സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ പോയിത്തുടങ്ങുമ്പോള്‍ വാക്‌സിനെക്കാള്‍ പ്രാധാന്യം മാസ്‌കിനു തന്നെയാണെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്.

റൊട്ട വൈറസിനെതിരേ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിലൂടെ 'വാക്‌സിന്‍ ഗോഡ് മദര്‍' എന്ന് മെഡിക്കല്‍ ലോകം വിശേഷിക്കുന്ന കാങ് തൃശ്ശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് 'മാതൃഭൂമി'യുമായി സംസാരിച്ചത്.സ്‌കൂളുകളില്‍ പോയിത്തുടങ്ങിയാല്‍ കുട്ടികള്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാം. എന്നാല്‍, കുട്ടികള്‍ക്കിടയില്‍ വ്യാപകമായി രോഗം പടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം വിരളമാണ്. ആരോഗ്യമുള്ള കുട്ടികളെ സംബന്ധിച്ച് കുറച്ചേ ആശങ്കപ്പെടേണ്ടതുള്ളൂ. പ്രത്യേകം ശ്രദ്ധവേണ്ട കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണം. അധ്യാപകരും മറ്റു ജീവനക്കാരും നിര്‍ബന്ധമായും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാകണം. മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് നൂറുശതമാനം ശരിയായ തീരുമാനമാണ്. ഒരു വര്‍ഷം മുമ്പുതന്നെ ഇത് ആവാമായിരുന്നു- ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങാന്‍ കടമ്പകള്‍ ഏറെ 

പൊതുജനാരോഗ്യമേഖല വഴി കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ഇനിയും ഏറെ കടമ്പകളുണ്ടെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റും വാക്‌സിന്‍ വിദഗ്ധയും ഇന്ത്യയില്‍ വാക്‌സിനേഷന്‍ നടപ്പാക്കാനുള്ള അന്തിമ ഉപദേശക കമ്മിറ്റി അംഗവുമായ ഡോ. ഗഗന്‍ദീപ് കാങ് 'മാതൃഭൂമി'യോടു പറഞ്ഞു.

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൈക്കോവ്-ഡി, 2-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവാക്‌സിന്‍ എന്നിവയാണ് നമ്മുടെ രാജ്യത്ത് കുട്ടികള്‍ക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകള്‍. നിര്‍ദേശിക്കപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതിനുള്ള അനുമതി കിട്ടിയിട്ടില്ല. വിവിധതലങ്ങളില്‍ പഠനവും ചര്‍ച്ചകളും തുടരുകയാണ്.

സൈക്കോവ്-ഡി 1400 കുട്ടികള്‍ക്കിടയിലെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശിക്കപ്പെട്ടത്. ഇവരില്‍ 700 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ബാക്കി 700 പേര്‍ വാക്‌സിന്‍ എടുക്കാത്തവരും. ഇവരില്‍ ആര്‍ക്കും കോവിഡ് ബാധയുണ്ടായില്ല. അതുകൊണ്ടുമാത്രം ആ പഠനത്തെ ശരിവെക്കാനാകുമോ?

ഇവരില്‍ 10 കുട്ടികളുടെ രക്തം മാത്രമാണ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധിച്ചത്. ഇവരില്‍ നടത്തിയ പഠനമാണോ രാജ്യത്തെ ബാക്കി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാനദണ്ഡമാക്കുന്നത്?

അതേസമയം കോവാക്‌സിന്‍ എടുത്ത ലക്ഷക്കണക്കിന് മുതിര്‍ന്നവരുണ്ട്. അത്രയുംപേര്‍ക്ക് വാക്‌സിന്‍ എടുത്തതിന്റെ വിവരങ്ങള്‍ ലഭിക്കും. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ കോവാക്‌സിന്‍ തന്നെ നിര്‍ദേശിക്കും.

15 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?

തീര്‍ച്ചയായും. ആരോഗ്യമുള്ള കുട്ടികളില്‍ കോവിഡ് ബാധ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ല. ലക്ഷണങ്ങള്‍പോലുമുണ്ടാകില്ല. മാത്രമല്ല, അവര്‍ക്ക് സ്വാഭാവിക പ്രതിരോധശേഷിയും ലഭ്യമാകും. രോഗബാധയില്‍നിന്ന് ആരൊക്കെയാണ് സുരക്ഷിതര്‍ എന്ന് പരിശോധിക്കുമ്പോള്‍ അവരെ മൂന്നായി തിരിക്കാം. 1. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതിനൊപ്പം സ്വാഭാവികമായി കോവിഡ് ബാധ ഉണ്ടായവര്‍. 2. സ്വാഭാവികമായി രോഗം വന്നുപോയവര്‍. 3. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍.

കുട്ടികള്‍ക്കായി നിര്‍ദേശിച്ച വാക്‌സിനുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

നിലവില്‍ മികച്ച വാക്‌സിനില്ല എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴുള്ളതില്‍ മികച്ചതെന്നു കണക്കാക്കുന്ന എം.ആര്‍.എന്‍.എ. വാക്‌സിനുകള്‍ പല രാജ്യങ്ങളും 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും എത്ര ഡോസ് നല്‍കണമെന്ന കാര്യത്തില്‍ പലരും വ്യത്യസ്ത നിലപാടിലാണ്.

യു.കെ.യില്‍ ഒരു ഡോസാണ് നല്‍കുന്നതെങ്കില്‍ യു.എസില്‍ രണ്ട് ഡോസ് നല്‍കുന്നു. അപ്പോള്‍ നമ്മള്‍ ഏത് വാക്‌സിന്‍ സ്വീകരിക്കും. നമുക്ക് സ്വന്തമായി എം.ആര്‍.എന്‍.എ. വാക്‌സിന്‍ ഇല്ല. ഇന്ത്യയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്തുപഠനമാണ് നടന്നിട്ടുള്ളത്. നിലവില്‍ രാജ്യത്ത് രോഗവ്യാപനം കുറവാണ്. ഗവേഷണം നടത്തി കൃത്യമായ വാക്‌സിന്‍ നയം രൂപപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. ശക്തമായ വിവരശേഖരണം നടത്തണം.

നാലുമുതല്‍ ആറുവരെ മാസംകൊണ്ട് അത് ഒരുക്കാവുന്നതേയുള്ളൂ. അതിനുശേഷം മാത്രം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങാം. ഈ വൈറസിനൊപ്പം കൂടുതല്‍ കാലം ജീവിക്കേണ്ടിവരുക അവരാണ്. അപ്പോള്‍ അവര്‍ക്ക് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടേ?

Content Highlights: Vaccine expert Dr. Gagandeep Kang said that the mask is more important than the vaccine among kids, Health, Covid19