കൈകാലുകൾക്കുമുണ്ടാകാം തീവ്രാഘാതം, അവയവം മുറിച്ചുനീക്കുന്നതിനു പ്രധാന കാരണം


ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍

കൈകളുടെയോ കാലുകളുടെയോ രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അവയവാഘാതത്തിനെ ആണ് 'Acute limb ischemia' എന്നുവിളിക്കുന്നത്.

Photo: Gettyimages.in

ഹൃദയാഘാതത്തെക്കുറിച്ച് എല്ലാവരും കേട്ടിരിക്കും. പക്ഷേ ഇതിനു സമാന്തരമായ അവസ്ഥ കൈകാലുകള്‍ക്കും സംഭവിക്കാം എന്നത് ചുരുക്കം ചിലര്‍ക്കേ അറിയൂ. ഹൃദയത്തിന്‍റെ ഒരു ഭാഗത്തിനു പെട്ടെന്ന് രക്തയോട്ടം കുറയുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇത് പോലെ കൈകളുടെയോ കാലുകളുടെയോ രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അവയവാഘാതത്തിനെ ആണ് 'Acute limb ischemia' എന്നുവിളിക്കുന്നത്.

കാലുകളിലേക്ക് ശുദ്ധരക്തം, അഥവാ ഓക്സിജന്‍ നിറഞ്ഞ രക്തം കൊണ്ടുപോകുന്ന രക്ത ധമനികളില്‍ (arteries) രക്തം കട്ടിയാകുമ്പോഴാണ് ഇത് (thrombosis) സംഭവിക്കുന്നത്. ഇതുപോലെ തന്നെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന രക്തക്കട്ടികളും രക്ത ചംക്രമണത്തിലൂടെ കാലുകളിലെ പ്രധാന രക്തധമനികളില്‍ തടസ്സമുണ്ടാക്കാം (embolism). ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കാണ് ഇത്തരം അവസ്ഥക്ക് കൂടുതല്‍ സാധ്യത. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ ഉള്ളവര്‍ക്കും പുകവലിക്കുകയോ പുകയില അടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കും രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ അവസ്ഥ (block) സ്വതവേ ഉണ്ടാകാം. പെട്ടെന്നു കൂടുതല്‍ രക്തം കട്ടപിടിക്കുക കൂടി ആകുമ്പോള്‍ കാലുകളില്‍ തീവ്രാഘാതമുണ്ടാകുന്നു.

ശക്തമായ കാല്‍ വേദനയാണ് ഇതിന്‍റെ ആദ്യത്തെ ലക്ഷണം. സ്ഥിതി കൂടുതല്‍ ഗുരുതരമാകുമ്പോള്‍ തരിപ്പും മരവിപ്പും പിന്നീട് ബലക്ഷയവുമുണ്ടാകുന്നു. കാലുകള്‍ തണുത്തിരിക്കുകയും വിളര്‍ത്തു കാണപ്പെടുകയും ചെയ്തേക്കാം. ചികിത്സ നേടാന്‍ വൈകിയാല്‍ കാലിലെ മാംസത്തിനും പേശികള്‍ക്കും കോശമരണം സംഭവിക്കുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ചുരുക്കം മണിക്കൂറുകള്‍ക്കകം കാലുകള്‍ നിര്‍ജ്ജീവമായി പോകുന്നതിനാല്‍ കാല്‍മുട്ടിനു താഴെയോ മുകളിലോ മുറിച്ചു മാറ്റുകയല്ലാതെ (Amputation) വേറെ മാര്‍ഗ്ഗമില്ല.

അതുകൊണ്ട് രോഗി കൃത്യസമയത്തിനു ചികിത്സാ സഹായം തേടി, ഒരു വാസ്കുലര്‍ സര്‍ജനെ സമീപിക്കേണ്ടത് സുപ്രധാനമാണ്. മിക്ക രോഗികളും രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂറോളജിസ്റ്റിനേയോ അസ്ഥിരോഗവിദഗ്ദ്ധരേയോ സമീപിക്കാറുണ്ട്. അവര്‍ ശരിയായ രോഗനിര്‍ണയം ചെയ്ത് ഉടന്‍ തന്നെ ഒരു വാസ്കുലര്‍ സര്‍ജനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുക എന്നത് ഉത്തമവും അനിവാര്യവുമാണ്. രക്തധമനിയിലെ ബ്ലോക്കിന്‍റെ തലവും തരവും അറിയുവാന്‍ angiography scan പരിശോധന നടത്താറുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ വാസ്കുലര്‍ സര്‍ജന്‍ അനുയോജ്യമായ ചികിത്സാരീതി തീരുമാനിക്കും.

രക്തം അലിയിക്കാനുള്ള മരുന്നുകള്‍ ആദ്യം ആരംഭിക്കും. അതിനപ്പുറം ശസ്ത്രക്രിയയിലൂടെയോ നൂതന എന്‍ഡോവാസ്കുലര്‍ കതീറ്റര്‍ (catheter) ഉപകരണങ്ങളുടെ സഹായത്തോടെയോ രക്തക്കുഴലിനകത്തുള്ള കട്ടി/ബ്ലോക്ക് വാസ്കുലര്‍ സര്‍ജന്‍ നീക്കം ചെയ്യും. ചില വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഇതിനുപരി angioplasty/stenting ചികിത്സയോ bypass സര്‍ജറിയോ വേണ്ടിവന്നേക്കാം.

തീവ്ര അവയവാഘാതം കാലിനു മാത്രമല്ല ജീവനുവരെ അപകടം വരുത്താം. കോശനാശം സംഭവിക്കുന്ന പേശികളില്‍ വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. ഇവ മറ്റു അവയവങ്ങളുടെ, പ്രത്യേകിച്ചും ഹൃദയത്തിന്‍റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായാല്‍ രോഗിക്കു തീവ്രപരിചരണ ചികിത്സയും ഡയാലിസിസും വേണ്ടിവന്നേക്കാം.

അതുകൊണ്ട്, ഈ രോഗം ബാധിച്ച ഒരു വ്യക്തിയുടെ കാലും ജീവനും രക്ഷിക്കാന്‍ സമയബന്ധിതമായ രോഗനിര്‍ണയവും അടിയന്തര വാസ്കുലര്‍ ചികിത്സയും അനിവാര്യമാണ്.

(കണ്‍സള്‍ട്ടന്‍റ് വാസ്കുലര്‍ & എന്‍ഡോവാസ്കുലര്‍ സര്‍ജന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി).

Content Highlights: things to know about Acute Limb Ischemia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented