വാക്സിൻ അസമത്വം സാമ്പത്തിക, രാഷ്ട്രീയ, സാമൂഹികപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമ്പോൾ


വന്ദന വിശ്വനാഥൻ

സമ്പന്ന-ദരിദ്ര രാജ്യങ്ങളിലെ വാക്സിൻ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ചറിയാം

Representative Image | Photo: Gettyimages.in

നുഷ്യരാശിയെ മുഴുവൻ നിശ്ചലമാക്കിയ മഹാമാരിക്കെതിരെ വാക്സിനേഷനിലൂടെ പോരാടുകയാണ് ലോകമിന്ന്. എന്നാൽ വാക്സിൻ വിതരണത്തിലെ അസമത്വം ആ പോരാട്ടത്തിന്റെ ശക്തി കുറയ്ക്കുന്നുണ്ട്. സമ്പന്ന-ദരിദ്ര രാജ്യങ്ങളിലെ വാക്സിൻ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ചറിയാം

'എല്ലാവരും സുരക്ഷിതരാകുംവരെ ആരും സുരക്ഷിതരല്ല.' ലോകാരോഗ്യ സംഘടനയുടെ കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിലെ പ്രധാന വാചകമാണിത്. കോവിഡിനെതിരേ റെക്കോഡ് വേഗത്തിൽ വാക്സിൻ കണ്ടെത്തിയെങ്കിലും വിതരണത്തിൽ ഇൗ വേഗത നേടാൻ ലോകത്തിനായിട്ടില്ലെന്ന യാഥാർഥ്യമാണ് ഇത്തരമൊരു ക്യാമ്പയിനുമായി മുൻപോട്ടുപോകാൻ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. 2019-ൽ ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷങ്ങൾക്കിപ്പുറവും കെട്ടടങ്ങാതെ തുടരുന്ന കോവിഡ് മഹാമാരിയെ നേരിടാൻ സമ്പൂർണ വാക്സിനേഷൻമാത്രമാണ് വഴിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് കാലങ്ങളേറെയായി. സമ്പന്നരാജ്യങ്ങളിലെ വാക്സിനേഷൻ 70 ശതമാനം പിന്നിടുമ്പോഴും രണ്ടക്കം കടക്കാൻ കഷ്ടപ്പെടുന്ന ദരിദ്രരാജ്യങ്ങൾ വാക്സിൻ അസമത്വത്തിന്റെ ആഘാതം വിളിച്ചോതുന്നുണ്ട്.

വാക്സിൻ ദേശീയതയ്ക്ക് വഴിവെച്ച് കരാറുകൾ

മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാകും മുൻപ് സ്വന്തം രാജ്യത്തുള്ളവർക്ക് വാക്സിൻ വിതരണം നടത്തുന്നതിനായി മരുന്നുകമ്പനികളുമായി സർക്കാരുകൾ കരാറുകളിലേർപ്പെടുന്ന വാക്സിൻ ദേശീയതയാണ് പ്രധാനമായും അസമത്വത്തിന് വഴിവെച്ചത്. ഹാർവാർഡ് പൊളിറ്റിക്കൽ റിവ്യൂ മാസികയിലെ റിപ്പോർട്ട് പ്രകാരം, കോവിഡ് വാക്സിൻ ഗവേഷണം വേഗത്തിലാക്കാൻ 2020 മേയിൽ യു.എസ്., ആസ്ട്രാസെനെക്ക കമ്പനിക്ക് 1.2 ബില്യൺ ഡോളർ കരാറടിസ്ഥാനത്തിൽ നൽകിയിരുന്നു. ആസ്ട്രാസെനെക്കയുടെ 30 കോടി വാക്സിൻ ഡോസുകൾക്ക് പകരമായിട്ടായിരുന്നു ഇൗ കരാർ. ഒൻപത് കോടി വാക്സിൻ ഡോസുകൾക്കായി യു.കെ.യും കമ്പനിയുമായി സമാന കരാർ ഉണ്ടാക്കി. പിന്നാലെ ജപ്പാൻ, കാനഡ എന്നീ സമ്പന്നരാജ്യങ്ങളും ഫൈസർ, ആസ്ട്രാസെനെക്ക, ബയോഎൻടെക് തുടങ്ങിയ മരുന്നുകമ്പനികളുമായി ബില്യൺ ഡോളർ കരാറുകളിലേർപ്പെട്ടു. മഹാമാരി അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുൻപുതന്നെ ലോകജനസംഖ്യയുടെ 16% ഉള്ള രാജ്യങ്ങൾ ലഭ്യമായ വാക്സിൻ ഡോസുകളുടെ പകുതിയിലധികവും തങ്ങളുടെ കുത്തകയാക്കിയിരുന്നു. 2022 ജനുവരി അവസാനത്തോടെ 96% ഫൈസർ/ബയോഎൻടെക് വാക്സിനുകളും വർഷാവസാനത്തോടെ ഉത്പാദിപ്പിക്കാൻ നിശ്ചയിച്ചിരുന്ന മോഡേണയുടെ 100% ഡോസുകളുമാണ് ആ രാജ്യങ്ങൾ വാങ്ങിയിരിക്കുന്നതെന്നും ഹാർവാർഡ് റിപ്പോർട്ടിൽ പറയുന്നു. വാക്സിൻ ഗവേഷണത്തിന് സാമ്പത്തികസഹായമെന്ന നിലയിലാരംഭിച്ച കരാറുകൾ, ദരിദ്രരാജ്യങ്ങളിലെ വാക്സിൻ ലഭ്യതയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന വിരോധാഭാസത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.

ഗ്ലോബൽ ഡാഷ്ബോർഡ് ഫോർ വാക്സിൻ ഇക്വിറ്റിയുടെ 2021 ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം ദരിദ്രരാജ്യങ്ങളിലെ ആകെ ജനസംഖ്യയുടെ എട്ട് ശതമാനം പേരാണ് ഒരുഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളത്. പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പേർക്കുമാത്രമാണ് രണ്ട് ഡോസും ലഭ്യമായിട്ടുള്ളത്. യു.കെ.യിലും യു.എസ്.എ.യിലും രണ്ട് ഡോസ് വാക്സിനെടുത്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 60 മുതൽ 70 ശതമാനമാണെന്നിരിക്കെയാണിത്. വികസിതരാജ്യങ്ങൾ മൂന്നാംഡോസ് വാക്സിനേഷനിലേക്ക് കടക്കാനിരിക്കുമ്പോഴാണ് ദരിദ്രരാജ്യങ്ങളിൽ ഒരു ഡോസ് വാക്സിൻപോലും കിട്ടാനില്ലാത്ത സാഹചര്യമുള്ളത്. വികസ്വരരാജ്യങ്ങൾക്ക് മഹാമാരികളിൽ സഹായം നൽകുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലാരംഭിച്ച എ.സി.ടി.-ആക്സിലറേറ്റർ പ്രതിനിധിയായ ഫിഫാ റഹ്മാൻ "വയേർഡി'ന് നൽകിയ വിവരങ്ങൾ കോവിഡ് കാലയളവിലും വാക്സിൻ പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 2020 ജനുവരി അവസാനത്തോടെ രാജ്യത്തെ ആകെ ജനസംഖ്യക്ക് ഒൻപതിലധികം തവണ വാക്സിനേറ്റ് ചെയ്യാനുള്ളത്ര വാക്സിൻ കാനഡ സ്വന്തമാക്കിയിരുന്നു. ഇത്തരത്തിൽ സമ്പന്നരാജ്യങ്ങളുടെ വാക്സിൻ സംഭരണം ദരിദ്രരാജ്യങ്ങളും വാക്സിനേഷനും തമ്മിലുള്ള അന്തരം വർധിപ്പിച്ചു.

അസമത്വം; കാരണങ്ങൾ

വാക്സിൻ നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ്, വലിയ ലബോറട്ടറികൾ, പ്ലാന്റുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ, സാമ്പത്തിക പരാധീനതമൂലം വാക്സിനുകൾക്കായി പണം മുടക്കാനില്ലാത്ത അവസ്ഥ, ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭാവം, വാക്സിനുകളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സിൻ അസമത്വത്തിന് വഴിവയ്ക്കുന്നത്. കുടിവെള്ളം, ഭക്ഷണം, പാർപ്പിടം തുടങ്ങി പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങൾപോലും നിറവേറ്റാനാകാത്ത രാജ്യങ്ങൾക്ക് വാക്സിനുകൾ അധികബാധ്യതയാണ് വരുത്തുന്നത്. കൂടാതെ വാക്സിനുകൾ മറ്റ് രോഗങ്ങളെ വിളിച്ചുവരുത്തുമെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളും അസമത്വത്തിലേക്ക് നയിക്കുന്നു. ഇന്ത്യ, യുകൈ്രൻ, വിയറ്റ്നാം തുടങ്ങിയ വികസ്വരരാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള "വാക്സിൻ ഹെസിറ്റൻസി' നിലനിൽക്കുന്നതെന്ന് ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആദ്യമായല്ല അസമത്വം

ആദ്യമായിട്ടല്ല ലോകം വാക്സിൻ അസമത്വം അനുഭവിക്കുന്നത്. 2009-ൽ മെക്സിക്കോയിൽ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി ലോകമാകെ വ്യാപിച്ചപ്പോഴും ലോകം നേരിട്ടത് ഇതേ സാഹചര്യത്തെയായിരുന്നു. രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വാക്സിൻ നിർമാണത്തിനുള്ള പ്രവർത്തനങ്ങളുമാരംഭിച്ചു. എന്നാൽ, വാക്സിൻ നിർമാണം തുടങ്ങും മുൻപേ യു.എസ്.എ., യു.കെ. ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ മരുന്നുകമ്പനികളുമായി കരാറുണ്ടാക്കി. ആഗോളതലത്തിലെ വാക്സിൻ പൂഴ്ത്തിവെപ്പ് ഒഴിവാക്കാനായി അവസാനം ലോകാരോഗ്യ സംഘടനയ്ക്ക് ഇടപെടേണ്ടി വന്നു. ആ ഇടപെടലിനുശേഷവും കാര്യങ്ങളിൽ വലിയ പുരോഗതിയുണ്ടായില്ല. വാക്സിൻ വികസിപ്പിച്ച് മാസങ്ങൾക്കിപ്പുറം 77 രാജ്യങ്ങൾക്കായി എട്ട് കോടി ഡോസ് വാക്സിൻമാത്രമാണ് നൽകാനായത്. അമേരിക്കയിൽ ലഭ്യമായിരുന്ന ആകെ ഡോസ് വാക്സിനേക്കാൾ എത്രയോ മടങ്ങ് കുറവായിരുന്നുവത്. മാസങ്ങൾക്കുശേഷം, വൈറസ് ഭീഷണി ഒഴിഞ്ഞശേഷമാണ് വാഗ്ദാനംചെയ്ത ബാക്കി വാക്സിനുകൾ ആവശ്യക്കാരിലേക്കെത്തിയത്.

വാക്സിൻ വിതരണത്തിലെ നയതന്ത്രം

വാക്സിൻ വിതരണത്തിലെ അസമത്വം "വാക്സിൻ ഡിപ്ലോമസി' എന്ന പുതിയ നയതന്ത്ര പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ പഠനത്തിൽ പറയുന്നു. 2021-ന്റെ ആരംഭത്തോടെ ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിന് തുടക്കം കുറിച്ചത്. പൗരന്മാർക്ക് ആവശ്യമായത്ര വാക്സിനുകൾ ലഭ്യമാക്കാൻ കഴിയാത്ത രാജ്യങ്ങൾക്ക് അത് ലഭ്യമാക്കുക വഴി അവരുടെ വിധേയത്വം നേടുകയാണ് ഇൗ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ലോകത്താദ്യമായി കോവിഡ് വാക്സിൻ വികസിപ്പിച്ച റഷ്യയാണ് വാക്സിൻ വിതരണത്തിലെ നയതന്ത്രത്തിന് തുടക്കമിട്ടത്. പല വികസ്വരരാജ്യങ്ങൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ റഷ്യക്കായെങ്കിലും രണ്ടാംഡോസ് വിതരണത്തിൽ കാലതാമസം നേരിട്ടു. അർജന്റീനയടക്കമുള്ള രാജ്യങ്ങളുമായി റഷ്യയുടെ നയതന്ത്രബന്ധം വഷളാകാൻവരെയിത് കാരണമായി. പല റഷ്യൻ വാക്സിനുകളുടെയും ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്തതും അവയോടുള്ള വിമുഖത വർധിപ്പിച്ചു. എന്നാൽ, ചൈനയുടെ വാക്സിൻ നയതന്ത്രം വിജയകരമായിരുന്നു. ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും സ്വന്തം രാജ്യത്തെ 70 ശതമാനം ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനും വാക്സിൻ കയറ്റുമതി ചെയ്യാനും ചൈനയ്ക്കായി. പാശ്ചാത്യ വാക്സിനുകളെ അപേക്ഷിച്ച് കാര്യക്ഷമത കുറവാണെന്നതാണ് ചൈനീസ് വാക്സിനുകൾ നേരിടുന്ന പ്രധാന പ്രശ്നം. രണ്ട് ഡോസ് ചൈനീസ് വാക്സിനെടുത്തവർ മൂന്നാമതൊരു ബൂസ്റ്റർ ഡോസോ അല്ലെങ്കിൽ മിക്സഡ് വാക്സിനോ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യ 2021 ഏപ്രിൽ വരെ ഉദ്ദേശം 16 കോടി ഡോസ് വാക്സിൻ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിട്ടുണ്ട്.

ദാരിദ്ര്യത്തിലേക്കുള്ള വഴി

വാക്സിൻ അസമത്വം ആരോഗ്യരംഗത്തുമാത്രമല്ല സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം മഹാമാരിമൂലം ദാരിദ്ര്യമനുഭവിക്കുന്നവരിൽ പത്തിൽ എട്ടുപേരും ലോകത്തിലെ അതിദരിദ്രരാഷ്ട്രങ്ങളിൽ ജീവിക്കുന്നവരാണ്. കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം ഈ രാജ്യങ്ങളിൽ 2024 വരെ തുടർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ കണക്കുപ്രകാരം 2022 പകുതിയോടെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിനെയെങ്കിലും വാക്സിനേറ്റ് ചെയ്യാൻ കഴിയാത്ത രാജ്യങ്ങളുടെ ജി.ഡി.പി.യിൽ 2025-നകം 2.3 ട്രില്യൺ ഡോളറിന്റെ ഇടിവുണ്ടാകും. ഇതിൽ മൂന്നിൽ രണ്ടും വികസ്വരരാജ്യങ്ങളാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യയായിരിക്കും ഏറ്റവുമധികം ബാധിക്കപ്പെടുന്ന വൻകരയെന്നും സബ്സഹാറൻ ആഫ്രിക്കയിലെ രാജ്യങ്ങളാകും ഏറ്റവുമധികം നഷ്ടമനുഭവിക്കുന്ന രാജ്യങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.7 ട്രില്യൺ ഡോളറാകും ഏഷ്യൻ ഭൂഖണ്ഡത്തിലെമാത്രം നഷ്ടം. സാമ്പത്തികപ്രശ്നങ്ങൾക്ക് പുറമേ രാഷ്ട്രീയ, സാമൂഹികപ്രശ്നങ്ങൾക്കും വാക്സിൻ അസമത്വം കാരണമാകും. വിവിധ രാജ്യങ്ങളിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. വാക്സിനേഷൻ പൂർത്തിയാക്കാത്ത ദരിദ്രരാജ്യങ്ങളിലെ പൗരന്മാരാകും ഈ നിയമത്തിന്റെ ബലിയാടുകളാകുക. പഠനത്തിനായും ജോലിക്കായുമെല്ലാം അന്താരാഷ്ട്രയാത്രകൾ നടത്താനുള്ള അവരുടെ അവസരം നഷ്ടപ്പെടും. ഇത് അവരുടെ സാമൂഹികവികാസത്തിന് വിഘാതമാകും. ഭാവിയിൽ വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യത്തേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറയുന്ന സാഹചര്യവുമുണ്ടാകും. ഇത് ജനങ്ങൾക്ക് തങ്ങളുടെ സർക്കാരുകളുടെമേൽ അമർഷത്തിനും അട്ടിമറിക്കുവരെ കാരണമായേക്കാം.

ലക്ഷ്യത്തിലെത്താതെ കോവാക്സ്

വികസ്വരരാജ്യങ്ങളിൽ വാക്സിൻ വിതരണം ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയും, യുണിസെഫും ചേർന്ന് 2020 ഏപ്രിലിൽ രൂപീകരിച്ച സംഘടനയാണ് കോവാക്സ്. ലഭ്യമായിട്ടുള്ള വാക്സിനുകൾ മറ്റ് രാജ്യങ്ങളുമായി പങ്കിട്ടും അവർ നൽകുന്ന വാക്സിനുകൾ സ്വീകരിച്ചും വാക്സിനേഷനിലെ അന്തരം കുറയ്ക്കാനാണ് സംഘടന ലക്ഷ്യംവെച്ചത്. ഇതിൽ താത്പര്യമറിയിച്ച് 190-ൽപ്പരം രാജ്യങ്ങളാണ് കരാറൊപ്പിട്ടത്. എന്നാൽ, പ്രതീക്ഷയ്ക്കൊത്തുയരാൻ സംഘടനയ്ക്കായില്ല. ഫണ്ടുകളുടെ ദൗർലഭ്യമാണ് കോവാക്സ് നേരിട്ട പ്രധാന പ്രശ്നം. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 2021 മാർച്ചോടെ കയറ്റുമതി നിർത്തിവയ്ക്കേണ്ടി വന്നതും സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇന്ത്യയിലെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് കയറ്റുമതി തത്കാലം നിർത്തിവയ്ക്കാൻ രാജ്യം തീരുമാനിച്ചത്. തുടർന്ന് ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യക്ക് വാഗ്ദാനം ചെയ്തത്ര വാക്സിനുകൾ വിതരണം ചെയ്യാനായില്ല. 2022 അവസാനം 200 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ച കോവാക്സിന്റെ കർമപദ്ധതി അതോടെ നിർത്തിവയ്ക്കേണ്ടി വന്നു. പല വികസിതരാജ്യങ്ങളും നൽകാമെന്നേറ്റ വാക്സിന്റെ ഭൂരിഭാഗവും ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. യു.കെ. വാഗ്ദാനം നൽകിയ 10 കോടി വാക്സിന്റെ 10 ശതമാനംമാത്രമേ ആകെ വിതരണം ചെയ്തിട്ടുള്ളൂ. വികസ്വര രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി നിർത്തിവെച്ച്, സ്വന്തം രാജ്യങ്ങളിലെ കുട്ടികളെ വാക്സിനേറ്റ് ചെയ്യുന്നതിലും ബൂസ്റ്റർ ഡോസുകൾ നൽകുന്നതിലുമാണ് ഇപ്പോൾ പല രാജ്യങ്ങളുടെയും ശ്രദ്ധ.

വാക്സിൻ ലഭ്യതയിലെ അസമത്വം മഹാമാരിയെ വർധിപ്പിക്കുകമാത്രമല്ല ആൽഫ, ഡെൽറ്റ, ഒമിക്രോൺ തുടങ്ങി പുതിയ വകഭേദങ്ങൾ ഉണ്ടാകാൻ അനുവദിക്കുകയും മരണങ്ങളുടെ എണ്ണം കൂട്ടുകയുമാണ് ചെയ്യുന്നത്. ലോകത്ത് എല്ലായിടത്തും ഒരുപോലെ വാക്സിൻ ലഭ്യമാക്കി, വൈറസിനെതിരേ, പ്രതിരോധശക്തി കൈവരിച്ചാൽമാത്രമേ ഈ മഹാമാരിക്ക് ഒരറുതി വരുത്താനാകൂ.

മാർച്ച് ലക്കം മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്സ് മാസികയിൽ പ്രസിദ്ധീകരിച്ചത്.

Content Highlights: unequal distribution of covid 19 vaccination, vaccine inequity, covid vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented