Representative Image| Photo: Canva.com
ശാരീരികപ്രവർത്തനങ്ങൾക്ക് തൈറോയ്ഡ് ഹോർമോണുകൾ നിർണായകമാണ്. അതുകൊണ്ടാണ് അവയുടെ ഉത്പാദനം കുറഞ്ഞാലും (ഹൈപ്പോതൈറോയ്ഡിസം) കൂടിയാലും (ഹൈപ്പർതൈറോയ്ഡിസം) പ്രശ്‌നമാകുന്നത്. ഇതിനനുസരിച്ചാണ് ചർമപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടുന്നത്.
ഹൈപ്പോതൈറോയ്ഡിസവും ചർമപ്രശ്‌നങ്ങളും
മിക്‌സെഡിമ: ഇത് വിളറിയതും നേർത്തതും ചുളുങ്ങിയതുമായ അവസ്ഥയിൽ ചർമത്തെ എത്തിക്കുന്നു.
തണുത്തചർമം: ചർമത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയുന്നതിനെ തുടർന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഏറെ വരണ്ടചർമം: കൈകാലുകളിലെ ചർമം കട്ടിയേറിയതും വരണ്ടതുമായി മാറും. കെരാറ്റോഡെർമ എന്നാണ് സാധാരണയായി ഈ അവസ്ഥയെ പറയുക.
കരോറ്റെനിമീയ: കൈകാലുകളുടെ ഉൾഭാഗം മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്.
വളർച്ചകുറഞ്ഞ, ദുർബലമായ കേശം: കേശത്തെ ശോഷിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ രോമവളർച്ചയെയും ഇല്ലാതാക്കുന്നു.
മഡറോസിസ്: പുരികരോമം കുറഞ്ഞ് നേർത്തുവരുന്ന അവസ്ഥ.
നഖം ദുർബലവുമാകുന്നതിനൊപ്പം വളർച്ച മുരടിക്കുന്നു, തൈറോയിഡ് ഹോർമോണിന്റെ അളവ് കുറയുന്നതിനനുസരിച്ച് മുറിവുണങ്ങാൻ എടുക്കുന്ന സമയമേറുന്നു, ശരീരം ഉത്പാദിപ്പിക്കുന്ന വിയർപ്പിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥ, പരുപരുത്തതും ചെതുമ്പലോടുകൂടിയതുമായ ചർമം എന്നിവയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മറ്റു പ്രശ്‌നങ്ങൾ.
ഹൈപ്പർതൈറോയ്ഡിസവും ചർമപ്രശ്‌നങ്ങളും
ചൂടുള്ള, ഈർപ്പമുള്ള ചർമം: ചർമത്തിലേക്കുള്ള രക്തചംക്രമണം കൂടുതലായതുകൊണ്ട് ചർമോപരിതലം ചൂടുള്ളതായിരിക്കും. മുഖവും കൈകാലുകളുടെ ഉൾഭാഗവും ചുവന്നുതുടുത്തിരിക്കും.
അപ്രതീക്ഷിത മുടികൊഴിച്ചിൽ: മുടി ആരോഗ്യപൂർണമായി കാണപ്പെടുമെങ്കിലും അപ്രതീക്ഷിതമായി മുടികൊഴിച്ചിലും കഷണ്ടിയും വരാറുണ്ട്.
പ്ലമ്മേഴ്‌സ് നെയിൽ: നഖം വളഞ്ഞ ആകൃതിയിൽ വളരുന്നു. നഖത്തിന്റെ തുമ്പിൽ നിന്ന് തുടങ്ങി താഴോട്ട് നിറവ്യത്യാസമുണ്ടായി, ഒടുവിൽ നെയിൽബെഡിൽ നിന്ന് നഖം വേർപെട്ടു പോകുന്ന അവസ്ഥ.
ഹൈപ്പർഹൈഡ്രോസിസ്: ക്രമാതീതമായി വിയർക്കുന്ന അവസ്ഥ. പ്രത്യേകിച്ച് കൈ-കാൽപാദങ്ങളുടെ ഉൾവശത്താകും വിയർപ്പിന്റെ തോത് കൂടുതൽ കാണുക.
നിറംമാറ്റം: ചർമത്തിൽ മുഴുവനായോ അവിടെവിടെയോ നിറംമാറ്റം പ്രത്യക്ഷപ്പെട്ടേക്കാം.
കണങ്കാലിലും പാദത്തിലുമൊക്കെ ഇളംചുവപ്പ്/തവിട്ട് നിറത്തിലുള്ള മുഴകൾ പ്രത്യക്ഷപ്പെടുക, നേരത്തെയുള്ള നര, മുടിയുടെ നിറംമങ്ങൽ എന്നിവയൊക്കെ ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ആദ്യലക്ഷണങ്ങളാണ്. എത്രയും വേഗം വൈദ്യസഹായം തേടുകയാണ് തൈറോയ്ഡ് ഹോർമോണിലെ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ചർമപ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള വഴി.
Content Highlights: Thyroid Disease and the Skin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..