Representative Image| Photo: Canva.com
കൗമാരം ചിന്തകൾക്ക് തീ പിടിക്കുന്ന കാലം എന്നാണ് പൊതുവിൽ വിശേഷിപ്പിക്കാറ്. കുട്ടികൾക്ക് ഈ പ്രായം അവരുടെ ജീവിതത്തിലെ മനോഹര കാലഘട്ടമെങ്കിൽ രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ആധിയുടെ കാലഘട്ടമാണ്. എന്തിനും ഏതിനും തർക്കുത്തരം പറയുക, പെട്ടെന്ന് ദേഷ്യം വരിക, അനുസരണ ഇല്ലായ്മ എന്നിങ്ങനെ നിരവധി പരാതികളാണ് കൗമാരക്കാരായ കുട്ടികളുള്ള രക്ഷിതാക്കൾക്ക് ഉണ്ടാവുക. ഒപ്പം കുട്ടികൾ ചീത്ത കൂട്ടുകെട്ടുകളിലേക്കും തെറ്റായ വഴികളിലേക്കും വഴുതിപ്പോവുമോ എന്ന പേടി വേറേയും. കൗമാരക്കാരുടെ പാരന്റിങിനെക്കുറിച്ച് സെന്റർ ഫോർ സൈക്കോസോഷ്യൽ ആന്റ് റീഹാബിലേഷൻ സർവീസസിലെ(PSCHY) സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിമ്മി മൈക്കിൾ സംസാരിക്കുന്നു.
കുട്ടികളുടെ അമിത ദേഷ്യത്തിൽ ആശങ്കപ്പെടുന്നവരാണ് മിക്ക രക്ഷിതാക്കളും. ഇത്രയധികം ആശങ്ക വേണോ?
കൗമാരം എന്നാൽ മാനസികവും ശാരീരികവുമായ വളർച്ചയും ബുദ്ധിവികാസവുമെല്ലാം അതിന്റെ പൂർണതയിൽ എത്തുന്ന കാലമാണ്. കുട്ടിക്കു വേഗം ദേഷ്യം വരുന്നു, പഠിക്കുന്നില്ല എന്നൊക്കെ രക്ഷിതാക്കൾക്ക് തോന്നിത്തുടങ്ങുമ്പോൾ രക്ഷിതാക്കൾ സ്വയം ചിന്തിക്കേണ്ട ഒന്നുണ്ട്. ഈ പ്രായത്തിൽ അവർ എങ്ങനെയായിരുന്നു എന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാവും. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച ശരിയായ രീതിയിലാണെങ്കിൽ കുട്ടികൾ ദേഷ്യം, വാശി, പരിഭവം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കും. ഇതിൽനിന്ന് വിപരീതമായാണ് കൗമാരപ്രായത്തിലുള്ള ഒരു കുട്ടി പെരുമാറുന്നതെങ്കിലാണ് രക്ഷിതാക്കൾ കൂടുതൽ കരുതൽ എടുക്കേണ്ടത്. കാരണം, വളരെ ആക്ടീവ് ആയിരിക്കേണ്ട കൗമാരപ്രായത്തിൽ കുട്ടി വളരെ സൈലന്റാവുകയോ ഏറെ നേരം തനിച്ചിരിക്കുകയോ എല്ലാത്തിൽനിന്നും പിൻവലിഞ്ഞ് ഒതുങ്ങിക്കൂടി ഇരിക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഇതിനെ കുട്ടി ഏതെങ്കിലും രീതിയിൽ ഉള്ള മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്നതിന്റെ സൂചനയായി കണക്കാക്കാം. കുട്ടി എന്തോ മറച്ചു വെക്കാനോ എന്തെങ്കിലും പ്രശ്നങ്ങൾ ആരും അറിയാതെ ഇരിക്കാനോ ഒക്കെയാവാം ഈ രീതിയിൽ പെരുമാറുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ ഇത്തരം മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ കുട്ടികളോട് സംസാരിച്ച് അവരുടെ പ്രശ്നം കണ്ടെത്താൻ ശ്രമിക്കാവുന്നതോ വിദഗ്ദോപദേശം സ്വീകരിക്കാവുന്നതോ ആണ്.
കൗമാരക്കാർ പലതും വീട്ടിൽ തുറന്ന് പറയാൻ മടിക്കും, ഒരു അകൽച്ച രക്ഷിതാക്കളിൽനിന്ന് പല കുട്ടികളും കാണിക്കും. ഈ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാം?
സാങ്കേതിക വിദ്യയുടെ സ്വാധീനം കുട്ടികളിൽ ഏറ്റവും കൂടുതലുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോവുന്നത്. നാൽപ്പതുകളിലൂടെ കടന്നുപോവുന്ന രക്ഷിതാക്കളും കൗമാരപ്രായത്തിലൂടെ കടന്നുപോവുന്ന മക്കളും തമ്മിൽ മുമ്പില്ലാത്ത വിധം അന്തരം ഇന്നുണ്ട്. ടെക്നോളജിയോടും നമ്മുടെ സമൂഹത്തിൽ വരുന്ന മാറ്റങ്ങളോടും അതിവേഗം കൂട്ടുകൂടുന്നവരാണ് പുതിയ തലമുറ. അവർ വളർന്നു വരുന്ന കാലഘട്ടത്തെ കൂടി മനസ്സിലാക്കിക്കൊണ്ട് വേണം അവരെ പരിഗണിക്കാനും പെരുമാറാനും. എതിർ ലിംഗക്കാരോട് കൗമാരക്കാർക്ക് തോന്നുന്ന ആകർഷണം പോലും മിക്ക രക്ഷിതാക്കളോടും തുറന്ന് പറയാൻ കുട്ടികൾക്ക് പേടിയോ മടിയോ ഒക്കെ ആയിരിക്കും. മിക്ക രക്ഷിതാക്കളും അതൊന്നും ഈ പ്രായത്തിൽ പാടില്ലെന്നോ ഇതൊക്കെ മോശം കാര്യമാണെന്നോ ആയിരിക്കും കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടാവുക. ഇത്തരം കാര്യങ്ങൾ വീട്ടിൽ പറഞ്ഞാൽ വീട്ടുകാർ ഏർപ്പെടുത്തുന്ന വിലക്കുകളേയും കുട്ടികൾ ഭയക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇപ്പോളും നിലനിൽക്കുന്ന നമ്മുടെ കുടുംബങ്ങളിൽ സമാന ലിംഗത്തിലുള്ളവരോട് തോന്നുന്ന ആകർഷണം അല്ലെങ്കിൽ ജെൻഡർ മാറാനുള്ള താത്പര്യം ഇതൊന്നും കുട്ടികൾക്ക് വീട്ടുകാരോട് തുറന്ന് പറയാനാൻ പറ്റില്ല. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ എന്തോ പാപം ചെയ്തവരെപോലെ കുറ്റപ്പെടുത്താതെ അവരുടെ മാനസിക വളർച്ചയും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്.
മിക്ക രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾ ആരോടൊക്കെയാണ് കൂട്ടുകൂടുന്നത് എന്ന് പോലും അറിയില്ല, ഇന്നത്തെ കാലത്ത് കുട്ടികളുടെ കൂട്ടുകാരെക്കുറിച്ച് കൂടി രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടേ?
കൊച്ചുകുട്ടികൾ അച്ഛനോടോ അമ്മയോടോ സംസാരിക്കുന്നപോലെ കൗമാര പ്രായക്കാരായ കുട്ടികൾ എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്നില്ല. അതേ പ്രായത്തിലുള്ളവരുടെ സ്വാധീനം കൂടുതൽ ഉണ്ടാവുന്ന പ്രായമായതിനാൽ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് സുഹൃത്തുക്കളോടായിരിക്കും. ലഹരി ഉൾപ്പടെയുള്ള വസ്തുക്കൾ കൗമാരക്കാരിലേക്ക് കൂടുതലായി എത്തുകയും അതിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കുട്ടികൾ അവരുടെ പ്രായത്തിലുള്ളവരുമായാണോ അവരേക്കാൾ മുതിർന്നവരുമായാണോ കൂട്ട് കൂടുന്നത് എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ കൂട്ടുകാരുടെ രക്ഷിതാക്കളുമായി സൗഹൃദം ഉണ്ടായിരിക്കുന്നതും നല്ലതാണ്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാൽ ഇത്തരം ബന്ധങ്ങൾ നമ്മുടെ കുട്ടികൾക്ക് ഇതുപോലെയുള്ള സാധനങ്ങൾ കിട്ടുന്നുണ്ടോ എന്നൊക്കെ അറിയാൻ സഹായിക്കും. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നു മാറ്റങ്ങൾ പ്രകടമായാൽ ബാഗ്, ഫോൺ മുതലായ കാര്യങ്ങൾ രക്ഷിതാക്കൾ പരിശോധിക്കുകയും വേണം.
തെറ്റുകളെ രൂക്ഷമായി വിമർശിക്കാൻ രക്ഷിതാക്കൾ മടികാണിക്കില്ല, പക്ഷെ നല്ല കാര്യങ്ങളിൽ അഭിനന്ദിക്കാൻ മടിക്കും. ഇത് കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ?
കുട്ടികൾക്ക് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ കുട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു തെറ്റ് സംഭവിച്ചാൽ, മോശമായി സംസാരിച്ചാൽ അതിനെ വലിയ രീതിയിൽ ശകാരിക്കുകയും അതിനെ ഒരു വലിയ കുറവായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത രക്ഷിതാക്കളുടെ ഇടയിൽ കൂടുതലാണ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടിയെ വല്ലാതെ വഴക്കു പറയുകയും നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്താൽ പിന്നീട് മാർക്ക് കുറഞ്ഞ പരീക്ഷാ പേപ്പർ ഒളിപ്പിക്കാനാണ് കുട്ടി ശ്രമിക്കുക. ഇതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളിലും. എല്ലാ കാര്യങ്ങളിലും പഴിചാരുകയും ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നും വരുമ്പോൾ കുട്ടികളെ അത് മാനസികമായി തളർത്തും. വഴക്കുപറഞ്ഞാൽ എല്ലാം ശരിയായി എന്ന് രക്ഷിതാക്കൾ കരുതരുത്. പകരം കുട്ടിയുമായി തുറന്ന് സംസാരിക്കാനും ചെയ്ത തെറ്റിനെ കുറിച്ച് കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക. പിഴവുകൾ കണ്ടെത്തി പരിഹരിക്കുക, ഇത് പിന്നീട് അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടി സഹായിക്കും.
വീടിനുള്ളിൽ കുട്ടി അനുഭവിക്കുന്ന ഒറ്റപ്പെടലാണ് പലപ്പോഴും ചീത്ത കൂട്ടുകളിലേക്ക് ഉൾപ്പടെ നയിക്കുക, ഇത്തരം ഒറ്റപ്പെടൽ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാം ?
പത്തു വയസ്സ് കഴിഞ്ഞ കുട്ടികളെ വീട്ടുകാര്യങ്ങൾ സംസാരിക്കുമ്പോൾ കൂടെ ഇരുത്താനും അവർക്ക് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയാനുമുള്ള അവസരങ്ങൾ കൊടുക്കണം. വീട്ടിൽ ഞങ്ങൾക്കും ഇടമുണ്ട്, ഞങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കാൻ ഇത് സഹായിക്കും. വീട് വൃത്തിയാക്കൽ, തുണി മടക്കിവെക്കൽ തുടങ്ങി പ്രായത്തിനനുസരിച്ച് അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലെല്ലാം കുട്ടിയെ കൂടെക്കൂട്ടാം, ഞാനും ഈ കുടുംബത്തിന്റെ ഭാഗമാണെന്ന ചിന്ത കുട്ടികളിൽ വേരുറപ്പിക്കും.
കുട്ടികളെ വല്ലാതെ ലാളിക്കുകയും എല്ലാ കാര്യത്തിലും ഇടപെടുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കേണ്ടതല്ലെ?
എന്റെ കുട്ടിക്കാലം പോലെ ആവരുത് എന്റെ കുട്ടിയുടേത് എന്ന ധാരണയിൽ കുട്ടിയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുകയും സദാ കുട്ടിയുടെ പിന്നാലെ നടക്കുകയും ചെയ്യുന്ന രക്ഷിതാക്കളുണ്ട്. ഇത് കുട്ടിയുടെ മാനസിക വളർച്ച മോശമാക്കാനെ സഹായിക്കൂ. കുട്ടിയുടെ എല്ലാ കാര്യത്തിലും പിന്നാലെ കൂടുന്നത് രക്ഷിതാക്കൾക്ക് മാനസിക സംഘർഷങ്ങൾ കൂട്ടുകയും ചെയ്യും, മറിച്ച് കുട്ടികളെ കൂടുതൽ ഉത്തരവാദിത്തം ഉള്ളവരാക്കാനും ഉത്തരവാദിത്തം ഉള്ളവരെ പോലെ പെരുമാറാനും ശീലിപ്പിക്കുകയാണ് വേണ്ടത്. അവർക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ കടയിൽ പോവാനും സാധനങ്ങൾ തെരഞ്ഞെടുക്കാനും അവർക്ക് തന്നെ അവസരം കൊടുക്കാം. അവരുടെ എല്ലാ കാര്യത്തിലും അഭിപ്രായം പറഞ്ഞ് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുന്നതും പ്രശ്നമാണ്, കുട്ടികൾക്ക് വസ്ത്രധാരണത്തിൽ, ഹെയർ സ്റ്റൈലിൽ ഒക്കെ പ്രത്യേക താത്പര്യങ്ങൾ വരുന്ന പ്രായം കൂടിയാണ് ഇത്. അവർക്ക് അവരുടെ ഇഷ്ടത്തിനൊത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഉള്ള അവസരം കൂടി നൽകണം.
ദേഷ്യം നിയന്ത്രിക്കാൻ ടിപ്സ് ഉണ്ടോ?
പുറത്തുള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, ഉദാഹരണത്തിന് ഒരു കുട്ടി കളിയാക്കിയാൽ, അതിന് വീട്ടിൽ വന്ന് വഴക്ക് ഉണ്ടാക്കുന്ന കുട്ടികളുണ്ട്. അതുപോലെ, സഹോദരങ്ങൾ എന്തെങ്കിലും ചെയ്താൽ അതിന് അമ്മമാരെ ഉപദ്രവിക്കുന്ന കുട്ടികൾ ഉണ്ട്. നോ കേട്ടാൽ പെട്ടന്ന് ദേഷ്യം വരുന്ന കുട്ടികൾ ഉണ്ട്. നന്നായി പഠിക്കുന്ന ചില കുട്ടികൾക്ക് പരീക്ഷക്കാലമാവുമ്പോൾ പഠിച്ച് തീർന്നില്ലെങ്കിൽ വല്ലാതെ ദേഷ്യം വരും. കുട്ടികളുടെ അമിതദേഷ്യം നിയന്ത്രിക്കാൻ ആദ്യം നമുക്ക് ചെയ്യാവുന്നത് ദേഷ്യം വരുന്ന സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്നതാണ്. ദേഷ്യം മാത്രമല്ല കുട്ടികൾ അവരുടെ എല്ലാ വികാരങ്ങളെക്കുറിച്ചും ബോധവാൻമാരാകണം. ഓരോ കുട്ടിയും അവരുടെ ഇമോഷൻസിനെ കുറിച്ച് അവബോധം ഉള്ളവരായാൽ അത് ഏത് സാഹചര്യത്തിൽ എങ്ങനെ പ്രകടപ്പിക്കണം എന്ന കാര്യത്തിലും ബോധമുള്ളവരാകും.
Content Highlights: tips for parenting a teenager
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..