രുട്ടിനെമാത്രം കണ്ട് തഴമ്പിച്ച മനസ്സുകൾക്ക് വെളിച്ചത്തിന്റെ കുളിർമയും പ്രകൃതിയുടെ സൗന്ദര്യവും മഴവില്ലിന്റെ മനോഹാരിതയും പകർന്നുനൽകാനുള്ള മാനവികബോധത്തിന്റെ അനുകമ്പ നിറഞ്ഞ ദിനങ്ങളാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടുവരെ ഇന്ത്യ ആചരിക്കുന്നത്. കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാൻ നമുക്ക് കഴിയുമോ എന്ന ചോദ്യം നേത്രദാനപക്ഷാചരണത്തിലെ അടിസ്ഥാന ബോധവത്കരണമാണ്. നേത്രദാനം എന്ന സൃഷ്ടിപരമായ കർമത്തിന് നാം തയ്യാറാകുമ്പോൾ ഇരുട്ടിന്റെ തടവറയിൽ നരകിക്കുന്ന ജീവിതങ്ങൾക്ക് വെളിച്ചത്തിന്റെ ശോഭയിൽ ഒരു പുതുജീവിതം കെട്ടിപ്പടുക്കാനുള്ള ആഗ്രഹസാഫല്യമായി അത് മാറുന്നു.

കാംബയുടെ ദൗത്യം

ദിവ്യാംഗർക്കുവേണ്ടി നിശ്ശബ്ദമായി പ്രവർത്തിക്കുന്ന ‘സക്ഷമ’ യുടെ നേതൃത്വത്തിൽ കാംബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കോർണിയ അന്ധത്വമുക്തഭാരത് അഭിയാൻ എന്ന കാഴ്ചപദ്ധതി ചുരുങ്ങിയ കാലയളവിൽ നൂറുകണക്കിന് കാഴ്ചപരിമിതർക്കാണ് വെളിച്ചം പകർന്നത്. ക്രേന്ദ്രസർക്കാരിന്റെ ദിവ്യാംഗപരിപാലനപദ്ധതിയുടെ ഭാഗമായി 2016 മാർച്ചിലാണ് ഈ മഹത്തായ കർമപദ്ധതിയുടെ ആദ്യ തിരി പ്രകാശിതമായത്. കണ്ണിലെ കൃഷ്ണമണിയുടെ സുതാര്യത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന അന്ധതയുടെ നിവാരണമാണ് കാംബയുടെ കർമദൗത്യം.

അന്ധതയിൽനിന്ന് മോചനം

അന്ധത, അതു പൂർണമായാലും ഭാഗികമായാലും ദുഃഖകരമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധരുള്ളത്‌ ഭാരതത്തിലാണ്. 
പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനമാണ് കണ്ണ്. കണ്ണിന്റെ ഏറ്റവും മുന്നിലുള്ള സുതാര്യമായ നേത്രപടലമാണ് കൃഷ്ണമണി. പ്രകാശത്തെ കണ്ണുകളിലേക്ക് എത്തിക്കുന്ന ഈ നേത്രപടലം ഒരു ജനാലപോലെ പ്രവർത്തിക്കുന്നു. നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെടുന്നതാണ് അന്ധതയ്ക്ക് കാരണം. അണുബാധ, മുറിവ്, രോഗങ്ങൾ എന്നിവകൊണ്ട് പൂർണമായോ ഭാഗികമായോ കൃഷ്ണമണിയുടെ സുതാര്യത നഷ്ടപ്പെടാം. തിമിരം, റിഫ്രാക്ടീവ് എറർ, കോർണിയൽ ഒപ്പാസിറ്റി, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ വിവിധ കാരണങ്ങളാൽ അന്ധത ഉണ്ടാകുന്നുണ്ടെങ്കിലും ഡയബറ്റിക് റെറ്റിനോപതി ഉണ്ടാക്കുന്ന അന്ധത ഇന്ന് വളരെ സാധാരണമാണ്. കോവിഡ് മൂലം ബ്ലാക്ക് ഫംഗസിലൂടെ ഉണ്ടാകുന്ന അന്ധതയും ഇപ്പോൾ കൂടുതൽ ഗൗരവമായി കാണുന്നു.

നേത്രദാനം മഹാദാനം

നേത്രദാനപദ്ധതിയിലൂടെ ഒരു വ്യക്തിയുടെ നേത്രദാനം മറ്റു രണ്ടുപേർക്ക് കാഴ്ചലഭിക്കാൻ പര്യാപ്തമാണെന്ന ബോധവത്കരണം ഏറെ പ്രധാനമാണ്. ഭാരതത്തിൽ ഇന്ന് ഏതാണ്ട് അമ്പതിനായിരം കണ്ണുകളാണ് ഒരു വർഷത്തിൽ ദാനം ചെയ്യപ്പെടുന്നതെങ്കിലും നമുക്കാവശ്യം 30 ലക്ഷം കണ്ണുകളാണ്. വാസ്തവത്തിൽ ഒരു കോടി നേത്രദാനത്തിനുള്ള സാധ്യതകൾ രാജ്യത്തുണ്ട്‌. കണ്ണുകൾ വാങ്ങാനോ വിൽക്കാനോ സാധ്യമല്ല. മരണാനന്തരം ദാനമായി ലഭിക്കുന്ന കണ്ണുകളാണ് കോർണിയൽ ഗ്രാഫ്റ്റിന് ഉപയോഗിക്കുന്നത്. കണ്ണുകൾ ദാനം ചെയ്യണമെന്നുള്ള സമ്മതപത്രം നേരത്തേ നൽകാം. അഥവാ സമ്മതപത്രം നൽകിയില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കൾക്ക് സമ്മതമാണെങ്കിൽ നേത്രങ്ങൾ മരണാനന്തരം ദാനം ചെയ്യാം. മറ്റ് അവയവദാനങ്ങളിൽനിന്ന് വ്യത്യസ്തമായി മൃതശരീരം എവിടെയാണോ അവിടെപ്പോയി നേത്രപടലം എടുക്കാം. അതുപോലെ മറ്റ്‌ അവയവദാനങ്ങളിൽ വേണ്ടിവരുന്ന ബ്ലഡ് ഗ്രൂപ്പിങ് അടക്കമുള്ള സാങ്കേതികപരിശോധനകൾ നേത്രദാനത്തിന് ആവശ്യമില്ല. മരണാനന്തരം നാലുമുതൽ ആറു മണിക്കൂറിനുള്ളിൽ നേത്രപടലം എടുക്കുന്നതാണ് ഉത്തമം. മരണം സംഭവിച്ച ഉടനെ നേത്രദാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. നനഞ്ഞ പഞ്ഞികൊണ്ട് നേത്രങ്ങൾ മൂടിവെക്കുക, ഫാൻ ഓഫ് ചെയ്യുക എന്നീ മുൻകരുതലുകൾ മരണം സംഭവിച്ച ഉടനെ ചെയ്യണം.

നേത്രബാങ്കും നേത്രദാനവും

നേത്രപടലത്തിന്റെ ശേഖരണവും പരിപാലനം ചെയ്ത് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നേത്രബാങ്കുകളിലൂടെയാണ്. നേത്രപടലത്തിന്റെ ആരോഗ്യം നേത്രബാങ്കിൽവെച്ച് ഉറപ്പു വരുത്തിയതിനുശേഷമാണ് മറ്റൊരാൾക്ക് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുന്നത്. നേത്രപടലം മുഴുവനായോ ഭാഗികമായോ ഗ്രാഫ്റ്റിനു ഉപയോഗിക്കുന്നു. ഗ്രാഫ്റ്റിന്‌ ഉതകാത്ത നേത്രപടലം ഗവേഷണങ്ങൾക്കും പഠനത്തിനുമായി വിനിയോഗിക്കാറുണ്ട്.

കാംബ മിഷൻ

ഒരുവർഷം ഏകദേശം ഇരുപതിനായിരം ഇന്ത്യക്കാരാണ് കോർണിയൽ തകരാറിനാൽ അന്ധത ബാധിച്ച് നേത്രദാനത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നത്. അവരിൽ 60 ശതമാനം 12 വയസ്സിനു താഴെയും 90 ശതമാനം 45 വയസ്സിനു താഴെയുമാണെന്നതാണ് വേദനാജനകമായ യാഥാർഥ്യം. അതുകൊണ്ടുതന്നെ 2021-ലെ കാംബ മിഷൻ പദ്ധതി ബൃഹത്തായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നേത്രദാനം ശീലമാക്കണമെന്ന തിരിച്ചറിവാണ് സമൂഹത്തിന്റെ മുന്നിൽ സമർപ്പിക്കുന്ന കാംബയുടെ കാഴ്ചബോധനം. നേത്രദാനസമ്മതപത്രം മുൻകൂട്ടി തയ്യാറാക്കി ബന്ധുക്കളെയോ ഡോക്ടറെയോ സന്നദ്ധസംഘടനകളെയോ ഏൽപ്പിക്കുകയും ഈ കാര്യം മുൻകൂട്ടി ബന്ധുക്കൾ അറിഞ്ഞിരിക്കുകയും ബന്ധുക്കളുടെ സമ്മതത്തോടെ നേത്രദാനം നടപ്പാക്കുകയും ചെയ്യുക എന്നതാണ് കാംബ അവലംബിക്കുന്ന നേത്രദാനരീതി.

ദിവ്യാംഗർക്കുവേണ്ടി നിശ്ശബ്ദമായി പ്രവർത്തിക്കുന്ന ‘സക്ഷമ’ യുടെ നേതൃത്വത്തിൽ കാംബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കോർണിയ അന്ധത്വമുക്തഭാരത് അഭിയാൻ (കാംബ) എന്ന കാഴ്ച പദ്ധതി ചുരുങ്ങിയ കാലയളവിൽ നൂറു കണക്കിന് കാഴ്ചപരിമിതർക്കാണ് വെളിച്ചം പകർന്നത്

(കോർണിയ അന്ധത്വമുക്തഭാരത് അഭിയാന്റെ കേരള കൺവീനറാണ്‌ ലേഖിക)

Content Highlights: