അടച്ചിട്ട മുറിയേയും ഉയരത്തേയും പ്രാണികളേയും ഭയക്കുന്നവർ; വിചിത്രമായ ചില പേടികൾ


സുരേന്ദ്രൻ ചീക്കിലോട്‌

വിചിത്രമായ പലതരം പേടികളെക്കുറിച്ചും അവയെ പിടിച്ചുകെട്ടാനുള്ള വഴികളെക്കുറിച്ചും അറിയാം.

Representative Image | Photo: Gettyimages.in

ക്ലോസ്ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക, ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം- ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം മലയൻകുഞ്ഞിന്റെ പ്രൊമോഷൻ പോസ്റ്ററിൽ നിന്നുള്ള വരികളാണിത്. എന്താണ് ക്ലോസ്ട്രോഫോബിയ എന്നു ചിന്തിച്ചവരും ഉണ്ടാകും. ഒരു കാര്യവുമില്ലാതെ ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഒക്കെ വച്ചുപുലർത്തുന്ന അകാരണമായ ഭയങ്ങളുടെ കൂട്ടത്തിലൊന്നാണ് ക്ലോസ്ട്രോഫോബിയയും. വിചിത്രമായ പലതരം പേടികളെക്കുറിച്ചും അവയെ പിടിച്ചുകെട്ടാനുള്ള വഴികളെക്കുറിച്ചും അറിയാം.

ലോകത്ത് മതങ്ങളും ദൈവങ്ങളുമൊക്കെ ഉണ്ടായതുതന്നെ പേടിയിൽനിന്നാണെന്നാണ് ചരിത്രം പറയുന്നത്. ആര്യന്മാരുടെ കാലത്ത് കാട്ടുതീയെയും ഇടിയെയും മിന്നലിനെയും കൊടുങ്കാറ്റിനെയും നിലയ്ക്കാത്ത മഴയെയുമൊക്കെ കണ്ടുപേടിച്ച മനുഷ്യർ അവയിൽനിന്ന് രക്ഷനേടാനായി ഓരോ പ്രകൃതിപ്രതിഭാസങ്ങളെയും പ്രതിനിധാനംചെയ്ത് ഓരോ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. ഈജിപ്തിലും മെസപ്പൊട്ടോമിയയിലും ഗ്രീസിലുമൊക്കെ ആദ്യകാലത്ത് ദൈവങ്ങൾ രൂപപ്പെട്ടതിനുപിന്നിൽ ഇത്തരം രസകരങ്ങളായ പല കഥകളുമുണ്ട്.

വിചിത്രമായ പേടികൾ!

താരതമ്യേന പേടിക്കേണ്ട ഒരു കാര്യവുമില്ലാത്ത ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ചിലർ വെച്ചുപുലർത്തുന്ന അകാരണമായ യുക്തിരഹിതമായ പേടിയാണ് നമ്മുടെ വിഷയം.
ഇംഗ്ലീഷിൽ ഫോബിയ (Phobia) എന്നാണ് വിട്ടുമാറാത്ത ഈ ഭയത്തെ സൂചിപ്പിക്കുന്ന വാക്ക്. ഇത്തരം വസ്തുക്കളെപ്പറ്റി ആലോചിക്കുമ്പോൾത്തന്നെ ചിലർക്ക് പരിഭ്രമവും പേടിയും ഉണ്ടാവും.

ഫോബിയകൾക്ക് വ്യക്തിപരമായി വ്യത്യസ്തകാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേകവസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പർക്കംമൂലം മനസ്സിലുണ്ടായ ആഘാതമാണ് പലപ്പോഴും പിൽക്കാലത്ത് പലർക്കും വിട്ടുമാറാത്ത ഭയമായി (Phobia) തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകൾ ഗണിക്കപ്പെടുന്നത്.

ഫോബിയകൾ മൂന്നുവിധം

ഫോബോസ് (phobos) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഫോബിയ ഉണ്ടായത്. നിരുപദ്രവകരമായ ചില വസ്തുക്കളോടും സാഹചര്യങ്ങളോടും ചിലർ പ്രകടിപ്പിക്കുന്ന അകാരണമായ ഭയം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർഥം. പ്രധാനമായും മൂന്നുതരം ഫോബിയകൾ ആണുള്ളത്. മറ്റെല്ലാം ഇതിന്റെ ഉപവിഭാഗങ്ങളാണ്.

സ്‌പെസിഫിക് ഫോബിയ

പ്രത്യേക വസ്തുക്കളോടോ പ്രത്യേകം സാമൂഹികസാഹചര്യങ്ങളോടോ ഒരാൾ പ്രകടിപ്പിക്കുന്ന ഭയമാണ് സ്‌പെസിഫിക് ഫോബിയ.

സോഷ്യൽ ഫോബിയ

വൈവിധ്യമാർന്ന സാമൂഹിക സാഹചര്യങ്ങളിൽ ചിലതിനോട് ചില വ്യക്തികൾ പ്രകടിപ്പിക്കുന്ന അകാരണമായ ഭയമാണ് സോഷ്യൽ ഫോബിയ. മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തുകരുതും എന്നഭയമാണ് പലപ്പോഴും ഇത്തരക്കാരെ ഭരിക്കുന്നത്.

അഗോറ ഫോബിയ

സുരക്ഷിതമെന്ന് താൻ കരുതുന്ന തന്റെ തട്ടകത്തിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് വിട്ടുപോകാനുള്ള ഭയമാണ് അഗോറ ഫോബിയ.

വിമാനത്തെ പേടിക്കുന്നവർ

കുടുംബത്തോടൊപ്പം വിമാനത്തിൽ കയറാൻ അവസരം കിട്ടിയിട്ടും പേടിമൂലം യാത്രമുടക്കുന്ന ചില കൂട്ടുകാരെപരിചയപ്പെട്ടിട്ടില്ലേ. ഉയരത്തെത്തി വിമാനമെങ്ങാൻ താഴോട്ടുവീണാലോ എന്ന പേടി ഇക്കൂട്ടരെ സദാ അലട്ടിക്കൊണ്ടിരിക്കും. ഏവിയോ ഫോബിയ (Aviophobia) എന്നാണ് ഇതറിയപ്പെടുന്നത്. വിമാനയാത്രക്കാരായ 25 ശതമാനംപേർക്കും ഒരുപരിധിവരെ ഏവിയോഫോബിയ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്തിലിരുന്ന് വിയർക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും മനംപുരട്ടലുണ്ടാവുന്നതുമൊക്കെ ഇതുകൊണ്ടാണ്.

പരുന്ത് പേടിക്കാർ

വല്ല പരുന്തോ കഴുകനോ മറ്റോ വട്ടമിട്ട് പറക്കുന്നത് കാണുമ്പോൾത്തന്നെ അകത്തുകയറി വാതിലടയ്ക്കുന്ന വിരുതൻമാരുണ്ട്. പക്ഷികളോടുള്ള ഈ പേടിക്ക് ഒറിനിത്തോ ഫോബിയ (Orinithophobia) എന്നാണ് പറയുക. ചിത്രകഥകളിലും സിനിമകളിലുമൊക്കെ കാണുന്ന ഇവറ്റകളുടെ ക്രൗര്യം എന്നോ മനസ്സിൽ ഉറച്ചുപോയതാകാം ഈ പരുന്ത് വിരോധത്തിന് കാരണം.

ആൾക്കൂട്ടത്തെ പേടിക്കുന്നവർ

ആൾക്കൂട്ടത്തെ കാണുമ്പോൾ അസ്വസ്ഥരായി ഓടിയൊളിക്കുന്ന മനോവൈകല്യത്തിന് എനക്ലോ ഫോബിയ (Enochlophobia) എന്നാണ് പേര്. ആളുകൾ കൂട്ടംകൂടിനിൽക്കുന്ന ഇടങ്ങളിൽപ്പെട്ടാൽ ശ്വാസംമുട്ടലും വിയർക്കലും ഇവരുടെ ലക്ഷണമാണ്. കുട്ടിയായിരിക്കുമ്പോഴുണ്ടായ അപകർഷബോധമാകാം അവരെ ഈ അവസ്ഥയിലേക്ക് നയിച്ചത്.

ഉയരത്തെ ഭയക്കുന്നവർ

സ്‌കൂളിൽനിന്ന് വിനോദയാത്രകൾക്കും മറ്റും പോകുമ്പോൾ ഉയരങ്ങൾ കയറാൻ ഇടവരുമ്പോൾ ചില വീരശൂരപരാക്രമികൾ നിന്നുവിറയ്ക്കുന്നത് കണ്ടിട്ടില്ലേ. വാട്ടർതീം പാർക്കുകളിൽ പലറൈഡുകളിൽനിന്നും ഇത്തരക്കാർ മാറിനിൽക്കും. മുകളിൽനിന്ന് താഴേക്കുവീഴുമോയെന്ന് ഭയന്നിരിക്കുന്ന ഇക്കൂട്ടവരുടെ മാനസികാവസ്ഥയ്ക്ക് അക്രോഫോബിയ (Acrophobia) എന്നാണ് പറയുക.

മരണവീട്ടിൽ പോകാത്തവർ

മരണംനടന്ന വീട്ടിലും മരണാനന്തരച്ചടങ്ങുകൾ നടക്കുന്ന സ്ഥലത്തുമൊന്നും കെട്ടിവലിച്ചാൽപോലും പോകാൻകൂട്ടാക്കാത്ത ചിലരുണ്ട്. മുമ്പ് ഏതോ മരണവീട്ടിൽനിന്ന് ശ്വസിച്ച ചന്ദനത്തിരിയുടെ മണം എവിടെനിന്ന് കിട്ടിയാലും ഇക്കൂട്ടർക്ക് തലവേദനയും മനംപുരട്ടലും ഉറപ്പാണ്. മരണത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും അസ്വസ്ഥതയുണ്ടാക്കുന്ന ഈ വൈകല്യമാണ് തനട്ടോ ഫോബിയ (Thanatophobia).

വെള്ളം കാണുമ്പോൾ

കുളങ്ങളിലും തോടുകളിലും പുഴകളിലുമൊക്കെയുള്ള വെള്ളംകാണുമ്പോൾ അസ്വാസ്ഥ്യം കാണിക്കുന്ന ചിലരുണ്ട്. കുളത്തിലും തോടുകളിലുമൊക്കെ കുളിക്കാനിറങ്ങാൻ മടികാണിക്കുന്ന ഈ മാനസികാവസ്ഥയാണ് അക്വാഫോബിയ. (Aquaphobia) കുഞ്ഞായിരിക്കുമ്പോഴെന്നോ വെള്ളത്തിൽ കുളിക്കുമ്പോൾ അബദ്ധത്തിൽ ഒന്ന് ശ്വാസംമുട്ടിപ്പോയതാവാം ഈ ശങ്ക വിടാതെകൂടാൻ കാരണം.

അടുപ്പിന് ചുറ്റിയിട്ട കോഴിയെപ്പോലെ

'അടുപ്പിന് ചുറ്റി ജപിച്ചിട്ട കോഴിയെപ്പോലെ' എന്ന ശൈലിയിൽ എന്തൊക്കെ പ്രലോഭിപ്പിച്ചാലും വീടിനുപുറത്തിറങ്ങാത്ത ചിലരുണ്ട്. തുറന്ന സ്ഥലങ്ങളോടുള്ള ഭയമാണ് ഇവരെ അവനവന്റെ ഇത്തിരിവട്ടത്തിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നത്. സമൂഹത്തെ അഭിമുഖീകരിക്കാനുള്ള അപകർഷബോധമായിരിക്കും ചിലർക്ക്. മറ്റുചിലർക്കാകട്ടെ, പുറത്തുമുഴുവൻ രോഗാണുക്കളാണ്, അഴുക്കാണ് എന്നൊക്കെയായിരിക്കും ചിന്ത. അഗോറാഫോബിയ (Agoraphobia) എന്ന മാനസികാവസ്ഥയാണിത്.

ഇരുട്ടിനെ പേടിക്കുന്നവർ

രാത്രി വീടുവിട്ട് പുറത്തിറങ്ങാൻ ഭയക്കുന്ന ഒരുകൂട്ടരുണ്ട്. തിയേറ്ററുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമൊക്കെ പെട്ടെന്ന് വൈദ്യുതി നിലച്ചാൽ ഇക്കൂട്ടർ വിളറിവിയർക്കും. ഇരുട്ടിനോടുള്ള ഈ അമിത ഭയമാണ് നൈക്റ്റോ ഫോബിയ (Nycto phobia) കുട്ടിക്കാലത്ത് എപ്പോഴോ ഇരുട്ടിലകപ്പെട്ട് പേടിച്ച അനുഭവം ഉപബോധമനസ്സിൽ പതിഞ്ഞുകിടക്കുന്നതാവാം ഈ ഒരവസ്ഥയ്ക്ക് കാരണം.

എട്ടുകാലിപ്പേടി

വലിയ ധൈര്യശാലിയായി ചമഞ്ഞ് കൂട്ടുകാരോടൊപ്പം കളിച്ചുതിമർക്കുന്നവർ ക്‌ളാസ് മുറിയിലോ പഠനമുറിയിലോ മറ്റോ ഒരു എട്ടുകാലിയെ കണ്ടാൽ പെട്ടെന്ന് പേടിച്ചോടുന്നത് കാണാം. അരക്കനോഫോബിയ (Arachnophobia) എന്നാണ് ഈ മനോവൈകല്യത്തിന്റെ പേര്. ചെറുപ്പകാലത്തെന്നോ എട്ടുകാലിഭയം ഉള്ളിൽക്കയറിയതാവാം ഈ ഭയത്തിന് കാരണം.

പ്രാണിഭയം

പ്രാണികളോടും പാറ്റകളോടുമൊക്കെ അകാരണമായ ഭയം വെച്ചുപുലർത്തുന്ന ചിലരുണ്ട്. പ്രാണികളും പാറ്റകളുമുള്ള വീടുകളിൽ കയറുന്നതേ ഇവർക്ക് അലർജിയാണ്. രാവിലെ ഉണർന്നാൽ ശരീരഭാഗങ്ങളൊക്കെ സസൂക്ഷ്മം പരിശോധിച്ച് എവിടെയെങ്കിലും പ്രാണി കടിച്ചിട്ടുണ്ടോയെന്ന് ഇക്കൂട്ടർ നോക്കിക്കൊണ്ടിരിക്കും. രക്തമൂറ്റിക്കുടിക്കുന്ന കൊതുകുകളും പാറ്റകളും കൂറകളുമൊക്കെ ഇവരുടെ നിശാസ്വപ്നത്തിലെ കൂട്ടുകാരായിരിക്കും. ആകറോ ഫോബിയ (Acaro Phobia) എന്ന മാനസികാവസ്ഥയാണിത്.

ക്ലോസ്ട്രോഫോബിയ

ചെറിയ അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ ഭയന്ന് വിയർത്തുവിളറുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ടാവും. ക്ലോസ്ട്രോഫോബിയ (Claustrophobia) എന്നാണ് ഈ മാനസികാവസ്ഥയ്ക്ക് പേര്. ലോകത്ത് നാലുശതമാനം പേരെങ്കിലും ഇത്തരക്കാരായി ഉണ്ടെന്നാണ് കണക്ക്.

പ്രധാനപ്പെട്ട മറ്റുഫോബിയകൾ

01. ഒഫിഡിയോ ഫോബിയ (Ophidio Phobia)- പാമ്പുകളെക്കുറിച്ചുള്ള അകാരണ ഭയം
02. സൈനോ ഫോബിയ (Cyno phobia)- നായ്ക്കളെക്കുറിച്ചുള്ള അസാധാരണ ഭയം
03. അറ്റിച്ചി ഫോബിയ (Atychi Phobia)- തോൽവിയെക്കുറിച്ചുള്ള ഭയം
04. ഹീമോഫോബിയ (Hemo Phobia)- രക്തം കാണുമ്പോഴുള്ള ഭയം
05. ലെപ്പിഡോപ്റ്റർ ഫോബിയ (Lepidopter phobia)- ചിത്രശലഭങ്ങളോടുള്ള ഭയം
06. എയ്ലുറോ ഫോബിയ (Ailuro Phobia)- പൂച്ചപ്പേടി
07. തലസ്സോ ഫോബിയ (Thalasso phobia)- കടലുകാണുമ്പോഴുള്ള പേടി
08. ആപി ഫോബിയ (Api Phobia)- തേനീച്ചകളോടുള്ള ഭയം
09. തിയോ ഫോബിയ (Theo Phobia)- അകാരണമായ ദൈവഭയം
10. കാർസിനോ ഫോബിയ (Carcino Phobia)- എന്ത് ചെറിയ അസുഖം ബാധിച്ചാലും അത് കാൻസറായി മാറുമോയെന്നുള്ള ഭയം.

ഫോബിയകളുടെ അടിവേരുകൾ

മിക്ക ഫോബിയകളുടെയും കാരണം ശൈശവകാല അനുഭവങ്ങളാണ്. ഒരു വസ്തുവുമായോ സാഹചര്യവുമായോ ജീവിയുമായോ ബന്ധപ്പെട്ട നെഗറ്റീവ് അനുഭവങ്ങൾ ഉപബോധമനസ്സിൽ മായാതെ നിൽക്കുമ്പോൾ അത് പലതരം ഫോബിയകൾക്ക് കാരണമാകുന്നു. ഫോബിയകൾക്കുപിന്നിലെ പാരമ്പര്യഘടകവും പല മനഃശാസ്ത്രജ്ഞന്മാരും തള്ളിക്കളയുന്നില്ല.

ഫോബിയകളെ പിടിച്ചുകെട്ടാൻ

ഭയമുണ്ടാവാൻ ഇടയാക്കിയ സാഹചര്യങ്ങളും വസ്തുക്കളും വ്യക്തികളുമായി നേരിട്ട് രോഗിയെ സമ്പർക്കത്തിലാക്കുകയാണ് ഫോബിയയ്‌ക്കെതിരേയുള്ള പ്രധാന ചികിത്സ. എക്‌സ്പോഷർ തെറാപ്പി (Exposure Therapy) എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.

രോഗിയെ കൗൺസലിങ്ങിന് വിധേയമാക്കി പേടിയുണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് യുക്തിയുക്തമായി സ്വയം ചിന്തിച്ച് നിഗമനത്തിലെത്താൻ രോഗിയെ പ്രാപ്തനാക്കുന്ന Cognitive Behavioral Therapyയും ഫോബിയയ്‌ക്കെതിരേ പ്രയോഗിക്കുന്നുണ്ട്. ശരീരപേശികളെ തളർത്തിയിട്ടും ശ്വാസോച്ഛ്വാസക്രമത്തെ നിയന്ത്രിച്ചും ഉപബോധമനസ്സിനെ ഉണർത്തി സ്വയം നിർദേശം (Auto suggection) നൽകുന്ന രീതിയും (Progressive Relaxation Technique) ഫോബിയകൾക്കെതിരേ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

Content Highlights: types of phobias and their treatment, solution for phobias, claustrophobia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented