മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടുപോയ 2020 ല്‍ ശീലിച്ച പല കാര്യങ്ങളും ഈ പുതുവര്‍ഷത്തിലും തുടരേണ്ടതുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ആരോഗ്യമുള്ളവരായി ജീവിക്കാനും ഇത് അത്യാവശ്യമാണ്.
മാസ്‌ക് ധരിക്കണം
കൊറോണ വൈറസ് വ്യാപിക്കുന്നത് രോഗം ബാധിച്ചവര്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഒക്കെയാണ്. ഇത്തരത്തില്‍ രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കാതിരിക്കാനും അന്തരീക്ഷത്തില്‍ പരന്നിട്ടുള്ള വൈറസുകള്‍ മറ്റുള്ളവരിലേക്കെത്താതിരിക്കാനുമാണ് മാസ്‌ക്ക് ധരിക്കുന്നത്. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി ഒരു വര്‍ഷം ആകാറായി. വൈറസിന്റെ തീവ്രത അല്പമൊന്ന് കുറഞ്ഞുവെന്ന് കരുതി മാസ്‌ക് ധരിക്കാതിരിക്കരുത്. വൈറസിനെ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതുവരെയും മാസ്‌ക് ധരിക്കേണ്ടി വരും. വായുവില്‍ നിന്ന് പകരുന്ന രോഗാണുക്കളെ പ്രതിരോധിക്കാന്‍ മാസ്‌ക്കാണ് നല്ലത്.
സാമൂഹിക അകലം പാലിക്കണം
വൈറസ് ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അവയില്‍ നിന്നുള്ള വൈറസുകള്‍ അടുത്തു നില്‍ക്കുന്നവരിലേക്ക് പകരും. ഹസ്തദാനം ചെയ്യുന്നതും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതാണ്. അതിനാലാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമൂഹിക അകലം പാലിക്കല്‍ നടപ്പിലാക്കിയത്. ഇത് ഇനിയും കര്‍ശനമായി പിന്തുടരണം. വൈറസ് നമുക്കിടയില്‍ തന്നെ ഉണ്ട്. വിട്ടുപോയിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ, മുന്‍കാലത്തെ പോലെ കൂട്ടംകൂടുന്നത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തും.
കൈകള്‍ ശുചിയാക്കണം
വൈറസ് പടരാന്‍ വഴിയൊരുക്കുന്ന മറ്റൊരു മാര്‍ഗമാണ് സ്പര്‍ശം. വൈറസ് സാന്നിധ്യമുള്ള സ്ഥലത്ത് സ്പര്‍ശിക്കുന്നതു മൂലമോ രോഗബാധയുള്ള ആളുടെ കൈകളില്‍ സ്പര്‍ശിക്കുന്നതു മൂലമോ രോഗവ്യാപനം ഉണ്ടാകാം. വാതില്‍പ്പിടികള്‍, ഹാന്‍ഡ് റെയിലുകള്‍, കൗണ്ടറുകള്‍, സ്വിച്ചുകള്‍, ലിഫ്റ്റിന്റെ ബട്ടണുകള്‍ തുടങ്ങിയവയിലൂടെ രോഗാണുവ്യാപനം ഉണ്ടാകാം. ഇത് ഒഴിവാക്കാന്‍ കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കണം. പുറത്തുപോകുമ്പോള്‍ ഒരു ചെറിയ സാനിറ്റൈസര്‍ കൈവശം വയ്ക്കുന്നത് നല്ലതാണ്. ഇത് കൊറോണ വൈറസില്‍ നിന്ന് മാത്രമല്ല, മറ്റ് പല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.
വാക്‌സിന്‍ എടുക്കണം
ലോകമെങ്ങും കോവിഡ് വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ വാക്‌സിനെതിരെ മുഖം തിരിക്കരുത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വാക്‌സിനെടുക്കണം.
കോവിഡ് വന്നുപോയിക്കാണും എന്ന ചിന്ത വേണ്ട
ഒരു വര്‍ഷം ആകാറായല്ലോ. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പ്രതിരോധശേഷി ഉള്ളതിനാല്‍ എനിക്ക് കൊറോണ വൈറസ് ബാധിച്ച് ഭേദമായിക്കാണും... എന്നിങ്ങനെയുള്ള ചിന്തകള്‍ വേണ്ട. കോവിഡ് വന്നുപോയിക്കാണും എന്ന് ചിന്തിച്ച് അലസമായതും അശ്രദ്ധമായതുമായ ജീവിതശൈലി സ്വീകരിക്കരുത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ശീലിച്ച നല്ല ശീലങ്ങളെല്ലാം തുടരണം.
Content Highlights: These healthy habits should continue in the new year, Health, Covid19, Corona Virus