Representative Image | Photo: Gettyimages.in
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയവ വ്യാപകമാകുന്നതു കാരണം അവയവദാനത്തിന്റെ പ്രസക്തിയും വർധിക്കുകയാണ്. എന്നാൽ, ആവശ്യകതയനുസരിച്ച് അവയവദാനം നമ്മുടെ നാട്ടിൽ നടക്കുന്നില്ല. പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷത്തോളമാളുകൾക്ക് ഗുരുതരമായ വൃക്കസ്തംഭനം ഉണ്ടാകുന്നുണ്ടെങ്കിലും ശരാശരി 600-ലേറെ വൃക്കമാറ്റിവെക്കൽ ശാസ്ത്രക്രിയമാത്രമാണ് പ്രതിവർഷം ഇന്ത്യയിൽ നടക്കുന്നത്. രണ്ടുലക്ഷത്തിലേറെയാളുകൾ ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് മരിക്കുന്നുണ്ട്. ഇവരിൽ 10-15 ശതമാനത്തെയും കരൾമാറ്റിവെക്കലിലൂടെ രക്ഷിക്കാൻ കഴിയും. 2500 മുതൽ 3000 വരെ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടതുണ്ടെങ്കിലും 1500 മാത്രമാണ് പ്രതിവർഷം ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും മരണാനന്തര അവയവദാനത്തിൽ അടുത്തകാലത്തായി വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.
അവയവദാനവുമായി ബന്ധപ്പെട്ടുനടക്കുന്ന വ്യാജപ്രചാരണങ്ങളും അശാസ്ത്രീയവാർത്തകളും തിരിച്ചറിയേണ്ടതുണ്ട്. അവയവത്തിനായി മൃതപ്രായരായി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ജീവിതം തിരിച്ചുനൽകാൻ അവയവദാന പ്രക്രിയയിലൂടെ കഴിയുന്നു എന്നതാണ് യാഥാർഥ്യം.
1. അവയവദാനം മൃതദേഹത്തിൽ വൈരൂപ്യമുണ്ടാക്കുകയില്ല. ശസ്ത്രക്രിയയിലൂടെ വിദഗ്ധ ഡോക്ടർമാരാണ് അവയവങ്ങൾ നീക്കംചെയ്യുന്നത്. കണ്ണുകൾ ദാനം ചെയ്യുമ്പോൾ നേത്രപടലം മാത്രം നീക്കുന്നതിനാൽ ഒരു വൈരൂപ്യവുമുണ്ടാകുന്നില്ല.
2. അവയവദാനത്തിനുശേഷം മൃതദേഹം ആചാരപ്രകാരം സംസ്കരിക്കുന്നതിന് ഒരു തടസ്സവുമില്ല. അവയവദാനത്തിന് സമ്മതപത്രം നൽകിയ ഒരു വ്യക്തിയുടെ ചികിത്സയെ ഈ സമ്മതം പ്രതികൂലമായി ബാധിക്കുകയില്ല. മസ്തിഷ്കമരണം ആശുപത്രിക്കു പുറത്തുനിന്നുമുള്ള ഡോക്ടർമാരടക്കമുള്ള വിദഗ്ധസംഘം സ്ഥിരീകരിച്ചതിനുശേഷം മാത്രമേ, അവയവദാനത്തിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ. രോഗിയെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടർക്ക് അവയവദാന നടപടികളുമായി ഒരു ബന്ധവുമില്ല
3. മസ്തിഷ്കമരണം എന്നത് മരണംതന്നെയാണ്. ഇവിടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനാവാത്തവിധം മസ്തിഷ്കകോശങ്ങൾക്ക് നാശം സംഭവിക്കുന്നു. ജീവൻരക്ഷാ ഉപകരണങ്ങളായ വെന്റിലേറ്റർ, പേസ്‌മേക്കർ തുടങ്ങിയവയുടെ സഹായത്തോടെ ശ്വാസോച്ഛ്വാസവും രക്തചംക്രമണവും കുറെ നേരത്തേക്ക് നിലനിർത്താൻ സാധിക്കുന്നു എന്നുമാത്രം. ഇതിനാൽ അവയവങ്ങൾ കേടുകൂടാതെ നിലനിർത്താനും ശേഖരിക്കാനും കഴിയുന്നു
4. അവയവദാനത്തിനുശേഷം ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി അൺഫിറ്റ് ആകുന്നില്ല. ജോലിക്കോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഈ വ്യക്തിയെ മെഡിക്കലിൽ അൺഫിറ്റ് (അയോഗ്യൻ) ആയി പരിഗണിക്കുകയില്ല
5. അവയവങ്ങൾ പണം കൊടുത്തു വാങ്ങാനോ വിൽക്കാനോ കഴിയുകയില്ല. ട്രാൻസ്‌പ്ലാന്റ് ഓഫ് ഹ്യൂമൻ ഓർഗൻ ആക്ടനുസരിച്ച് അവയവക്കച്ചവടം ശിക്ഷാർഹമാണ്. അഞ്ചുമുതൽ 10 വർഷം വരെ കഠിനതടവും 20 ലക്ഷത്തിനു മുകളിൽ പിഴയും അടയ്ക്കേണ്ടിവരും
6. അവയവദാനത്തിന് തയ്യാറായ വ്യക്തിയുടെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശുപത്രിച്ചെലവ് വഹിക്കേണ്ടിവരില്ല. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനുശേഷം അവയവദാനം കഴിയുന്നതുവരെയുള്ള എല്ലാ ചെലവുകളും ബന്ധപ്പെട്ട ആശുപത്രി വഹിക്കും
7. മസ്തിഷ്കമരണം സ്ഥിരീകരിച്ചാലുടൻ ഡോക്ടർമാർക്കോ ആശുപത്രിക്കോ തത്പര്യമുള്ള ആൾക്ക് അവയവം നൽകാനാവില്ല. കേരളത്തിൽ കെ.എൻ.ഒ.എസ്. (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്) മുഖേന മാത്രമാണ് അവയവദാനം നടത്താനാകുന്നത്. അവയവങ്ങൾ ആർക്ക് ലഭിക്കണം എന്നു തീരുമാനിക്കുന്നത് കെ.എൻ.ഒ.എസിലെ വെയ്റ്റിങ് ലിസ്റ്റ് പ്രകാരമാണ്
(കോന്നി ഗവ. മെഡിക്കൽകോളേജിൽ പ്രൊഫസറും മെഡിസിൻ വിഭാഗം വകുപ്പുമേധാവിയുമാണ് ലേഖകൻ)
Content Highlights: things to know about organ donation, myths about organ donation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..