കുഞ്ഞു വൈകിയാല്‍ അസ്വസ്ഥമാകേണ്ടതില്ല, പരസ്യങ്ങള്‍ കണ്ട് അശാസ്ത്രീയ ചികിത്സയ്ക്കുപോകരുത്


ഷിനില മാത്തോട്ടത്തില്‍

ശാരീരികമായ ബുദ്ധിമുട്ടുകളെ പരമാവധി മറികടക്കാന്‍ ആധുനിക ചികിത്സാരീതികളുണ്ട്. ചികിത്സയില്ലാതെത്തന്നെ ദീര്‍ഘകാല കാത്തിരിപ്പിനുശേഷം കുഞ്ഞുണ്ടാവുന്നവരുമുണ്ട്.

Representative Image

കുഞ്ഞുപിറക്കാനുള്ള കാത്തിരിപ്പിന് ചിലപ്പോള്‍ നീളം കൂടും. അതില്‍ അസ്വസ്ഥമാവരുത്. കുഞ്ഞിനുവേണ്ടി മാനസികമായി തയ്യാറെടുത്ത് കുറച്ചുമാസങ്ങള്‍ക്കകം തന്നെ ഗര്‍ഭംധരിച്ചുകളയാമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഒന്നോ രണ്ടോ മാസംകൊണ്ട് ഗര്‍ഭിണിയാവുന്നില്ലെന്ന് കരുതി ആശങ്കപ്പെട്ട് ഉടന്‍ തന്നെ ഓടിപ്പോയി ഡോക്ടറെ കാണേണ്ട കാര്യമൊന്നുമില്ല. ദമ്പതിമാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പോലും 90 ശതമാനംപേരും ഒരു വര്‍ഷമെങ്കിലും എടുക്കും ഗര്‍ഭം ധരിക്കാന്‍. ഒന്നിച്ച് ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുക. ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുക. ഒരുകൊല്ലമൊക്കെ കാത്തിരിക്കാം. എന്നിട്ടും ഫലം കണ്ടില്ലെങ്കിലേ ഡോക്ടറെ കാണുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. കുട്ടികളായില്ലേ എന്നന്വേഷിച്ച് സമ്മര്‍ദവും അസ്വസ്ഥതയും തരുന്ന ബന്ധുക്കളെ ഈ വിഷയത്തില്‍ നിന്ന് തത്ക്കാലത്തേക്ക് അകറ്റിനിര്‍ത്താം. അസ്വസ്ഥമനസ്സോടെയുള്ള ലൈംഗികബന്ധം യാന്ത്രികമായിപ്പോവുമെന്നും കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും ഓര്‍മവേണം. കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍ പലവിധ പോംവഴികളുള്ള കാലമാണിത്. ശാരീരികമായ ബുദ്ധിമുട്ടുകളെ പരമാവധി മറികടക്കാന്‍ ആധുനിക ചികിത്സാരീതികളുണ്ട്. .

വന്ധ്യത മാത്രമല്ല കുഞ്ഞുണ്ടാവാത്തതിന് കാരണം

ഇന്ന് കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ പേരില്‍ ആശുപത്രിയിലെത്തുന്ന ബഹുഭൂരിപക്ഷമാളുകളുടെയും പ്രശ്നം പ്രത്യുത്പാദനശേഷി ഇല്ലാത്തതല്ല. കുഞ്ഞുണ്ടാവാന്‍ തിരഞ്ഞെടുക്കുന്ന പ്രായമാണ്. ഒട്ടുമിക്ക കേസിലും വിവാഹം വളരെ വൈകിയാണ് നടക്കുന്നത്. ജോലിയുടെ സമ്മര്‍ദമടക്കമുള്ള കാരണങ്ങളാല്‍ കുഞ്ഞുണ്ടാവുന്നത് പിന്നെയും നീളും. പ്രായം കൂടുന്തോറും പ്രത്യുത്പാദനശേഷി കുറയാനും അണ്ഡത്തിന്റെ ഗുണമേന്മ കുറയാനും സാധ്യതയുണ്ടെന്ന കാര്യം മനസ്സില്‍ വെക്കുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രായം: സ്ത്രീക്ക് 30-ഉം പുരുഷന് 45-ഉം വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ ഒരുവര്‍ഷം സ്വാഭാവികമായ ഗര്‍ഭധാരണത്തിനായി കാത്തിരിക്കാം. സ്ത്രീക്ക് 30 വയസ്സിനു മുകളിലാണെങ്കില്‍ ആറുമാസം വരെയും. ഈ കാലയളവില്‍ ഭര്‍ത്താവും ഭാര്യയും മാറിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പരമാവധി കുറയ്ക്കുക. മാനസികമായി നല്ല അവസ്ഥയിലായിരിക്കാന്‍ ശ്രദ്ധിക്കാം.

ഇന്റര്‍നെറ്റിലെ പാതി വിവരങ്ങള്‍ക്ക് പുറകേ പോവരുത്

എന്തിനും ഇന്റര്‍നെറ്റില്‍ കാരണം തിരയുന്നവരാണ് ഇന്നേറെയും. പക്ഷേ, കിട്ടുന്ന ഉത്തരങ്ങളൊന്നും നിങ്ങളുടെ കേസില്‍ ശരിയായിക്കൊള്ളണമെന്നില്ല. പലപ്പോഴും കിട്ടുന്ന പാതിവിവരങ്ങള്‍ ആളുകളില്‍ ഉത്കണ്ഠയുണ്ടാക്കും. അതുകൊണ്ട് പ്രശ്നമെന്തെന്ന് ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തുക.

ശരിയായ ലൈംഗിക ബന്ധം ഉറപ്പാക്കുക

വലിയ വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്കുപോലും ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അറിയാത്ത അവസ്ഥയുണ്ട്. പലപ്പോഴും കുട്ടികളുണ്ടാവാത്തതിന്റെ കാരണം അതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലൈംഗികമായി സംതൃപ്തി ലഭിക്കുന്നുണ്ടെങ്കിലും പ്രത്യുത്പാദനം നടക്കണമെന്നില്ല. അതുകൊണ്ട് ലൈംഗികതയും ഗര്‍ഭധാരണവും സംബന്ധിച്ച കൃത്യമായ അറിവുനേടുക.

ലൈംഗികബന്ധം യാന്ത്രികമാകരുത്

കുറച്ചുകാലം കുഞ്ഞുങ്ങളുണ്ടാകുന്നില്ലെന്ന് കരുതി അനാവശ്യചിന്തകളിലേര്‍പ്പെടുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതും മണ്ടത്തരമാണ്. സമ്മര്‍ദങ്ങള്‍ ലൈംഗികബന്ധം യാന്ത്രികമാക്കും. ആത്മവിശ്വാസവും സന്തോഷവും തന്നെ പ്രധാനം.

ഡോക്ടറെ കാണേണ്ടത് ദമ്പതിമാര്‍ ഒന്നിച്ച്

ചികിത്സവേണ്ടത് ഭാര്യക്കോ ഭര്‍ത്താവിനോ ആവട്ടെ. ദമ്പതിമാര്‍ ഒന്നിച്ചുവേണം ഡോക്ടറെ കാണാന്‍. ചികിത്സയുടെ ഓരോ ഘട്ടവും ഇരുവരും ഒന്നിച്ചു മനസ്സിലാക്കണം. പരസ്പരം മാനസിക, ശാരീരിക പിന്തുണയുണ്ടെങ്കിലേ ചികിത്സ ഫലംചെയ്യൂ. പല കേസുകളിലും സ്ത്രീകള്‍ ഒറ്റയ്ക്കോ അമ്മമാരുടെ കൂടെയോ ആണ് ഡോക്ടറെ കാണാനെത്തുക. അതുപാടില്ല. ഡോക്ടറോട് കാര്യങ്ങള്‍ മുഴുവനായും തുറന്നുപറയണം.

പരസ്യങ്ങള്‍ കണ്ട് ചികിത്സയ്ക്കുപോകരുത്

ചികിത്സ നടത്താന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പ്രഗത്ഭരായ ഡോക്ടര്‍മാരെയും ക്ലിനിക്കുകളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പരസ്യങ്ങള്‍ മാത്രം നോക്കി ക്ലിനിക്കുകള്‍ തിരഞ്ഞെടുക്കരുത്. വ്യാജന്മാര്‍ ഒട്ടേറെയുണ്ടാവും. വ്യാജക്ലിനിക്കുകളില്‍ പോയി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരും അവയവങ്ങള്‍ക്ക് കേടു പറ്റിയവരും ഒട്ടേറെയുണ്ട്. നിങ്ങള്‍ തിരഞ്ഞെടുത്ത ഡോക്ടറില്‍ സംശയമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മാറ്റിക്കാണിക്കുക.

പ്രശ്നസാധ്യത സ്ത്രീയിലും പുരുഷനിലും തുല്യം

കുട്ടികളുണ്ടാവാത്തതിന് കാരണമായ തകരാറുകള്‍ പൊതുവെ സ്ത്രീകളിലും പുരുഷന്‍മാരിലും തുല്യമാണ് (40 ശതമാനം വീതം) ബാക്കി 20 ശതമാനമേ ഒന്നിച്ചുള്ള കാരണങ്ങള്‍ വരുന്നുള്ളൂ.

കുഞ്ഞുങ്ങള്‍ വൈകി മതിയെങ്കില്‍ സോഷ്യല്‍ എഗ് ഫ്രീസിങ്

കരിയര്‍ മുന്നോട്ടുകൊണ്ടുപോവാനും വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടുമൊക്കെ പലരും പ്രഗ്നന്‍സി വൈകി മതിയെന്ന് തീരുമാനിക്കാറുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുന്നതിനുള്ള മികച്ചൊരു മാര്‍ഗമാണ് സോഷ്യല്‍ എഗ് ഫ്രീസിങ് (ഓസൈറ്റ് ഫ്രീസിങ്). പൂര്‍ണാരോഗ്യത്തോടെ ഇരിക്കുന്ന സമയത്തുതന്നെ സ്ത്രീകളുടെ അണ്ഡം എടുത്ത് സൂക്ഷിച്ച് വെക്കുന്ന രീതിയാണിത്. ബീജവും ഇങ്ങനെ സൂക്ഷിക്കാം. കല്യാണം കഴിഞ്ഞവരാണെങ്കില്‍ അണ്ഡവും ബീജവും ചേര്‍ത്ത് ഭ്രൂണമാക്കിത്തന്നെ സൂക്ഷിച്ചുവെക്കാം. എത്രകൊല്ലം വേണമെങ്കിലും ഇവ കേടുപാടുകളില്ലാതെവെക്കാം. വിവാഹിതരല്ലാത്തവരും അണ്ഡവും ബീജവും ഈ രീതിയില്‍ സൂക്ഷിക്കുന്നത് വിദേശത്ത് സാധാരണയാണ്. കുട്ടി വേണമെന്ന് തോന്നുമ്പോള്‍ അണ്ഡവും ബീജവും ചേര്‍ത്ത് ഭ്രൂണമാക്കി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. ഐ.വി.എഫിന്റെ ചെലവേ ഇതിനും വരുന്നുള്ളൂ. പ്രായം കൂടുന്നതിനൊത്ത് പ്രത്യുത്പാദനശേഷി കുറയുന്ന അവസ്ഥയെ മറികടക്കുകയും ചെയ്യാം. കേരളത്തില്‍ ഈ സേവനം ലഭിക്കുന്ന ആശുപത്രികളുണ്ട്. മുന്‍ മിസ് വേള്‍ഡ് ഡയാന ഹൈഡന്റെ രണ്ടുകുട്ടികളും ഈ രീതിയിലുണ്ടായതാണ്. അണ്ഡം സൂക്ഷിക്കാന്‍ ഒരുകൊല്ലത്തേക്ക് 20000 മുതല്‍ 30000 രൂപവരെയാണ് ചെലവ്. ബീജമാണെങ്കില്‍ 7000 രൂപയും.

* അര്‍ബുദ രോഗികള്‍ക്ക് കീമോ, റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ പ്രത്യുത്പാദനശേഷി കുറയാനിടയുണ്ട്. ഇക്കൂട്ടര്‍ക്ക് തെറാപ്പിക്കു മുമ്പേ അണ്ഡവും ബീജവും സൂക്ഷിച്ചുവെക്കാം.

ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത്

പുരുഷന്റെ ശുക്ലത്തില്‍ ബീജത്തിന്റെ എണ്ണംകുറയുക, സ്ത്രീയുടെ അണ്ഡവാഹിനി കുഴലിലെ തടസം, അണ്ഡോല്‍പാദനത്തിന്റെ ക്രമംതെറ്റുക, അണ്ഡവാഹിനിക്കുഴലുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങള്‍ എന്നിവയാണ് പ്രധാനം. പുരുഷന്‍മാരില്‍ മാനസികസമ്മര്‍ദം ബീജത്തിന്റെ ഘടനയെയും ഒഴുക്കിനെയും ബാധിക്കും. പുകവലി, മയക്കുമരുന്നുപയോഗം തുടങ്ങിയവ ബീജത്തിന്റെ നിലവാരം കുറയ്ക്കും. പ്രമേഹവും പൊണ്ണത്തടിയുമുള്ളവര്‍ക്ക് ബീജം പുറത്തുവരാതിരിക്കല്‍, ഉത്തേജനമില്ലാതിരിക്കല്‍, ലൈംഗികതാത്പര്യക്കുറവ് എന്നിവ കാണുന്നുണ്ട്.

ചികിത്സ

ലൈംഗികകാര്യങ്ങളിലെ അറിവില്ലായ്മകള്‍ പരിഹരിക്കുകയാണ് ആദ്യഘട്ടം. ശാരീരികബന്ധം സംബന്ധിച്ച തെറ്റിദ്ധാരണകളെല്ലാം ഡോക്ടറുടെ സഹായത്തോടെ മാറ്റാം. സ്‌കാനിങ് നടത്തി സ്ത്രീയിലെ അണ്ഡോത്പാദനസമയം (ഓവുലേഷന്‍) കണക്കാക്കി ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ട കൃത്യമായ സമയം മനസ്സിലാക്കാം. ശേഷം ഒന്നുരണ്ടുമാസമൊക്കെ കാത്തിരിക്കാം. ചെറിയ തകരാറുകളാണെങ്കില്‍ ഗുളികകളും ഇഞ്ചക്ഷനും മതിയാവും. 500 മുതല്‍ 4000 രൂപവരെയാണ് ചെലവ്. സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലില്‍ ചെറിയ ബ്ലോക്കുകള്‍, സിസ്റ്റുകള്‍, ഫൈബ്രോയ്ഡ് എന്നിവയുണ്ടെങ്കില്‍ ലാപ്രോസ്‌കോപ്പിയിലൂടെ ഒരു പരിധിവരെ പരിഹരിക്കാം.

ഐ.യു.ഐ.

പുരുഷന്‍മാരില്‍ ബീജത്തിന്റെ കൗണ്ട് കുറവാണെങ്കില്‍ ഐ.യു.ഐ. (ഇന്‍ട്രായൂട്ടറിന്‍ ഇന്‍സെമിനേഷന്‍) ചികിത്സ നടത്താം. ലാബില്‍ ശേഖരിച്ച പുരുഷബീജം ഡോക്ടര്‍മാര്‍ വാഷ് ചെയ്ത് അതിന്റെ സഞ്ചാരശേഷി വര്‍ധിപ്പിച്ച് സ്ത്രീയില്‍ അണ്ഡോത്പാദനം നടക്കുന്ന സമയത്ത് ഗര്‍ഭപാത്രത്തിലേക്ക് ഇഞ്ചെക്റ്റ് ചെയ്ത് കൊടുക്കുന്ന രീതിയാണിത്. ശാരീരികമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കൊക്കെ ഈ രീതി ഉപയോഗപ്പെടും. ഒരുതവണ ചെയ്യാന്‍ ഏകദേശം 3000 മുതല്‍ 5000 രൂപവരെയാണ് ചെലവ്. ഒറ്റത്തവണകൊണ്ട് ഫലം ലഭിക്കണമെന്നില്ല. 10-15 ശതമാനം വരെയേ വിജയസാധ്യതയുള്ളൂ.

ഐ.വി.എഫ്.

മറ്റ് ചികിത്സാരീതികളൊക്കെ പരാജയപ്പെടുമ്പോഴേ ഐ.വി.എഫിലേക്ക് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പോവേണ്ടതുള്ളൂ. അണ്ഡവും ബീജവും പുറത്തെടുത്ത് ലാബില്‍ കൃത്രിമബീജസങ്കലനം നടത്തി ഭ്രൂണം രൂപപ്പെട്ടശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. 40 മുതല്‍ 50 വരെ ശതമാനമാണ് വിജയസാധ്യത. പ്രായം, അണ്ഡത്തിന്റെയും ബീജത്തിന്റെയും നിലവാരം എന്നിവയനുസരിച്ച് ഇത് കൂടിയും കുറഞ്ഞുമിരിക്കും. അതൊക്കെ മനസ്സിലാക്കിവേണം ചികിത്സയ്ക്കുപോവാന്‍.

അണ്ഡവാഹിനിക്കുഴലില്‍ ബ്ലോക്ക്, മറ്റ് രോഗാവസ്ഥകള്‍, ബീജം തീരെയില്ലാതെ വരിക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഐ.വി.എഫ്. ചെയ്യുന്നത്. ബീജം പുറത്തുവരാത്ത അവസരങ്ങളില്‍ ബയോപ്സി ചെയ്ത് ശേഖരിക്കാം. ശേഷം ലാബില്‍ അണ്ഡവുമായി യോജിപ്പിച്ച് ഭ്രൂണമുണ്ടാക്കി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാം.

ഒരു ആര്‍ത്തവചക്രത്തില്‍ മാത്രം ഒരുലക്ഷം രൂപയിലധികമാണ് ഐ.വി.എഫ്. ചികിത്സയ്ക്ക് വരുന്നത്. 2004-ല്‍ കേരളത്തില്‍ അഞ്ച് ഐ.വി.എഫ്. കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 80 കവിഞ്ഞു. നിലവില്‍ ഒരു ഇന്‍ഷുറന്‍സ് കവറേജും കിട്ടുന്നില്ലെന്നതാണ് ഈ മേഖലയിലെ പരാജയം.

വ്യാജക്ലിനിക്കുകള്‍ക്ക് ഉടന്‍ നിയന്ത്രണം വരും

കുഞ്ഞുങ്ങളുണ്ടാകണമെന്ന ആളുകളുടെ ആവശ്യം മുതലെടു ക്കുന്ന ഒട്ടേറെ വ്യാജ വന്ധ്യതാ ക്ലിനിക്കുകളും ഐ.വി.എഫ്. കേന്ദ്രങ്ങളുമുണ്ട്. 2021 ഡിസംബറില്‍ പാസ്സാക്കിയ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷന്‍) ബില്‍ ഇത്തരം വ്യാജന്‍മാര്‍ക്ക് തടയിടാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഐ.വി.എഫ്., ഐ.യു.എ. ട്രീറ്റ്‌മെന്റ് സെന്ററുളെല്ലാം ദേശീയരജിസ്ട്രിയുടെ കീഴില്‍ വരും. ലൈസന്‍സും കൃത്യമായ റെക്കോഡുകളും നിര്‍ബന്ധമാവും. ഇന്‍സ്‌പെക്ഷനുകളും മറ്റും കൃത്യമായി നടക്കുന്നതോടെ വ്യാജക്ലിനിക്കുകള്‍ക്ക് പിടിവീഴുമെന്ന് പ്രതീക്ഷിക്കാം. പുതിയ നിയമവുമായി ബന്ധപ്പെട്ട സംസ്ഥാനസമിതികള്‍ ജൂലായ്-ഓഗസ്റ്റ് മാസത്തോടെ നിലവില്‍വരും.

കടപ്പാട്

ഡോ. ഫെസ്സി ലൂയിസ് ടി.
അസോസിയേറ്റ് പ്രൊഫസര്‍,
അമൃത ഫെര്‍ട്ടിലിറ്റി സെന്റര്‍, കൊച്ചി

ഡോ. അനുപമ ആര്‍.
ചീഫ് കണ്‍സള്‍ട്ടന്റ് റീപ്രൊഡക്ടീവ് മെഡിസിന്‍, പ്രാണ്‍ ആശുപത്രി,
തിരുവനന്തപുരം

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: things you should know about ivf

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented