ന്ത്യയിലും കേരളത്തിലും കോവിഡ് മഹാമാരി ഒരു  രണ്ടാം  വരവിന്റെ തുടക്കത്തിലാണ് എന്നു കരുതുന്നതിനുള്ള  എല്ലാ ലക്ഷണങ്ങളും ഇപ്പോൾ നിലവിൽ വന്നു കഴിഞ്ഞു. അതുപോലെ സമൂഹത്തിൽ പടരുന്ന മാറാവ്യാധികളാണ് ഹൃദയം,  ശ്വാസകോശം, വൃക്ക,  കരൾ, തലച്ചോർ, കണ്ണ് എന്നീ ശരീരത്തിന്റെ പ്രധാന അവയവങ്ങളെ ബാധിക്കു ന്ന രോഗങ്ങൾ. കോവിഡ് 19 പോലെ രോഗം വന്നു കഴിഞ്ഞ് ചികിത്സ നൽകുന്നതിലും ഏറ്റവും എളുപ്പം രോഗം വരാതെ നോക്കുന്നതാണ്  എന്ന് കാര്യം പകൽ പോലെ വ്യക്തമാണ്. അവനവന്റെ ആരോഗ്യം അവനവൻ തന്നെ  കാത്തു സൂക്ഷിക്കണം  എന്നതാണ്  ഇപ്പോൾ  രോഗനിവാരണത്തിന്റെ ആപ്തവാക്യം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ "സ്വന്തം ആരോഗ്യം സ്വയം കാത്തു സൂക്ഷിക്കു വാൻ" നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതാണ് താഴെ ചർച്ച ചെയ്യുന്നത് . 

1.സാമൂഹിക അകലം പാലിക്കുക 
2.മാസ്ക് ശരിയായി  ഉപയോഗിക്കുക 
3. കെെകാലുകൾ വൃത്തിയായി സൂക്ഷിക്കുക. 

ഈ  മൂന്നുകാര്യങ്ങളും  വാക്‌സിനേഷൻ എടുത്ത വരും അല്ലാത്തവരും കൃത്യമായി പാലിച്ചു ജീവിച്ചാൽ മാത്രമേ ഇനി വരാൻ പോവുന്ന കോവിഡ് 19 വ്യാപനം നമുക്ക് ഫലപ്രദമായി തടയാനാവൂ. ഇപ്പോഴത്തെ സാഹചര്യ ത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ 2021അവസാനം വരെയോ അതിനപ്പുറമോ  നമുക്ക് ഇത് തുടരേണ്ടി വരും എന്നാണ് കരുതേണ്ടത്  
           
കൈകളോടൊപ്പം കാലും കഴുകി വൃത്തിയാക്കുന്നത്  പ്രമേഹരോഗമുള്ളവർ പതിവാക്കേണ്ട കാര്യമാണ്.  കാലുകൾക്കുണ്ടാവുന്ന ക്ഷതങ്ങൾ വ്രണമായി മാറുന്നത് തടഞ്ഞില്ലെങ്കിൽ അത് ഗുരുതരമായ തുടർരോഗങ്ങൾക്ക്‌ കാരണമാവും.  ചിലപ്പോൾ കാലു മുറിക്കേണ്ട അവസ്ഥയിൽ എത്തുന്ന "ഗാങ്ഗ്രിൻ"  ചെറിയ വ്രണത്തിൽ നിന്നാണ് പ്രമേഹ രോഗികളിൽ  തുടങ്ങുന്നത്. അതിനാൽ ചെറിയ ബ്രഷ് ( സോഫ്റ്റ്‌ ടൂത് ബ്രഷ് ) ഉപയോഗിച്ചു കാൽ വിരലുകൾ വൃത്തിയാക്കണം. 

4.) പുകവലിയും പുകയില ഉത്പന്നങ്ങളും ഒഴിവാക്കുക.  എല്ലാ ശ്വാസകോശ രോഗത്തിന്റെയും (ബ്രോങ്കെെറ്റിസ്,  ആസ്തമ, എംഫസീമ, ശ്വാസകോശ കാൻസർ )  മൂല കാരണം പുകവലി മൂലം രക്തത്തിൽ അമിതമാകുന്ന കാർബൺ മോണോക്സെെഡ്, നിക്കോട്ടിൻ  എന്നീ വിഷപദാർഥങ്ങളാണ്. ഇവ കാരണം ഹൃദയ രക്ത ധമനി പെട്ടന്ന് സങ്കോചിച്ച് ( കൊറോണ റിസ്പാസം )ഹൃദയാഘാതത്തിന് കാരണമാവും.  അമിതമായി പുകവലിക്കുന്നവരുടെ  കാലിലെ രക്തധമനി സാവകാശം അടയുന്നതു കാരണം  (ത്രോമ്പോ അഞ്ചയ്റ്റിസ് ഒബ്ലിട്രൻസ് -ടി.എ. ഓ. )രക്തയോട്ടം കുറഞ്ഞു വിരലുകളും കാൽപാദവും ഉണങ്ങി കറുത്ത് വ്രണം വന്ന്  മുറിച്ചുനീക്കേണ്ട അവസ്ഥയിൽ എത്തും. 

5.) മദ്യം വിഷം ആണ്  എന്നതിന് ഒരു സംശയവും വേണ്ട. അതു വ്യക്തിയേയും കുടുംബത്തെയും തകർക്കും. സമൂഹത്തിൽ നിന്ന് മദ്യം എന്ന വിപത്തിനെ   അകറ്റുക തന്നെ വേണം. ഏത്  പേരിലായാലും( സോഷ്യൽ ഡ്രിങ്കിങ്, ബിയർ പാർട്ടി )  മദ്യം ഉപയോഗിക്കുന്നതിന്  പ്രോത്സാഹനം നൽകാതിരിക്കുക. കരൾരോഗ ( ലിവർ സിറോസിസ്)  ത്തിന്റെ പ്രധാന കാരണം അമിതമായ മദ്യപാനം തന്നെയാണ്. 

6.) അമിത ഭാരം ഒരു രോഗമാണ്. തൂക്കം പരിധിയിൽ കവിയാതെ നിയന്ത്രിക്കുക. വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക്‌ ഉപരിയായി വണ്ണം വല്ലാതെ കൂടുമ്പോൾ ഹൃദയം  (കാർഡിയാക് ഫെയ്ലിയർ) , ശ്വാസകോശം( സ്ലീപ്‌ അപ്‌നിയ ), തലച്ചോർ (സ്‌ട്രോക്ക് , ഡിമെൻഷ്യ, ഡിപ്രെഷൻ ), സന്ധി ( ഓസ്റ്റിയോ ആർത്രൈറ്റിസ്സ് )തുടങ്ങിയ അവയവങ്ങളുടെ  പ്രവർത്തനത്തെ യും അത്  തകരാറിലാക്കും 

7.) പ്രമേഹവും രക്താതിമർദവും ഹൃദ്രോഗവും ഏത് പ്രായത്തിലും ആരംഭിക്കാം. കുടുംബ പാരമ്പര്യം ഉള്ളവർ ചെറുപ്പത്തിൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. വ്യായാമം, ആഹാര നിയന്ത്രണം, മനസ്സിനും ശരീരത്തിനുമുള്ള വിശ്രമം എന്നിവ രോഗങ്ങൾ വരുന്നത്  തടയുകയോ പിന്നോട്ടാക്കുകയോ ചെയ്യും. 

8.) പ്രമേഹവും, രക്താതിമർദവും ഹൃദ്രോഗവും  വ്യവസ്ഥാപിതമായ രീതിയിലുള്ള  ചികിത്സകൾ  നൽകി നിയന്ത്രിച്ചു നിർത്തണം. ഇവയുടെ ചികിത്സയ്ക്ക് കുറുക്കു വഴികളോ ഒറ്റമൂലികളോ  ഒന്നും തന്നെ ഇല്ല. ശാസ്ത്ര ലോകം അംഗീകരിച്ച മാർ​ഗങ്ങൾ മാത്രമേ ഉള്ളു. അവസാനം കൈവിട്ട് കഴിഞ്ഞു ദുഃഖിച്ചിട്ടു കാര്യമില്ല.

9.) വൃക്കരോഗത്തിന്റെ പ്രധാന കാരണം പ്രമേഹം, രക്താതി മർദം, വൃക്കയുടെ ഘടനാ വ്യത്യാസം , മൂത്രാശയത്തിൽലെ അണുബാധ എന്നിവയാണ്. ഇവ വരാനുള്ള സാധ്യത മനസ്സിലാക്കി മുൻ കരുതലെടുക്കുകയും പരിശോധന നടത്തി കണ്ടെത്തി യഥാവിധി ചികിത്സ ചെയ്യുകയും വേണം. 
10.) വൃക്കരോഗചികിത്സ (ക്രോണിക്ക് കിഡ്നി ഡിസീസ്)  അത്ര എളുപ്പമുള്ള കാര്യമല്ല. തുടർ രക്തശുദ്ധീകരണവും( ഡയാലിസിസ് ) വൃക്ക മാറ്റുന്നതുമെല്ലാം സമ്പത്തും കുടുംബന്ധവും എല്ലാം തകർക്കുന്ന  ചിലവേറിയ, ഒരുപാട് സമയം  ചെലവഴിക്കേണ്ട  കാര്യങ്ങളാണ്. അതുകൊണ്ട് രോഗം വരാതെ നോക്കുന്നതാണ്  എന്തുകൊണ്ടും നല്ലത്. 

11.) ചെറുപ്പത്തിൽ കുടുംബത്തിലെ ഒരാൾ രോഗിയായി മാറുമ്പോൾ അതിന്റെ ആഘാതം കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിനെ വല്ലാതെ ബാധിക്കും. റോഡ് അപകടങ്ങൾ എത്ര ചെറുപ്പക്കാരെയാണ് നിത്യരോഗികളാക്കി മാറ്റുന്നത്. അൽപ്പം രസത്തിന് വേണ്ടി ചെയ്യുന്ന അശ്രദ്ധയോടെയുള്ള അമിത വേഗത, മദ്യം, പുകവലി അമിതാഹാരം എന്നിവ തുടക്കത്തിൽ തന്നെ മനസ്സിലാക്കി നിയന്ത്രണ വിധേയമാക്കിയാൽ എത്ര വ്യക്തികളെയും   കുടുംബത്തെയും നിത്യരോഗത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടുത്താനാകും. 

"അതിനാൽ സ്വന്തം ആരോഗ്യം സ്വയം സൂക്ഷിക്കാൻ" നാം ആവുന്നത് ശ്രമിക്കണം. അതാണ് ഏറ്റവും എളുപ്പവും.  

(ഹൃദ്രോഗ വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)

Content Highlights: Things we can do to keep our own health alive during Covid19, Corona Virus, Health