വന്ധ്യത വലിയ രോഗമല്ല, കാരണങ്ങളും ഫലപ്രദമായ ചികിത്സാരീതികളും


ഡോ. അശ്വതികുമാരന്‍

3 min read
Read later
Print
Share

വന്ധ്യതയ്ക്കിടയാക്കുന്നത് സ്ത്രീയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മാത്രവുമല്ല. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം.

Representative Image | Photo: Gettyimages.in

ലോകത്ത് 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് പൊതുവായ കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാലില്‍ ഒരു ദമ്പതിയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിന് ക്രമാനുഗതമായ മാറ്റം ആവശ്യമാണ്. ഇത്തരം ഒരു അവസ്ഥാവിശേഷത്തെ മുന്‍നിര്‍ത്തിയാണ് ജൂലൈ മാസം 25ാം തിയ്യതി ലോക ഐ വി എഫ് ദിനമായി ആചരിക്കുന്നത്. വന്ധ്യത എന്നത് വലിയ രോഗമല്ല എന്ന തിരിച്ചറിവുണ്ടാക്കുകയും, വന്ധ്യതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയും, ഫലപ്രദമായ ചികിത്സാ രീതി എല്ലാവരിലേക്കും എത്തിക്കുകയുമെല്ലാം ഈ ദിനാചരണത്തിന്റെ പൊതുവായ ലക്ഷ്യങ്ങളാണ്.

ഐ.വി.എഫിന്റെ വളര്‍ച്ച

ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐ.വി.എഫ് വളര്‍ന്നെങ്കിലും ഈ ചികിത്സാരീതിയുടെ തുടക്കവും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയും വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല. 1950കളുടെ തുടക്കത്തിലാണ് ബ്രിട്ടീഷുകാരനായ റോബര്‍ട്ട് ജി എഡ്വേര്‍ഡ് ഐ.വി.എഫ് എന്ന ചികിത്സാ രീതി യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാരംഭ പഠനങ്ങള്‍ ആരംഭിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ അണ്ഡവും ഭ്രൂണവും പരീക്ഷണശാലയില്‍ വെച്ച് സംയോജിപ്പിച്ച ശേഷം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ രീതിയെ അംഗീകരിക്കുവാന്‍ ആ കാലത്തെ മത-പുരോഹിത മേധാവിത്വവും യഥാര്‍സ്ഥിതിക സമൂഹവും തയ്യാറായിരുന്നില്ല. എങ്കിലും പിന്മാറാതെ പതിറ്റാണ്ടുകളോളം ഇദ്ദേഹം ഈ ലക്ഷ്യത്തിനായുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 1977 ല്‍ ലസ്സി ബ്രൗണ്‍, ഭര്‍ത്താവ് ജോണ്‍ എന്നിവര്‍ ഈ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. 1978 ജൂലൈ 25ാം തിയ്യതി രാത്രി 11.47ന് ഐ വി എഫ് ലൂടെയുള്ള ലോകത്തെ ആദ്യ കുഞ്ഞ് ലൂയിസ് ബ്രൗണ്‍ പിറന്നുവീണു. പിന്നീടുള്ളത് ചരിത്രമാണ്.

ഈ ചരിത്രത്തിന് ഒരു വേദനിപ്പിക്കുന്ന ഇന്ത്യന്‍ അനുബന്ധം കൂടിയുണ്ട്. ലൂയിസ് ബ്രൗണ്‍ പിറന്ന് വെറും 67 ദിവസം കഴിഞ്ഞപ്പോള്‍ 1978 ഒക്ടോബര്‍ മൂന്നിന് കല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ 'ദുര്‍ഗ' പിറന്നു. പിന്നീട് കനുപ്രിയ അഗര്‍വാള്‍ എന്നറിയപ്പെട്ടു. ഡോ. സുഭാഷ് മുഖര്‍ജി എന്ന പ്രഗത്ഭനായ ഭിഷഗ്വരനായിരുന്നു ഈ നേട്ടത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇദ്ദേഹം അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല തട്ടിപ്പുകാരനായി മുദ്രകുത്തപ്പെടുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്തു. ഒടുവില്‍ മനസ്സ് തകര്‍ന്ന് സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു അദ്ദേഹത്തിന്. ഡോ. സുഭാഷ് മുഖര്‍ജി ഐ.വി.എഫ് വിജയകരമായി യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് ഇന്ത്യയില്‍ അടുത്ത ഐ.വി.എഫ് നടന്നത്. ആ ബഹുമുഖ പ്രതിഭയെ നമ്മുടെ പൊതുസമൂഹം അംഗീകരിക്കാന്‍ വീണ്ടും നീണ്ട 28 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

വന്ധ്യതയുടെ കാരണങ്ങള്‍

നിരവധി കാരണങ്ങള്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്. അതുപോലെ തന്നെ പൊതുവെ കൂടുതല്‍ പേരും ധരിച്ച് വെച്ചിരിക്കുന്നത് പോലെ വന്ധ്യതയ്ക്കിടയാക്കുന്നത് സ്ത്രീയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മാത്രവുമല്ല. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം.

സ്ത്രീകളില്‍ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ തുടങ്ങിയ പലകാരണങ്ങളും വന്ധ്യതയ്ക്കിടയാക്കിയേക്കാം.

പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ബീജമില്ലാതാകുന്ന അവസ്ഥ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ബീജത്തിന്റെ ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണ സംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായ കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

ഐ.വി.എഫ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വാഭാവികമായ രീതിയില്‍ സാധ്യതയില്ല എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഉറപ്പ് പറയുകയും ഐ.വി.എഫ് നിര്‍ദ്ദേശിക്കുകയും വേണം. ഇതിന് ഐ.വി.എഫില്‍ വിദഗ്ദ്ധപരിചയമുള്ള ഡോക്ടറുടെ അരികില്‍ തന്നെ ചികിത്സ നേടുന്നതാണ് ഉത്തമം.

ഐ.വി.എഫ് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന ഡോക്ടറുടെയും സെന്ററിന്റെയും പരിചയ സമ്പത്തും അവിടത്തെ ചികിത്സയുടെ വിജയ ശതമാനവും കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കണം. കാരണം ചികിത്സയില്‍ പിഴവ് സംഭവിക്കുന്നതിനനുസരിച്ച് ചെലവ് വര്‍ധിച്ച് വരും.

വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനും ചികിത്സിക്കുവാനും ദമ്പതികള്‍ ഒരുമിച്ച് തന്നെ ഡോക്ടറെ സന്ദര്‍ശിക്കാന്‍ വരണം. പലപ്പോഴും ആര്‍ത്തവത്തിലെ ക്രമരാഹിത്യം മാത്രമാണ് വന്ധ്യതയ്ക്കുള്ള തടസ്സം എന്ന് കരുതി സ്തീകള്‍ മാത്രം വരാറുണ്ട്. അത് പലപ്പോഴും ശരിയായിരിക്കണമെന്നില്ല.

ചികിത്സയോടൊപ്പം തന്നെ ചികിത്സ തേടുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരമപ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലികള്‍ നിര്‍ബന്ധമായും പാലിക്കണം. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക, വ്യായാമം കൃത്യമായി നിര്‍വ്വഹിക്കുക, അമിതവണ്ണം കുറയ്ക്കുക, മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല. സംശയങ്ങളും ആശങ്കകളുമെല്ലാം ഡോക്ടറോട് നേരിട്ട് തന്നെ ചോദിച്ച് നിവൃത്തി വരുത്തുക, കുടുംബത്തിന്റെ പൂര്‍ണ്ണമായ പിന്തുണയും പങ്കാളികളുടെ പൂര്‍ണ്ണമായ സഹകരണവും കൂടി ഉറപ്പ് വരുത്തിയാല്‍ വന്ധ്യത എന്ന അവസ്ഥയെ അതിജീവിച്ച് കുട്ടികള്‍ ഉണ്ടാകുന്ന ജീവിതത്തിലേക്ക് നിങ്ങള്‍ക്കും കൈപിടിച്ച് കയറാനാകും.

ആസ്റ്റര്‍ വയനാട് , ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മിറക്കിള്‍ ഫെര്‍ട്ടിലിറ്റി & IVF സെന്റര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റും മേധാവിയുമാണ് ലേഖിക

Content Highlights: types of infertility treatment, world ivf day, ivf procedure

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
scoliosis

5 min

നട്ടെല്ലിന്റെ വളവ് കൂടുന്നതിന് അനുസരിച്ച് ശ്വാസകോശവും തകരാറിലാകും; സൂക്ഷിക്കണം സ്കോളിയോസിസ്

Jun 23, 2023


kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


pcos

3 min

പി.സി.ഒ.എസ് ഉള്ളവർ ഭക്ഷണ-വ്യായാമ കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം? ചികിത്സ എപ്രകാരം?

Sep 1, 2023


Most Commented