പത്തുവയസ്സ് കഴിഞ്ഞാല്‍ ടി.ടി മാത്രം മതിയോ? കൗമാരക്കാര്‍ ഒഴിവാക്കരുത് ഈ കുത്തിവെപ്പുകള്‍


ഡോ. സൗമ്യ സരിന്‍

ഇതുകൂടാതെ ഈ പ്രായത്തില്‍ കൊടുക്കാന്‍ കഴിയുന്ന ധാരാളം കുത്തിവെപ്പുകളുണ്ട്. ഇന്ന് നാം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന പല നൂതനകുത്തിവെപ്പുകളും ഇവര്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ലഭ്യമായിരുന്നില്ല.

Photo: Pixabay

ത്തുമുതല്‍ പതിനെട്ടു വയസ്സുവരെയാണ് കൗമാരകാലം. പത്തുവയസ്സ് കഴിഞ്ഞാല്‍ പിന്നെ ആകെ എടുക്കേണ്ട കുത്തിവെപ്പ് ടി.ടി. മാത്രമാണെന്നാണ് അധികപേരുടെയും ധാരണ അല്ലേ? സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി കിട്ടുന്നത് ഇതേ ഉള്ളൂ എന്നത് സത്യംതന്നെ. എന്നാല്‍, ഇതുകൂടാതെ ഈ പ്രായത്തില്‍ കൊടുക്കാന്‍ കഴിയുന്ന ധാരാളം കുത്തിവെപ്പുകളുണ്ട്. ഇന്ന് നാം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന പല നൂതനകുത്തിവെപ്പുകളും ഇവര്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ലഭ്യമായിരുന്നില്ല. അതിനര്‍ഥം ഈ കുത്തിവെപ്പുകള്‍ '' കൊടുക്കേണ്ട സമയം'' കഴിഞ്ഞെന്നും കൗമാരപ്രായമായാല്‍ ഇവയൊന്നും കൊടുക്കാന്‍ പറ്റില്ല എന്നുമല്ല. ഇവര്‍ക്കും നല്‍കാം. അല്ലെങ്കില്‍ നല്‍കണം. കാരണം പ്രതിരോധിക്കാന്‍ കഴിയുന്ന പല രോഗങ്ങള്‍ക്കും നമ്മുടെ കുട്ടിയെ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലല്ലോ! അതുകൊണ്ടുതന്നെ പറയാന്‍പോവുന്നത് ഏതൊക്കെ ആണ് ഇനിയും ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിനുകള്‍ എന്നും അത് എങ്ങിനെ/എപ്പോള്‍ കൊടുക്കണമെന്നുമാണ്. ഇതുവരെ ഈ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്ത കൗമാരക്കാര്‍ക്കും/ അല്ലെങ്കില്‍ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തവര്‍ക്കും ഇവ കൊടുക്കാവുന്നവയാണ്.

ടി.ഡി.എ.പിടി.ഡി

ഈ കുത്തിവെപ്പുകളെ പറ്റി വിശദമായി നാം കഴിഞ്ഞ ലേഖനത്തില്‍ ചര്‍ച്ചചെയ്തതാണ്. ടി.ടി.ക്കുപകരം ഇന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് Tdap/Td ഇഞ്ചക്ഷനുകള്‍ എടുക്കാനാണ്. ടി.ടി. സംരക്ഷണംതരുന്നത് ടെറ്റനസ് രോഗത്തിന് മാത്രമാണ്. എന്നാല്‍, ഇവ കൗമാരപ്രായക്കാരെ ഡിഫ്തീരിയ/വില്ലന്‍ചുമ എന്നീ രോഗങ്ങളില്‍നിന്നുകൂടി സംരക്ഷിക്കുന്നു.

കൊടുക്കേണ്ടരീതി

പത്തുവയസ്സില്‍ കൊടുക്കേണ്ട ടി.ടി. ഇഞ്ചക്ഷന് പകരം Tdap കൊടുക്കുക, അതിനുശേഷം ഓരോ പത്തുവര്‍ഷവുംTd എടുക്കുക. പത്തുവയസ്സില്‍ ടി.ടി. എടുത്തിട്ടില്ലാത്ത കുട്ടിക്ക് ആദ്യഡോസ് ആയി Tdap നല്‍കാവുന്നതാണ്. ഇതിനു പ്രായപരിധി ഒന്നുമില്ല. അതിനുശേഷം ഓരോ പത്തുവര്‍ഷവും Td എടുക്കാവുന്നതാണ്. Tdap / Td ലഭ്യമല്ലെങ്കില്‍ പത്തു വയസ്സിലും പതിനാറു വയസ്സിലും ടി.ടി. ഇഞ്ചക്ഷന്‍ നിര്‍ബന്ധമായും എടുക്കണം. അതിനുശേഷം എല്ലാ പത്തുവര്‍ഷവും ആവര്‍ത്തിക്കുകയും വേണം.

എം.എം.ആര്‍

കൗമാരപ്രായക്കാരില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കുത്തിവെപ്പാണിത്. മംസ് (മുണ്ടിനീര്), മീസില്‍സ് (അഞ്ചാംപനി ), റൂബെല്ല പനി എന്നിവയില്‍നിന്നാണ് ഈ ഇഞ്ചക്ഷന്‍ സംരക്ഷണം തരുന്നത്. ഇതില്‍ റൂബെല്ല പനി വളരെ ശ്രദ്ധിക്കേണ്ടതാണ്. സാധാരണരീതിയില്‍ ഇത് നമ്മെ കൂടുതല്‍ ശല്യപ്പെടുത്താതെ വന്നുപോകുന്ന ഒരു വൈറല്‍പനി ആണ്. പനി, മേലുവേദന, ദേഹത്ത് ചുവന്നുതടിച്ച പാടുകള്‍, കഴലവീക്കം എന്നീ ലക്ഷണങ്ങള്‍ ആണുണ്ടാകാറുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ ഇതേ റൂബെല്ല ഗര്‍ഭിണികളില്‍ വില്ലനാവാറുണ്ട്. ഗര്‍ഭിണിയായി ആദ്യത്തെ മൂന്നു നാല് മാസത്തിനുള്ളില്‍ ഈ പനി വന്നാല്‍ അത് ബാധിക്കുന്നത് അമ്മയെയല്ല, ഗര്‍ഭസ്ഥശിശുവിനെയാണ്. അതും വളരെ മോശമായി. കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുന്നു, തലച്ചോറിന്റെ വികാസം കുറയുന്നു. ജനിക്കുമ്പോള്‍തന്നെ കാഴ്ച ശക്തിക്കും കേള്‍വിശക്തിക്കും തകരാറുകളുണ്ടാകാം. ഹൃദയത്തില്‍ ജന്മനാതന്നെ വൈകല്യങ്ങളുണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ ഈ കുഞ്ഞുങ്ങള്‍ ജീവിച്ചാല്‍ തന്നെ വളരെ അധികം ശാരീരികവൈകല്യങ്ങളോടുകൂടിയാകും ശിഷ്ടജീവിതം തള്ളിനീക്കുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന ഒരു ഇഞ്ചക്ഷനിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാമെന്നത് വലിയൊരു കാര്യമല്ലേ! ഇത് പെണ്‍കുട്ടികളിലെ കാര്യം. ഇനി ആണ്‍കുട്ടികളുടെ കാര്യമെടുക്കാം. ചില സന്ദര്‍ഭങ്ങളില്‍ മുണ്ടിനീര് വൃഷണങ്ങളെ ബാധിക്കാറുണ്ട്. വളരെ അപൂര്‍വമാണെങ്കിലും ഇത് വന്ധ്യതയ്ക്ക് കാരണമാകാം. അതുകൊണ്ടുതന്നെ എം.എം.ആര്‍. ഇഞ്ചക്ഷന്‍ ആണ്‍കുട്ടികളിലും പ്രാധാന്യമര്‍ഹിക്കുന്നു.

കൊടുക്കേണ്ടരീതി

രണ്ടുഡോസുകളായാണ് കൊടുക്കുന്നത്. ആദ്യഡോസ് രണ്ടാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിനു 48 ആഴ്ച കഴിഞ്ഞ്.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍

ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗമെന്താണെന്നു കഴിഞ്ഞ ലേഖനങ്ങളില്‍ നാം ചര്‍ച്ചചെയ്തതാണ്. അതിനെതിരേ പൂര്‍ണസംരക്ഷണംതരുന്ന കുത്തിവെപ്പാണിത്. ചികിത്സ എടുത്തില്ലെങ്കില്‍ കരളിനെ വളരെമോശമായി ബാധിക്കുന്നതും കാലമേറുന്തോറും കരളിലെ കാന്‍സര്‍ ആയി രൂപാന്തരംപ്രാപിക്കാന്‍ ശക്തിയുള്ളതുമായ അസുഖമാണ് ഹെപ്പറ്റൈറ്റിസ് ബി. അതുകൊണ്ടു തന്നെ ഈ കുത്തിവെപ്പിനു പ്രാധാന്യമേറുന്നു.

കൊടുക്കേണ്ട രീതി

മൂന്നുഡോസുകളായാണ് നല്‍കേണ്ടത്. രണ്ടാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിനു ശേഷം ഒരുമാസം കഴിഞ്ഞാണ് നല്‍കേണ്ടത്. മൂന്നാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിന് ശേഷം ആറുമാസം കഴിഞ്ഞും.

ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍

വൃത്തിഹീനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. കൗമാരപ്രായക്കാര്‍ പുറമെനിന്നുള്ള ഭക്ഷണപാനീയങ്ങളിലും ഫാസ്റ്റ് ഫുഡിലുമൊക്കെ അമിതതത്പരരാണെന്നു നമുക്കറിയാമല്ലോ! അതുകൊണ്ടുതന്നെ ഇവരില്‍ രോഗസാധ്യതയും കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് എ രോഗം മൂര്‍ച്ഛിച്ചാല്‍ കരളിനെ മോശമായി ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് അഭികാമ്യം.

കൊടുക്കേണ്ടരീതി

രണ്ടുഡോസുകളാണ് കൊടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് ആദ്യഡോസ് കൊടുത്തുകഴിഞ്ഞ് ആറുമാസങ്ങള്‍ക്ക് ശേഷം.

ടൈഫോയ്ഡ് വാക്‌സിന്‍

മലിനമായ ഭക്ഷണപാനീയങ്ങളാണ് ടൈഫോയ്ഡ് പനിയുടെയും പ്രധാനകാരണം. ടൈഫോയ്ഡ് പനിയും നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാവുന്നതാണ്. ചിലരില്‍ ഇത് അപകടകരമായ അവസ്ഥകളിലേക്കും നീങ്ങാം.

കൊടുക്കേണ്ട രീതി

ഒരൊറ്റ ഡോസ് കൊടുത്താല്‍തന്നെ നല്ലരീതിയില്‍ സംരക്ഷണംനല്‍കുന്ന ''കോഞ്ചുഗേറ്റഡ് വാക്‌സിനുകള്‍'' ഇന്ന് വിപണികളില്‍ ലഭ്യമാണ്.

ചിക്കന്‍പോക്‌സ് വാക്‌സിന്‍

വളരെ സര്‍വസാധാരണമായി കാണുന്ന അസുഖമാണെങ്കിലും ചിക്കന്‍പോക്‌സ് നമ്മെ ചില സന്ദര്‍ഭങ്ങളില്‍ വലയ്ക്കാറുണ്ട്. ഈ അസുഖം മൂര്‍ച്ഛിച്ചാല്‍ തലച്ചോറിനെവരെ ബാധിക്കാനും രോഗി മരിക്കാനും ഇടയുണ്ട്. എന്നാല്‍ ഇതിലും അപകടം വേറൊരു കൂട്ടരിലാണ്. ഗര്‍ഭിണികളില്‍. ആദ്യമൂന്നു നാല് മാസത്തിനുള്ളില്‍ ഗര്‍ഭിണിക്ക് ചിക്കന്‍പോക്‌സ് വരാനിടയായാല്‍ അത് ബാധിക്കുന്നതും ഗര്‍ഭസ്ഥശിശുവിനെയാണ്. പലരീതികളിലുള്ള ശാരീരികവൈകല്യങ്ങളും ഇവരില്‍ കാണാം. ഇത് മാത്രമല്ല, പ്രസവത്തിനു തൊട്ടുമുമ്പും പ്രസവംകഴിഞ്ഞ് ഉടനെയുള്ള ദിവസങ്ങളിലും അമ്മയ്ക്ക് വരുന്ന ചിക്കന്‍ പോക്‌സും കുഞ്ഞിനെ മോശമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അമ്മമാരില്‍ ഈ അസുഖം വരാതെനോക്കുന്നതാണ് നല്ലത്. അതിനുള്ള വഴിയോ ഒന്ന് മാത്രം. പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുക.

കൊടുക്കേണ്ട വിധം

രണ്ടുഡോസുകളാണ് കൊടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് ആദ്യഡോസ് കൊടുത്തതിനു ശേഷം 48 ആഴ്ചകള്‍ക്ക് ശേഷം.

ഒരുകാര്യം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ എം.എം.ആര്‍. വാക്‌സിനും ചിക്കന്‍പോക്‌സ് വാക്‌സിനും എടുത്തശേഷം അടുത്ത മൂന്നുമാസക്കാലം ഗര്‍ഭിണിയാകാതെ നോക്കേണ്ടതാണ്. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ്.

എച്ച്.പി.വി. വാക്‌സിന്‍

സെര്‍വിക്കല്‍/ഗര്‍ഭാശയഗള കാന്‍സര്‍ വരുന്നതിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വാക്‌സിന്‍ ആണിത്. പെണ്‍കുട്ടികള്‍ക്കാണ് നല്‍കേണ്ടത്. ഇന്ന് സ്ത്രീകളില്‍ വളരെയധികംപേരില്‍ കാണുന്ന ഒരു കാന്‍സര്‍ ആണിത്. അതുകൊണ്ടുതന്നെ പ്രതിരോധം പ്രധാനമാണ്. രണ്ടുതരം വാക്‌സിനുകള്‍ ലഭ്യമാണ്.

കൊടുക്കേണ്ടരീതി

മൂന്നുഡോസുകള്‍ ആണ് കൊടുക്കേണ്ടത്. ആദ്യഡോസ് എടുത്തതിനുശേഷം 12 മാസങ്ങള്‍ക്കു ശേഷം രണ്ടാമത്തെ ഡോസ് (ഇത് നിങ്ങള്‍ ആദ്യം ഏതുതരം വാക്‌സിന്‍ ആണ് എടുത്തത് എന്ന് നോക്കിയാണ് തീരുമാനിക്കുന്നത്) മൂന്നാമത്തെ ഡോസ് ആദ്യഡോസ് കഴിഞ്ഞു ആറുമാസങ്ങള്‍ക്ക് ശേഷം.

Content Highlights: vaccines for teenagers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented