കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവന്‍ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴിയായി നാം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എപ്പോള്‍ ലഭ്യമാകും എന്നതിനെ കുറിച്ചാണ്. അത്രമേല്‍ പ്രാധാന്യമേറിയ,  എന്നാല്‍ ഒരുപാട് അബദ്ധധാരണകള്‍ പ്രചരിക്കപ്പെടുന്ന ഒരു ആശയമാണ് വാക്‌സിനേഷന്‍ അഥവാ രോഗപ്രതിരോധ കുത്തിവയ്പ്പ്. 

നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പലതരത്തിലുള്ള അണുബാധകളെ പ്രതിരോധിക്കാന്‍ പഠിപ്പിക്കുകയും യഥാര്‍ഥ അണുബാധ ഉണ്ടായാല്‍ ഉടനടി പ്രവര്‍ത്തനനിരതരാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് വാക്‌സിനുകള്‍. വാക്‌സിനുകളുടെ ഘടന, അത് കൊടുക്കുന്ന രീതി, തുടങ്ങിയവ ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നിര്‍ണയിച്ചതാണ്. അതിനാല്‍ പൂര്‍ണ സുരക്ഷിതവുമാണ്.

കാന്‍സറിനെ പ്രതിരോധിക്കാനും വാക്‌സിന്‍ എന്നത് നൂതനമായ ഒരു ആശയമായി ചിലര്‍ക്കെങ്കിലും തോന്നാം. ഇന്ത്യയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍ ആണ്. ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് (HPV) എന്ന വൈറസ് ബാധയാണ് ഇതിന്റെ പ്രധാന കാരണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് ബാധ പടരുന്നത്. 30 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ ഈ രോഗാണുബാധയുടെ തോത് ഏകദേശം 90 ശതമാനത്തോളം വരും. എന്നാല്‍ ഭൂരിഭാഗം പേരിലും അവരുടെ രോഗപ്രതിരോധ ശേഷി കൊണ്ട് ഈ രോഗാണുവിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ 10 ശതമാനം സ്ത്രീകളില്‍ എച്ച്.പി.വി.  രോഗാണുബാധ തുടരുകയും രോഗാണുവിന്റെ പ്രതിപ്രവര്‍ത്തനം മൂലം ഗര്‍ഭാശയഗള കോശങ്ങളില്‍ കാന്‍സറാകാന്‍ സാധ്യതയുള്ള ജനിതകമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

എച്ച്.പി.വി. രോഗാണുബാധ തടയാനുള്ള വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. നൂറില്‍ പരം തരത്തിലുള്ള എച്ച്.പി.വി. രോഗാണുക്കള്‍ ഉണ്ടെന്നിരിക്കെ എച്ച്.പി.വി. 6, 11, 16, 18 എന്നിവയാണ് സാധാരണയായി കാണുന്നത്. ഏകദേശം 9 തരം എച്ച്.പി.വി. സ്‌ട്രെയിനുകള്‍ക്കെതിരെയുള്ള വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്. 9-15 വയസ്സിന് ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് മിനിമം 2 ഡോസ് വാക്‌സിന്‍ ആറ് മാസകാലയളവില്‍ നല്‍കേണ്ടതാണ്. ശാരീരിക ബന്ധം തുടങ്ങുന്നതിന് മുന്‍പ് എടുക്കുക എന്നതാണ് ഏറ്റവും ഉചിതം. 

മുതിര്‍ന്ന സ്ത്രീകളില്‍ വാക്‌സിന്‍ അത്ര ഫലപ്രദമല്ല. ആണ്‍കുട്ടികളിലും ഈ വാക്‌സിന്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാശയഗള കാന്‍സര്‍, യോനിയിലെ കാന്‍സര്‍, യോനീമുഖ കാന്‍സര്‍, മലാശയ കാന്‍സര്‍, വായിലെ കാന്‍സര്‍,   തുടങ്ങി ജനനേന്ദ്രിയത്തിലെ ചിലതരം മുഴകളേയും (Warts) എച്ച്.പി.വി. വാക്‌സിന്‍ വളരെ ഫലപ്രദമായി പ്രതിരോധിക്കുന്നു; പ്രത്യേക പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെതന്നെ. 

ലോകാരോഗ്യ സംഘടന ഇതിനെ ഏറ്റവും പ്രധാനപ്പെട്ട മരുന്നുകളിലൊന്നായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2006 മുതല്‍ ഈ വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ അവരുടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ ഇപ്പോഴും ഈ വാക്‌സിന്‍ എടുക്കുന്നതിന്റെ തോത് 41 ശതമാനത്തില്‍ താഴെയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഈ വാക്‌സിന്‍ ഇപ്പോഴും പ്രചാരത്തിലല്ല. ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ഇതിന്റെ വിലയാണ്. ഒരു ഡോസിന് ഏകദേശം 2500 രൂപയോളം ചിലവ് വരുന്നുണ്ട്. വളരെ മാതൃകാപരമായി ഡല്‍ഹി സര്‍ക്കാര്‍ 2016 മുതല്‍ തീര്‍ത്തും സൗജന്യമായി ഈ കുത്തിവയ്പ്പ് 13 വയസ്സുള്ള  പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്. 

2030 ഓടു കൂടി ലോകത്ത് നിന്നും ഗര്‍ഭാശയഗള കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ലോകാരോഗ്യസംഘടന ആവിഷ്‌കരിച്ചിരിക്കുന്ന ഈ വേളയില്‍ കൃത്യമായ രീതിയില്‍ ഒരു സ്‌ക്രീനിങ് പ്രോഗ്രാമോ എച്ച്.പി.വി. പ്രതിരോധ കുത്തിവെയ്‌പ്പോ ഇന്ത്യയിലില്ല എന്നത് നിരാശാജനകമാണ്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നതും 65 ല്‍ പരം രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതുമായ ഈ  കുത്തിവയ്പ്പ് തീര്‍ച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. താഴെക്കിടയിലുള്ള അര്‍ഹിക്കുന്ന ജനവിഭാഗത്തിലേക്ക് എത്തണമെങ്കില്‍ വിലകുറച്ച് വാക്‌സിന്‍ ലഭ്യമാകണം. കേരളത്തിന് ഡല്‍ഹിയെ മാതൃകയാക്കാവുന്നതാണ്. എച്ച്.പി.വി. കുത്തിവയ്പ്പ് എടുക്കുന്നതോടു കൂടി തന്നെ കൃത്യമായ സമയത്ത് പാപ്‌സ്മിയര്‍ ടെസ്റ്റ് ചെയ്യേണ്ടതുമാണ്.

(കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ഗൈനക്ക് ഓങ്കോളജിസ്റ്റുമാണ് ലേഖിക)

Content Highlights: Vaccines to prevent Cervical Cancer, Health, Cancer Awareness