Representative Image | Photo: Gettyimages.in
ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നലുണ്ടാകുന്നത് സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലരിൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ മൂത്രം പോകുന്നു. പണ്ടിത് 60 വയസ്സ് കഴിഞ്ഞവരിൽ ആയിരുന്നു അധികമായി കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് കൗമാര പ്രായക്കാരിലും കുട്ടികളിലും ഒക്കെ തന്നെ ഈ പ്രശ്‌നം കണ്ടുവരുന്നു. പ്രസവാനന്തരം സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.
400ml - 600ml വരെ മൂത്രം സംഭരിച്ചു വയ്ക്കാൻ സാധിക്കുന്ന മാംസപേശികൾ കൊണ്ടുണ്ടാക്കിയ ഒരു അറയാണ് മൂത്രസഞ്ചി. സാധാരണയായി മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്ത ഒരാൾക്ക് 8 - 9 തവണ മൂത്രശങ്കയുണ്ടാകും. എന്നാൽ ഇതിലും കൂടുതൽ തവണ പോകേണ്ടതായി വരുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടതുണ്ട്. ഇത്തരം അവസ്ഥയെ യൂറിനറി ഇൻകോണ്ടിനൻസ് എന്ന് പറയുന്നു.
യൂറിനറി ഇൻകോണ്ടിനൻസ് സാധാരണയായി മൂന്ന് തരത്തിൽ കണ്ടുവരുന്നു.
1. സ്ട്രെസ് ഇൻകോണ്ടിനൻസ് (Stress Incontinence).
2. അർജ് ഇൻകോണ്ടിനൻസ് (Urge incontinence)
3. ഓവർ ഫ്‌ലോ ഇൻകോണ്ടിനൻസ് (Overflow incontinence)
Also Read
സ്ട്രെസ് ഇൻകോണ്ടിനൻസ്
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് സ്ട്രസ് ഇൻകോണ്ടിനൻസ്. വയറിലുണ്ടാകുന്ന സ്ട്രെസ് കാരണം മൂത്രം അറിയാതെ പോകുന്ന അവസ്ഥയാണിത്. ഉറക്കെ ചിരിക്കുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അറിയാതെ മൂത്രം പോകാം. സ്ത്രീകളിൽ പലപ്പോഴും പ്രസവശേഷം പേശികൾക്കുണ്ടാകുന്ന ബലക്കുറവ്, പ്രസവത്തിന് സമയം കൂടുതൽ എടുക്കുക, ഭാരം കൂടിയ കുഞ്ഞ് എന്നിങ്ങനെയുള്ള അവസ്ഥകളിലും ഇത് ഉണ്ടാകാം.
അർജ് ഇൻകോണ്ടിനൻസ്
ഇത് പൊതുവെ പ്രായം ചെന്നവരിൽ കണ്ടുവരുന്ന ഒന്നാണ്. യൂറിനറി ബ്ലാഡറിന്റെ അമിതമായ പ്രവർത്തനം കാരണം മൂത്രം ഒഴിക്കാൻ തോന്നി ബാത്‌റൂമിൽ എത്തുന്നതിന് മുമ്പ് തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് മൂത്രം പോകുന്ന അവസ്ഥയാണിത്. പ്രമേഹം, യൂറിനറി ഇൻഫെക്ഷൻ, സൈക്യാട്രിക് പ്രശ്‌നങ്ങൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരിൽ കണ്ടുവരുന്നു.
ഓവർ ഫ്‌ലോ ഇൻകോണ്ടിനൻസ്
ഇവിടെ മൂത്രസഞ്ചി പൂർണ്ണമായി നിറഞ്ഞാലും ഇത് ഒഴിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. മൂത്രം ഒഴിക്കാൻ കഴിയാതെ വരുമ്പോൾ ലീക്കായി പുറത്തേക്ക് പോകുന്നു. മൂത്രസഞ്ചിയുടെ പേശികളിൽ ഉണ്ടാകുന്ന ബലക്കുറവ്, പ്രസവം, മരുന്നുകൾ എന്നിവ ഇതിന് കാരണമാകാം.
കാരണങ്ങൾ
മൂത്രശങ്കയ്ക്ക് രണ്ടു കാരണങ്ങളുണ്ട്. മൂത്രസഞ്ചി അമിതമായി നിറയുന്നതാണ് ഒന്ന്. അധികം നിറഞ്ഞില്ലെങ്കിലും മൂത്രം ഒഴിക്കാൻ തോന്നുകയും എന്നാൽ അധികം മൂത്രം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇത്തരം അമിത ശങ്കയുണ്ടാകാൻ ചില കാരണങ്ങളുണ്ട്. പ്രമേഹം, പ്രസവം, പക്ഷാഘാതം, ഫൈബ്രോയ്ഡ്, ഹൈപ്പർതൈറോയ്ഡ്, ടെൻഷൻ, യൂറിനറി ഇൻഫെക്ഷൻ, പ്രോസ്‌ട്രേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങൾ, മരുന്നുകൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
യൂറിനറി ഇൻകോണ്ടിനൻസ് നേരത്തെ കണ്ടെത്തി ചികിത്സിക്കാവുന്ന ഒന്നാണ്. പലതരം ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ട്. അതിൽ ഫിസിയോതെറാപ്പി ചികിത്സാരീതി വളരെ ഫലപ്രദമായി കണ്ടുവരുന്നു. ജീവിത ശൈലിയിൽ മാറ്റം വരുത്തുകയാണ് പ്രാധാനം.
- കൃത്യമായ ഒരു സമയം വച്ച് മൂത്രസഞ്ചി കാലിയാക്കാൻ ശ്രദ്ധിക്കുക.
- ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കുക.
- ശാരീരിക അധ്വാനം കൂടുതൽ വേണ്ട സമയത്ത് കാപ്പി കുടിക്കുന്നതും അമിതമായി വെള്ളം കുടിക്കുന്നതും ഒഴിവാക്കുക.
- മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ തന്നെ പോകാൻ ശ്രദ്ധിക്കുക.
- രാത്രി ഉറങ്ങാൻ നേരം വെള്ളം കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.
ഫിസിയോതെറാപ്പി
- മൂത്രസഞ്ചി നിയന്ത്രിക്കാൻ പരിശീലിപ്പിക്കുക.
- കീഗൽസ് എക്‌സർസൈസ് വളരെ ഫലപ്രദമാണ്.
- ബയോ-ഫീഡ്ബാക്ക് ഉപയോഗിച്ചുള്ള പെൽവിക് ഫ്‌ലോർ ട്രെയിനിംഗ് വളരെ ഉപയോഗപ്രദമായ ഒരു ഫിസിയോതെറാപ്പി ചികിത്സയാണ്.
Content Highlights: urinary incontinence symptoms and treatment, urologic disease, urinary tract infection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..