മൃ​ഗങ്ങളുടെ കടിയേറ്റയുടൻ സോപ്പ് ഉപയോ​ഗിച്ച് മുറിവ് കഴുകണം, ഗർഭിണികൾക്കും റാബിസ് വാക്സിൻ എടുക്കാം


Representative Image | Photo: Canva.com

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുകയാണ്. വാക്സിന്റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളുമൊക്കെ സമ​ഗ്രമായി പരിശോധിക്കുകയാണ് ആരോ​ഗ്യവകുപ്പ്. പേവിഷബാധയ്ക്കെതിരെ ജാ​ഗ്രതയോടെ പ്രതിരോധം ശക്തമാക്കണമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നുമുണ്ട്. പേവിഷബാധ സംബന്ധിച്ചുള്ള ചില പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിശോധിക്കാം.

ആയുഷ്ക്കാലം മുഴുവൻ പ്രതിരോധശക്തി നൽകുന്ന ഒറ്റ ഡോസ് റാബീസ് വാക്സിൻ ലഭ്യമാണോ?

നിലവിൽ ലോകത്തെവിടെയും അത്തരമൊരു റാബീസ് വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മുൻപ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മൃ​ഗങ്ങളിൽ നിന്ന് പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള വിധത്തിൽ സമ്പർക്കമുണ്ടായാൽ(കടി, മാന്തൽ, പോറൽ) വീണ്ടും വാക്സിൻ സ്വീകരിക്കേണ്ടതാണ്.

കടി ഏറ്റ ഭാ​ഗത്ത് മുളക്, നാരങ്ങാനീര്, ഉപ്പ്, കടുകെണ്ണ എന്നിവ പുരട്ടുന്നതുകൊണ്ട് എന്തെങ്കിലും ​ഗുണമുണ്ടോ?

ഇത്തരം സാധനങ്ങൾ‌ മുറിവിൽ പുരട്ടുന്നതു കൊണ്ട് യാതൊരു ​ഗുണവും ഇല്ലെന്ന് മാത്രമല്ല ചിലപ്പോൾ ദോഷവും ഉണ്ടായേക്കാം. ഇവ പുരട്ടുന്നത് മൂലം ഉണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ കൊണ്ട് വൈറസിന് ഞരമ്പുകളിലേക്കും അതുവഴി തലച്ചോറിലേക്കുമുള്ള പ്രവേശനം എളുപ്പമാകുന്നു. ചികിത്സ ചെയ്തു എന്ന മിഥ്യാബോധം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകാം. അതിനാൽ കടിയേറ്റയുടൻ ആ ഭാ​ഗം നന്നായി സോപ്പും വെള്ളവും ഉപയോ​ഗിച്ച് കഴുകുകയും എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

റാബീസ് വാക്സിൻ സ്വീകരിച്ചതിനുശേഷം ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?

റാബീസ് വാക്സിൻ സ്വീകരിച്ചതിനുശേഷം ഭക്ഷണക്രമത്തിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല. എന്നിരുന്നാലും ഈ സമയത്ത് മദ്യപാനം ഒഴിവാക്കുന്നത് ഉചിതമായിരിക്കും.

പ്രതിരോധ കുത്തിവെപ്പ് എടുത്ത നായയിൽ നിന്ന് റാബീസ് പകരുമോ?

പ്രതിരോധ കുത്തിവെപ്പ് എടുത്ത നായയിൽ നിന്ന് സാധാരണ റാബിസ് പകരുന്നതിന് സാധ്യതയില്ല. ഉപയോ​ഗിച്ച ആന്റി റാബിസ് വാക്സിന്റെ ​ഗുണമേന്മയെയും വാക്സിൻ സ്വീകരിച്ച മൃ​ഗത്തിന്റെ ആരോ​ഗ്യത്തേയും ആശ്രയിച്ചിരിക്കുന്ന കാര്യമായതിനാൽ വാക്സിൻ സ്വീകരിച്ച നായയാണെങ്കിൽ പോലും കടിയേറ്റയാൾ റാബിസ് വാക്സിൻ സ്വീകരിക്കുന്നതാണ് ഉചിതം.

പ്രതിരോധ കുത്തിവെപ്പ് എടുത്ത മനുഷ്യരിൽ റാബിസ് ഉണ്ടാകുന്നതിന് സാധ്യതയുണ്ടോ?

പ്രതിരോധ കുത്തിവെപ്പ് എടുത്തതിനുശേഷവും മനുഷ്യരിൽ റാബിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യം അപൂർവമായെങ്കിലും ഉണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലുണ്ടായ കാലതാമസം, ഒന്നോ അതിലധികമോ കടികൾ അല്ലെങ്കിൽ പോറലുകൾ. മൃ​ഗങ്ങളുടെ ഉമിനീരിൽ നിന്ന് ശ്ലേഷ്മസ്തരത്തിലോ അല്ലെങ്കിൽ മുറിവുണ്ടായ ചർമത്തിലോ അണുബാധ ഉണ്ടാവുക, വവ്വാലുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നീ രീതിയിലുള്ള കടിയേറ്റിട്ടും വാക്സിൻ എടുക്കാതിരിക്കുക, ഐ.ഡി.ആർ.വി മുഴുവൻ കോഴ്സ് പൂർത്തിയാക്കാതെ ഇരിക്കുക എന്നീ കാരണങ്ങൾ കൊണ്ടാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എച്ച്.ഐ.വി/എയ്ഡ്സ്, സിറോസിസ് എന്നീ രോ​​ഗങ്ങളുള്ളവർ, ക്ലോറോക്വിൻ ഉപയോ​ഗിക്കുന്നവർ, വളരെ നാളായി സ്റ്റിറോയ്ഡ് ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്നവർ, കാൻസറിനുള്ള മരുന്നു കഴിക്കുന്നവർ എന്നിവരിലും പരാജയപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം കൃത്യമായി ചെയ്തിട്ടും വിശദീകരിക്കാനാവാത്ത കാരണങ്ങളാൽ വാക്സിൻ പരാജയപ്പെട്ട സാഹചര്യങ്ങളും വളരെ അപൂർവമായെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കടിയേറ്റശേഷം പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനു പകരം കടിച്ച മൃ​ഗത്തിനെ 10 ദിവസം നിരീക്ഷിച്ചാൽ മതിയോ?

കടിയേറ്റ ഉടൻ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവെപ്പ് എടുക്കുകയും കഴിയുന്നത്ര സാഹചര്യങ്ങളിൽ കടിച്ച മൃ​ഗത്തിനെ നിരീക്ഷിക്കുകയും ചെയ്യണം. പേവിഷബാധയുള്ള മൃ​ഗം ആണെങ്കിൽ ഒന്നുമുതൽ ഏഴുദിവസങ്ങൾക്കുള്ളിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാവുകയും മരണപ്പെടുകയും ചെയ്യും. ഇത് നായ്ക്കൾക്കും പൂച്ചകൾക്കും മാത്രം ബാധകമായ കാര്യമാണ്. 10 ദിവസങ്ങൾക്കുശേഷം മൃ​ഗം ആരോ​ഗ്യത്തോടെ ഇരിക്കുന്നു എങ്കിൽ വാക്സിൻ(പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്) എടുക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം നിർത്തുകയോ അല്ലെങ്കിൽ റാബിസ് വാക്സിന്റെ കോഴ്സ് പ്രീഎക്സ്പോഷർ പ്രോഫിലാക്സിസിലേക്ക് മാറ്റുകയോ ചെയ്യാം.

​ഗർഭിണികൾ റാബിസ് വാക്സിൻ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

റാബിസ് വളരെ അപകടകാരിയായ വൈറസ് ആണ്. പ്രതിരോധകുത്തിവെപ്പ് ജീവൻ കാക്കും. അതുകൊണ്ടു തന്നെ പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യമുണ്ടായാൽ ​ഗർഭിണിയാണോ എന്നത് പരി​ഗണിക്കാതെ വാക്സിൻ സ്വീകരിക്കേണ്ടതാണ്. അതുമാത്രമല്ല റാബീസ് വാക്സിൻ സ്വീകരിച്ചത് കൊണ്ടുമാത്രം ​ഗർഭമലസൽ, നേരത്തെയുള്ള പ്രസവം, കുഞ്ഞുങ്ങളിലുണ്ടാകുന്ന അസ്വാഭാവികതകൾ മുതലായവ ഉണ്ടാകുന്നില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

റാബിസ് ഉള്ള മൃ​ഗത്തിന്റെ സംസ്കരിക്കാത്ത മാംസം ഭക്ഷിക്കുന്നതിലൂടെ റാബിസ് പകരുമോ?

റാബിസ് ഉള്ള മൃ​ഗത്തിന്റെ മാംസം ഭക്ഷിക്കരുത്. ഇതുവരെ ഇത്തരത്തിലുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും റാബിസ് ഉള്ള മൃ​ഗത്തെ കശാപ്പു ചെയ്യുന്നതും ഭക്ഷിക്കുന്നതും മൃ​ഗത്തിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരുന്നതിന് കാരണമായേക്കാം. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. റാബിസ് ഉള്ള മൃ​ഗത്തിന്റെ മൃതശരീരം ഡോക്ടറുടെ നിർദേശപ്രകാരം കുഴിച്ചിടുകയോ കഴിയുമെങ്കിൽ കത്തിക്കുകയോ ചെയ്യേണ്ടതാണ്.

വീട്ടിൽ വളർത്തുന്ന നായ, പൂച്ച എന്നിവയെ റാബിസിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം?

വളർത്തുമൃ​ഗങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ പ്രതിരോധകുത്തിവെപ്പ് എടുക്കുക. ഉടമസ്ഥന്റെ നിരീക്ഷണത്തിൽ മാത്രം അവയെ വീടിനു പുറത്തു കൊണ്ടുപോകുക. റാബിസ് ഉണ്ടാകാൻ സാധ്യതയുള്ള മൃ​ഗങ്ങളുമായി വളർത്തുമൃ​ഗങ്ങൾക്ക് സമ്പർക്കം ഉണ്ടാകുന്നത് ഒഴിവാക്കുക.

അവയവദാനം വഴി റാബിസ് പകരാൻ സാധ്യതയുണ്ടോ?

അവയവദാനം വഴി റാബിസ് പകരാൻ സാധ്യതയുണ്ട്. അതിനാൽ എൻസഫലൈറ്റിസ് (മസ്തിഷ്ക വീക്കം) ലക്ഷണങ്ങളോടുകൂടി മരണപ്പെട്ടയാളുടെ അവയവങ്ങൾ ദാനം ചെയ്യരുത്. ഇതുവഴി അല്ലാതെ മറ്റ് മാർ​ഗങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് റാബിസ് പകരില്ല.

വാക്സിനേഷൻ വഴി മനുഷ്യർക്ക് റാബിസ് ലഭിക്കാൻ സാധ്യതയുണ്ടോ?

ഇല്ല. മനുഷ്യരിൽ ഉപയോ​ഗിക്കുന്ന എല്ലാ വാക്സിനുകളും നിർജ്ജീവമാക്കിയതാണ്. വ്യത്യസ്തങ്ങളായ ​ഗുണനിലവാര പരിശോധനകളിൽ കാര്യക്ഷമത, സുരക്ഷ, ഫലപ്രാപ്തി എന്നിവ പരിശോധിച്ചതിനു ശേഷമാണ് മനുഷ്യരിൽ റാബിസ് വാക്സിൻ പ്രയോ​ഗിക്കുന്നത്. അതിനാൽ തന്നെ ഇത് സുരക്ഷിതവും ഫലപ്രദവുമാണ്.

കടപ്പാട് : ആരോ​ഗ്യകേരളം

Content Highlights: things to know about rabies, rabies symptoms, rabies death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented