ഇടയ്ക്കിടെ വരുന്ന രക്തസ്രാവം, അമിതമായ വെള്ളപോക്ക്; ഗർഭാശയഗള അർബുദത്തെ എങ്ങനെ തിരിച്ചറിയാം ?


Representative Image| Photo: Canva.com

സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചതായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് 'ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍-സെര്‍വാവാക്' (ക്യൂ.എച്ച്.പി.വി.) എന്ന വാക്‌സിന്‍ വികസിപ്പിച്ചതായി ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് പ്രഖ്യാപിച്ചത്. വാക്സിൻ ഉടന്‍ വിപണിയിലെത്തുമെന്നും അറിയിച്ചിരുന്നു.

അറിയാം വാക്സിനെക്കുറിച്ച്

200-400 രൂപയാണ് വാക്സിന്റെ വില. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഒമ്പതുമുതല്‍ പതിനാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് തുടര്‍ന്നുള്ള 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം.

കുത്തിവെച്ച സ്ഥലത്ത് വേദന, തടിപ്പ്, ചൊറിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പനി, ശരീരവേദന, തലവേദന, ഛര്‍ദി എന്നിവ താത്കാലികമായി അനുഭവപ്പെടാം. സാംക്രമികരോഗങ്ങള്‍, അലര്‍ജി മുതലായ അസുഖമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുത്. ഈ വാക്‌സിന്‍ ദേശീയ പ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വിതരണംചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ദേശീയ സാങ്കേതിക ഉപദേശകസമിതി അംഗം ഡോ. എന്‍.കെ. അറോറ പറഞ്ഞു.

ഗർഭാശയഗള അർബുദം

സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ്‌ ഗർഭാശയഗള അർബുദം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും ലക്ഷണങ്ങളും എങ്ങനെ കണ്ടുപിടിക്കാമെന്നും പരിശോധിക്കാം.

ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ലോകത്തിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രത്യേകത

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?

  • 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
  • കൂടുതല്‍ പ്രസവിക്കുന്നവര്‍.
  • ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
  • ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
  • പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?

  • തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
  • അമിതമായ വെള്ളപോക്ക്.
  • ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
  • സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
  • ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാം?

വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയര്‍ പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്‌കോപ്പിനടിയില്‍ വെച്ചു നോക്കി കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. 30 വയസ്സില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.

ഇതേ കോശങ്ങളില്‍ തന്നെ എച്ച്.പി.വി. ഡി.എന്‍.എ. ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവ് അല്പം കൂടുമെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇത് ചെയ്താല്‍ മതിയാവും. പാപ്‌സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എച്ച്.പി.വി.ഡി.എന്‍.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.

പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പോസ്‌കോപ്പി. ഇത് എല്ലാ ആശുപത്രികളിലും ലഭ്യമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അയൊഡൈന്‍, അസെറ്റിക് ആസിഡ് തുടങ്ങിയവ സെര്‍വിക്‌സില്‍ പുരട്ടി സംശയം തോന്നുന്നിടത്തുന്നു മാത്രം ബയോപ്‌സി എടുത്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ക്കു മാത്രം കോള്‍പോസ്‌കോപ്പിയുടെ കൂടെ തന്നെ ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.

മേല്‍ പറഞ്ഞ സ്‌ക്രീനിങ് ടെസ്റ്റുകളൊക്കെ സെര്‍വിക്കല്‍ കാന്‍സര്‍ വന്നുകഴിഞ്ഞോ, അല്ലെങ്കില്‍ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ സ്റ്റേജിലോ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ്. 100 ശതമാനം ഫലവത്തായി സെര്‍വിക്കല്‍ കാന്‍സറിനെ ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.


വിവരങ്ങൾക്ക് കടപ്പാട്

ഡോ. ലക്ഷ്മി അമ്മാള്‍

Content Highlights: vaccine for cervical cancer symptoms and treatment of cervical cancer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented