എല്ലാവരും കൊറോണയെ ഭയന്ന് മാറിനിന്നപ്പോള്‍ കാരുണ്യം പകര്‍ന്നത് ബിബിന്റെ പൗരബോധം. റോഡില്‍ ഛര്‍ദ്ദിച്ച് അവശനായിവീണ വൃദ്ധനെ വഴിയാത്രക്കാര്‍ സംശയത്തോടെയാണ് കണ്ടത്. എക്‌സൈസ് ഉദ്യോഗസ്ഥനായ ബിബിന്‍ പക്ഷേ,അജ്ഞാതനെ ആശുപത്രിയില്‍ എത്തിച്ചു. ജോലികിട്ടി മൂന്നാംമാസംതന്നെ എക്‌സൈസ് വകുപ്പിന് അഭിമാനംപകരാന്‍ കഴിഞ്ഞതില്‍ ബിബിന് സന്തോഷം.
തൃശ്ശൂര്‍ പൂത്തോളിലെ എക്‌സൈസ് റേഞ്ച് ഓഫീസില്‍നിന്ന് വരുമ്പോളാണ് പ്രായമേറെയുള്ള ഒരാള്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചുകൊണ്ട് വരുന്നതു കണ്ടത്. പെട്ടെന്ന് അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതുകണ്ട ബിബിന്‍ പാഞ്ഞെത്തി അദ്ദേഹത്തെ താങ്ങിയെടുത്ത് സമീപത്തെ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചു. ശക്തമായ പനിയുള്ള അദ്ദേഹത്തിന് കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം ചികിത്സ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് ഹോമിയോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ ഛര്‍ദിലും മറ്റ് വിസര്‍ജ്യങ്ങളും കഴുകിവൃത്തിയാക്കി ഉടന്‍തന്നെ ബിബിന്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടു. ഇതിനിടെ അജ്ഞാതന്‍ നല്‍കിയ നമ്പറുകളില്‍ ബിബിന്‍ വിളിച്ചെങ്കിലും ബന്ധുക്കളെല്ലാം ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു ബന്ധുവിനെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി. അതിനുമുന്‍പേ ആംബുലന്‍സ് എത്തിയെങ്കിലും വയോധികന് കോവിഡ് ആണെന്ന സംശയത്തില്‍ കയറ്റാന്‍ തയ്യാറായില്ല. കോവിഡ് സേവനത്തിലുള്ള 108 ആംബുലന്‍സിനായി പിന്നീട് ബിബിന്റെ ശ്രമം.
108 ആംബുലന്‍സ് എത്തിയപ്പോഴേക്കും വയോധികനെ വൃത്തിയാക്കി. അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളും ആംബുലന്‍സില്‍ കയറ്റിക്കൊടുത്തു. വയോധികന്‍ ഹോമിയോ ആശുപത്രിയില്‍ ഛര്‍ദ്ദിച്ച എല്ലാ സ്ഥലവും കഴുകിവൃത്തിയാക്കിയ ശേഷമാണ് ബിബിന്‍ അവിടെനിന്ന് പോയത്.
ഭോപാലില്‍ സ്ഥിരതാമസമാക്കിയ അയ്യന്തോള്‍ ചുങ്കം സ്വദേശി പരമേശ്വരനാണ് വയോധികന്‍ എന്നു മാത്രമാണ് ബിബിന് കിട്ടിയ വിവരം. സംഭവത്തിന് ദൃക്സാക്ഷിയായ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയോധികന് കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ശക്തമായ പനി മാത്രമായിരുന്നു ഇദ്ദേഹത്തിന്.
തൃശ്ശൂര്‍ കട്ടിലപ്പൂവം സ്വദേശിയായ ബിബിന്‍ എല്‍.എല്‍.ബി.ക്ക് പഠിക്കുമ്പോഴാണ് ജോലികിട്ടിയത്. വടക്കേമറ്റത്തില്‍ വീട്ടില്‍ റിട്ട. എസ്.ഐ. ചാക്കോയുടെ മകനാണ്. അമ്മ: ഗ്രേസി. ജില്ലയിലെ എക്‌സൈസ് ഉന്നതോദ്യോഗസ്ഥര്‍ ഓഫീസിലെത്തി ബിബിനെ അനുമോദിച്ചു.
Content Highlights: Thrissur excise officer helped old man who had high fever, Covid19, Corona Virus, Health