മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, രക്താംശം; സങ്കീർണമാവും മുമ്പേ ചികിത്സിക്കണം മൂത്രത്തിലെ അണുബാധ


Representative Image| Photo: Canva.com

മൂത്രം പിടിച്ചു നിർത്തുന്നതും വെള്ളം കുടിക്കാതിരിക്കുന്നതുമൊക്കെ മൂത്രത്തിലെ അണുബാധയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. ഈ രോ​ഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പങ്കുവെക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൾട്ടന്റായ ഡോ. ഷെർലി മാത്തൻ.

ചോദ്യംഎനിക്ക് 28 വയസ്സുണ്ട്. അവിവാഹിതയാണ്. ഒരുമാസം മുമ്പാണ് ആദ്യമായി അസ്വസ്ഥത ഉണ്ടായത്. മൂത്രമൊഴിക്കുമ്പോൾ ചെറിയ തോതിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം അടിവയറ്റിൽ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ, പനി എന്നിവയുണ്ടായി. ഡോക്ടറെ കണ്ടപ്പോൾ മൂത്രത്തിലെ അണുബാധയാണെന്നു പറഞ്ഞ് മരുന്നുതന്നു. അത് ഭേദമാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതേ പ്രശ്നം വീണ്ടും വന്നു. രക്തനിറത്തിൽ മൂത്രം പോകുന്ന പ്രശ്നവും ഉണ്ടായി. ക്ഷീണവും ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്? എന്താണ് ചെയ്യേണ്ടത്?

എസ്. ആർ

ഉത്തരം

മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ട്രാക് ഇൻഫെക്ഷൻ വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, രക്തസ്രാവം, ഇടുപ്പുഭാ​ഗങ്ങളിൽ വേദന എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ്. യൂറിനറി ട്രാക് ഇൻഫെക്ഷൻ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അണുബാധ വൃക്കകളിലേക്കും പടരാൻ സാധ്യതയുണ്ട്.

മൂത്രസഞ്ചിയിലും മൂത്രനാളിയിലും കണ്ടുവരുന്ന അണുബാധയുടെ ലക്ഷണങ്ങൾ

 • മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ
 • ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
 • മൂത്രത്തിൽ രക്താംശം ഉണ്ടാവുക
വൃക്കകളിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനിയും കുളിരും ഉണ്ടാകാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും യൂറിൻ മൈക്രോസ്കോപ്പി ടെസ്റ്റും കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി ടെസ്റ്റും ചെയ്യേണ്ടതാണ്. മരുന്നുകൾ ഉടൻ തുടങ്ങണം. യൂറിനറി കൾച്ചർ ആൻ‍ഡ് സെൻസിറ്റിവിറ്റി ടെസ്റ്റ് റിസൽട്ട് 72 മണിക്കൂറുകൾക്കുശേഷമേ ലഭിക്കൂ. അതിനനുസരിച്ച് ആവശ്യമായ മരുന്നുകൾ തീരുമാനിക്കുകയും ചെയ്യാം.

മരുന്നുകൾക്കു പുറമേ അണുബാധ തടയാൻ ചെയ്യാവുന്ന കാര്യങ്ങൾ

 • ധാരാളം വെള്ളം കുടിക്കുക. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനും അണുബാധയ്ക്ക് കാരണമാകുന്നതിന് മുമ്പ് ബാക്റ്റീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനും സഹായിക്കും.
 • ശരിയായ ശുചിത്വം പാലിക്കുക. മൂത്രാശയ അണുബാധ ഉണ്ടാകുന്നത് സാധാരണയായി ഇ-കോളി പോലുള്ള ബാക്റ്റീരിയകൾ കാരണമാണ്. ഇത് ദഹനേന്ദ്രിയ വഴിയിലാണ്(gastrointestinal tract) കാണുന്നത്. അത് മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിൽ എത്താൻ സാധ്യത കൂടുതലാണ്. യോനീഭാ​ഗത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാ​ഗം കഴുകുകയോ തുടയ്ക്കുകയോ ചെയ്യുമ്പോൾ മുന്നിൽ നിന്ന് പിന്നിലേക്ക് ചെയ്യുക. മലദ്വാരത്തിൽ നിന്ന് യോനിയിലേക്ക് ബാക്റ്റീരിയകൾ പടരുന്നത് തടയാൻ ഇത് സഹായിക്കും.
 • മൂത്രം ദീർഘനേരം പിടിച്ചുനിർത്തരുത്. അങ്ങനെ ചെയ്താൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും വഴിവെക്കും.
 • ലൈം​ഗികബന്ധത്തിനു ശേഷം മൂത്രമൊഴിക്കുക. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷ്മാണുക്കൾ മൂത്രനാളിയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ലൈം​ഗിക ബന്ധത്തിനു ശേഷം മൂത്രമൊഴിച്ച് സൂക്ഷ്മാണുക്കളെ പുറന്തള്ളേണ്ടത് പ്രധാനമാണ്.
 • ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും.
 • ആർത്തവസമയത്ത് പാഡുകൾ, മെൻസ്ട്രൽ കപ്പ്, ടാംപൂണുകൾ എന്നിവ ഇടയ്ക്കിടെ മാറ്റുക. സ്വകാര്യഭാ​ഗങ്ങളിൽ ബാക്റ്റീരിയ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വം പാലിക്കണം.
 • പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും. ഇത് അണുബാധകളെ ചെറുക്കുന്നതിന് നല്ല പ്രതിരോധശേഷി നിലനിലനിർത്താൻ ശരീരത്തെ സഹായിക്കുന്നു.
 • പ്രമേഹം മുതലായ അസുഖങ്ങൾ ചികിത്സിച്ച് ഷു​ഗറിന്റെ അളവ് നിയന്ത്രിക്കണം.
മൂത്രത്തിൽ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ വേ​ഗം വൈദ്യസഹായം തേടണം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിച്ച് അണുബാധ പൂർണമായും മാറ്റണം. അല്ലെങ്കിൽ സങ്കീർണതകൾക്കുള്ള സാധ്യതയുണ്ട്.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: urinary tract infection symptoms and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented