ല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതുമൂലം കാല്‍ക്കുലസ് അടിഞ്ഞുണ്ടാകുന്ന അണുബാധയാണ് മോണരോഗം. ഭക്ഷണം കഴിക്കുമ്പോഴും പല്ലുതേക്കുമ്പോഴും മോണയില്‍ നിന്ന് രക്തം വരുന്നതാണ് ഇതിന്റെ പ്രാരംഭലക്ഷണം. ചിലപ്പോള്‍ വേദനയും മോണയില്‍ നീരുമുണ്ടാകാം. മുതിര്‍ന്നവരില്‍ നേരത്തേ ഇല്ലാത്ത വിടവുകള്‍ പല്ലുകളില്‍ ഉണ്ടാകുമ്പോള്‍ അത് മോണരോഗമാണെന്നു സംശയിക്കാം. മോണയില്‍ നിന്ന് പഴുപ്പുവരിക, വായ്നാറ്റം, പല്ലുകള്‍ വേരുമുതല്‍ കാണുന്ന വിധത്തില്‍ താഴ്ന്ന മോണ എന്നിവയും ലക്ഷണങ്ങളാണ്. പുകവലി ശീലമാക്കിയവരില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ഈ ഘട്ടത്തില്‍ ചികിത്സ തേടാതിരുന്നാല്‍ പല്ലിനുചുറ്റുമുള്ള അസ്ഥിയെ ബാധിക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്യും.

രോഗം ഉറപ്പിച്ചു കഴിഞ്ഞാല്‍ പ്രാഥമികമായി പല്ലുകള്‍ ക്ലീന്‍ ചെയ്യണം. മിക്കവരിലും അതിലൂടെ ആശ്വാസമുണ്ടാകും. രോഗ തീവ്രത അനുസരിച്ച് ഫ്‌ളാപ് സര്‍ജറി, ബോണ്‍ ഗ്രാഫ്റ്റിങ് എന്നിവയും നിര്‍ദേശിക്കാറുണ്ട്. എല്ലിനു തേയ്മാനമുണ്ടെങ്കില്‍ അവിടം മരവിപ്പിച്ചശേഷം ഉള്ളില്‍ നിന്ന് അണുബാധ വിമുക്തമാക്കുകയാണ് ഫ്‌ളാപ് സര്‍ജറിയില്‍ ചെയ്യുന്നത്. എക്‌സ്-റേയിലൂടെ തേയ്മാനം തിരിച്ചറിയാം. സര്‍ജറിക്കു ശേഷവും പല്ലുകള്‍ ശുചിയാക്കിവെക്കാന്‍ ശ്രദ്ധിക്കണം. അതിലൂടെ രോഗം തിരിച്ചെത്താനുള്ള സാധ്യത കുറയ്ക്കാം. നശിച്ചുപോയ എല്ലുകള്‍ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാന്‍ ബോണ്‍ ഗ്രാഫ്റ്റിങ് സഹായിക്കും.

മോണരോഗം ചിലപ്പോള്‍ മറ്റു പല രോഗങ്ങളുടെയും പ്രാരംഭലക്ഷണമാവാം. ലുക്കീമിയ, എയ്ഡ്സ് എന്നിവ ഉള്ളവരില്‍ മോണരോഗവും ഉണ്ടാവാം. ക്ലിപ്പിടുമ്പോള്‍ പല്ലുകളില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടായാല്‍ മോണയുടെ ആരോഗ്യത്തെ ബാധിക്കും. പ്രമേഹരോഗികളിലും മോണരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. അതിലൂടെ ബാക്ടീരിയല്‍ അണുബാധ ഉണ്ടാവുകയും അത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയിലേക്കു നയിക്കുകയും ചെയ്യും. ഗര്‍ഭകാലത്ത് മോണരോഗമുണ്ടായാല്‍ നാലുമുതല്‍ ആറുവരെ മാസമാണ് ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍ കുട്ടികളില്‍ ഈ രോഗം സാധാരണമല്ല.

നിത്യവും രണ്ടു നേരം പല്ലുതേക്കുന്നതിലൂടെ മോണരോഗത്തെ അകറ്റിനിര്‍ത്താം. ടൂത്ത്പേസ്റ്റ് വളരെക്കുറച്ചുമാത്രം ഉപയോഗിച്ചാല്‍ മതി. മൗത്ത് വാഷ് ആഴ്ചയില്‍ രണ്ടു-മൂന്നു തവണ ഉപയോഗിച്ചാല്‍ ബാക്ടീരിയയുടെ അളവു കുറയ്ക്കാം. രോഗം വന്ന ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതോ കൂടുതല്‍ തവണ പല്ലുതേക്കുന്നതോ ഫലം ചെയ്യില്ല. പല്ലുകള്‍ക്ക് കേടുവന്നെന്നു കരുതി ഉടന്‍ എടുത്തു കളയരുത്. കഴിയുന്നത്ര ചികിത്സിച്ചു നിലനിര്‍ത്താന്‍ ശ്രമിക്കണം.

ആറുമാസത്തിലൊരിക്കല്‍ പല്ലുകള്‍ ക്ലീന്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡെന്റിസ്റ്റിനെ കാണുമ്പോള്‍ മരുന്നുവിവരം കൃത്യമായി അറിയിക്കണം. ആസ്പിരിന്‍ പോലുള്ള ഗുളികകള്‍ കഴിക്കുന്നവരാണെങ്കില്‍ കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദേശ പ്രകാരം അതു നിര്‍ത്തിയ ശേഷമേ ദന്തചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ.

വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ. സുബ്രു ഉണ്ണിത്താന്‍ എസ്.

വെല്‍കെയര്‍ ഡെന്റല്‍ ക്ലിനിക്, കൊട്ടാരക്കര