വണ്മെന്റിന്റെ സൗജന്യ കുത്തിവെപ്പുകളില്‍പ്പെടാത്ത വാക്‌സിനുകള്‍ ഏതൊക്കെ ആണെന്നും എന്തിനൊക്കെ ആണെന്നും നോക്കാം.

ഡി.ടി.എ.പി. (DTaP)

ട്രിപ്പിള്‍ വാക്‌സിനായ DTwP വാക്‌സിന്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പെന്റാവാലന്റ് ഇന്‍ജക്ഷനില്‍ ഒന്നായാണ് കൊടുക്കുന്നതെന്ന് പറഞ്ഞിരുന്നല്ലോ. ട്രിപ്പിള്‍ വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതയും ഇന്‍ജക്ഷന്‍ കൊടുത്ത ഭാഗത്തുണ്ടാകുന്ന തടിപ്പും വേദനയും അതുകാരണം കരച്ചിലും ചെറുപനിയുമൊക്കെ വളരെ സ്വാഭാവികമാണ്. എന്നാല്‍, ഈ പറഞ്ഞ കാരണങ്ങളൊന്നും ഈ കുത്തിവെപ്പ് കൊടുക്കാതിരിക്കാനുള്ള ന്യായങ്ങളല്ല. ഇത് ഒന്നോ രണ്ടോ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. പനിയുടെ മരുന്ന് സാധാരണയായി ഈ കുത്തിവെപ്പിനുശേഷം എല്ലാവര്‍ക്കും നല്‍കാറുണ്ട്. അത് മാത്രവുമല്ല, ഈ കുത്തിവെപ്പെടുത്തില്ലെങ്കില്‍ വരാവുന്ന രോഗങ്ങളായ വില്ലന്‍ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവ അപകടകാരികളാണ്.

എന്നാല്‍, വളരെ അപൂര്‍വമായി ചില കുഞ്ഞുങ്ങളില്‍ കുത്തിവെപ്പിന്റെ ഫലമായി കുറച്ചുകൂടി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. 40.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള പനി, കുത്തിവെപ്പെടുത്ത ആദ്യത്തെ 72 മണിക്കൂറിനുള്ളില്‍വരുന്ന അപസ്മാരം, മൂന്നു മണിക്കൂറില്‍ കൂടുതല്‍ നിര്‍ത്താതെയുള്ള കരച്ചില്‍, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ കാണുന്ന സ്വബോധത്തിലുള്ള വ്യതിയാനം, തളര്‍ച്ച എന്നിവയാണവ. ഇങ്ങനെയുള്ള അവസരങ്ങളില്‍ നാം മുന്‍കരുതലുകള്‍ എടുക്കണം. നമ്മുടെ മുന്നിലുള്ള മാര്‍ഗം ട്രിപ്പിള്‍ വാക്‌സിനിലുള്ള wP (whole cell pertussis) വാക്‌സിന്‍ മാറ്റി aP (acellular pertussis) നല്‍കുക എന്നതാണ്. ഈ പ്രശ്‌നങ്ങള്‍ വളരെ അപൂര്‍വമായേ കാണാറുള്ളൂവെങ്കിലും, ഇതുണ്ടായ കുട്ടികള്‍ക്ക് പിന്നീട് DTaP നല്‍കുന്നതാണ് ഉചിതം. എന്നാല്‍, ഒരു കാര്യം എപ്പോഴും മനസ്സില്‍ വെക്കേണ്ടതാണ്. ട്രിപ്പിള്‍ വാക്‌സിന് അലര്‍ജി ഉണ്ടായ കുട്ടികള്‍ക്ക് ഈ രണ്ടു കുത്തിവെപ്പുകളും മേലില്‍ നല്‍കരുത്. പെര്‍ട്ടൂസിസ് ഭാഗം ഇല്ലാത്ത വാക്‌സിനുകളേ പിന്നീട് കൊടുക്കാവൂ.

എല്ലാ കുട്ടികള്‍ക്കും DTaP കൊടുത്തുകൂടേ?

അത് സത്യത്തില്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാകും. ഒന്നാമത്തെ കാരണം മേല്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളും വളരെ അപൂര്‍വമായേ കാണാറുള്ളൂ എന്നതാണ്. അത് മാത്രവുമല്ല, രോഗപ്രതിരോധശക്തി ഉണ്ടാക്കുന്ന കാര്യത്തില്‍ DTaP ഒരുതരത്തിലും DTwPക്കു മുകളിലല്ല. അതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും അനാവശ്യമായി DTaP നല്‍കുന്നത് ശരിയല്ല.

വേറൊരു തെറ്റിദ്ധാരണ, ഈ ഇന്‍ജക്ഷന്‍ വേദനയില്ലാത്തത് (painless) ആണെന്നുള്ളതാണ്. ഇന്‍ജക്ഷന്‍ എടുക്കുമ്പോഴുള്ള വേദന എല്ലാത്തിനും ഒന്നുതന്നെയാണ്. എന്നാല്‍, അതിനുശേഷമുള്ള തടിപ്പും വേദനയും താരതമ്യേന കുറവായിരിക്കുമെന്നുമാത്രം. പലരും ഈ ഇന്‍ജക്ഷന്‍വെച്ചാല്‍ വേദനയുണ്ടാകില്ല എന്ന തെറ്റിദ്ധാരണയില്‍ 'painless' കുത്തിവെപ്പ് ചോദിച്ചുവരുന്നത് കാണാറുള്ളതുകൊണ്ട് പറഞ്ഞെന്നുമാത്രം. അത് മാത്രവുമല്ല ഈ കുത്തിവെപ്പുകള്‍ക്ക് വലിയ വിലയുമാണുള്ളത്.

നമുക്ക് സൗജന്യമായി ലഭിക്കുന്ന പെന്റാവാലന്റ് ഇന്‍ജക്ഷന്‍ തന്നെ ധാരാളം. ഈ കുത്തിവെപ്പ് മുകളില്‍പ്പറഞ്ഞ പ്രശ്‌നങ്ങളുണ്ടായ കുഞ്ഞുങ്ങള്‍ക്ക് മാത്രമായി ഒതുക്കുന്നതാണ് നല്ലത്.

ടി.ഡി.എ.പി.ടി.ഡി. വാക്‌സിന്‍ (Tdap/Td)

ഏഴു വയസ്സിനുശേഷം ഡി.ടി.എ.പി. (DTap)/(ഡി.ടി.ഡബ്‌ള്യു.പി.) DTWp കൊടുക്കാന്‍ പാടില്ല. എന്നാല്‍, ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ ഡിഫ്ത്തീരിയ, വില്ലന്‍ചുമ, തുടങ്ങിയ രോഗങ്ങള്‍ കാണാറുണ്ട്. മാത്രമല്ല അവര്‍ രോഗം പകര്‍ത്തുന്ന സ്രോതസ്സുകളായി മാറുകയും ചെയ്യുന്നു. അതു മാത്രമല്ല DTaP/DTwP എന്നിവയുടെ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് പത്തുവയസ്സാവുമ്പോഴേക്കും ക്രമേണ കുറഞ്ഞുതുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ കുറച്ചു വ്യതിയാനങ്ങള്‍ വരുത്തി ടി.ഡി.എ.പി. (Tdap) എന്ന കുത്തിവെപ്പ് പത്തു വയസ്സില്‍ കൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ടി.ടി. ഇന്‍ജക്ഷന്‍ ആണ് ഇപ്പോഴും പത്തുവയസ്സില്‍ നല്‍കുന്നത്. പതിനെട്ടു വയസ്സുവരെ എപ്പോള്‍ വേണമെങ്കിലും Tdap കുത്തിവെപ്പെടുക്കാവുന്നതാണ്. Tdap കുത്തിവെപ്പെടുത്തവര്‍ പിന്നീട് എപ്പോഴെങ്കിലും TT ഇന്‍ജക്ഷന്‍ കൊടുക്കേണ്ട അവസരംവന്നാല്‍ Td ലഭ്യമാണെങ്കില്‍ അത് കൊടുക്കുകയായിരിക്കും ഉത്തമം. എന്നാല്‍, ഇതിന്റെ ലഭ്യത പലപ്പോഴും ഒരു പ്രശ്‌നമാണ്. അതുകൊണ്ട് അതില്ലെങ്കില്‍ TT നിര്‍ബന്ധമായും കൊടുക്കണം. DTaP/DTwP ഇന്‍ജക്ഷന്‍ ഏഴു വയസ്സിനുമുമ്പ് ഒരിക്കലും എടുക്കാത്തവര്‍ Tdap (0 dose) – Td (1 മാസത്തിനുശേഷം) – Td (6 മാസത്തിനുശേഷം) എന്നിങ്ങനെ എടുക്കേണ്ടതാണ്.

ന്യൂമോകോക്കല്‍ വാക്‌സിന്‍ (PCV)

വളരെയധികം പ്രാധാന്യമുള്ള ഒരു കുത്തിവെപ്പാണിത്. കുഞ്ഞുകുട്ടികളില്‍ കാണുന്ന അപകടകാരികളായ അസുഖങ്ങളാണ് ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ), മെനിഞ്ചൈറ്റിസ് (തലച്ചോറിലെ അണുബാധ) എന്നിവ. ഇവ വന്നുപിടിപെട്ടാല്‍ ചികിത്സ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, പിന്നീട് കുട്ടികളുടെ ബുദ്ധിവികാസത്തെയും മറ്റും മോശമായി ബാധിക്കാന്‍വരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കുന്ന ഈ കുത്തിവെപ്പെടുക്കാന്‍ ഞാന്‍ അച്ഛനമ്മമാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതില്‍തന്നെ രണ്ടുതരം വാക്‌സിനുകള്‍ ലഭ്യമാണ്. ഒന്ന് PCV 13, അടുത്തത് PCV 10. സ്വാഭാവികമായും PCV 13നാണ് കൂടുതല്‍ സംരക്ഷണം തരാന്‍ കഴിവുള്ളത്. അതുകൊണ്ടുതന്നെ വിലയും മറ്റേതിനെക്കാളും കൂടുതല്‍ തന്നെ. സാമ്പത്തികമായി സാധിക്കുമെങ്കില്‍ PCV 13 എടുക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കില്‍ വിലയില്‍ കുറഞ്ഞ PCV 10 എങ്കിലും കൊടുക്കുക.

സാധാരണയായി പെന്റാവാലന്റ് ഇന്‍ജക്ഷന്‍ കൊടുക്കുന്ന അതേ ദിവസമാണ് ഇതും കൊടുക്കേണ്ടത്. അതായത് 6, 10, 14 ആഴ്ചകളിലും ഒന്നരവയസ്സില്‍ ഒരു ബൂസ്റ്ററും. ഇങ്ങനെ കൊടുത്തില്ലെങ്കില്‍ അഞ്ചുവയസ്സു വരെയും ഇത് കൊടുക്കാവുന്നതാണ്. എന്നാല്‍, ഓരോ പ്രായത്തിലും കൊടുക്കുന്നവിധം വ്യത്യസ്തമാണ്. അതിനാല്‍ ഒരു ശിശുരോഗവിദഗ്ധനെ കണ്ടുവേണം നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഷെഡ്യൂള്‍ എഴുതിവാങ്ങുന്നത്.

ചിക്കന്‍പോക്‌സ് വാക്‌സിന്‍ (VARICELLA VACCINE)

വാരിസെല്ല വൈറസ്സുണ്ടാക്കുന്ന ചിക്കന്‍പോക്‌സ് എന്ന അസുഖത്തെപ്പറ്റി കേള്‍കാത്തവരുണ്ടാകില്ല. പലരും ഈ വാക്‌സിനെതിരേ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ചിക്കന്‍പോക്‌സ് 'വന്നുപോകണം' എന്നും അത് കുട്ടിക്ക് പ്രതിരോധശക്തി നല്‍കുമെന്നും ഈ വാക്‌സിന്‍ അനാവശ്യമാണെന്നും ഇതെടുത്താലും ചിക്കന്‍പോക്‌സ് വരാമെന്നും. ഇപ്പറഞ്ഞതില്‍ തെറ്റില്ല. എന്നാല്‍, ഈ വാക്‌സിന്‍ അനാവശ്യമല്ല. കാരണം ചിക്കന്‍പോക്‌സ് എല്ലാ കുട്ടികളിലും വരുന്നത് ഒരുപോലെയല്ല. ചില കുട്ടികളില്‍ ഈ രോഗം പല അവയവങ്ങളെയും സാരമായി ബാധിക്കുകയും മരണംവരെ സംഭവിക്കുന്നതും കണ്ടിട്ടുണ്ട്.

ഈ വൈറസ് തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാല്‍ വളരെ അപകടമാണ്. ജീവന്‍ രക്ഷപ്പെട്ടാല്‍തന്നെ പിന്നീടുള്ള ബുദ്ധിവളര്‍ച്ചയും മറ്റും വളരെ മോശമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചിക്കന്‍പോക്‌സിനെ ഇങ്ങനെ സ്വാഗതം ചെയ്യുന്നതില്‍ ഒരര്‍ഥവുമില്ല. പിന്നെ ഈ വാക്‌സിന്‍ നൂറുശതമാനം ചിക്കന്‍പോക്‌സില്‍നിന്ന് സംരക്ഷിക്കില്ല എന്നത് ശരിതന്നെ.

എന്നാല്‍, വന്ന ചിക്കന്‍പോക്‌സ് അപകടകാരിയാകാതെ നോക്കാന്‍ ഈ വാക്‌സിന് കഴിയും. വളരെ കുറച്ചുപേരില്‍ ഈ വാക്‌സിന്‍ എടുത്താലും ചിക്കന്‍പോക്‌സ് വരാറുണ്ട്. എന്നാല്‍, ഒരിക്കലും മുകളില്‍പ്പറഞ്ഞ അപകടസ്ഥിതിയിലേക്ക് പോകാറില്ല. അതുകൊണ്ടുതന്നെ ഈ വാക്‌സിനെ ഒരിക്കലും അവഗണിക്കാനാകില്ല.

ഇത് ഒരു വയസ്സു കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും കൊടുക്കാം. സാധാരണയായി രണ്ടു ഡോസുകളാണ് കൊടുക്കാറ്. ആദ്യത്തേത് 1518 മാസത്തിലും രണ്ടാമത്തേത് 46 വയസ്സിനുള്ളിലും കൊടുക്കാം. ഷെഡ്യൂള്‍ പറയുന്നതിങ്ങനെ ആണെങ്കിലും രണ്ടാമത്തെ ഡോസ് ആദ്യ ഡോസ് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും കൊടുക്കാവുന്നതാണ്.

ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പരക്കുന്ന മഞ്ഞപ്പിത്തത്തിനെതിരേയുള്ള കുത്തിവെപ്പാണിത്. രണ്ടു ഡോസുകളായാണ് കൊടുക്കുന്നത്. ആദ്യ ഡോസ് ഒരു വയസ്സിലും രണ്ടാമത്തേത് ഒന്നരവയസ്സിലുമാണ് കൊടുക്കേണ്ടത്. അഥവാ ഈ സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ കൊടുക്കാം, രണ്ടു ഡോസുകളായി. ആദ്യഡോസിന്റെ ആറുമാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ്.

ടൈഫോയ്ഡ് വാക്‌സിന്‍

ടൈഫോയ്ഡ് പനിക്കെതിരേ സംരക്ഷണംതരുന്ന കുത്തിവെപ്പാണിത്. ചിക്കന്‍പോക്‌സിനെ ചിലരില്‍ അപകടകാരിയാക്കുന്ന അസുഖമാണ് ടൈഫോയ്ഡ് പനി. അതുകൊണ്ടുതന്നെ പ്രതിരോധം നല്ലതാണ്. ഒരൊറ്റ ഡോസില്‍തന്നെ പൂര്‍ണസംരക്ഷണമാണ് പല കമ്പനികളും അവകാശപ്പെടുന്നത്. ഇത് സാധാരണയായി ഒന്‍പതുമാസത്തിനും ഒരു വയസ്സിനുമിടയിലാണ് കൊടുക്കാറുള്ളത്. ആറുമാസം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും കൊടുക്കാം. ഒരു ബൂസ്റ്റര്‍ ഒരു വര്‍ഷത്തിനുശേഷം കൊടുക്കുന്നത് നല്ലതാണെന്നും ഒരു വശമുണ്ട്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ (HPV Vaccine)

ഗര്‍ഭാശയഗള കാന്‍സര്‍ (cervical cancer) ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്നു. ഇതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഉപകരിക്കുന്ന കുത്തിവെപ്പാണിത്. ഇത് സാധാരണയായി പെണ്‍കുട്ടികള്‍ക്കാണ് കൊടുക്കാന്‍ ഉപദേശിക്കാറ്. മിനിമം ഒന്‍പതു വയസ്സെങ്കിലും ആകണം ഇതെടുക്കാന്‍. ഷെഡ്യൂളുകളില്‍ കാണിച്ചിരിക്കുന്ന പ്രായം 1112 വയസ്സാണ്. രണ്ടുതരം വാക്‌സിനുകള്‍ ലഭ്യമാണ്. മൂന്നു ഡോസുകള്‍ ആയാണ് കൊടുക്കുന്നത്. കൊടുക്കുന്ന സമയങ്ങള്‍ രണ്ടു വാക്‌സിനും വ്യത്യസ്തമാണ്.

Content Highlights: things to know about vaccines