പ്രതീകാത്മകചിത്രം | Photo: gettyimages.in
കാലങ്ങളായി സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഗർഭാശയയോനിഭ്രംശം. ഗർഭാശയം സ്വാഭാവികസ്ഥിതിയിൽ നിലനിൽക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെ പിന്തുണ കുറയുന്നതു കാരണം അതിന് സ്ഥാനഭ്രംശം സംഭവിയ്ക്കാം. മൂത്രസംബന്ധമായ ബുദ്ധിമുട്ടുകളുമായിട്ടാണ് പലപ്പോഴും ഇത്തരം രോഗമുള്ള സ്ത്രീകൾ ഒ.പികളിലേക്ക് വരുന്നത്. പിന്നീട്, വൈദ്യപരിശോധന വഴി രോഗനിർണയത്തിലേക്ക് എത്തുന്നു.
ബുദ്ധിമുട്ടുകൾ
യോനിഭാഗത്ത് എന്തോ താഴേക്കിറങ്ങി വരുന്ന പോലെയോ/ തള്ളിവരുന്നപോലെയോ തോന്നുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം ഒഴിഞ്ഞുപോകാത്ത അവസ്ഥ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുക തുടങ്ങിയ മൂത്രസംബന്ധമായ പ്രശ്നങ്ങൾ, മലശോധനയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുക, നടുവേദന തുടങ്ങിയവയിലേതെങ്കിലും ഒക്കെ ലക്ഷണങ്ങൾ രോഗാവസ്ഥയ്ക്കനുസരിച്ച് കാണാം. ഗർഭാശയം നന്നേ താഴേക്കിറങ്ങിയ സാഹചര്യങ്ങളിൽ വ്രണമുണ്ടാകാനിടയുണ്ട്.
കാരണങ്ങൾ
ഗർഭാശയവും യോനിയും അവയുടെ തനതായ സ്ഥിതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾക്ക് ചിലരിൽ ജന്മനാ തന്നെ ബലക്കുറവ് വരാം. പ്രസവസമയത്ത് ഗർഭാശയം യോനി സമീപപ്രദേശങ്ങളിലൊക്കെ ഉണ്ടാകുന്ന ആഘാതം കൊണ്ടും പ്രസവാനന്തരം ആദ്യ ആഴ്ചകളിൽ ചെയ്യുന്ന ആയാസം കൊണ്ടും ഒക്കെ ഇത്തരം രോഗാവസ്ഥ ഉണ്ടാകാം. വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ തുമ്മൽ, മലശോധനയ്ക്ക് നന്നേ മുക്കുന്ന ശീലം, സ്ഥിരമായി ഭാരമെടുക്കുക തുടങ്ങിയവ കാരണം രോഗാവസ്ഥ വഷളാകാം. ആർത്തവ വിരാമത്തിനു ശേഷമാകട്ടെ ബലക്കുറവ് കൂടുതലാകുന്നു.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
ആരംഭത്തിലെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമായി വേണ്ട ചികിത്സ ചെയ്യുന്നതാണ് ഉത്തമം. പ്രായം, രോഗാവസ്ഥ, അനുബന്ധപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുക. ശക്തിയായ ചുമയോ തുമ്മലോ ഉണ്ടാകുന്ന പക്ഷം വേഗം ചികിത്സിച്ചു മാറ്റാൻ ശ്രമിക്കുക. ഭാരമെടുക്കുന്ന ശീലമുണ്ടെങ്കിൽ അത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ, വയറിൽ മർദ്ദമുണ്ടാക്കുന്ന തരത്തിലുള്ള വ്യായാമമുറകൾ ചെയ്യാതിരിക്കുക. ഇത്തരം രോഗാവസ്ഥ ഉള്ള സ്ത്രീകൾ, യോഗാസനങ്ങൾ ചെയ്യുകയാണെങ്കിൽ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ചെയ്യുക. മലശോധന സുഗമമാകത്തക്ക രീതിയിലുള്ള ഭക്ഷണക്രമം ശീലിക്കുക. ശരീരബലം മെച്ചപ്പെടുത്തുക. അമിതവണ്ണം ഉള്ളവരാണെങ്കിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് നന്നാവും. രോഗാവസ്ഥയ്ക്കനുസരിച്ച് സ്ഥാനികമായി ചെയ്യുന്ന പിചു, വർത്തി, ക്ഷീരസ്വേദം, അവഗാഹം, തൈലവസ്തി തുടങ്ങിയ ആയുർവേദചികിത്സകൾ ചെയ്യാം. ഒപ്പം യോനിഭാഗത്തെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളും കൃത്യമായി ചെയ്യുന്നത് പ്രാരംഭഘട്ടങ്ങളിൽ ഫലപ്രദമാണ്. ഗർഭാശയം യോനിയുടെ വെളിയിൽ വന്നിരിക്കുന്ന സ്ഥിതിയാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാം.
(വാവന്നൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ലേഖിക)
Content Highlights:Uterine Prolapse causes symptoms and Ayurveda treatment, Health, Ayurveda, Women's Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..