പ്രതീകാത്മക ചിത്രം | Photo: Reuters
ഹെയര്‍ വാഷിനായി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ അമ്പതുകാരിയായ സ്ത്രീക്ക് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം. അടുത്തിടെ പുറത്തുവന്ന ഈ വാര്‍ത്ത പലരിലും ഞെട്ടലുളവാക്കിയിരുന്നു. പലര്‍ക്കും ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക് സിന്‍ഡ്രം എന്ന പേരുപോലും അപരിചിതമായിരുന്നു. സലൂണുകളിലെ ചെറിയ അപകടങ്ങള്‍ക്കിടെ സംഭവിക്കുന്ന ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാം.
ഹൈദരാബാദ് സ്വദേശിയായ അമ്പതുകാരിയെയാണ് പാര്‍ലറില്‍ ഹെയര്‍ വാഷിനിടെ അസ്വസ്ഥകള്‍ അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി തുടങ്ങിയവയായിരുന്നു പ്രാരംഭം ലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റിനെ കണ്ടെങ്കിലും ലക്ഷണങ്ങള്‍ കുറഞ്ഞില്ല. അടുത്ത ദിവസം നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടമാവുക കൂടി ചെയ്തതോടെ ന്യൂറോളജിസ്റ്റിനെ കണ്ടപ്പോഴാണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക് സിന്‍ഡ്രം ആണെന്ന് സ്ഥിരീകരിച്ചത്. ഹെയര്‍ വാഷിനിടെ കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിച്ചപ്പോള്‍ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിക്ക് ക്ഷതം സംഭവിച്ചതാണ് സ്‌ട്രോക്കിന് ഇടയാക്കിയത്.
എന്താണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം?
ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രമല്ല സലൂണുകളില്‍ ഉള്‍പ്പെടെ മുടി വെട്ടുന്നതിനിടയില്‍ കഴുത്ത് വല്ലാതെ പുറകിലേക്ക് ആക്കുന്നത് കാണാറുണ്ട്. ഷേവ് ചെയ്യുന്ന സമയത്തൊക്കെ റേസര്‍ വച്ച് താടിയുടെ അടിഭാഗം ഷേവ് ചെയ്യുമ്പോള്‍ കഴുത്ത് നന്നായി പുറകിലേക്ക് തിരിക്കാറുണ്ട്. അതുപോലെതന്നെ ചിലയിടങ്ങളില്‍ മുടിവെട്ടുന്നതിനിടെ കഴുത്ത് പ്രത്യേകതരത്തില്‍ പൊട്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം എന്ന അവസ്ഥ സംഭവിക്കുന്നത്.
കഴുത്തിലെ നാലു രക്തക്കുഴലുകളാണ് പ്രധാനമായും ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത്. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആര്‍ട്ടറീസ് എന്നും പുറകിലുള്ളവയെ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറീസ് എന്നുമാണ് വിളിക്കുന്നത്. കഴുത്തിന്റെ കശേരുക്കള്‍ക്കിടയിലുള്ള ചെറിയ ദ്വാരത്തിലൂടെയാണ് വെര്‍ട്ടിബ്രല്‍ ആര്‍ട്ടറീസ് തലയോട്ടിക്കുള്ളിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. സലൂണുകളില്‍ നിന്ന് കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുമ്പോള്‍ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടാവാം. തുടര്‍ന്ന് താല്‍ക്കാലികമായി രക്തയോട്ടം കുറയുന്നു. അതുവഴി ചെറിയ തലചുറ്റലും ഛര്‍ദിയുമാണ് ഉണ്ടാവുക.
പക്ഷേ അടുത്ത ദിവസം രക്തയോട്ടത്തിന്റെ തോത് നന്നേ കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, വീഴാന്‍ പോവുക, കുഴഞ്ഞുപോവുക, ഉമിനീര് തരിപ്പില്‍ കയറുക തുടങ്ങിയവ സംഭവിക്കുന്നു. ഇതേപോലെയാണ് കഴുത്ത് വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകൊണ്ട് തീവ്രമായ ചില മസാജുകള്‍ ചെയ്യുമ്പോഴും സംഭവിക്കുന്നത്. കരോട്ടിക് ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടായി ഇതേപോലെ രക്തയോട്ടം നിലയ്ക്കാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
തലകറക്കം
ഛര്‍ദി
കഴുത്തിന് വേദന
സംസാരിക്കുമ്പോള്‍ വ്യക്തമാവാതിരിക്കുക.
കാഴ്ച മങ്ങല്‍
നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക
ഒരുവശം തരിപ്പ് അനുഭവപ്പെടുക
വെള്ളം കുടിക്കുമ്പോള്‍ തരിപ്പില്‍ പോവുക
മൂക്കുകൊണ്ട് സംസാരിക്കുന്ന പോലെ അനുഭവപ്പെടുക
കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുക വഴി വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി പൂര്‍ണമായും ബ്ലോക്ക് ആവുകയും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും കോമയിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ച് ചിലരില്‍ ഒരു വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി ജന്മനാ ചുരുങ്ങിയിരിക്കാം. ആ ഭാഗത്ത് വീണ്ടും ക്ഷതമേല്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അവസ്ഥകളിലേക്ക് പോയേക്കാം. പ്രായമുള്ളവരും സ്‌പോണ്ടിലോസിസ് രോഗികളുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗക്കാരാണ്.
ചികിത്സ
തലകറക്കം, ഛര്‍ദി, ഒപ്പം കഴുത്തിന് വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണം. എം.ആര്‍ ആന്‍ജിയോഗ്രാം ടെസ്റ്റ്, സി.ടി ആന്‍ജിയോഗ്രാം ടെസ്റ്റ് എന്നിവ ചെയ്ത് ഭിത്തിയില്‍ വിള്ളലുണ്ടോ എന്ന് പരിശോധിക്കണം. ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ആരംഭിക്കും. മരുന്നുകള്‍ ഉപയോഗിച്ചും ഇന്‍ജെക്ഷന്‍ ചികിത്സയുമുണ്ട്. അല്ലാതെ ആന്‍ജിയോപ്ലാസ്റ്റി പോലുള്ളവയും വേണ്ടി വന്നേക്കാം. നേരത്തേ കണ്ടെത്തിയാല്‍ അത്രയും നല്ലത്. ഗുരുതരാവസ്ഥയില്‍ എത്തുംമുമ്പായാല്‍ ഒന്നോ രണ്ടോ ആഴ്ച്ചത്തെ ആശുപത്രി വാസത്തിനുള്ളില്‍ രോഗമുക്തി നേടാം.
പരിഹാരം
സലൂണുകളില്‍ പരിശീലനം ഇല്ലാത്ത തൊഴിലാളികള്‍ കഴുത്ത് പൊട്ടിക്കുകയും മറ്റും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കഴുത്ത് പുറകിലേക്ക് തിരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക, തീവ്രമായ മസാജുകളും മറ്റും ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാനം. ഇത്തരം അപകടസാധ്യതകളെക്കുറിച്ച് സലൂണിലെ ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചിരിക്കണം. പരിശീലനം ലഭിച്ച ജീവനക്കാര്‍ ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാറില്ല. കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുന്നു എന്നു തോന്നിയാല്‍ സ്വയം അത്തരം മസാജുകള്‍ നിരസിക്കാം. ജീവനക്കാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. വി.ജി. പ്രദീപ് കുമാര്‍
ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ പ്രസിഡന്റ്
Content Highlights: understanding the strange mystery of the beauty parlour stroke syndrome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..