ഒമിക്രോൺ കൊറോണയുടെ ആദ്യകാലത്തേക്കുള്ള തിരിച്ചുപോക്കല്ല, പക്ഷേ ഒരോർമപ്പെടുത്തലാണ്


ഡോ.നവീൻ സുരേന്ദ്രൻ

കണ്ടെത്തി രണ്ടുവർഷം കഴിഞ്ഞിട്ടും 27 കോടിയിൽപ്പരം ആൾക്കാരെ ബാധിച്ചിട്ടും ചുരുക്കം ആശങ്കയുളവാക്കുന്ന വകഭേദങ്ങളേ പ്രത്യക്ഷപ്പെട്ടുള്ളൂ. അവയൊക്കെത്തന്നെ നിലവിലുള്ള വാക്സിൻജന്യമായ ആന്റിബോഡികൾകൊണ്ട് ചെറിയ ഏറ്റക്കുറച്ചിലോടെ നേരിടുകയും ചെയ്യാം

Representative Image | Photo: Gettyimages.in

രു മാസംമുമ്പ് ലോകം വീണ്ടും ഒരു പ്രതിസന്ധിയിലകപ്പെട്ടതുപോലെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. കോവിഡ്-19 ഇനിയും അപകടകാരിയായ മറ്റൊരു വകഭേദമായി അവതരിച്ചിരിക്കുന്നു, പേര് ഒമിക്രോൺ (ബി.1. 1. 529). മുപ്പതിലധികം ജനിതകമാറ്റങ്ങൾ ശരീരത്തിൽ പ്രവേശിക്കാനുപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽത്തന്നെ റിപ്പോർട്ട് ചെയ്തപ്പോൾ പുതിയ വകഭേദം അതിവേഗം പടരാനും കൂടുതൽ ഗുരുതരമായ അസുഖമുണ്ടാക്കാനും സാധ്യതയുണ്ടെന്നുള്ള ഭീതിയുണ്ടായി. നവംബർ 25-നു ദക്ഷിണാഫ്രിക്കയിലാണ് ശാസ്ത്രജ്ഞർ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. 80-ലധികം രാജ്യങ്ങളിലായി കേസുകൾ കണ്ടെത്തിയിട്ടുള്ളതും അധിലധികമാളുകളും ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരല്ല എന്നത് പുതിയവകഭേദം പല രാജ്യങ്ങളിലും നിലവിലുണ്ടായിരുന്നു എന്ന സൂചനതരുന്നു. ഒമിക്രോണിനുമുമ്പ് ആശങ്കയുണ്ടാക്കിയ വകഭേദങ്ങൾ ആൽഫയും ലോകവ്യാപകമായി പടർന്ന ഡെൽറ്റയും വാക്സിനുകൾ ലഭ്യമാകുന്നതിനു മുമ്പോ, വലിയൊരു ശതമാനം ആളുകൾ വാക്സിനുകൾ സ്വീകരിക്കുന്നതിനു മുമ്പോ പ്രത്യക്ഷപ്പെട്ടവയായിരുന്നു. ഒമിക്രോണിന്റെ ആവിർഭാവത്തെക്കുറിച്ചു പക്ഷേ, ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. ലോകവ്യാപകമായി 800 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞെങ്കിലും ഒമിക്രോൺ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയുൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 120 കോടി ജനങ്ങളിൽ 24 കോടി ഡോസേ വിതരണം ചെയ്യാനായിട്ടുള്ളൂ. അതായത്, ബഹുഭൂരിഭാഗം ജനങ്ങളും വാക്സിൻ സ്വീകരിച്ചവരല്ല. വാക്സിൻ സ്വീകരിക്കാത്തവരിൽ വൈറസിന് നിയന്ത്രണമില്ലാതെ പെരുകാനുള്ള അവസരം പുതിയ ജനിതകമാറ്റങ്ങളുണ്ടാകാനും വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂട്ടുന്നു.

വകഭേദങ്ങളും പ്രതിരോധവും

നിലവിൽ രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ വകഭേദങ്ങളെക്കാൾ 2-3 മടങ്ങിലധികമാണ് ഒമിക്രോണിന്റെ വ്യാപനശേഷി. പക്ഷേ, രോഗതീവ്രത വളരെ കുറവാണുതാനും. നാല്പതു വയസ്സിന് താഴെയുള്ളവർക്കാണ് അസുഖം പ്രധാനമായും പിടിപെടുന്നത് എന്നതിനാൽ ഭൂരിഭാഗവും ചെറുപ്പക്കാരെയാണ് ഒമിക്രോൺ ബാധിക്കുന്നതെന്ന് അഭിപ്രായമുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ ഇപ്പോഴും വളരെ ചുരുക്കമായതിനാൽ അസുഖബാധിതരുടെ പ്രായത്തെക്കുറിച്ച്‌ ഇനിയും വ്യക്തത വരാനുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ആദ്യസൂചനകൾപ്രകാരം മുമ്പ് കോവിഡ്-19 ബാധിച്ചവർക്കും വാക്സിനെടുത്തവർക്കും വീണ്ടും അസുഖം വരാനുള്ള സാധ്യതയുണ്ട്. നിലവിലുള്ള വാക്സിനുകൾ വുഹാൻ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെതിരായുള്ള ആന്റിബോഡികളാണു ശരീരത്തിലുത്‌പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്പൈക്ക് പ്രോട്ടീനിനു വരുന്ന ജനിതക മാറ്റങ്ങൾ, ഒമിക്രോൺ പോലുള്ള വകഭേദങ്ങൾക്കെതിരേയുള്ള ഫലപ്രാപ്തി കുറയ്ക്കുമെന്നതിൽ സംശയമില്ല. സാധാരണഗതിയിൽ ഏതൊരു അസുഖത്തിനെതിരേയുമുള്ള ആദ്യ ഡോസ് വാക്സിൻ രോഗാണുവിനെ ശരീരത്തിന് പരിചയപ്പെടുത്തുകയും രണ്ടാമത്തെ ഡോസ് നേരത്തേ പരിചയപ്പെട്ട രോഗാണുവിനെതിരേ ശക്തമായ പ്രതിരോധം തീർക്കാൻ ശരീരത്തെ സജ്ജമാക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, രണ്ടു ഡോസുകളുമെടുത്തു മാസങ്ങളോ വർഷങ്ങളോ, വീണ്ടും അതേ രോഗാണുവിനെ എതിരിടാതെ, കഴിയുമ്പോൾ ശരീരത്തിലെ പ്രസ്തുത രോഗാണുവിനെതിരേയുള്ള ആന്റിബോഡി നിലവാരം താഴേക്കുവരും. വളരെ ചുരുക്കം അസുഖങ്ങൾക്കെതിരേയുള്ള വാക്സിനുകൾക്കുമാത്രമേ ഒരു ഡോസ് വാക്സിനോടെ ആജീവനാന്തപ്രതിരോധം നൽകാനുള്ള കഴിവുള്ളൂ. പല അസുഖങ്ങൾക്കെതിരേയുള്ള വാക്സിനുകളും 2-3 ഡോസ് എടുക്കേണ്ടിവരും. ടെറ്റനസ് പോലുള്ള അസുഖങ്ങൾക്ക് 10 വർഷം കൂടുമ്പോൾ കുത്തിവെപ്പെടുക്കേണ്ടിവരുന്നതിന്റെ അടിസ്ഥാനമിതാണ്. അതേസമയം, ഫ്ളൂ ഉണ്ടാക്കുന്ന ഇൻഫ്ലുവെൻസ വൈറസ് ചുരുങ്ങിയ സമയംകൊണ്ട് വളരെയധികം ജനിതകമാറ്റങ്ങൾക്കു വിധേയമായി രൂപാന്തരം പ്രാപിക്കുന്നതിനാൽ വർഷാവർഷം പുതിയ വാക്സിൻ ഉത്‌പാദിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. കോവിഡ്-19നു കാരണമായ സാർസ്‌-കോവി-2 വൈറസ്, ഫ്ളൂ വൈറസിനെപ്പോലെ ആർ.എൻ.എ. വൈറസുകളുടെ ഗണത്തിൽപ്പെടുന്നതാണെങ്കിലും അത്രയും വേഗത്തിൽ രൂപാന്തരം പ്രാപിക്കാൻ കഴിവുള്ളതല്ല.

മാസ്‌ക് തന്നെ മറ

കണ്ടെത്തി രണ്ടുവർഷം കഴിഞ്ഞിട്ടും 27-കോടിയിൽപ്പരം ആൾക്കാരെ ബാധിച്ചിട്ടും വളരെ ചുരുക്കം ആശങ്കയുളവാക്കുന്ന വകഭേദങ്ങളേ പ്രത്യക്ഷപ്പെട്ടുള്ളൂ. അവയൊക്കെത്തന്നെ നിലവിലുള്ള വാക്സിൻജന്യമായ ആന്റിബോഡികൾകൊണ്ട് ചെറിയ ഏറ്റക്കുറച്ചിലോടെ നേരിടുകയും ചെയ്യാം. ആന്റിബോഡികൾ ശരീരത്തിലെ കോശങ്ങളിലേക്കുള്ള വൈറസിന്റെ പ്രവേശനത്തെത്തന്നെ തടയുകയാണ് ചെയ്യുന്നത്. എന്നാൽ, ഇനി വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ മാറ്റംവന്ന്‌ ആന്റിബോഡികളുടെ പ്രതിരോധം ഭേദിച്ച് വൈറസ് അകത്തുകയറിയാൽത്തന്നെ ശരീരത്തിലെ മറ്റൊരു രക്താണുവായ ടി സെല്ലുകൾ തിരിച്ചറിയുന്നത് രോഗാണുവിന്റെ വ്യത്യസ്തമായ ഭാഗത്തെയായതിനാൽ അസുഖം ബാധിച്ച് കോശങ്ങളെ വളരെവേഗം രോഗം പടരാതിരിക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് ഒമിക്രോൺ ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടാലും രോഗം ഗുരുതരമായി ആശുപത്രിവാസമോ, മരണമോ ഒഴിവാക്കാൻ നിലവിലുള്ള രണ്ടു ഡോസ് വാക്സിൻ സഹായിക്കുമെന്ന് പറയുന്നത്. ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ച്‌ ഏകദേശം ഒരുവർഷത്തോടടുക്കുന്ന സന്ദർഭത്തിൽ രണ്ടുഡോസും സ്വീകരിച്ചവർ 50 ശതമാനത്തിനോടടുത്തും കേരളത്തിൽ അത് 75 ശതമാനം (ഹെർഡ് ഇമ്യൂണിറ്റിക്കടുത്ത്‌) എത്തിയെന്നുള്ളത് പ്രോത്സാഹജനകമാണ്. അതിനൊപ്പം അസുഖം വന്നുമാറിയവരെക്കൂടി കണക്കിലെടുക്കുമ്പോൾ ആർജിതപ്രതിരോധം നേടിയ വളരെ വലിയൊരുജനവിഭാഗം ഇന്ത്യയിലുണ്ടെന്ന് അനുമാനിക്കാം. എത്രയൊക്കെ ആശ്വാസം നൽകുന്നതാണ് വാക്സിനേഷൻ നമ്പറുകളെങ്കിലും ഒമിക്രോൺ വകഭേദത്തിന്റെ അതിവ്യാപനശേഷി പ്രശ്നംതന്നെയാണ്‌. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളാലോ വാർധക്യസഹജ രോഗങ്ങളാലോ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെ അത് കൂടുതലായി ബാധിച്ചേക്കാം. അതുകൊണ്ട്‌ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകഴുകൽ തുടങ്ങി ലളിതമായ, സാമൂഹികജാഗ്രതാ മാർഗങ്ങൾ നാമിനിയും പിന്തുടരണം. ലളിതമായ ഈ കരുതലുകൾ വളരെയധികം ഫലപ്രദമാണെന്ന് 2020-2021 കാലത്തെ ഫ്ളൂ മരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. രണ്ടുവർഷത്തെയും ഫ്ളൂ വാക്സിനേഷൻ കണക്ക്‌ ഏകദേശം ഒരുപോലെ ആയിരിക്കേ, വായുവിലൂടെ പകരുന്ന ഫ്ളൂ വൈറസ് കാരണം അമേരിക്കയിൽ 2019 ഡിസംബർമുതൽ 2020 ഏപ്രിൽ വരെ 22,000 പേർ മരിച്ചെങ്കിൽ മാസ്ക് ഉപയോഗവും സാമൂഹികജാഗ്രതയുംമൂലം 2020 ഡിസംബർ-2021 ഏപ്രിൽ കാലയളവിൽ മരണം 700 ആയി കുറഞ്ഞു.

വാക്സിൻ വിതരണവും വകഭേദങ്ങളും

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ പല മഹാമാരികളും നമ്മെ തേടിയെത്തി. എബോളയും ഡെങ്കിയും സികയും നിപയും ഇപ്പോഴിതാ കോവിഡും വകഭേദങ്ങളും. ആഗോളതാപനവും ജനസംഖ്യാവർധനയും മനുഷ്യരും മറ്റു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമായി നിരന്തരം സംഘർഷങ്ങൾക്ക് വഴിതെളിക്കുകയും പുതിയ ജന്തുജന്യരോഗങ്ങൾ പാൻഡെമിക്കായി ഉടലെടുക്കുകയും ചെയ്യുന്നു. പുത്തൻ മഹാമാരികൾക്കെതിരേ മുന്നേ ആർജിച്ച പ്രതിരോധശേഷിയില്ലാത്തതിനാൽ അവ മനുഷ്യരിൽ മരണം വിതയ്ക്കുന്നു. എച്ച്.ഐ.വി.യും സ്പാനിഷ് ഫ്ളൂവുമെല്ലാം ഉദാഹരണങ്ങൾ. പാൻഡെമിക്കിന്റെ ആവിർഭാവം പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. എച്ച്.ഐ.വി. പോലെ മനുഷ്യരുടെ രോഗപ്രതിരോധസംവിധാനത്തെത്തന്നെ ബാധിക്കുന്ന രോഗാണുക്കൾക്കെതിരേ വാക്സിൻ വികസിപ്പിക്കാൻ പ്രയാസവുമാണ്. എന്നിരുന്നാലും ശാസ്ത്ര-സാങ്കേതിക വിദ്യകളിൽ കഴിഞ്ഞ കുറെക്കാലമായി നേടിയ പുരോഗതിയും 2003 കാലത്തു ചുരുങ്ങിയ രീതിയിൽ വന്നുപോയ സാർസ് കൊറോണ വൈറസിനെക്കുറിച്ചു നേടിയ മുന്നറിവും വളരെവേഗംതന്നെ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് സഹായകമായി. ഒമിക്രോണിന്റെ വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നമ്മുടെ പരിതഃസ്ഥിതി 2020-നെ അപേക്ഷിച്ച്‌ വളരെ വ്യത്യസ്തമാണ്. വളരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. കോവിഡ് ബാധിച്ചു അഞ്ചു ദിവസത്തിനുള്ളിൽ കഴിച്ചുതുടങ്ങിയാൽ അസുഖം ഭേദമാക്കാൻ കഴിവുള്ള Paxlovid പോലുള്ള ഗുളികകൾ (89 ശതമാനം ഫലപ്രാപ്തി) അധികം താമസിയാതെ ഇന്ത്യയിലും അംഗീകാരം നേടും. അതുകൊണ്ട്‌ ഒമിക്രോൺ ഒരുതരത്തിലും കൊറോണയുടെ ആദ്യകാലത്തേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് ലോകത്തിനിയും വാക്സിൻ സ്വീകരിക്കാത്തവർക്ക് വാക്സിനെത്തിച്ചു നൽകേണ്ടതിന്റെ അടിയന്തരപ്രാധാന്യം ഓർമപ്പെടുത്തലാണ്. ലോകവ്യാപകമായി 58 ശതമാനത്തോളം ആളുകൾ ഒരു ഡോസ് നേടി എന്നുപറയുമ്പോഴും താഴ്ന്നവരുമാനമുള്ള രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള വാക്സിൻ ലഭ്യതയിലുള്ള അന്തരം വളരെ വലുതാണ്. ഈയിടെ ലോകം വസൂരിമുക്തമായതിന്റെ 40-ാം വാർഷികവേളയിൽ ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ പറഞ്ഞത് ശ്രദ്ധേയമാണ് -‘ഒമിക്രോൺ വകഭേദം വാക്സിൻ അനീതിയുടെ പ്രതിഫലനമാണ്‌’. വാക്സിൻ വിതരണത്തിലെ അസമത്വം നിലനിൽക്കുന്നിടത്തോളം ഇനിയും പുതിയ വകഭേദങ്ങൾ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുവേണം മനസ്സിലാക്കാൻ.

(ന്യൂയോർക്ക്‌ ഫൈസർ വാക്‌സിൻസിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്‌ ലേഖകൻ)

Content Highlights: things to know about omicron, omicron symptoms, omicron india, covid vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented