ഹാപ്പി ഹോർമോണിന് പിറകേ അങ്ങനെ ഓടേണ്ട, പുകഞ്ഞു തീരുന്നത് നമ്മൾ മാത്രമല്ല


ഡോ. മനോജ് എ.പുകയില ആരോഗ്യത്തെ മാത്രമല്ല പരിസ്ഥിതിയെ കൂടി പ്രതികൂലമായി ബാധിക്കുന്നു.

Photo: AP

ലോകംചുറ്റിയ കൊളംബസും പിന്നാലെയുണ്ടായ അധിനിവേശവും ലോക ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രം മുന്നോട്ടുപോയപ്പോള്‍ അധിനിവേശം പതുക്കെ സ്വാതന്ത്ര്യത്തിനു വഴിമാറി. എന്നാല്‍ ക്രിസ്റ്റഫര്‍ കൊളംബസ്സിനൊപ്പം യൂറോപ്പില്‍നിന്ന് അമേരിക്കയിലും പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയ പുകയിലയുടെ അധിനിവേശം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ പുകയിലയുടെ അടിമത്വത്തിലേക്ക് മാറുകയുമാണ്.
പതിനേഴാം നൂറ്റാണ്ടില്‍ മാത്രം ഇന്ത്യയിലെത്തിയ ഈ ശീലം വെറും ഒരു നൂറ്റാണ്ടുകൊണ്ട് രാജ്യത്തെ വിദൂരമായ കോണുകളില്‍ പോലും എത്തി. കാട്ടുതീപോലെ പുകയിലയുടെ ഉപയോഗം വ്യാപിച്ചത് അതില്‍ അടങ്ങിയ നിക്കോട്ടിന്‍ കാരണമാണ്. നിക്കൊട്ടിനോടുള്ള മനുഷ്യന്റെ ആസക്തി അത്രമേല്‍ രൂക്ഷമാണ്. ഉപയോഗിച്ച് പരിചയമായി കഴിഞ്ഞാല്‍ പിന്നെ അതില്ലാതെപറ്റില്ല എന്ന അവസ്ഥ സംജാതമാകും. ഇത് കാരണം പുകവലി നിര്‍ത്തുക മറ്റു ദുഃശീലങ്ങള്‍ ഉപേക്ഷിക്കുന്നതിനേക്കാള്‍ വിഷമകരമാണ്. മദ്യപന്മാര്‍ 18% പേരും കറുപ്പ് പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന 40% പേരും തങ്ങളുടെ ദുശ്ശീലങ്ങളില്‍ നിന്നും മുക്തി നേടുമ്പോള്‍, പുകയില ഉപയോഗിക്കുന്നവരില്‍ എട്ടു ശതമാനത്തില്‍ താഴെ മാത്രമാണ് അതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നത്.

പുകയില ഉപയോഗിക്കുമ്പോള്‍ - സിഗരറ്റ് പോലെ പുകയ്ക്കുന്ന തരത്തിലുള്ള ഉത്പന്നം ആയാലും പാനുകള്‍ പോലെ ചവയ്ക്കുന്ന തരത്തിലുള്ളതായാലും-സെക്കന്‍ഡുകള്‍ക്കകം തന്നെ നിക്കോട്ടിന്‍ രക്തത്തില്‍ കലരുന്നു. ഈ നിക്കോട്ടിന്‍ തലച്ചോറില്‍ ഡോപമിന്‍ ഉല്‍പാദനത്തിന് കാരണമാവും. ഡോപാമിന്‍ ഹാപ്പി ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. അതൊരു മൂഡ് എലിവേറ്റര്‍ ആണ്. അളവറ്റ സന്തോഷവും സുഖാനുഭൂതികളും താല്‍ക്കാലികമായി അത് പ്രദാനം ചെയ്യുന്നു. പിരിമുറുക്കങ്ങളോക്കെ അയഞ്ഞ അവസ്ഥ. നിക്കോട്ടിന്റെ അളവ് രക്തത്തില്‍ കുറയുന്നതോടെ ഈ സുഖങ്ങളൊക്കെ അസ്തമിക്കുന്നു. ഇത്തരം ഒരു ആനന്ദം പിന്നെയും ലഭിക്കുവാന്‍, വീണ്ടും വീണ്ടും പുകയില ഉപയോഗിക്കുക തന്നെ. അങ്ങനെ ആണ് ഒരാള്‍ ഈ ലഹരിക്ക് അടിമപെടുന്നത്.

പുകയില പോലെ മനുഷ്യനെ വേട്ടയാടുന്ന മറ്റൊരു ദുരന്തം ഇല്ല. പുകയില സ്ഥിരമായി ഉപയോഗിക്കുന്ന പകുതിയിലേറെപ്പേരും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാല്‍ അകാലത്തിലേ മരിക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 60 ലക്ഷം പേരാണ് ഇങ്ങനെ മരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 80 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. 1988 മുതല്‍ ലോകാരോഗ്യസംഘടനയുടെ നേത്യത്വത്തില്‍ മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില വിതയ്ക്കുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.

പുകയിലയുടെ ദൂഷ്യഫലങ്ങള്‍

പുകയില ഉപയോഗിക്കുന്ന ഒരാളുടെ ആയുസ്സ് പതിമൂന്നു വര്‍ഷത്തിലേറെ കുറയുന്നു എന്നാണു കണക്ക്. നിക്കോട്ടിന്‍ മാത്രമല്ല വില്ലന്‍. പുകയില ഉത്പന്നങ്ങളില്‍ അപകടകാരികളായ അയ്യായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ട്രസമീനുകള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ തുടങ്ങി ശരീരത്തിന് ഹാനികരമായ പലതും. കാന്‍സര്‍ ,
ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ പ്രമേഹം, വന്ധ്യത, രോഗാണുബാധ, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, തൂക്കക്കുറവ് തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാവുന്നു. 90 ശതമാനം ശ്വാസകോശ കാന്‍സറുകളിലും വില്ലന്‍ പുകവലിയാണ്. പുകവലിക്കാരില്‍ 15 ശതമാനത്തിലേറെ പേര്‍ക്കും ഒടുവില്‍ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നു.

1954 മുതല്‍ 1999 വരെ മള്‍ബറോ സിഗരറ്റ് കമ്പനി തങ്ങളുടെ സിഗരറ്റിന്റെ പ്രചരണാര്‍ഥം മല്‍ബറോമാന്‍ എന്ന ശ്രദ്ധേയമായ ഒരു പരസ്യ പരമ്പരതന്നെ സംഘടിപ്പിച്ചിരുന്നു. കൗബോയ് തൊപ്പിയും ധരിച്ച് പ്രമുഖ ഹോളിവുഡ് താരങ്ങള്‍ അതിന്റെ പരസ്യത്തില്‍ മോഡലുകളായി എത്തി. വിവിധ കാലങ്ങളിലായി അതിന്റെ പരസ്യത്തിന് എത്തിയ അഞ്ച് പ്രമുഖ മോഡലുകള്‍ പിന്നീട് ശ്വാസകോശാര്‍ബുദം കാരണം മരിച്ചു. ആ പരസ്യം കമ്പനിക്ക് വലിയ തിരിച്ചടിയായി. ഒടുവില്‍ കമ്പനി ആ പരസ്യം പിന്‍വലിച്ച് രക്ഷപ്പെടുകയായിരുന്നു.

സിഗരറ്റിനേക്കാള്‍ നാലുമടങ്ങ് ഉപദ്രവകാരികള്‍ ആണ് ബീഡി. എന്നാല്‍ മിക്കവരും അതിനെ താരതമ്യേന നിരുപദ്രവകാരികളായാണ് കാണുന്നത്. പുകയില വിമുക്തമെന്ന പ്രചാരണത്തോടെ സിഗരറ്റിന്റെ ദോഷവശങ്ങളെ മറികടക്കുവാന്‍ ആയി അവതരിപ്പിച്ച ഇ-സിഗരറ്റുകളും, സിഗരറ്റുകള്‍ പോലെ തന്നെ അപകടകാരികളാണ്. സാദാ സിഗരറ്റില്‍ അടങ്ങിയതിന്റെ ഇരട്ടി നിക്കോട്ടിന്‍ ഇ-സിഗരറ്റില്‍ ഉണ്ട്.

ശ്വാസകോശ കാന്‍സറുകളെ പോലെ തന്നെ 90 ശതമാനം വദനാര്‍ബുദങ്ങള്‍ക്കും (Oral cancer) പുകയിലയാണ് കാരണം. പ്രത്യേകിച്ച് പാനുകളും ഗുഡ്ക്കയും പോലുള്ള ചവയ്ക്കുന്ന തരം പുകയില ഉല്‍പ്പന്നങ്ങള്‍. ഇവ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 2016-17 ലെ ഗ്ലോബല്‍ അഡല്‍ട്ട് ടൊബാഗോ സര്‍വ്വേ (GATS) പ്രകാരം ഇന്ത്യയില്‍ 10.38% പേര്‍ പുകവലിക്കുമ്പോള്‍ 21.38% പേര് ചവയ്ക്കുന്ന തരം പുകയില ഉപയോഗിക്കുന്നു. സമൂഹത്തില്‍ പുകവലിയേക്കാള്‍ സ്വീകാര്യത പുകയില മുറുക്കിന് ഉണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇത് കാരണം ഇന്ത്യയില്‍ ഓറല്‍ കാന്‍സര്‍ വളരെ കൂടുതലാണ്. രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ മൂന്നില്‍ ഒരാള്‍ക്ക് ഈ അര്‍ബുദമാണ്. പുകയില ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ തടയാമായിരുന്ന ഒരു രോഗം.

പുകയില എല്ലാവിധ കാന്‍സറുകള്‍ക്കും ഉള്ള സാധ്യത പതിന്മടങ്ങ് കൂട്ടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പുകയിലയുടെ ഉപയോഗം, കോശങ്ങളിലെ ഡി.എന്‍.എയ്ക്കു മ്യൂട്ടേഷന്‍ അഥവാ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു ഇതാണ് കാന്‍സറായി തീരുന്നത്. പുകവലി, അത് നേരിട്ട് ഉപയോഗിക്കുന്നവരെ മാത്രമല്ല പുകവലിക്കാരുമായി ഇടപെടുന്നവരെ കൂടി പ്രതികൂലമായി ബാധിക്കുന്നു. 12 ലക്ഷം പേരാണ് ഇത്തരം പരോക്ഷമായി പുകവലിയിലൂടെ (second hand smoking) ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് പുകയില ഉപയോഗത്തെ ഏറ്റവും അപകടകാരിയായ ദുശീലമായി ലോകം കാണുന്നത്.

ഇന്ത്യയും പുകയില നിയന്ത്രണ നിയമങ്ങളും

ചരിത്രപരമായ ഒരു വിധിയിലൂടെ കേരള ഹൈക്കോടതി 1999 ജൂലായ് 12-ന് പൊതുസ്ഥലങ്ങളിലെ പുകവലി, ലോകത്ത് ആദ്യമായി നിരോധിച്ചു. പുകയിലവിരുദ്ധ നീക്കങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു അത്. അതോടെ പുകയിലയ്ക്ക് ചുറ്റും കെട്ടിപ്പൊക്കിയ താരപരിവേഷം പൊളിഞ്ഞുവീണു. പുകവലിക്കുന്നത് അന്തസ്സല്ലാതായി മാറി. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനം കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായി. തുടര്‍ന്ന് 2001 മറ്റൊരു കേസില്‍ സുപ്രീം കോടതിയും ഈ നിരോധനം ശരിവച്ചു.

1975ലെ സിഗരറ്റ് ആക്ട് പ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ജനത്തെ പുകയിലയ്‌ക്കെതിരേ എതിരേ ബോധവാന്മാരാക്കാന്‍ പ്രാപ്തമായിരുന്നില്ല. എന്നാല്‍ 2003-ലെ സിഗരറ്റ് ആന്‍ഡ് അദര്‍ ടോബാക്കോ പ്രോഡക്ട് ആക്ട് (COTPA) സിഗരറ്റ് ഉപയോഗം തടയുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഈ നിയമം പൊതുസ്ഥലങ്ങളിലെ പുകവലി പൂര്‍ണമായി നിരോധിച്ചു. പുകയില ഉല്‍പ്പന്നങ്ങളുടെ എല്ലാവിധ പരസ്യങ്ങളും നിരോധിച്ചു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തടഞ്ഞു. പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ 80 ശതമാനവും അവയുടെ ദൂഷ്യഫലങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാവണം എന്ന് നിഷ്‌കര്‍ഷിച്ചു. സ്‌കൂളുകളുടേയും മറ്റും 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തടഞ്ഞു.

പുകയിലയ്ക്ക് എതിരെയുള്ള ഈ നടപടികള്‍ ഫലം കാണുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .1995-96 കാലത്ത് നടന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം 37 ശതമാനം പേര്‍ ഇന്ത്യയില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു . 2008 -09 ലേ GATS കണക്കുപ്രകാരം പുകയില ഉപയോഗിക്കുന്നവരുടെ തോത് 34.4 ശതമാനമായി കുറഞ്ഞു. 2016 -17 സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അത് വീണ്ടും ഗണ്യമായി കുറഞ്ഞു 26.4 ശതമാനം ആയി മാറി. 15 മുതല്‍ 24 വരെ പ്രായമുള്ളവരില്‍ പുകയില ഉപയോഗം 18 ശതമാനത്തോളവും കുറവ് രേഖപ്പെടുത്തി. ഈ മാറ്റങ്ങള്‍ക്കൊക്കെ കാരണം പുകയിലക്കെതിരേ രാജ്യം കൈകൊണ്ട കര്‍ശനമായ നിലപാടുകളാണ്.

വെല്ലുവിളികള്‍

പുകയിലയുടെ ഉപയോഗത്തിനെതിരെയുള്ള യുദ്ധങ്ങളില്‍ ചിലതൊക്കെ നമ്മള്‍ വിജയിക്കുന്നുണ്ട്. എങ്കിലും പലതിലും നമ്മള്‍ പരാജയപ്പെടുകയാണ്. ഈ നിയന്ത്രണ നടപടികള്‍ക്ക് ഇടയിലും പുകയില ഉപയോഗം സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരില്‍ വര്‍ധിക്കുകയാണ്. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇവരെ സ്വാധീനിക്കാന്‍ കഴിയുന്നില്ല. പുകയില അവരുടെ സാമ്പത്തിക ഭാരം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ആഹാരം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ട പണം ആണ് പുകയില കാര്‍ന്നുതിന്നുന്നത്. മാത്രവുമല്ല പുകയില സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ അവതാളത്തിലാക്കുന്നു. ജി.ഡി.പി.യുടെ ഒന്നര ശതമാനം മാത്രം പൊതു ആരോഗ്യത്തിന് വേണ്ടി നീക്കിവെച്ച ഒരു രാജ്യത്തിന് താങ്ങുന്നതല്ല, പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ഈ ആഘാതം.

പുകയില സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ 17 ശതമാനം മാത്രമാണ് പുകയില കൃഷി കൊണ്ടും വിപണനം കൊണ്ടും സമാഹരിക്കാന്‍ കഴിയുന്നത്. അതുകൊണ്ട് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ പുകയിലയുടെ സമ്പൂര്‍ണ നിരോധനത്തെ കുറിച്ച് ചിന്തിക്കണം പുകയില ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി കൂട്ടുക എന്നത് അവയുടെ ഉപയോഗം കുറയ്ക്കുവാന്‍ സഹായിക്കും. 10 ശതമാനം നികുതി കൂട്ടുമ്പോള്‍ 8 ശതമാനത്തോളം ഉപയോഗം കുറയുന്നു എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അവര്‍ സിഗരറ്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം നികുതി ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ 28 ശതമാനം നികുതിയെ സിഗരറ്റിന് ഈടാക്കുന്നുള്ളൂ. പുകയിലയ്ക്ക് അഞ്ച് ശതമാനവും. ഈ നില മാറണം.

18 വയസ്സിനു മുമ്പാണ് മിക്കവരും പുകയിലക്ക് അടിമപ്പെടുന്നത്. കുട്ടികളെ പുകയിലയില്‍നിന്ന് അകറ്റുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണം. പുകയില എന്ന ദുശ്ശീലം നിര്‍ത്തുവാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്ന് മുമ്പേ സൂചിപ്പിച്ചു. നിര്‍ത്തിയവരില്‍ 90 ശതമാനവും ഡോക്ടര്‍മാരുംടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഉപദേശത്തെ തുടര്‍ന്നാണ് നിര്‍ത്തിയത്. പുകയില വിരുദ്ധ യുദ്ധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ പങ്ക് തിരിച്ചറിയുകയും അതിനുവേണ്ടി സജീവമായി മുന്നോട്ടു വരികയും ചെയ്യണം.

പ്രകൃതിക്കും ദോഷം

പുകയില ആരോഗ്യത്തെ മാത്രമല്ല പരിസ്ഥിതിയെ കൂടി പ്രതികൂലമായി ബാധിക്കുന്നു. ഓരോ വര്‍ഷവും 35 ലക്ഷം ഹെക്ടര്‍ വനങ്ങളാണ് പുകയില കൃഷിക്കുവേണ്ടി വെട്ടി തെളിയിക്കുന്നത്. വര്‍ഷംതോറും 600 ദശലക്ഷം മരങ്ങള്‍ നിലം പതിക്കുന്നു. 2200 കോടി ലിറ്റര്‍ വെള്ളം ഇതിനു വേണ്ടി - ചിലവഴിക്കുന്നു. ഈ കൃഷി ആവട്ടെ ജൈവസമ്പത്ത് ഊറ്റി കുടിച്ചു മണ്ണിനെ തരിശാക്കുന്നു. ലോകത്തെ പുകയിലയുടെ ഉല്പാദനത്തിലും ഉപയോഗത്തിലും രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണ് പുകയില ഈ പുകയില വിരുദ്ധദിനം അതുതന്നെയാണ് നമ്മെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നത്.

(ഐ.ഡി.എ. സംസ്ഥാന ഭാരവാഹിയാണ് ലേഖകന്‍)

Content Highlights: tobacco use, health issues of tobacco use, health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented