ര്‍ഭപാത്രം മാറ്റിവെക്കാം, അതില്‍ ഐ.വി.എഫ്. വഴി കുഞ്ഞുങ്ങളുണ്ടാവാം. ദത്തെടുക്കാനും വാടക അമ്മമാരെ കണ്ടെത്താനും ഓടിനടക്കുന്നവരുള്ള കേരളത്തില്‍, പക്ഷേ, ഗര്‍ഭപാത്രം മാറ്റിവെക്കല്‍ (യൂട്ടറൈന്‍ ട്രാന്‍സ്പ്ലാന്റ്) അപരിചിതമായി തുടരുന്നു. അനുമതിയുള്ള ആശുപത്രികളുണ്ടായിട്ടും കേരളത്തില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ നടന്നിട്ടില്ല.

ഇന്ത്യയില്‍ ഇതുവരെ ഇത്തരം എട്ട് ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളും ഗര്‍ഭപാത്രത്തിന് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ലാത്തവരുമാണ് ആവശ്യക്കാര്‍. മാറ്റിവെച്ച് എട്ട് മുതല്‍ 12 മാസംവരെ കഴിഞ്ഞാല്‍ ഗര്‍ഭധാരണം നടത്താം. മാറ്റിവെച്ച ഗര്‍ഭപാത്രം ശരീരം തിരസ്‌കരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇത്രയും സമയം. ദമ്പതികളുടെ അണ്ഡവും ബീജവും ഉപയോഗിച്ച് ഐ.വി.എഫ്. (ഗര്‍ഭപാത്രത്തിന് പുറത്തുവെച്ചുള്ള അണ്ഡബീജ സംയോജനം)വഴി സൃഷ്ടിച്ച ഭ്രൂണമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്. സാധാരണരീതിയിലുള്ള ഗര്‍ഭധാരണത്തിന് സാധ്യതയില്ല.

ഇതിനെപ്പറ്റി അറിയാവുന്നവരും ചെലവോര്‍ത്ത് പിന്‍വാങ്ങുന്നുണ്ട്. ഐ.വി.എഫ്. വഴി ഭ്രൂണം ഉണ്ടാക്കി സൂക്ഷിക്കണം. അതിന് ഒന്നര ലക്ഷത്തോളംരൂപ ചെലവുണ്ട്. ശസ്ത്രക്രിയാ ചെലവ് അഞ്ച് ലക്ഷം രൂപയെങ്കിലും വരും. എന്നാല്‍, ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കുന്ന രീതി (സറോഗസി)ക്ക് 14 ലക്ഷത്തോളം രൂപയാണ് ചെലവ്. നിയമതടസ്സങ്ങളും കൂടുതലാണ്. ദത്തെടുക്കലാണ് പിന്നെയൊരു വഴി. എന്നാല്‍ ദത്തെടുക്കാന്‍ തയ്യാറുള്ള 15 ദമ്പതിമാരില്‍ ഒരാള്‍ക്ക് എന്ന കണക്കിലേ കുട്ടിയെ കിട്ടുന്നുള്ളൂ.

മറ്റ് അവയവമാറ്റങ്ങളില്‍ സ്വീകര്‍ത്താവ് ആജീവനാന്തം പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കണം. ശരീരം ആ അവയവം തിരസ്‌കരിക്കാതിരിക്കാനാണ് ഇത്. എന്നാല്‍ കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ ഗര്‍ഭപാത്രം എടുത്തുമാറ്റാം. പിന്നീട് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടതില്ലെന്ന് അമൃത ഫെര്‍ട്ടിലിറ്റി സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി. ഫസി ലൂയിസ് പറഞ്ഞു.

പുണെയിലെ ഗാലക്‌സി ഹോസ്പിറ്റലില്‍ ഡോ. സൈലേഷ് പുട്ടാമ്പര്‍ക്കറാണ് 2017-ല്‍ ഇന്ത്യയില്‍ ആദ്യമായി ഗര്‍ഭപാത്രമാറ്റ ശസ്ത്രക്രിയ നടത്തിയത്. എട്ട് ശസ്ത്രക്രിയകള്‍ ഇതുവരെ നടത്തി. ഒരാള്‍ക്ക് കുഞ്ഞുജനിച്ചു. മറ്റുള്ളവര്‍ ഗര്‍ഭധാരണത്തിനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: Uterus transplantation, Health, Women's Health, Pregnancy