Representative Image | Photo: Canva.com
പകല്‍സമയങ്ങളില്‍ വിട്ടുമാറാത്ത ഉറക്കവും രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ? ഇത് പല കാരണങ്ങള്‍ മൂലം സംഭവിക്കാം. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മുതല്‍ ആരോഗ്യാവസ്ഥകള്‍ വരെ ഇതില്‍പ്പെടും. രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും നഷ്ടപ്പെട്ട ഉറക്കം തിരിച്ചുപിടിക്കാന്‍ ശരീരം ശ്രമം നടത്തും. ഇതിന്റെ ഭാഗമായി പകല്‍ മുഴുവന്‍ ക്ഷീണം അനുഭവപ്പെടും. രാത്രിയുറക്കമെന്ന ജൈവികപ്രക്രിയ നടക്കാതാവുന്നതോടെ സാധാരണനിലയിലുള്ള സമയക്രമം താളം തെറ്റുകയും അത് ഉറക്കസമയത്തേയും എഴുന്നേല്‍ക്കുന്ന സമയത്തേയുമെല്ലാം ബാധിക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ, ശാരീരിക വേദനകള്‍ എന്നിവയുണ്ടെങ്കിലും ഉറക്കം തടസ്സപ്പെടാം.
ഒരു ജോലിയും ചെയ്യാതെയുള്ള ഉദാസീനമായ ജീവിതശൈലി രാത്രിയിലെ ഉറക്കം നശിപ്പിക്കുകയും പകല്‍സമയത്ത് ക്ഷീണമുണ്ടാക്കുകയും ചെയ്യും. എന്തെങ്കിലും മരുന്നുകളുടെ പാര്‍ശ്വഫലമായും പകല്‍സമയത്ത് ഉറക്കം വരാം. കാരണമെന്തായാലും പകല്‍സമയത്തെ ഉറക്കം നമ്മുടെ ജോലിയേയും മൊത്തത്തിലുള്ള പെര്‍ഫോമന്‍സിനേയും ബാധിക്കും. അത് ചെറുക്കാനായി ഏതാനും പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.
രാത്രി ശരാശരി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. കൃത്യമായ സ്ലീപ്പ് പാറ്റേണ്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. ഇത് അവധിദിവസങ്ങളിലടക്കം എന്നും പാലിക്കുകയും വേണം. ഇത്തരത്തില്‍ നമ്മുടെ 'ബയോളജിക്കല്‍ ക്ലോക്കി'ന്റെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരണം.
കിടക്കുന്നതിന് തൊട്ടുമുമ്പ് കഫീന്‍, നിക്കോട്ടിന്‍, ആല്‍ക്കഹോള്‍ എന്നിവയടങ്ങിയ ഒന്നും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ ഉറക്കം ദുഷ്‌കരമാക്കും. ഉറക്കം മെച്ചപ്പെടാനാവശ്യമായ മറ്റൊന്നാണ് വ്യായാമം. എല്ലാ ദിവസവും ശാരീരികവ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുകയും പകല്‍സമയത്തെ നമ്മുടെ ഉത്സാഹം ഉയര്‍ത്തുകയും ചെയ്യും. വല്ലാതെ ഉറക്കം വരുന്നുണ്ടെങ്കില്‍ പകലാണെങ്കിലും കുറച്ചുസമയം കൊണ്ട് ഒന്ന് ഉറങ്ങിയെഴുന്നേല്‍ക്കുന്നത് ശരീരത്തെ റീച്ചാര്‍ജ് ചെയ്യും. എന്നാല്‍ ഇത് നീണ്ടുപോകുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നും മനസ്സിലാക്കണം.
മാനസിക സമ്മര്‍ദം കുറയ്ക്കുക എന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ വേണ്ട അത്യാവശ്യ സംഗതി. ഡീപ്പ് ബ്രീതിംഗ്, യോഗ, മെഡിറ്റേഷന്‍ മുതലായ റിലാക്‌സേഷന്‍ വിദ്യകള്‍ പരീക്ഷിക്കുന്നതോടൊപ്പം കിടക്കാന്‍ സൗകര്യപ്രദമായ മെത്തയും തലയിണയുമൊക്കെ ഒരുക്കി ഉറക്കം സുഖകരമാക്കണം. ലൈറ്റ് തെറപ്പിയാണ് മറ്റൊരു മാര്‍ഗം. സ്ലീപ് ഡിസോഡറുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
ഇനി ഇവയൊക്കെ പരീക്ഷിച്ച ശേഷവും പകല്‍ ഉറക്കം തൂങ്ങി നടക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശമാണ്. ഉറക്കമില്ലായ്മയുടെ മൂലകാരണം കണ്ടെത്താനും അനുയോജ്യമായ ചികിത്സാരീതി നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ക്ക് മാത്രമേ സാധിക്കൂ.
Content Highlights: tips to try out for drowsiness during daytime and sleeplessness during night
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..