രോഗംവന്നശേഷംമാത്രം ചികിത്സതേടുന്ന കേരളം. സമൂഹം മുതൽ ഭരണസംവിധാനംവരെ ഈ ശീലത്തോട് ചേർന്നുപോകാൻ 
പഠിച്ചിരിക്കുന്നു. കേരളമെന്ന ആരോഗ്യമാതൃകയുടെ പരാജയത്തിന്റെ തുടക്കവും അവിടെനിന്നു തന്നെ. ഈ സംവിധാനത്തിനാണ് ആദ്യം ചികിത്സ നൽകേണ്ടത്. സുസ്ഥിരമായ ആരോഗ്യത്തിനായി കേരളം അടിമുടി മാറേണ്ടതുണ്ട്. ഇതിനായി ആരോഗ്യമേഖലയിലെ  വിദഗ്ധർ നൽകിയ 10 നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് മാതൃഭൂമി.

വിവരശേഖരണം

1. ഡേറ്റാ ഓൺലൈൻ
ഏതൊരുകാര്യത്തിലും എന്താണ് പ്രശ്നമെന്ന് മനസ്സിലാക്കാതെ നമുക്ക് പ്രതിവിധി കണ്ടെത്താൻ കഴിയില്ല. ആരോഗ്യരംഗവും അതുപോലെതന്നെയാണ്. അപൂർവ അസുഖങ്ങൾവരെ ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ട്. പലതിന്റെയും മരണനിരക്ക് മുമ്പത്തെക്കാൾ കൂടി. ആരോഗ്യവകുപ്പിന്റെ വിവരശേഖരം കാര്യക്ഷമമാക്കുകയാണ് ഇവ ചെറുക്കാനുള്ള ആദ്യ പോംവഴി. എങ്കിൽ മാത്രമേ രോഗത്തിന്റെ കാരണം കണ്ടെത്താനാകൂ. അതിനായി കൃത്യമായ ഡേറ്റാ ജനറേറ്റിങ് സിസ്റ്റം നമുക്ക് വേണം. ആശുപത്രികളിലുള്ളവർക്ക് ഒറ്റ ക്ലിക്കിൽ രോഗവും രോഗാവസ്ഥയും സർക്കാരിന് നൽകാൻ കഴിയുന്ന സംവിധാനമാണ് വേണ്ടത്. 
ഡോ. പി.എസ്. ജിനേഷ്, ജനകീയാരോഗ്യ പ്രവർത്തകൻ

ഗവേഷണം

2. പ്രത്യേകവിഭാഗം
ജീവിതശൈലീ രോഗങ്ങൾക്കെതിരേയുള്ളത് മാത്രമായി രോഗപ്രതിരോധപ്രവർത്തനങ്ങൾ ചുരുങ്ങരുത്. പരിസര ശുചിത്വവും വ്യക്തിശുചിത്വവും സുരക്ഷയ്ക്ക്‌ ഒരുപോലെ പ്രാധാന്യമുണ്ട്. നമ്മുടെ നാട്ടിലില്ലാത്ത പകർച്ചവ്യാധികൾ ഇനിയുമുണ്ട് വരാൻ. അതിനായി ജാഗ്രത തുടരണം. ഇക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഹെൽത്ത് സർവീസിൽ പൊതുജനാരോഗ്യ ഗവേഷണ വിഭാഗമുണ്ടാക്കണം.
ഡോ. എ.കെ. റൗഫ്, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ്

ആദ്യപരിശോധന


3. കുടുംബാരോഗ്യകേന്ദ്രങ്ങൾ
ജനങ്ങൾക്ക് കൃത്യമായി അവബോധം കൊടുക്കണം. ചെറിയ അസുഖങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയോ ക്ലിനിക്കുകളെയോ ആശ്രയിക്കണം. റഫറൽ സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രായോഗികമായി വിജയിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിമിതികളാണ് കാരണം. അത് ശക്തിപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കിയാലേ റഫറൽ സംവിധാനം വിജയിക്കൂ. നല്ല ആരോഗ്യത്തിനായി കുടുംബഡോക്ടർ എന്ന സങ്കല്പം അഞ്ചുവർഷത്തിനിടെയെങ്കിലും നടപ്പാക്കണം
ഡോ. ബി. പത്മകുമാർ, കൊല്ലം മെഡിക്കൽ കോളേജ്

പ്രതിരോധം

4. ജില്ലകളിൽ മിന്നൽസേന
രോഗപ്രതിരോധത്തിനെടുക്കുന്ന കാലതാമസം ഒഴിവാക്കാൻ നമുക്കാകണം. അതിനായി എല്ലാ ജില്ലകളിലും സുസജ്ജമായ, പരിശീലനം ലഭിച്ച മിന്നൽ സേന വേണം. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന മാരക പകർച്ചവ്യാധികൾ ചെറുക്കാൻ ഡോക്ടർമാരുൾപ്പെട്ട ഈ സംഘത്തിന് കഴിയും.
ഡോ. വി. ജിതേഷ്, കെ.ജി.എം.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി

ചികിത്സ


5. കുറഞ്ഞത് 10 മിനിറ്റെങ്കിലും
ആദ്യമായി കാണാനെത്തുന്ന ഒരു രോഗിയെ പരിശോധിക്കാൻ ഡോക്ടർക്ക് കുറഞ്ഞത് 10 മിനിറ്റെങ്കിലും വേണം. ഘട്ടംഘട്ടമായി അത് ലോകാരോഗ്യസംഘടന പറഞ്ഞ 20 മിനിറ്റിലേക്കെത്തിക്കണം. എങ്കിൽ മാത്രമേ ചികിത്സയുടെ നിലവാരം ഉയരൂ. രോഗനിർണയം സാധ്യമാകൂ. കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയാണ് പോംവഴി. കേരളത്തിൽ ഡോക്ടർമാരെ കിട്ടാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ ഈ പ്രശ്നം എളുപ്പം പരിഹരിക്കാം. ഡോ. എൻ. സുൾഫി, സെക്രട്ടറി, ഐ.എം.എ.

തീവ്രപരിചരണം


6. ക്രിട്ടിക്കൽ കെയർ  സുശക്തമാക്കണം
സർക്കാർ ആശുപത്രികൾ, വിശേഷിച്ച് മെഡിക്കൽ കോളേജുകളിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ കാര്യക്ഷമമല്ല. നിപ പോലുള്ള അടിയന്തരസാഹചര്യം വരുമ്പോഴാണ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ പ്രസക്തി. അത് സുശക്തമാക്കണം. അത്യാധുനിക സംവിധാനങ്ങളുള്ള ഈ വിഭാഗം കേരളംപോലൊരു സംസ്ഥാനത്ത് അത്യാവശ്യമാണ്-ഡോ. അനൂപ് കുമാർ-ക്രിട്ടിക്കൽ കെയർ മെഡിസിൻ വിദഗ്ധൻ

പരിശീലനം


7. വേണം, വിദഗ്ധസംഘം
പകർച്ചവ്യാധികളെ ചെറുക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച  ഡോക്ടർമാരുടെ സംഘം സദാ സജ്ജമായിരിക്കണം. അടിയന്തരസാഹചര്യങ്ങളിൽ ഇവരെ ഉപയോഗപ്പെടുത്താം. അതിനനുസരിച്ച് കേരളത്തിന് പുറത്തുള്ള പരിശീലനം അവർക്ക് നൽകണം.
ഡോ. വി. രാമൻകുട്ടി,അച്യുതമേനോൻ സെന്റർ -ഫോർ പബ്ലിക് ഹെൽത്ത്

അവബോധം

8. രോഗികൾക്കൊപ്പം നിൽക്കണം
ഉത്തരവാദിത്വമുള്ള ഒരു പൊതുജനാരോഗ്യ ബോധം നമുക്കില്ല. രോഗങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മാത്രമേയുള്ളൂ. നിപ രോഗികളെയും ബന്ധുക്കളെയും ഒറ്റപ്പെടുത്തുന്നത് അതിന്റെ ഭാഗമാണ്. എന്റെ  ആരോഗ്യവും എന്റെ കുടുംബാംഗങ്ങളുടെ ആരോഗ്യവും എന്ന ചിന്തയാണ് കൂടുതലും. പൊതുസ്ഥലത്ത് മാലിന്യംതള്ളുന്നതും അതുകൊണ്ടാണ്. ഇതിനായി ആരോഗ്യവകുപ്പ് ഉൾപ്പെടെ മുൻകൈയെടുത്ത് ജനങ്ങൾക്ക് അവബോധം നൽകണം. രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും.-ഡോ. സി.ജെ. ജോൺ, മനഃശാസ്ത്രവിദഗ്ധൻ

രോഗാണുപഠനം


9. കൂടുതൽ ഗവേഷണം ആവശ്യം
വൈറസുകളെ കണ്ടെത്താൻ കേരളത്തിൽത്തന്നെ കൂടുതൽ പഠനം ആവശ്യമാണ്‌. പഠനത്തിനായി സാമ്പിളുകൾ കിട്ടുന്നത് കുറവാണ്. ഇതിന് മാറ്റംവേണം. വൈറസുകളെ തിരിച്ചറിഞ്ഞാൽ മാത്രമേ പകർച്ചവ്യാധികളെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താനാകൂ.-ഡോ. ബി. അനുകുമാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 
വൈറോളജി, ആലപ്പുഴ

ആരോഗ്യനിയമം: ഏച്ചുകെട്ടിയ നിയമം പോരാ

2018-ൽ ജീവിക്കുന്ന കേരളം ഇപ്പോഴും പിന്തുടരുന്നത് 1955-ലെ ഏച്ചുകെട്ടിയ നിയമം. തിരുവിതാംകൂർ-കൊച്ചി ആരോഗ്യനിയമവും മലബാർ ആരോഗ്യനിയമവും കൂട്ടിച്ചേർത്തുള്ള നിയമമാണിത്.കാലഹരണപ്പെട്ട ഈ നിയമം മാറ്റുന്നതിനുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടായി തുടങ്ങിയിട്ട്. പലസമിതികളും രൂപവത്കരിച്ചു. എങ്കിലും നിയമസഭയുടെ പടിപോലും കണ്ടിട്ടില്ല.സുശക്തമായ നിയമമില്ലാത്തതിന്റെ വീഴ്ചകൾ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ ഒറ്റമനസ്സോടെ നീങ്ങുമ്പോൾ നാം കണ്ടതാണ്. വ്യാജപ്രചാരണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ നടന്നിട്ടും കേസെടുക്കുന്നതിനപ്പുറം കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. സാമൂഹിക മാധ്യമങ്ങൾ ഇല്ലാത്തകാലത്തുണ്ടാക്കിയ നിയമത്തിൽ കർശനവ്യവസ്ഥകളില്ലാത്തതുതന്നെ കാരണം. 
സാമൂഹിക ശുചിത്വമില്ലായ്മയാണ് കേരളത്തിലെ പകർച്ചവ്യാധികളുടെ പ്രധാനകാരണം. എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തടയാൻ നമുക്കാകുന്നില്ല. നിലവിലുള്ള ആരോഗ്യനിയമത്തിലെ ശിക്ഷാവ്യവസ്ഥകൾക്ക് ഇതിന് തടയിടാനാവുന്നില്ലെന്നതാണ് വസ്തുത. മാറിയ സാഹചര്യത്തനനുസരിച്ച് പുതുക്കിയ ആരോഗ്യ നിയമവും നയവുമാണ് കേരളത്തിനുവേണ്ടത്.

'വേണ്ടത് കർശന നിയമം'

നിലവിലുള്ള നിയമം പഴയതാണെന്ന് മാത്രമല്ല ശിക്ഷകളിലും വ്യക്തതയില്ല. ആര് ചെയ്യണമെന്നത് സംബന്ധിച്ചും വ്യവസ്ഥയില്ല. ആർക്കും എന്തും ചെയ്യാവുന്ന സ്ഥിതിയാണിത് സൃഷ്ടിക്കുന്നത്. ഇത് മറികടക്കാൻ കർശനവ്യവസ്ഥകളോടെയുള്ള നിയമം ഉടൻ കൊണ്ടുവരണം.-ഡോ. ബി. ഇക്‌ബാൽ- പാഠം പഠിക്കാത്ത ആരോഗ്യകേരളം പരമ്പര അവസാനിച്ചു.

കൂടുതല്‍ വായനയ്ക്ക്