത്.

മണ്ണാര്‍ക്കാട് സ്വദേശിയായ സുധീഷും സുഹൃത്തും ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. അത്ര ചെറിയ അപകടമൊന്നുമായിരുന്നില്ല, കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ജീവന്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ നഷ്ടപ്പെട്ടു. സുധീഷാകട്ടെ അതീവ ഗുരുതരമായ അവസ്ഥയില്‍ മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്നു. ദേഹമാകമാനം ക്ഷതങ്ങളാണ്. നട്ടെല്ലിന് വലിയ ക്ഷതം സംഭവിച്ചിരിക്കുന്നു. ശരീരം തളര്‍ന്ന് പോയിരിക്കുന്നു. രക്ഷപ്പെടുത്തിയെടുക്കല്‍ ഒട്ടും എളുപ്പമല്ല, പക്ഷേ ജീവന്റെ തുടിപ്പ് ശരീരത്തില്‍ നിലനില്‍ക്കുന്ന നിമിഷം വരെയും അത് നിലനിര്‍ത്താന്‍ ആവുന്നതത്രയും ചെയ്യേണ്ടത് ഡോക്ടറുടെ ധര്‍മ്മമാണല്ലോ. 

ഞങ്ങളെല്ലാവരും ചേര്‍ന്ന് സുധീഷിനെ ഏറ്റെടുത്തു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഓര്‍ത്തോപീഡിക് സര്‍ജന്‍, ഇന്റന്‍സിവിസ്റ്റ്, ന്യൂറോസര്‍ജന്‍... ഓരോരുത്തര്‍ക്കും കൃത്യമായി നിര്‍വ്വഹിക്കപ്പെട്ട റോളുകളുണ്ടായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന നിമിഷങ്ങളിലും ജീവന്‍ നിലനിര്‍ത്താനുള്ള കഠിന പോരാട്ടങ്ങള്‍ ഞങ്ങളോരോരുത്തരും ഊഴമിട്ട് നടത്തി. 

എന്താണ് രോഗിയുടെ അവസ്ഥ? ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം കേള്‍ക്കുന്ന പതിവ് ചോദ്യം. മാറ്റമില്ലാതെ തുടരുന്നു എന്ന മറുപടി തന്നെ ദിവസങ്ങളോളം ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ക്കുണ്ടാകുന്ന ആശങ്ക മനസ്സിലാക്കാന്‍ സാധിക്കും. ഇതിന് പുറമെ സാമ്പത്തികമായി വളരെ പിന്നാക്കമുള്ള കുടുംബമാണ്. അനിശ്ചിതമായി തുടരുന്ന വെന്റിലേറ്ററിന്റെയും ഐ.സി.യു വിന്റെയും വാടക ആ കുടുംബത്തിന്റെ പ്രാപ്യമാകില്ലെന്നുറപ്പാണ്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനെ കുറിച്ച് അവര്‍ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്തു. 

പക്ഷേ, ഈ അവസ്ഥയില്‍ ആശുപത്രിയില്‍ നിന്നും ഷിഫ്റ്റ് ചെയ്യുന്നത് ദോഷകരമാകുമെന്നുറപ്പാണ്. ഞങ്ങള്‍ കാര്യം പറഞ്ഞു. അവരും നിസ്സഹായരമാണ്. ചികിത്സ തുടരണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ സാമ്പത്തികമാണ് ഏറ്റവും വലിയ പ്രശ്‌നം. ഞങ്ങള്‍ ഡോക്ടര്‍മാരെല്ലാവരും ചേര്‍ന്ന് മാനേജ്‌മെന്റിനോട് കാര്യം പറഞ്ഞു. സുധീഷിന്റെ പ്രായവും, കുടുംബത്തിന്റെ അവസ്ഥയുമെല്ലാം മനസ്സിലാക്കിയ മാനേജ്‌മെന്റ് ഒറ്റ ചോദ്യം മാത്രം ചോദിച്ചു. പണം ഈടാക്കാതെ ചികിത്സ ചെയ്യാം, പക്ഷേ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നുറപ്പുണ്ടോ? നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കുന്നതായിരുന്നില്ല അവസ്ഥ. എങ്കിലും ആ വെല്ലുവിളി ഞങ്ങളേറ്റെടുത്തു. സുധീഷിന്റെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സൗജന്യമാക്കി നല്‍കി.

ഇത് ആ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. അവര്‍ എല്ലാം ദൈവത്തിനും ഞങ്ങള്‍ക്കുമായി വിട്ടുനല്‍കി. ഏതാണ്ട് ഒന്നരമാസം നീണ്ടുനിന്ന വെന്റിലേറ്റര്‍ ജീവിതം, രണ്ടര മാസത്തോളമുള്ള ഐ.സി.യു. വാസം. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ക്രമം തെറ്റിയാണ് തുടര്‍ന്നത്. ഏത് നിമിഷവും ഹൃദയം നിശ്ചലമാവുകയും രക്തസമ്മര്‍ദ്ദം തീര്‍ത്തും ഇല്ലാതാവുകയും ചെയ്യാവുന്ന സാഹചര്യം. ഈ അവസ്ഥയുണ്ടാകുമെന്നുറപ്പായിരുന്നതിനാല്‍ എല്ലാ മുന്‍കരുതലുകളും ഞങ്ങള്‍ സ്വീകരിച്ചു. ഒന്നര മാസത്തെ വെന്റിലേറ്റര്‍ ജീവിതത്തിനിടയില്‍ അഞ്ച് തവണ സുധീഷിന്റെ ഹൃദയം നിശ്ചലമായി. ഓരോ തവണയും കഠിനമായ പരിശ്രമത്തിലൂടെ ഞങ്ങല്‍ ഹൃദയമിടിപ്പ് വീണ്ടെടുത്തി. പലതവണ രക്തസമ്മര്‍ദ്ദം ഇല്ലാതായി, അപ്പോഴൊക്കെ ആത്മാര്‍ത്ഥമായ പരിശ്രമത്തോടെ അതും തിരിച്ച് പിടിച്ചു.

ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒരു സര്‍ജറി അനിവാര്യമായിരുന്നു. അതീവ സങ്കീര്‍ണ്ണമാണ് അവസ്ഥ, നിര്‍വ്വഹിക്കാതെ പറ്റില്ല. ദൈവം അവിടെയും സുധീഷിനോടോപ്പമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കുറച്ചു നാള്‍ കൂടി ഐ.സി.യു. വാസം, പിന്നീട് റൂമിലേക്ക്, റൂമില്‍ നിന്ന് വീട്ടിലേക്ക്. അവിശ്വസനീയമായ ജീവന്‍ തിരിച്ചുപിടിക്കലായിരുന്നു സുധീഷിന്റേത്. രണ്ടരമാസം ഐ.സി.യു. ബെഡ്ഡില്‍ കിടന്നിട്ടും ശരീരത്തിന് പുറക് വശത്ത് ഒരു ചെറിയ വ്രണം പോലും ഉണ്ടായില്ല എന്നത് നഴ്‌സുമാരുടെ പരിചരണം എത്രത്തോളം ആത്മാര്‍ത്ഥമായിരുന്നു എന്നതിന് ഉദാഹരണമാണ്  

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുധീഷിന്റെ വീട് സന്ദര്‍ശിച്ചു. ഒരു നാട് മുഴുവന്‍ അവിടെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരനോട് അവിടത്തെ ജനങ്ങള്‍ക്കുള്ള ഇഷ്ടവും, സ്‌നേഹവും, അവന്റെ ജീവന്‍ രക്ഷിക്കുവാന്‍ നിമിത്തമായ ഞങ്ങളോടുള്ള ആദരവും എല്ലാം ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ഏത് പ്രതിഫലത്തേക്കാളും മനസ്സിന് സംതൃപ്തിയേകുന്ന ഇത്തരം അനുഭവങ്ങളാണ് ഒരു ഡോക്ടറുടെ ജീവിതത്തെ ധന്യമാക്കുന്നതെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നു

(കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റും ഹെഡുമാണ് ലേഖകന്‍)

Content Highlights: Ventilator is not the end of life a Dr. Shaji K.R shares his experience, Health