ഉണ്ണിമുകുന്ദൻ. ഫോട്ടോ: സിദ്ധിക്കുൽ അക്ബർ
ശരീരത്തിന് മാത്രമല്ല, മാനസിനും ഫിറ്റ്നസ് കിട്ടാന്‍ വര്‍ക്ക് ഔട്ട് നല്ലതാണ്. പണ്ട് ടെന്‍ഷന്‍ തോന്നുമ്പോഴൊക്കെ ഞാന്‍ ജിമ്മില്‍ പോകുമായിരുന്നു. അല്ലെങ്കില്‍ ഓടും. മനസ്സ് റിലാക്സ് ആവാന്‍ അത് സഹായിച്ചിട്ടുണ്ട്. ഒന്നരമണിക്കൂര്‍ മറ്റൊന്നും ആലോചിക്കാതെ വിയര്‍ക്കുന്ന സമയമുണ്ടല്ലോ, അത് വല്ലാത്തൊരു സുഖം തരും. സ്ട്രസ്സ് മാനേജ്മെന്റിന് വര്‍ക്ക്ഔട്ട് വളരെ നല്ലതാണ്. അതുകൊണ്ട് ടെന്‍ഷനാണെന്ന് പറയുന്നവരോട് ഞാന്‍ പറയാറുള്ളത്, എന്തെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റിയിലോ സ്പോര്ടിസിലോ ശ്രദ്ധിക്കാനാണ്. ടെന്‍ഷന്‍ ഉള്ള സമയത്ത് ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്നവരുണ്ട്. ആ മനോഭാവമാണ് ആദ്യം മാറ്റേണ്ടത്. ടെന്‍ഷന്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനുള്ള തെറാപ്പിയായി ചെയ്യുന്ന കാര്യങ്ങളെ കണ്ടാല്‍ മതി. ശരീരത്തില്‍ നല്ലമാറ്റങ്ങള്‍ വരുമ്പോള്‍തന്നെ നമുക്ക് ആത്മവിശ്വാസം കൂടും.
തടിക്കാനും മെലിയാനും റെഡി
കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും തടിക്കുകയും മെലിയുകയും ഒക്കെ ചെയ്യേണ്ടിവരാറുണ്ട്. വര്‍ക്ക് ഔട്ട് ശീലമായതുകൊണ്ടാണ് ഇത് എളുപ്പത്തില്‍ സാധിക്കുന്നത്. പതിനാലാം വയസ്സുമുതല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ആളായതുകൊണ്ട് ശരീരത്തിന് അതിന്റേതായ ഓര്‍മശക്തിയുണ്ട്. ട്രെയിന്‍ഡ് ബോഡിയാണെന്ന് പറയാം. അതുകൊണ്ട് തടിച്ചാലും വര്‍ക്ക് ഔട്ട് ചെയ്താല്‍ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കാനും മസില് വീണ്ടെടുക്കാനുമൊക്കെ പറ്റും.
ഫിറ്റ്നസ്സിനുവേണ്ടിയുള്ള ശ്രമം ക്ഷമയോടെയാവണം. ഇന്ന് വര്‍ക്ക് ഔട്ട് ചെയ്താല്‍ നാളെ തന്നെ ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഇന്ന് ചെയ്തതിനേക്കാള്‍ നന്നായി നാളെ ചെയ്യണം എന്ന മനോഭാവം നിലനിര്‍ത്തണം. വര്‍ക്ക് ഔട്ട് തുടങ്ങിയപ്പോള്‍ എന്റെ പഠനനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയാല്‍ അവരുടെ പഠനത്തിനും അത് ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്.
ചലഞ്ചിനുണ്ടോ
യുവതലമുറ ഫിറ്റ്നസ്സിനോട് കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. ഫിറ്റ്നസ് ചലഞ്ചുകള്ക്കൊക്കെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പണമുണ്ടാക്കാം പ്രശസ്തിയുണ്ടാക്കാം, അത് അനുഭവിക്കാനുള്ള ആരോഗ്യവും നമ്മള് തന്നെ ഉണ്ടാക്കണം. ആരോഗ്യമില്ലാതെ പിന്നെ എന്തൊക്കെയുണ്ടായിട്ടും കാര്യമില്ല. ഇപ്പോള്‍ കുട്ടികളുടെ ഫിസിക്കല്‍ ആക്ടിവിറ്റി വല്ലാതെ കുറഞ്ഞുപോകുന്നുണ്ട്. രാവിലെ എഴുന്നേറ്റ് എക്സര്‍സൈസ് ചെയ്യുന്നതൊക്കെ ലൈഫ്സ്റ്റൈലിന്റെ ഭാഗമാക്കി മാറ്റണം.
35 മുട്ടവെള്ള, അതുപോലെ വ്യായാമം
മുട്ടവെള്ള നന്നായി കഴിക്കും. 35 മുട്ടയുടെ വെള്ളവരെ കഴിക്കാറുണ്ട്. അതുകൊണ്ട് മസില് ക്വളിറ്റി കൂടും. ചര്‍മത്തിനും മുടിയ്ക്കുമൊക്കെ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ട്. മസില് പരിപാലിക്കാന്‍ ചിക്കനും മീനും കഴിക്കാറുണ്ട്. നല്ലപോലെ പച്ചക്കറികളും കഴിക്കും. പഞ്ചസാര ചേര്‍ക്കാതെ ഫ്രൂട്ട് ജ്യൂസും വെജിറ്റബിള്‍ ജ്യൂസും ഉപയോഗിക്കും. പഞ്ചസാരയ്ക്ക് പകരം ശര്ക്കരയിട്ടുണ്ടാക്കിയ പായസം കഴിക്കാറുണ്ട്. ചോറുണ്ണുമ്പോള്‍ അളവ് നന്നായി നിയന്ത്രിക്കും. നമ്മുടെ ശാരീരിക അധ്വാനത്തിന് അനുസരിച്ച് മാത്രമേ ഭക്ഷണം കഴിക്കാവൂ. അളവുപോലെ തന്നെ സമയവും പ്രധാനമാണ്. ഭക്ഷണകാര്യത്തില്‍ ടൈംമാനേജ്മെന്റ് വേണം. എല്ലാദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
Content Highlights: Unni Mukundan fitness Secrets Arogyamasika
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..