ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ജോയി ചക്കച്ചാമ്പറമ്പിലിനോട് ജഗതിയുടെ ലാസര്‍ എളേപ്പന്‍ ''മോളില്‍ പോയി വേണ്ടാത്ത ആണിയെല്ലാം പറിച്ചുകളയാന്‍'' പറയുന്നുണ്ട്. അപ്പോള്‍ എങ്ങനെ വേണ്ടാത്ത ആണി തിരിച്ചറിയുമെന്ന് ജോയി തിരികെ ചോദിക്കും. അപ്പോഴത്തെ ജഗതിയുടെ മറുപടി ദാ ഇതാണ്: ''നീ പറിക്കുന്ന ആണിയൊക്കെ വേണ്ടാത്തതായിരിക്കും'' ഏതാണ്ട് അതേപോലൊരു ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ടെസ്റ്റുകളെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നതും 'നിങ്ങ ഡോക്ടറന്മാര് എഴുതുന്ന ടെസ്റ്റെല്ലാം അനാവശ്യ ടെസ്റ്റുകളല്ലേ' എന്ന്. ഈയിടെകൂടി ഒരു ചങ്ങാതി ചോദിച്ചു: ''ഈ ചരകനും സുശ്രുതനും ഒക്കെ ചികിത്സിച്ചത് ടെസ്റ്റുകള്‍ കണ്ടിട്ടായിരുന്നുവോ?''എന്ന്. അപ്പൊ ഏതായാലും നമുക്ക് അങ്ങോട്ടേക്കൊന്ന് നോക്കണമല്ലോ.

ചരകന്റെയും സുശ്രുതന്റെയും കാലത്തേക്ക് വരാം. അന്ന് ഇപ്പോള്‍ നമ്മള്‍ ടെസ്റ്റുകളെന്ന് ഒറ്റവാക്കില്‍ വിളിക്കുന്ന രക്തപരിശോധനകളോ അല്ലെങ്കില്‍ വിവിധതരം സ്‌കാനിങ്ങോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലെ പരിശോധനകളോ ഉണ്ടോ എന്നറിയില്ല. എങ്കിലും അന്ന് ഇല്ലാതിരുന്നതൊന്നും ചികിത്സയില്‍ ഇന്ന് ഉപയോഗിക്കരുതെന്നും അഥവാ ഉപയോഗിച്ചാല്‍ത്തന്നെ അത് ഉടായിപ്പാണെന്നും പറയുന്നതില്‍ അര്‍ഥമില്ല. കാരണം അന്ന് കാളവണ്ടി ആയിരുന്നതുകൊണ്ട് ഇന്ന് വിമാനത്തില്‍ കയറരുതെന്ന് ആരും പറയാറില്ലല്ലോ.

രാത്രിയില്‍ പുറത്തോട്ടിറങ്ങാന്‍ പേടി എന്തുകൊണ്ടാണ്? ഇരുട്ടത്ത് എന്താണിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടല്ലേ? അതേസമയം, കൈയിലൊരു ടോര്‍ച്ചുണ്ടെങ്കില്‍ ഇരുട്ടത്ത് അനങ്ങുന്നത് വാഴ കൈയാണോ അതോ ഇല്ലാത്ത പ്രേതമാണോ എന്ന് തിരിച്ചറിയാന്‍ പറ്റും. അറിവില്ലായ്മയുടെയും കഥ ഏതാണ്ട് അങ്ങനെയാണ്. ഡോക്ടര്‍മാര്‍ എന്തിനാണ് ടെസ്റ്റുകളെഴുതുന്നതെന്നോ എങ്ങനെയാണ് രോഗനിര്‍ണയം നടത്തുന്നതെന്നോ ഉള്ള അറിവിന്റെ കുറവ് തെറ്റിദ്ധാരണകള്‍ക്ക് കാരണമാവും.

ചിലരു പറയുന്നപോലെ അതത്ര സീക്രട്ടൊന്നുമല്ല കേട്ടോ. ഏതാണ്ട് കുറ്റാന്വേഷണം പോലെയാണ്. ഏതോ ഒരുത്തന്‍വന്ന് വീടിനു തീയിട്ടിട്ട് പോയി. കത്തിക്കേറുന്നത് കണ്ട് ഓടിക്കൂടിയ നാട്ടാരാണ് തീ കെടുത്താന്‍ നോക്കുന്നതും പോലീസിലറിയിക്കുന്നതും. അതുപോലെ ചുട്ടുപൊള്ളുന്ന പനിയുമായി വിറച്ചുകൊണ്ടിരിക്കുന്നയാളെ വീട്ടുകാര്‍ നെറ്റിയില്‍ തുണി നനച്ചിട്ടും പാരസെറ്റമോള്‍ കൊടുത്തുമൊക്കെ ഒന്ന് പയറ്റി നോക്കിയ ശേഷമായിരിക്കും കാഷ്വാലിറ്റിയിലെത്തിക്കുന്നത്.

വന്ന് കയറുന്നപാടേ ചിലപ്പൊ പോലീസിനു ചില ക്ലൂകള്‍ കിട്ടും പ്രതിയാരാണെന്നതിനെക്കുറിച്ച്. അതുപോലെയാണ് ഡോക്ടര്‍ക്കും. ചിക്കന്‍ പോക്‌സിന്റെ കുമിളയുമായി മുന്നില്‍ വന്ന് നില്‍ക്കുമ്പൊഴേയറിയാം പ്രതിയാരാണെന്ന്. പക്ഷേ, എല്ലാ സമയത്തും അത് നടക്കണമെന്നില്ല. അപ്പോള്‍ അടുത്ത പടിയിലേക്ക് കയറും.

രോഗവിവരങ്ങള്‍ ചോദിക്കും. എന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് തൊട്ട് എവിടെ പോയെന്നും എന്ത് കഴിച്ചെന്നും വരെയുള്ള വിവരങ്ങള്‍ പ്രധാനപ്പെട്ടതായേക്കാം. അവയിലേതെങ്കിലും തെറ്റിച്ച് പറഞ്ഞാലോ? അന്വേഷണം വഴിതെറ്റും. അത്രതന്നെ.

എല്ലാ കേസന്വേഷണത്തിലും പരിസരവാസികളോട് മൊഴിയെടുക്കുന്നതില്‍നിന്ന് മാത്രം കള്ളനെ കിട്ടണമെന്നില്ലല്ലോ. അപ്പോളെന്തുചെയ്യും. ഡോഗ് സ്‌ക്വാഡിനെയും ഫൊറന്‍സിക് എക്‌സ്പര്‍ട്ടിനെയും ഫിംഗര്‍പ്രിന്റ് വിദഗ്ധരെയുമൊക്കെ വിളിച്ച് തെളിവെടുപ്പു നടത്തും. അതുപോലെ രോഗനിര്‍ണയത്തില്‍ ഡോക്ടറെ സഹായിക്കുന്ന ഉപാധികളാണ് ടെസ്റ്റുകള്‍.

ഒരേ തരത്തിലുള്ള ലക്ഷണങ്ങളുള്ള ഒന്നിലധികം രോഗങ്ങളുണ്ടാവാം. ഒരു രോഗത്തിന് ഒരു ലക്ഷണം, മറ്റൊരു രോഗത്തിന് ഇനിയൊന്ന് എന്ന രീതിയിലാവില്ല എപ്പോഴും. ഉദാഹരണത്തിന് പനി തന്നെ വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടാവാം. അവയില്‍നിന്ന് ഓരോന്നും വേര്‍തിരിച്ചറിയാന്‍ ലബോറട്ടറി പരിശോധനകള്‍ സഹായിക്കുന്നു. അല്ലെങ്കില്‍ മുന്നോട്ടുപോവാനുള്ള വഴിയാവാം തുറന്നുകിട്ടുക.

അതായത്, ക്ലിനിക്കല്‍ പരിശോധനകളിലൂടെ ലഭിക്കുന്ന വിവരങ്ങളെ സ്ഥിരീകരിക്കാനും ചിലപ്പോള്‍ പുതിയ വിവരങ്ങള്‍ ലഭിക്കാനും വേണ്ടിയാണ് ലാബ് പരിശോധനകളെ ആശ്രയിക്കാറുള്ളത്.

എന്നാല്‍, അങ്ങനെ ഏത് രോഗമാണെന്നറിയാന്‍ മാത്രമല്ല ടെസ്റ്റുകള്‍ ഉപകരിക്കുന്നത്. ചില മരുന്നുകള്‍ തുടങ്ങുന്നതിനു മുമ്പായും കഴിച്ചുകൊണ്ടിരിക്കുമ്പോഴും ശരീരത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതായി വരും. ഉദാഹരണത്തിന് വൃക്കയ്ക്കും കരളിനും രോഗം ബാധിച്ചവര്‍ക്ക് എല്ലാ മരുന്നുകളും നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ നല്‍കുന്നതിനുമുമ്പ് അവയുടെ പ്രവര്‍ത്തനം എത്രത്തോളം നന്നായി നടക്കുന്നെന്ന് അറിയാനും പരിശോധനകള്‍ സഹായിക്കും.

ശസ്ത്രക്രിയയ്ക്ക് മുമ്പും വിവിധങ്ങളായ പരിശോധനകള്‍ നടത്താറുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന വ്യക്തിക്ക് അതിനുള്ള ഫിറ്റ്‌നസ് ഉണ്ടോ എന്നറിയാനും മുന്‍ കരുതലുകള്‍ എടുക്കാനുമെല്ലാം ലാബ് പരിശോധനകള്‍ സഹായിക്കുന്നു

''റിസള്‍ട്ട് നെഗറ്റീവാണ്'' അല്ലെങ്കില്‍ ''ടെസ്റ്റില്‍ കുഴപ്പമില്ല'' എന്ന് പറയുമ്പോള്‍ സാധാരണ രണ്ട് പ്രതികരണങ്ങള്‍ കാണാറുണ്ട്. ഒന്നാമത്തേത് ആശ്വാസമാണ്. രണ്ടാമത്തേത് ''പിന്നെ എന്തിനാണ് വെറുതേ ഈ ടെസ്റ്റ്'' എന്നും. നെഗറ്റീവ് റിസള്‍ട്ടുള്ള ടെസ്റ്റുകള്‍ എപ്പോഴും വെറുതേ ആവണമെന്നില്ല.

സാധാരണയായി നമ്മള്‍ സംശയിക്കാനിടയുള്ള ഒരു രോഗത്തെ ലിസ്റ്റില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാവാം റിസള്‍ട്ടില്‍ കുഴപ്പമില്ല എന്നതിലൂടെ മനസ്സിലാവുന്നത്. ആദ്യം പറഞ്ഞ കേസന്വേഷണത്തില്‍ നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കുന്നതാണ് മുഖ്യമെങ്കില്‍ ഇവിടെ നേരെ തിരിച്ചാണ്. തെറ്റായ അസുഖത്തിനാണ് ചികിത്സയെങ്കില്‍ വില്ലന്‍ അപ്പോഴും പിടിതരാതെ നടന്ന് പ്രശ്‌നങ്ങള്‍ വഷളാക്കുകയാവും ചെയ്യുക. അത് കൂടുതല്‍ കുഴപ്പമാണ്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അനാവശ്യമായ ടെസ്റ്റുകള്‍ എഴുതുകയെന്നത് ഒരിക്കലും നടക്കാത്ത ഒന്നല്ല. രണ്ട് രീതിയിലാണ് അനാവശ്യമായ ടെസ്റ്റുകള്‍ സംഭവിക്കുന്നത്. ഒന്നാമത്തേത് തികച്ചും നൈതികവിരുദ്ധമായത്. ലാബിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും 'കട്ട്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കമ്മിഷന്‍ വാങ്ങി പരിശോധനകള്‍ കുറിക്കുന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷം ഇന്നുമുണ്ട്. അവര്‍ ചെയ്യുന്ന കൊള്ളരുതായ്മയ്ക്ക് പഴി കേള്‍ക്കുന്നത് സത്യസന്ധമായും ആത്മാര്‍ഥമായും ജോലിചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാരാണെന്നുമാത്രം.

രണ്ടാമത്തെ വിഭാഗം വരുന്നത് ഡോക്ടര്‍ക്ക് രോഗിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ്. ഡോക്ടര്‍മാര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും അനാവശ്യമായ വിവാദങ്ങളുംമൂലം അടുത്ത രോഗി വരുന്നത് നമുക്ക് പണി തരാനാണോ എന്ന തോന്നല്‍ ഡോക്ടര്‍ക്കുണ്ടായാല്‍ ഒരു ചെറിയ ചാന്‍സ് പോലും എടുക്കാന്‍ ഡോക്ടര്‍ തയ്യാറാവില്ല.

പത്തും പതിമ്മൂന്നും ഇരുപതും വര്‍ഷം കൊണ്ട് ഉണ്ടാക്കിയ വിശ്വാസ്യതയും സത്പ്പേരും ഇല്ലാതാക്കാന്‍ സത്യമെന്താണെന്ന് പോലും വ്യക്തമാക്കാത്ത ഒരു ഫെയ്സ്ബുക്ക് ലൈവ് വീഡിയോ മതിയല്ലോ.

ചെറിയ രോഗലക്ഷണവുമായി തന്റെ അടുത്തെത്തുന്ന രോഗി, സാധ്യത കുറവാണെങ്കിലും ഗുരുതരമായേക്കാവുന്ന രോഗം ഇല്ല എന്ന് കണ്ടെത്താനായി ചെലവേറിയ പരിശോധന ചെയ്യാന്‍ നിര്‍ദേശിക്കുന്ന അവസ്ഥയുണ്ടായേക്കാം. ആ സാഹചര്യം മാറണമെങ്കില്‍ പരസ്പരവിശ്വാസത്തിലൂന്നിയ ഡോക്ടര്‍-രോഗി ബന്ധമുണ്ടായേ കഴിയൂ.

Content Highlights: things to know about lab tests