ക്ഷീണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ, ശരീരം തടിക്കുകയോ മെലിയുകയോ ചെയ്യുക തുടങ്ങിയ സൂചനകളെ പലരും ആദ്യമൊന്നും കാര്യമാക്കണമെന്നില്ല. അതെല്ലാം സ്വാഭാവികമല്ലേ എന്ന് കരുതും. പ്രശ്‌നങ്ങള്‍ കൂടുമ്പോഴായിരിക്കും കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങുക. ഈ പരിശോധന മിക്കപ്പോഴും എത്തിനില്‍ക്കുക തൈറോയ്ഡ് തകരാറുകളിലായിരിക്കാം.

തൈറോയ്ഡ് തകരാറുകളുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. 2016 ല്‍ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ ഗര്‍ഭിണികളില്‍ 13.13 ശതമാനം പേരില്‍ ഹൈപ്പോതൈറോയ്ഡിസം കണ്ടെത്തി. മുതിര്‍ന്നവരില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡ് തകരാറുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

തൈറോയ്ഡ് തകരാറുകളെക്കുറിച്ചുള്ള അവബോധം കൂടിയിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു. തൈറോയ്ഡ് തകരാറുകള്‍ കണ്ടെത്തുന്നതിന്റെ എണ്ണം കൂടുന്നതിന് ഒരു കാരണം ഇതാകാം.

അയഡിന്‍

തൈറോയ്ഡിന് പ്രവര്‍ത്തിക്കാന്‍ അനിവാര്യമായ ധാതുവാണ് അയഡിന്‍. അയഡിന്റെ കുറവുണ്ടായാല്‍ തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പ്രവര്‍ത്തനക്കുറവും വീക്കവും(ഗോയിറ്റര്‍) ഉണ്ടാകാം. ഇത് തടയാനാണ് രാജ്യത്ത് അയഡിന്‍ ചേര്‍ന്ന ഉപ്പ് മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കാവൂ എന്ന നിബന്ധന ഉള്ളത്.

തൈറോയ്ഡിനെ അറിയാം

ചിറകുകള്‍ വിരിച്ച ശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.

തൈറോക്‌സിന്‍ എന്ന ടി 4, ട്രൈ അയഡോതൈറോണിന്‍ എന്ന ടി 3 എന്നിവയാണ് തൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന പ്രധാന ഹോര്‍മോണുകള്‍. ഇതുകൂടാതെ ശരീരത്തിലെ കാത്സ്യത്തെ നിയന്ത്രിക്കുന്ന കാല്‍സിടോണിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കുന്നു. തൈറോക്‌സിന്‍ ഹോര്‍മോണില്‍ നാല് അയഡിന്‍ ആറ്റങ്ങളാണ് ഉള്ളത്. ട്രൈ അയഡോ തൈറോണില്‍ മൂന്ന് അയഡിന്‍ ആറ്റവുമാണുള്ളത്. ഹോര്‍മോണിന്റെ 89 ശതമാനവും ടി 4 ഉം ബാക്കി ടി 3 യുമാണ്.

എല്ലാ ഹോര്‍മോണുകളെയും പോലെ തൈറോയ്ഡ് ഹോര്‍മോണും രക്തത്തിലൂടെ കോശങ്ങളില്‍ എത്തി ഹോര്‍മോണ്‍ റിസെപ്റ്ററുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം കൃത്യമായ താളത്തില്‍ നടക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ആവശ്യമാണ്. അതിനാല്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ കുറവുണ്ടായാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും അതുമൂലം തലച്ചോര്‍, ഹൃദയം, ചര്‍മം ഉള്‍പ്പടെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം കുറയാനും ഇടയാകും.

തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്ന ടി.എസ്.എച്ച്. തലച്ചോറില്‍ സ്ഥിതി ചെയ്യുന്ന പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നാണ് ടി.എസ്.എച്ച്. ഉണ്ടാകുന്നത്. പിറ്റിയൂട്ടറിക്ക് ഈ നിര്‍ദേശം നല്‍കുന്നത് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ടി.എസ്.എച്ച്. റിലീസിങ് ഹോര്‍മോണ്‍ വഴിയാണ്.

ടി 4, ടി 3 എന്നീ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ ടി.എസ്.എച്ച്. കൂടുകയും തിരിച്ചായാല്‍ ടി.എസ്.എച്ച്. കുറയുകയും ചെയ്യും. ഇതിന്റെ അര്‍ഥം തൈറോയ്ഡ് പ്രവര്‍ത്തനം കുറഞ്ഞാല്‍ ടി.എസ്.എച്ച്. കൂടുമെന്നും പ്രവര്‍ത്തനം കൂടിയാല്‍ ടി.എസ്.എച്ച്. കുറയുമെന്നുമാണ്.

സ്ത്രീകളില്‍ കൂടുതല്‍

തൈറോയ്ഡ് തകരാറുകള്‍ കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് സാധ്യത എട്ടുമടങ്ങ് കൂടുതലാണെന്ന് വിലയിരുത്തുന്നു.

''സ്ത്രീകളില്‍ തൈറോയ്ഡ് തകരാറുകള്‍ കൂടുതലായി കാണുന്നതിന് പല സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൂടുതലാണ് എന്നതാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ കാര്യത്തിലും ഇത് ബാധകമാവുന്നുണ്ട്.''- ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നിയ നാരായണന്‍ പറയുന്നു.

മാറുന്ന കാരണങ്ങള്‍

തൈറോയ്ഡ് തകരാറുകളുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളാണെന്നാണ് നിഗമനം. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ കാരണങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്. ''അയഡിന്റെ കുറവായിരുന്നു ഇരുപതു വര്‍ഷം മുന്‍പുവരെ ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ ഹാഷിമോട്ടോസ് തൈറോഡൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ഇതിന്റെ പ്രധാന കാരണമായി മാറിയിരിക്കുന്നത്;;- തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ എന്‍ഡ്രോക്രൈനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് നായര്‍ വ്യക്തമാക്കുന്നു.

നേരത്തെ കണ്ടെത്തണം, ചികിത്സിക്കണം

ശരീരത്തിലെ ഉപാപചയ പ്രക്രിയയുടെ ചുക്കാന്‍ പിടിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയെന്ന നിലയില്‍, തൈറോയ്ഡ് നിയന്ത്രിക്കുന്നത് ജീവന്റെ താളംതന്നെയാണ്. ശരീരത്തിലെത്തുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനെ ഉപാപചയപ്രക്രിയ എന്ന് ലളിതമായി പറയാം. ഈ ഊര്‍ജമാണ് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തിനുള്ള ഇന്ധനം. അതുകൊണ്ട് തൈറോയ്ഡിന് സംഭവിക്കുന്ന തകരാറുകളെ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

തൈറോയ്ഡ് തകരാറുകള്‍ കണ്ടെത്തുന്നത് കൂടിയിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടാതെ ജീവിക്കുന്നവരും ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍ സൂചനകള്‍ തിരിച്ചറിഞ്ഞ് എത്രയും നേരത്തെ തകരാറുകള്‍ കണ്ടെത്തുകയും കൃത്യമായ ചികിത്സ തുടങ്ങുകയും വേണം.

Content Highlights: Thyroid disorders in women, Why women are more prone to thyroid problems

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌