Photo: Pixabay
കുറച്ചുദിവസം മുമ്പ് ടെറ്റനസ് പിടിപെട്ട് ഒരുകുട്ടി മരിച്ച സംഭവം നമ്മളെ വല്ലാതെ ഞെട്ടിച്ചു. നൂറുശതമാനം ഈ രോഗത്തില്‍നിന്ന് സംരക്ഷിക്കുന്ന ടി.ടി. ഇന്‍ജെക്ഷന്‍ സൗജന്യമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നിരിക്കെയാണിത്. കേരളത്തിലും പ്രതിരോധ കുത്തിവെപ്പുകള്‍ക്കുനേരെ മുഖംതിരിക്കുന്നവരുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
തെറ്റിദ്ധാരണകള്‍ തിരുത്തണം
ഇത് തുരുമ്പുപിടിച്ച വസ്തുവില്‍ നിന്നുള്ള അണുബാധയ്‌ക്കെതിരെ എടുക്കുന്ന ഇന്‍ജെക്ഷന്‍ അല്ല. എല്ലാ ആറുമാസവും ടി.ടി. ഇന്‍ജെക്ഷന്‍ എടുക്കേണ്ട യാതൊരാവശ്യവുമില്ല.
ടി.ടി. ഇന്‍ജെക്ഷന്‍ എടുക്കുന്നത് ടെറ്റനസ് എന്ന മാരകരോഗം വരാതിരിക്കാന്‍വേണ്ടി മാത്രമാണ് മുറിവ് പഴുക്കുന്നതും ടി.ടി. ഇന്‍ജെക്ഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല
എന്താണ് ടെറ്റനസ്
ക്ലോറസ്ട്രീഡിയം ടെറ്റനി എന്ന ഒരു ബാക്ടീരിയ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതുവഴി ഉണ്ടാകുന്ന മാരകമായ അസുഖമാണ് ടെറ്റനസ്. ഈ ബാക്ടീരിയ നമ്മുടെ ശരീരത്തില്‍ കടക്കുന്നത് മുറിവുകളിലൂടെയാണ്. നാം അവഗണിക്കുന്ന വളരെ ചെറിയ മുറിവിലൂടെവരെ ഇവ നമ്മുടെ ശരീരത്തിലെത്താം. ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇവ 'ടെറ്റനൊസ്പാസ്മിന്‍' എന്ന വിഷവസ്തു ഉണ്ടാക്കുകയും അത് നമ്മുടെ പേശികളെ പലരീതിയില്‍ ബാധിക്കുകയും ചെയ്യുന്നു. പ്രധാനമായും പേശികളില്‍ അമിതതോതില്‍ കോച്ചിപ്പിടിത്തം ഉണ്ടാക്കുകയാണ് ഇത് ചെയ്യുന്നത്.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
ഈ രോഗാണു ശരീരത്തില്‍ കയറിയാല്‍ മൂന്നു മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. തലച്ചോറില്‍നിന്ന് മുറിവിലേക്കുള്ള ദൂരം ഇതില്‍ ഒരു ഘടകമാണ്. മുറിവിലേക്കുള്ള ദൂരം കൂടുന്തോറും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ താമസം ഉണ്ടാകും. അതുപോലെ അതിന്റെ തീവ്രത കുറയുകയും ചെയ്യും. എന്നാല്‍ തലച്ചോറിന് സമീപമുള്ള മുറിവുകള്‍ കൂടുതല്‍ അപകടകാരികളാണ്. വളരെവേഗം ലക്ഷണങ്ങള്‍ വരികയും അതുതന്നെ വളരെ തീവ്രത കൂടിയ നിലയിലുമായിരിക്കും. രോഗാണു കയറിയിട്ടുണ്ടെങ്കില്‍ മുഖത്തുണ്ടാകുന്ന മുറിവിന് കാല്‍പ്പാദത്തിലുണ്ടാവുന്ന മുറിവിനേക്കാള്‍ വേഗം ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധിക്കും. അത് കൂടുതല്‍ അപകടകരവുമായിരിക്കും.
ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും പേശീവലിവും കോച്ചിപ്പിടിത്തവുമാണെന്നു പറഞ്ഞല്ലോ. തലയില്‍ തുടങ്ങി കാല്‍പ്പാദങ്ങളിലേക്ക് ഇറങ്ങുന്ന രീതിയിലാണ് ഇത് കാണുന്നത്. അതായത് ആദ്യം ബാധിക്കുന്നത് മുഖത്തെ മസിലുകളെയും കഴുത്തിലെ മസിലുകളെയുമാണ്. ഇതിനാല്‍ വായ തുറക്കാന്‍ പറ്റാത്ത ഒരവസ്ഥ ഉണ്ടാകുന്നു. ഇതിനെ 'lockjaw' എന്നാണ് പറയാറ്. പതുക്കെ ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും കഴിയാതെയാകുന്നു. പതുക്കെപ്പതുക്കെ നെഞ്ചിലെയും വയറിലെയും പുറംഭാഗത്തെയുമൊക്കെ മസിലുകള്‍ ഈയവസ്ഥയില്‍ കോച്ചിപ്പിടിത്തത്തിലേക്ക് പോകുന്നു. ഇത് രോഗിക്ക് വളരെ വേദന ഉണ്ടാകുന്നു.
ചില സന്ദര്‍ഭങ്ങളില്‍ രോഗി വില്ലുപോലെ വളഞ്ഞുപോയേക്കാം. ഈ കോച്ചിപ്പിടിത്തങ്ങള്‍ മിനിറ്റുകള്‍ വരെ നീളാവുന്നവയാണ്. അപൂര്‍വമായി മസിലിന്റെ വലിച്ചില്‍ കാരണം എല്ലുകള്‍വരെ പൊട്ടാറുണ്ട്.
ശരീര താപനിലയില്‍ വ്യതിയാനങ്ങള്‍ , അമിത വിയര്‍ക്കല്‍, പ്രകാശത്തോടും ശബ്ദത്തോടും അമിതമായ വെറുപ്പ് എന്നിവയും ഉണ്ടാവുന്നു.
മരണകാരണങ്ങള്‍
രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനങ്ങള്‍, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, തൊണ്ടയിലെ മസിലുകള്‍ വലിഞ്ഞു ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ട്, നെഞ്ചിലേയും മറ്റും മസിലുകളുടെ പ്രവര്‍ത്തനം നിലച്ച് ശ്വാസംനിലയ്ക്കല്‍, വലിയ എല്ലുകള്‍ക്ക് പൊട്ടല്‍.
ടെറ്റനസിനു പ്രതിവിധി ടി.ടി. ഇന്‍ജെക്ഷന്‍ മാത്രമോ
അല്ല. Td / Tdap ഇന്‍ജെക്ഷനുകളെപ്പറ്റി കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ചചെയ്തതാണ്. ഇന്ന് എല്ലാവരും താത്പര്യപ്പെടുന്നത് ടി.ടി. ഇന്‍ജെക്ഷന് പകരം Tdap / Td കൊടുക്കാന്‍തന്നെയാണ്. കാരണം ഡിഫ്തീരിയക്കും വില്ലന്‍ചുമയ്ക്കും എതിരേകൂടി നമുക്ക് സംരക്ഷണം കിട്ടുന്നു എന്നതുകൊണ്ടുതന്നെ. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ Td ഇന്‍ജെക്ഷന്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ടി.ടി. കൊടുക്കേണ്ട ഏതു സന്ദര്‍ഭത്തിലും Td കൊടുക്കുന്നതാണ് അഭികാമ്യം (അത് ലഭ്യമാണെങ്കില്‍ ). അതില്‍തന്നെ പറ്റുമെങ്കില്‍ ആദ്യ ഡോസ് Tdap കൊടുക്കുക (ലഭ്യമെങ്കില്‍). ഒരു ഡോസ് Tdap കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നീട് എപ്പോഴാണെങ്കിലും Td ഇന്‍ജെക്ഷന്‍ മതിയാകും. ഇനി ഇവ ലഭ്യമല്ലെങ്കില്‍ അവശ്യസന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും ടി.ടി. കൊടുക്കുക.
നവജാതശിശുക്കളില്‍ ടെറ്റനസ് വരുമോ?
വരാം. അണുവിമുക്തമല്ലാത്ത പരിതഃസ്ഥിതികളില്‍ പ്രസവിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ടെറ്റനസ് രോഗാണു പ്രവേശിച്ചേക്കാം. കൂടുതലായും കാണുന്നത് അണുവിമുക്തമാകാത്ത വസ്തുക്കള്‍ കൊണ്ട് പൊക്കിള്‍കൊടി മുറിക്കുമ്പോഴാണ്.
ഇതെങ്ങനെ പ്രതിരോധിക്കാം?
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മമാര്‍ക്ക് ടി.ടി. ഇന്‍ജെക്ഷന്‍ എടുക്കുന്നത് കണ്ടിട്ടില്ലേ? അത് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ടെറ്റനസ് രോഗം വരാതിരിക്കാനാണ്. ഒരു മാസം ഇടവേളകളില്‍ രണ്ടു ഇന്‍ജെക്ഷന്‍ ആയാണ് ഇത് നല്‍കുന്നത്. Tdap / Td ഇന്‍ജെക്ഷനുകള്‍ ലഭ്യമാണെങ്കില്‍ ആദ്യഡോസ് Tdap കൊടുത്തു ഒരുമാസം കഴിഞ്ഞു Td കൊടുക്കാം. ലഭ്യമല്ലെങ്കില്‍ രണ്ടും TT ഇന്‍ജെക്ഷന്‍ ആയി നല്‍കാം. ഇത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് സംരക്ഷണം നല്‍കുന്നതാണ്. ഇതിനിടയില്‍ അടുത്ത പ്രസവമുണ്ടായാല്‍ ഒരു ഇന്‍ജെക്ഷന്‍മാത്രം കൊടുത്താല്‍ മതിയാകും.
ആദ്യ ഡോസ് സാധാരണയായി കൊടുക്കുന്നത് 16 20 ആഴ്ചയ്ക്കുള്ളിലാണ്. അതല്ലെങ്കില്‍ ആദ്യമായി അവര്‍ എപ്പോഴാണ് ഗര്‍ഭപരിശോധനയ്ക്കു വരുന്നത് അപ്പോള്‍തന്നെ കൊടുക്കാം. രണ്ടാം ഡോസ് ആദ്യഡോസ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം.
പ്രതിരോധ കുത്തിവെപ്പ്എടുക്കേണ്ടതെപ്പോഴൊക്കെ?
• DTwP / DTaP പ്രാഥമികാഡോസുകള്‍ : 6 ആഴ്ച 10 ആഴ്ച 14 ആഴ്ച
• DTwP / DTaP ബൂസ്റ്റര്‍ ഡോസുകള്‍ : 16 24 മാസം , 4.5 5 വയസ്സ്
• Tdap / Td / TT : 10 വയസ്സ്
• Td/ TT : 15 16 വയസ്സ്
ഇതിനുശേഷം എല്ലാ പത്തു വര്‍ഷവും TT / Td ഇന്‍ജെക്ഷന്‍ എടുക്കേണ്ടതാണ്.
മുകളില്‍പ്പറഞ്ഞ ഷെഡ്യൂളില്‍ മിനിമം മൂന്ന് ഡോസെങ്കിലും എടുത്ത ആള്‍ക്ക് ടെറ്റനസ് രോഗത്തിനെതിരേ അത്യാവശ്യ പ്രതിരോധശക്തി ഉണ്ടായിരിക്കും. മൂന്നില്‍ താഴെ ഡോസ് മാത്രം കിട്ടിയ ആളെ പ്രതിരോധശക്തിയുള്ള ആളായി കണക്കാക്കാന്‍ സാധിക്കില്ല.
16 വയസ്സുവരെയുള്ള കുത്തിവെപ്പുകളെല്ലാം കൃത്യമായെടുത്ത ഒരാള്‍ക്ക് അടുത്ത പത്തു വര്‍ഷത്തേക്ക് ടെറ്റനസ് പ്രതിരോധശക്തി ഉണ്ടായിരിക്കും. അതിനാലാണ് അതിനുശേഷം ഓരോ പത്തുവര്‍ഷവും Td / TT ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് പറയുന്നത്.
പിന്നെയുള്ള സംശയം മുകളില്‍പ്പറഞ്ഞ ഷെഡ്യൂള്‍ കൃത്യമായി പാലിക്കുന്ന ഒരു കുട്ടിക്ക് ഒരു ചെറിയ മുറിവ് പറ്റിയാല്‍ TT എടുക്കണോ എന്നതാണ്. അതിന്റെ ആവശ്യമില്ല. ഉദാഹരണത്തിന് ഒന്നര വയസ്സിന്റെ DTwP / DTaP എടുത്ത കുഞ്ഞിന് അടുത്ത നാലര വയസ്സിന്റെ ഡോസ് വരെ പൂര്‍ണ സംരക്ഷണമുണ്ട്. ഇതിനിടയില്‍ പറ്റുന്ന ചെറിയ മുറിവുകള്‍ക്കെല്ലാം പോയി പ്രത്യേകം TT എടുക്കേണ്ട കാര്യമില്ല.
ഇതുവരെ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍
പറ്റുമല്ലോ. ഇതുവരെ എടുക്കാത്തവര്‍/ എടുത്തിട്ടുണ്ടോയെന്നു ഉറപ്പില്ലാത്തവര്‍/ മൂന്നുഡോസില്‍ താഴെയെടുത്തവര്‍ ഇവര്‍ക്കൊക്കെ ടി.ടി./ടി.ഡി. പ്രതിരോധ കുത്തിവെപ്പിന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ മൂന്നുഡോസുകളായെടുത്ത് പൂര്‍ത്തിയാക്കാം.
ആദ്യഡോസ് എടുത്ത തീയതി നോക്കിെവക്കുക. ആ തീയതി കഴിഞ്ഞു ഒരുമാസത്തിനുശേഷവും രണ്ടാമത്തെ ഡോസും ആറുമാസത്തിനുശേഷം മൂന്നാമത്തെ ഡോസും എടുക്കണം. അപ്പോള്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മൂന്നുഡോസുകള്‍ക്കുശേഷം എല്ലാ പത്തുവര്‍ഷവും ടി.ടി./ ടി.ഡി. എടുക്കണം.
മുറിവുണ്ടായാല്‍ ടി.ടി. എങ്ങനെ കൊടുക്കണം?
മുറിവുണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയായി കഴുകുകയാണ്. ചെളിയും അഴുക്കുമൊക്കെ പരമാവധി കളയുക. അതിനുശേഷം എത്രയും വേഗം വൈദ്യസഹായം തേടണം.
മുറിവുകളെ നമുക്ക് രണ്ടായി തരം തിരിക്കാം.
വൃത്തിയുള്ളവയെന്നും അല്ലാത്തവയെന്നും. അഴുക്കു പുരണ്ടതും മാരകമായതും പൊള്ളലുകളുമെല്ലാം വൃത്തിഹീനമായ മുറിവുകളില്‍ പെടും.
Content Highlights: things to know about tetanus vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..