കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഏതെല്ലാം? വിജയസാധ്യത എത്രത്തോളം ? ആർക്കൊക്കെ അനുയോജ്യം?


ബീജത്തിന്റെ എണ്ണക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഗർഭധാരണം സാധ്യമാകാതെ പോകുമ്പോഴാണ് ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) പ്രയോജനപ്പെടുത്തുന്നത്

Representative Image | Photo: Gettyimages.in

ഇന്ന് ലോക ഐ.വി.എഫ്. ദിനം. കൃത്രിമ ഗർഭധാരണ മാർഗങ്ങളുടെ സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം എസ്.എ.ടി. ഹോസ്പിറ്റലിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണൻ പങ്കുവെക്കുന്നു.

ചികിത്സകൊണ്ടും ഗർഭധാരണം സാധ്യമാകാത്ത സാഹചര്യം ചിലപ്പോഴെങ്കിലും വന്നേക്കാം. അപ്പോഴാണ് കൃത്രിമ ഗർഭധാരണ മാർഗങ്ങളുടെ സാധ്യതകൾ പരിഗണിക്കുന്നത്. ഇതിനെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക് (A.R.T.) എന്നാണ് പൊതുവായി പറയുന്നത്. ഓരോരുത്തരുടെയും പ്രശ്നങ്ങൾ വിശദമായി വിലയിരുത്തിയാണ് എ.ആർ.ടിയിൽ ഏത് മാർഗം സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത്.

ഐ.യു.ഐ.

ബീജത്തിന്റെ എണ്ണക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഗർഭധാരണം സാധ്യമാകാതെ പോകുമ്പോഴാണ് ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) പ്രയോജനപ്പെടുത്തുന്നത്. മികച്ച ഗുണനിലവാരമുള്ള ബീജത്തെ തിരഞ്ഞെടുത്ത് കത്തീറ്ററിന്റെ സഹായത്തോടെ ഗർഭപാത്രത്തിൽ നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണിത്.

അണ്ഡവിസർജനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകും. വജൈനൽ അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ അണ്ഡത്തിന്റെ വികസനഘട്ടങ്ങൾ നിരീക്ഷിക്കും. അണ്ഡാശയത്തിൽനിന്ന് അണ്ഡം പുറത്തുകടക്കാൻ സഹായിക്കുന്ന ഹോർമോൺ ഇഞ്ചക്ഷനും നൽകും. ഈ ഒരുക്കങ്ങൾക്ക് ശേഷമാണ് ബീജത്തെ ഗർഭപാത്രത്തിലേക്ക് എത്തിക്കുന്നത്. സ്‌പെക്കുലം എന്ന ഉപകരണം യോനിയിലേക്ക് കടത്തി അതിലൂടെ കത്തീറ്റർ ഉപയോഗിച്ചാണ് ഗർഭപാത്രത്തിൽ ബീജം നിക്ഷേപിക്കുക. മൂന്നുമുതൽ നാല് തവണ വരെ ഐ.യു.ഐ. ചെയ്തിട്ടും വിജയിച്ചില്ലെങ്കിൽ ഐ.വി.എഫ്. തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ബീജം വേർതിരിച്ചെടുക്കൽ: ഐ.യു.ഐ. തുടങ്ങുന്ന ദിവസമാണ് ബീജം ശേഖരിക്കുക. ശുക്ലത്തിൽനിന്ന് വാഷിങ് എന്ന പ്രക്രിയയിലൂടെ ബീജത്തെ വേർതിരിച്ചെടുക്കും. ചലനവേഗവും ഗുണനിലവാരവുമുള്ള ബീജത്തെ ഇതിലൂടെ തിരഞ്ഞെടുക്കും. നേരത്തേ ബീജം ശേഖരിച്ചുവെച്ചും ചികിത്സാസമത്ത് ഉപയോഗപ്പെടുത്താറുണ്ട്.

അനുയോജ്യരല്ലാത്തവർ: അണ്ഡവാഹിനിക്കുഴലിന് കാര്യമായ തകരാർ, പെൽവിക് അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയവ ഉണ്ടെങ്കിൽ ഐ.യു.ഐ. അനുയോജ്യമാകാറില്ല.

ഐ.വി.എഫ്.

സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ആർക്കൊക്കെ അനുയോജ്യം ?

അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.

ചികിത്സാരീതി

കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.

അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലീമീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.

അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.

ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.

ഇക്സി

ഒരു ബീജത്തെ തിരഞ്ഞെടുത്ത് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയാണ് ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇൻഞ്ചക്ഷൻ അഥവാ ഇക്‌സി. ഐ.വി.എഫിനേക്കാൾ ഒരു പടികൂടി മുന്നോട്ടുപോയ ചികിത്സയാണിത്. ഐ.വി.എഫിൽ ലാബിൽ ബീജസങ്കലനം സ്വാഭാവികമായി നടക്കുമ്പോൾ ഇക്‌സിയിൽ ബീജത്തെയും അണ്ഡത്തെയും കൃത്രിമമായിത്തന്നെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

ആർക്കൊക്കെ അനുയോജ്യം ?

ബീജത്തിന് ചലനശേഷിക്കുറവ്, അസ്വാഭാവികമായ ആകൃതി, ബീജസംഖ്യയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങളിൽ ഇക്‌സി പ്രയോജനപ്പെടുത്താറുണ്ട്. മാത്രല്ല, ബീജോത്പാദനത്തിൽ വളരെ കുറവുണ്ടാകുക, വൃഷണത്തിൽനിന്നോ എപ്പിഡിഡിമസിൽനിന്നോ ബീജം കുത്തിയെടുക്കേണ്ടിവരുക എന്നിങ്ങനെയുള്ള അവസ്ഥകളിലും ഈ ചികിത്സ പ്രയോജനപ്പെടാറുണ്ട്. ഐ.വി.എഫ്. ചികിത്സ പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ഇക്‌സി പ്രയോജനപ്പെടുത്താറുണ്ട്.

ചികിത്സാരീതി

ഇക്‌സിയുടെയും ആദ്യഘട്ടങ്ങൾ ഐ.വി.എഫ്. പോലെത്തന്നെയാണ്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കാൻ മരുന്നുകൾ നൽകും. പാകമായ അണ്ഡങ്ങളെ പ്രത്യേക സൂചി ഉപയോഗിച്ച് പുറത്തെടുക്കും. അണ്ഡങ്ങളിൽ ഓരോന്നിലും ഓരോ ബീജങ്ങൾ കുത്തിവയ്ക്കും. അങ്ങനെ ബീജസംയോഗം നടത്തി അണ്ഡങ്ങൾ അഞ്ച് ദിവസത്തോളം ലാബിൽ സൂക്ഷിക്കും. അതിനുശേഷം ഗുണനിലവാരമുള്ള ഭ്രൂണത്തെ തിരഞ്ഞെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കും.

ഡോണർ പ്രോഗ്രാം

പങ്കാളികളിൽ അണ്ഡമോ ബീജമോ ഇല്ലാത്ത അവസ്ഥയുണ്ടായാൽ ബീജദാതാക്കളെയും അണ്ഡദാതാക്കളെയും ആശ്രയിക്കുന്ന രീതിയാണിത്. ദാതാക്കളെ ആശ്രയിക്കുമ്പോൾ ലൈംഗിക രോഗങ്ങൾ, ജനിതക രോഗങ്ങൾ എന്നിവ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തും. ഐ.വി.എഫ്., ഇക്സി തുടങ്ങിയവ വഴി ബീജസംയോഗം നടത്തും. അത് ഭ്രൂണമായശേഷം ഗർഭപാത്രത്തിലേക്ക് മാറ്റും

സർജിക്കൽ സ്പേം റിട്രീവൽ

ബീജങ്ങൾ എപ്പിഡിഡിമസിൽ നിന്നോ വൃഷണത്തിൽനിന്നോ പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുക്കുന്ന രീതിയാണ് സർജിക്കൽ സ്‌പേം റിട്രീവൽ. വൃഷണത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ എപ്പിഡിഡിമസിലാണ് ശേഖരിക്കപ്പെടുന്നത്. ചിലരിൽ ബീജങ്ങൾ സ്രവിപ്പിക്കാൻ കഴിയാത്ത അവസ്ഥ വരാറുണ്ട്.

ബീജത്തെ വഹിക്കുന്ന ട്യൂബായ ബീജനാളി (വാസ് ഡിഫറൻസ്) ഇല്ലാതിരിക്കുക, വാസക്ടമിയോ മറ്റോ മൂലം ബീജനാളിയിൽ തടസ്സമുണ്ടാകുക, വൃഷണസംബന്ധമായ തകരാറുകൾ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. അത്തരം സാഹചര്യത്തിൽ സർജിക്കൽ സ്‌പേം റിട്രീവൽ ഉപയോഗപ്പെടുത്തുന്നു.

ബീജങ്ങൾ ശേഖരിക്കുന്നതിന് മൈക്രോസർജിക്കൽ സ്‌പേം ആസ്പിരേഷൻ (മെസ), പെർക്കുറ്റേനിയസ് എപിഡിഡൈമൽ സ്‌പേം ആസ്പിരേഷൻ (പെസ), ടെസ്റ്റിക്കുലാർ സ്‌പേം എക്‌സ്ട്രാക്ഷൻ (ടെസ്), പെർക്കുട്ടേനിയസ് ടെസ്റ്റിക്കുലാർ ആസ്പിരേഷൻ (ടെസ) എന്നിങ്ങനെ വിവിധ മാർഗങ്ങളുണ്ട്.

വിജയസാധ്യത എത്രത്തോളം ?

കൃത്രിമ ഗർഭധാരണത്തിന്റെ ജയസാധ്യത പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഐ.യു.ഐ. രീതിയാണെങ്കിൽ 10-12 ശതമാനമാണ് വിജയസാധ്യത കണക്കാക്കുന്നത്. ഐ.വി.എഫ്., ഇക്‌സി എന്നിവയ്ക്ക് 40-45 ശതമാനമാണ് പൊതുവായുള്ള വിജയസാധ്യത.

ബീജസങ്കലനം കൃത്രിമമായി നടത്താമെങ്കിലും ഭ്രൂണം ഗർഭപാത്ര ഭിത്തിയിൽ പറ്റിപ്പിടിച്ച് വളരുന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇപ്പോഴും ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിയാനുണ്ട്. ഈ ഘട്ടത്തിൽ സംഭവിക്കുന്ന തിരിച്ചറിയപ്പെടാത്ത കാരണങ്ങൾ പരാജയസാധ്യത വർധിപ്പിക്കുന്നു. ഇത് സംബന്ധിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.ദമ്പതികളുടെ പ്രായം, പൊതുവായ ആരോഗ്യം എന്നിവയെല്ലാം കൃത്രിമ ഗർഭധാരണത്തിന്റെ വിജയപരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഭ്രൂണത്തിലെ ജനിതക തകരാറുകൾ കണ്ടെത്താം

ഭ്രൂണങ്ങളിലെ ജനിതക വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രീ ഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിങ് (PGT). ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിൽ ഭ്രൂണ ബയോപ്‌സി വഴി ജനിതക തകരാറുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്. ട്രൈസോമിപോലുള്ള ക്രോമസോം അപാകതകൾ കണ്ടെത്തുന്നതിനുള്ള മികച്ച മാർഗമാണിത്. സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾ സെൽ അനീമിയ എന്നിവപോലുള്ള ഒറ്റ ജീൻ മ്യൂട്ടേഷനുകൾ കണ്ടെത്തുന്നതിനും ഇത് സഹായിക്കുന്നു. ജീനോമിക് ഹൈബ്രിഡൈസേഷൻ (സി.ജി.എച്ച്.) പോലുള്ള പുതിയ സാങ്കേതിക വിദ്യകളും ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ശീതീകരിച്ച് സൂക്ഷിക്കാം

അണ്ഡവും ബീജവും ഭ്രൂണവും ശീതികരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം (Cryopreservation) നിലവിലുണ്ട്. ലിക്വിഡ് നൈട്രജനിലാണ് ഇവ സൂക്ഷിക്കുക. ആവശ്യാനുസരണം പിന്നീട് ഉപയോഗപ്പെടുത്താനാകും. പല സാഹചര്യങ്ങളിലും ഈ സംവിധാനം പ്രയോജനപ്രദമാകാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അത് ഭേദമാകുന്നതുവരെ അണ്ഡമോ ബീജമോ ഭ്രൂണമോ സൂക്ഷിച്ചുവയ്ക്കാൻ ഈ സംവിധാനം സഹായിക്കും. കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി തുടങ്ങുന്നതിനുമുൻപ് ഇത്തരത്തിൽ ബീജമോ അണ്ഡമോ ശേഖരിച്ച് സൂക്ഷിക്കാറുണ്ട്. ചികിത്സയ്ക്കുശേഷം ഇത് ഉപയോഗപ്പെടുത്തി ഗർഭധാരണം സാധ്യമാവുകയും ചെയ്യും.

തയ്യാറാക്കിയത്: സി.സജിൽ

Content Highlights: types of infertility treatment, infertility treatment methods, world ivf day

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented